Wednesday, August 30, 2006

ടൂര്‍ണമെന്റുകളല്ല,
വേണ്ടത്‌ ലീഗ്‌ ഫുടബോള്‍ തന്നെ


കേരളാ ഫുട്ബോളിനെ വീണ്ടെടുക്കണമെന്ന മുറവിളിയാണ്‌ ചുറ്റും. എങ്ങനെ?

ആ ചോദ്യത്തിന്‌ ആര്‍ക്കും വ്യക്തമായ മറുപടിയില്ല. നാഗ്‌ ജിയും ചാക്കോളയും മാമ്മന്‍ മാപ്പിള കപ്പും പുനരുജ്ജീവിപ്പിച്ച്‌ എന്നാണു ചിലരുടെ മറുപടി . ചിലര്‍ പുതിയ ടീമുകളുണ്ടാക്കണമെന്നു പറയുന്നു. ഡിപ്പാര്‍ട്‌ മെന്റല്‍ ടീമുകളെ പുനരുജ്ജീവിപ്പിക്കണമെന്നാണ്‌ ചിലരുടെ വാദം. വ്യക്തമായ ആക്‌ ഷന്‍ പ്ലാന്‍ ആര്‍ക്കുമില്ല.

ഡിപ്പാര്‍ട്ട്‌ മെന്റല്‍ ടീമുകളും പഴയ ടൂര്‍ണമെന്റുകളും കേരളാ ഫുട്ബോളിനെ രക്ഷിക്കുമോ? വാരിക്കു ന്തം കൊണ്ട്‌ വെള്ളക്കാരെ നേരിട്ട പഴയ നായര്‍ പടയാളികളെ ഇറാഖിലേക്ക്‌ ദൗത്യസേനയാക്കി അയക്കുന്നതു പോലെയാവും അത്‌. മാറിയ ലോക ക്രമത്തില്‍ നെയ്ത്തും അ ലുവയും കൈത്തറിയും ടൈപ്‌ റൈറ്റിങ്ങും അതിജീവിക്കാതായതു പോലെ അന്യം നില്‍ക്കാന്‍ വിധിക്കപ്പെട്ടവയാണ്‌ ഈ ടീമുകളും ടൂര്‍ണമെന്റുകളും. നൂറ്റാണ്ടു പിന്നിട്ട എഫ്‌ എ കപ്പിന്‌ ആര്‍സനല്‍-മാഞ്ചസ്റ്റര്‍ ലീഗ്‌ മാച്ചിന്റെ നാലിലൊന്ന്‌ പ്രേക്ഷകര്‍ പോലുമില്ല. ഗൃഹാതുരത്വം കൊണ്ടൊന്നും യാഥാര്‍ഥ്യങ്ങളെ നേരിടാനാവില്ല.

എടവണ്ണയില്‍ കഴിഞ്ഞ വര്‍ഷം ഒരു അഖിലേന്ത്യാ ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റ്‌ നടന്നു. അതൊരു ചൂണ്ടുപലക യാണെങ്കില്‍ ഒരു ടൂര്‍ണമെന്റും ഇനി കേരളത്തില്‍ (എവിടെയും) വിജയിക്കാന്‍ പോകുന്നില്ല. ടൂര്‍ണമെന്റുകള്‍ കളിച്ച്‌ ടീമുകളും രക്ഷപ്പെടാന്‍ പോകുന്നില്ല. ഫ്ലഡ്‌ ലൈറ്റില്‍ ഏഴു മണിക്കു ശേഷം നടന്ന മുഹമ്മദന്‍സ്‌-വിവാ കേരള മത്സരത്തിനു പോലും എടവണ്ണ സ്റ്റേ ഡിയത്തില്‍ പകുതി കാണികളേ വന്നുള്ളൂ. (ഓര്‍ക്കുക - കളി: ഫുട്ബോള്‍, സ്ഥലം:മലപ്പുറം, ടീം: മുഹമ്മദന്‍സ്‌!!) ഇവിടെ സ്ഥിതി ഇതാണെങ്കില്‍ കേരളത്തില്‍ മേറ്റ്‌ എവിടെ ആരാണ്‌ ഇനി ഒരു ടൂര്‍ണമന്റ്‌ ധൈര്യമായി ഏറ്റെടുക്കുക? പുതിയ യുഗത്തിനൊത്ത്‌ നമ്മുടെ ഫുട്ബോള്‍ ഫെഡറേഷന്‍ വളര്‍ന്നില്ലായിരിക്കാം, പക്ഷെ, കാണികള്‍ വളര്‍ന്നിരിക്കുന്നു. ലോകത്തെ എല്ലാ ലീഗുകളും കാണുന്ന, അറിവും വിവരവുമുള്ള അവനെ ചെറിയ ടൂര്‍ണമെന്റുകള്‍ കൊണ്ടൊന്നും ഇനി സ്റ്റേഡിയത്തില്‍ കൊണ്ടു വരാന്‍ പറ്റില്ല. സംശയമുള്ളവര്‍ എടവണ്ണ ഷംസുവിനോട്‌ ചോദിക്കുക.

