Sunday, September 24, 2006

ഒരേ നിറമുള്ള പൂക്കള്‍


എയര്‍ ക്ലബ്ബാണ്‌ എരുമപ്പെട്ടിയിലെ വലിയ ടീം. തൃശ്ശൂരില്‍ നിന്നൊരു നേതാജി ക്ലബ്ബ്‌ വരുന്നു, അവരോടു കളിക്കാന്‍. ജോബ്‌ മാസ്റ്റര്‍ ട്രോഫി സെവന്‍സ്‌, ലോകകപ്പ്‌ ഫുട്ബോളിനേക്കാളൊക്കെ വലുതായി തോന്നിയിരുന്ന കാലത്തെ കാര്യമാണ്‌.

ഏതു ടീം കളിച്ചാലുമുണ്ടാകും കുമ്മായവര മറഞ്ഞു കാണികള്‍. ഗ്രൗണ്ടില്‍ നേരത്തെ എത്തണം. ഇല്ലെങ്കില്‍ സ്ഥലം കിട്ടില്ല. കളിക്കു പോകാന്‍ അനുമതി കിട്ടല്‍ തന്നെ ലോകകപ്പു കാണാന്‍ അവസരം കിട്ടുന്നതു പോലെയാണ്‌. അപൂര്‍വഭാഗ്യം.

നേരത്തെ എത്തിയാല്‍ കളിക്കാര്‍ ബൂട്ടു കെട്ടുന്നതും കാണാം. രഹസ്യഭാഗങ്ങളില്‍ കൈകടത്തി അവര്‍ എന്താണ്‌ തിരുകി വെക്കുന്നത്‌? കളിക്കിടെ മൂത്രമൊഴിക്കാന്‍ വെക്കുന്ന ബൗളാണെന്ന്‌ ദാസന്‍ പറഞ്ഞത്‌ കളിയായോ കാര്യമായോ എന്നോര്‍മ്മയില്ല. അബ്്ഡൊമന്‍ ഗാര്‍ഡെന്ന വാക്കു പോലും അന്നു കേട്ടിട്ടില്ല.

എതിര്‍ടീം എത്തിയിരിക്കുന്നു. നിരാശ തോന്നി: 13 വയസ്സു തികയാത്ത കുറെ ചെക്കന്മാര്‍. മെലിഞ്ഞുണങ്ങിയ കറുത്ത ചെക്കന്‌ ഏറിയാല്‍ 12 വയസ്സുണ്ടാവും. അതിലും കുറവേ തോന്നിക്കൂ. കളിക്കിറങ്ങും മുമ്പ്‌ അവനിത്തിരി കഞ്ഞി വെള്ളം പാര്‍ന്നു കൊടുക്കടാ എന്നാരോ പറഞ്ഞപ്പോള്‍ ടീം ബൂട്ടു കെട്ടുന്നതു കാണാന്‍ വട്ടം കൂടി നിന്ന കുട്ടികള്‍ ആര്‍ത്തു ചിരിച്ചു.

എയര്‍ ക്ലബ്ബ്‌ കത്തി നില്‍ക്കുന്ന കാലമാണ്‌. എവിടെപ്പോയാലും ജയം. സാലി എന്ന ഞങ്ങളുടെ റൊണാള്‍ഡോ മൈതാനത്തിന്റെ ഏതു ഭാഗത്തു നിന്നടിച്ചാലും ഗോളാണ്‌. ഇടവേളക്കു മുമ്പു തന്നെ അഞ്ചു ഗോളടിച്ച്‌ എയര്‍ക്ലബ്ബിന്റെ വമ്പന്മാരൊക്കെ ബൂട്ടഴിച്ചു. കാണികളും കുറെ പിരിഞ്ഞു. പന്തുരുളാന്‍ തുടങ്ങിയാല്‍ അതു നിലയ്ക്കും വരെ നിന്നിടത്തു നിന്നനങ്ങില്ലെന്നുള്ള ഞങ്ങള്‍ കുറച്ചു പേര്‍ മാത്രം ബാക്കിയായി. ദാസന്‍ പറഞ്ഞു. കളി തുടങ്ങിയാല്‍ കഴിഞ്ഞേ പോകാവൂ.