കോഴിക്കോട്ട്‌ എസ്‌ ബി ടിയുടെ ആദ്യമാച്ചുകള്‍ക്ക്‌ ആളു കൂടിയതെങ്ങിനെ എന്നൊരു ചോദ്യം വരാം. അതിന്റെ ഉത്തരം ഫിഫ ലോകത്തെമ്പാടും കളി വളര്‍ത്തിയത്‌ എങ്ങിനെ എന്ന മറുചോദ്യമാണ്‌. ഹോം ആന്‍ഡ്‌ എവേ എന്ന ഗംഭീരന്‍ ആശയമാണ്‌ അതിനു പിന്നില്‍. ഓരോ പ്രദേശത്തിന്റേയും പങ്കാളിത്തം ഉറപ്പാക്കി, ഓരോ പ്രദേശത്തിന്റേയും ഹോംടീം എന്ന വികാരം ആളിക്കത്തിച്ച്‌ കളി വളര്‍ത്തുന്ന രീതി. മാഞ്ചസ്റ്ററിന്റെ ഗ്രൗണ്ടില്‍ മാഞ്ചസ്റ്റര്‍ ആരാധകര്‍ നിറയുന്നു, അവരുടെ സ്പോണ്‍സര്‍മാര്‍ നിലനില്‍ക്കുന്നു, അവരുടെ ക്ലബ്ബ്‌ വളരുന്നു. അതേ അവസ്ഥ തന്നെ റയലിന്റെ ഗ്രൗണ്ടിലും. ഇങ്ങി നെ സ്വന്തം ഗ്രൗണ്ടിലും എതിരാളിയുടെ ഗ്രൗണ്ടിലും കളിക്കുക എന്ന ഒരു സങ്കല്‍പം നമുക്ക്‌ രണ്ടു പതിറ്റാണ്ടു മുന്‍പെങ്കിലും ഉണ്ടാവേണ്ടിയിരുന്നു. ടൂര്‍ണമെന്റുകള്‍ ഇന്നത്തെ ആഗോള ഫുട്ബോള്‍ ക്രമത്തില്‍ അപ്രസക്തമാണ്‌. ബി എസ്‌ എഫ്‌ കോഴിക്കോട്ടു വന്നു കളിച്ചിട്ട്‌ ജലന്തറിനെന്തു മെച്ചം എന്നു ചോദിക്കാന്‍ നമ്മള്‍ തയ്യാറായാല്‍ മതി ഇതിനുള്ള ഉത്തരമായി.