ഇടവേളക്ക്‌ കഞ്ഞിവെള്ളം പോലും കുടിക്കാത്ത കറുമ്പന്‍ ചെക്കന്‍ ഇറങ്ങി. ഊര്‍ന്നു പോകുന്ന ട്രൗസര്‍ വലിച്ചു കയറ്റണം. ബനിയന്‍ ഇടയ്ക്കിടെ വലിച്ചുയര്‍ത്തി മുഖം തുടയ്ക്കണം. പാകമല്ലാത്തആരുടെയോ വാങ്ങിക്കെട്ടിയ ബൂട്ട്‌ ഇടയ്ക്കിടെ ലേസ്‌ കെട്ടണം. കാണികള്‍ ചിരിച്ചു മറിയുന്നു.

എയര്‍ ക്ലബ്ബ്‌ തലക്കനത്തിലാണ്‌ കളി. ഡ്രിബ്ല് ചെയ്ത്‌ ഗോളിയെയും കടന്ന്‌ ഗോളടിക്കാതെ മടങ്ങുന്നു. ബാക്‌ പാസ്‌ ചെയ്യുന്നു. പകരമിറങ്ങിയവര്‍ക്ക്‌ പന്തു നല്‍കി കളിപ്പിക്കുന്നു. ഒരു പരിശീലന മാച്ചിന്റെ ലാഘവം.

ദാസന്‍ പറഞ്ഞു. ചെക്കന്‍മാര്‍ക്ക്‌ കയ്യടിക്കടാ. നാട്ടുകാര്‍ക്ക്‌ തലക്കനമിത്തിരി കൂടുതലാ.

ഒറ്റക്കു തുടങ്ങിയ ദാസന്‌ കുറച്ചു കഴിഞ്ഞപ്പോഴേക്കും പത്തു പേരെക്കൂടി കൂട്ടു കിട്ടി. കറുമ്പന്‍ ചെക്കന്‌ അവര്‍ പ്രത്യേകം നല്‍കി കയ്യടി. ഒരു ബാക്പാസ്‌ ഗോളി സത്താറില്‍ നിന്നു റാഞ്ചി ചെക്കന്‍ ആദ്യഗോളടിച്ചതോടെ ഗ്രൗണ്ട്‌ മുഴുവന്‍ അവര്‍ക്കൊപ്പമായി.

പിന്നീടുള്ള 20 മിനുട്ട്‌ കണ്ട ഫുട്്ബോളാണ്‌ ഫുട്ബോള്‍. കറുമ്പന്‍ എലുമ്പന്‍ വമ്പന്മാരെയൊക്കെ മൂക്കു കൊണ്ട്‌ നിലത്തെഴുതിച്ചു. ഇടത്തു കൂടിയും വലത്തു കൂടിയും പാഞ്ഞു. 'സെന്റര്‍ ഔട്ട'്‌ എന്നു കുട്ടികള്‍ തര്‍ക്കിക്കുന്ന, മധ്യവരക്കപ്പുറത്തു നിന്നുള്ള ഗോളുകള്‍ ഉതിര്‍ത്തു. ഓരോ അഞ്ചു മിനുട്ടിടവേളക്കും വന്നു ഓരോ ഗോള്‍. കളി തീരുമ്പോള്‍ സ്കോര്‍ 5-5. പരിഭ്രമിച്ച സംഘാടകര്‍ എക്സ്ട്രാ ടൈമും ഷൂട്ടൗട്ടും ഉപേക്ഷിച്ച്‌ അടുത്ത ഞായറാഴ്ച വീണ്ടും കളിക്കുമെന്ന്‌ പ്രഖ്യാപിച്ചു തടിതപ്പി.