കേരളത്തില്‍ ഹോം ആന്‍ഡ്‌ എവേ ലീഗ്‌ സമ്പ്രദായം പരീക്ഷിക്കാന്‍ ഇതുവരെയും ഫെഡറേഷന്‍ തയ്യാറായില്ല എന്നത്‌ അതീവ ദുരൂഹമായ സംഗതിയാണ്‌. ലീഗ്‌ എന്ന പേരില്‍ ആറു ടീമു കളെ വെച്ച്‌ നടത്തിയിരുന്ന പ്രഹസനം (റെലഗേഷന്‍ പോലുമില്ലാതെ) മറ്റൊരു ടൂര്‍ണമെന്റായി മാറിയതാണ്‌ ഏറ്റവും വലിയ ദുരന്തം. ക്ലബ്ബ്‌ സംസ്കാരം വളര്‍ന്നിട്ടില്ലാത്ത മണ്ണാണെന്നും എല്ലായിടത്തും ഗ്രൗണ്ടില്ലെന്നും ഡിപ്പാര്‍ട്ട്മെന്റല്‍ ടീമുകള്‍ക്ക്‌ 'ഫാന്‍സ്‌' ഇല്ലെന്നുമൊക്കെ വാദിക്കാം. പക്ഷെ, ഗോവയില്‍ ഒന്‍പതു വര്‍ഷം കൊണ്ട്‌ കളി വളര്‍ന്നതെങ്ങിനെ എന്നു പഠിക്കേണ്ടത്‌ ഇവിടെയാണ്‌. അവിടെ ഇപ്പോള്‍ ചെറിയ, സ്വന്തം ഗ്രൗണ്ടോ കോച്ചോ ഇല്ലാത്ത, ക്ലബ്ബുകള്‍ക്കു പോലും സ്പോ ണ്‍സര്‍മാരും ആരാധകക്കൂട്ടവും രൂപപ്പെട്ടിട്ടുണ്ട്‌. ആറു ക്ലബ്ബുകള്‍ അവിടെ നിന്ന്‌ ദേശീയ ലീഗ്‌ കളിച്ചു എന്ന കാര്യവും ഓര്‍ക്കുക. ദേശീയ ലീഗിന്റെ ചെറിയ പതിപ്പുകളായി സംസ്ഥാന ലീഗും ജില്ലാ ലീഗും നടത്തിനോക്കട്ടെ, മൂന്നു വര്‍ഷം കൊണ്ട്‌ അദ്ഭുതകരമായ മാറ്റങ്ങള്‍ നമ്മുടെ അടിസ്ഥാന ഫുട്ബോള്‍ ഘടനയിലും ഉണ്ടാവും. പണമൊക്കെ താനേ വരും. ആരാധകര്‍ തനിയേ രൂപപ്പെടും. കളി വളരും, കളിക്കാരും വളരും. വര്‍ഷത്തില്‍ ആറു മാസം കളി നടക്കും. തുടക്കത്തിലെ പ്രശ്നങ്ങളൊക്കെ ഭാവനയും ബോധ്യവും ഉള്ള ഒരു നേതൃത്വത്തിന്‌ പരിഹരിക്കാവുന്നതേയുള്ളൂ. ആഗോളീകൃത ഫുട്ബോള്‍ വ്യവസ്ഥയില്‍ ചേരാന്‍ എത്രത്തോളം വൈകുന്നുവോ അത്രത്തോളം നമ്മുടെ പിന്നോക്കാവസ്ഥയും തുടരും.

എസ്‌ ബി ടി കേരളത്തിന്റെ കൊടിയുമായി ഇന്തയിലുടനീളം സഞ്ചരിക്കുന്നതു പോലെ, ആക്‌ മെ തൃക്കരിപ്പൂരും മലപ്പുറം സൂപ്പര്‍ സ്റ്റുഡിയോവും വെട്ടുകാട്‌ സെന്റ്‌ മേരീസും കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിക്കട്ടെ. ഏറ്റുമുട്ടട്ടെ. ടൂര്‍ണമെന്റുകള്‍ പുനരുജ്ജീവിപ്പിച്ചിട്ട്‌ ഇതിലെ കളിക്കാര്‍ക്കെന്തു മെച്ചം? ഇവിടത്തെ കളിക്കെന്തു മെച്ചം? ആറു മാസം നീണ്ടു നില്‍ക്കുന്ന ഫുട്ബോള്‍ സീസണ്‍ ഉണ്ടാക്കിയെടുക്കുകയാണ്‌, അതില്‍ കളിയോടു കമ്പമുള്ള ഓരോരുത്തന്റേയും പങ്കാളിത്തം ഉറപ്പു വരുത്തുകയാണ്‌ ആദ്യ ഘട്ടം. എസ്‌ ബി ടിയുടെ ഹോം മാച്ചുകള്‍ തുടക്കത്തില്‍ ഇവിടെ സൃഷ്ടിച്ച അന്തരീക്ഷം ഫുട്ബോള്‍ അധികൃതര്‍ തിരിച്ചറിയുക തന്നെ വേണം. ഒന്നും ചെയ്യാതെ, ഷെയര്‍ ചോദിക്കാനും ഗുണ്ടാപ്പിരിവിനും മാത്രമായി നമുക്കെന്തിനാണ്‌ ഒരു അസ്സോ സിയേഷന്‍? കക്കാന്‍ അവസരം കൂടുമെന്നതു കൊണ്ട്‌ ടൂര്‍ണമെന്റുകള്‍ തിരിച്ചുവരണമെന്നു പറയുന്ന ഒരു അസ്സോസിയേഷന്‍? Read more...