വിസില്‍ മുഴങ്ങിയപ്പോള്‍ ഷര്‍ട്ടൊക്കെ വലിച്ചൂരി, ആര്‍ത്തുവിളിച്ച്‌ ദാസന്‍ ഗ്രൗണ്ടിലേക്കു പാഞ്ഞു. പൂഴി വാരി മേലേക്കെറിഞ്ഞു. ചെരുപ്പൂരി തലക്കു മേലേ പൊക്കി ക്ലാപ്പടിച്ചു. കറുമ്പനെ എടുത്തുയര്‍ത്തി വട്ടം ചുറ്റി. ഗ്രൗണ്ടിനു പുറത്തുള്ള ഐസ്ക്രീംകാരന്റെ പെട്ടിയില്‍ നിന്ന്‌ രണ്ടു കയ്യിലും രണ്ടു നിറമുളള ഐസ്ക്രീമുകള്‍ വാങ്ങിത്തന്നു. രണ്ടു കിലോമീറ്ററോളം ദൂരെയുള്ള വീട്ടിലേക്കു മടങ്ങുമ്പോള്‍ പെട്ടെന്നു പെയ്ത മഴ നനഞ്ഞു കൊണ്ടു തന്നെ നടന്നു. കളിയില്‍ വലിയവരും ചെറിയവരുമില്ലെടാ. കളി തീരും വരെ എന്തും നടക്കുമെടാ.. മദ്യപിച്ച പോലെയും സ്വപ്നത്തിലെന്ന പോലെയും കളിയെക്കുറിച്ചുതന്നെ അവന്‍ പുലമ്പിക്കൊണ്ടിരുന്നു....

****************

ജിയോങ്ങ്ജു, ദക്ഷിണകൊറിയ. 2002 ജൂണ്‍ 14.

പെട്ടെന്നു പൊട്ടിച്ചാടിയ മഴയില്‍ നനഞ്ഞു കുതിര്‍ന്നാണ്‌ സ്റ്റേഡിയത്തില്‍ ചെന്നു കയറുന്നത്‌. കപ്പല്‍പ്പായ്കളുടെ രൂപത്തില്‍ മേല്‍ക്കൂരയുള്ള ജിയോങ്ങ്ജുവിലെ ലോകകപ്പ്‌ സ്‌റേറഡിയം നിറങ്ങളില്‍ നീരാടി നില്‍ക്കുന്നു. പാരഗ്വായ്‌ - സ്ലോവേന്യ മാച്ചാണ്‌ ഇന്ന്‌. കളി തുടങ്ങാന്‍ സമയമുണ്ട്‌. മീഡിയാ സെന്ററില്‍ വളരെ കുറച്ചാളേ എത്തിയിട്ടുള്ളൂ. ചെറുമീനുകളുടെ കളിയായതു കൊണ്ടാവും.

മീഡിയാ സെന്ററിലേക്കുളള വളഞ്ഞ കെട്ടുകോണിക്കരികിലെ ചില്ലു ജാലകത്തിലൂടെ നോക്കിയാല്‍ താഴെ പാരഗ്വന്‍ കളിക്കാരുടെ ഡ്രസ്സിങ്‌ റൂം കാണാം. കളിക്കാര്‍ കാലില്‍ ഷിന്‍ ഗാര്‍ഡ്‌ വെച്ചു കെട്ടുന്നതു കണ്ടപ്പോള്‍ അറിയാതെ നോക്കി നിന്നു പോയി. എത്ര വലുതായാലും പഴയ ചില കൗതുകങ്ങള്‍ നമ്മെ വിട്ടു പോകില്ലെന്ന്‌ തിരിച്ചറിയാന്‍ നേരമെടുത്തു.

'ചിലാവര്‍ട്ടിനാണ്‌ ശരിക്കും ഉത്തേജകം നല്‍കേണ്ടത്‌. ' -ഡോപ്പിങ്‌ പരിശോധന കര്‍ശനമാക്കുന്നു എന്ന തലേന്നത്തെ പത്രവാര്‍ത്ത കാട്ടി ഒരു സീനിയര്‍ പത്രപ്രവര്‍ത്തകന്‍ പറഞ്ഞു. ചുറ്റും കൂട്ടച്ചിരി. കഞ്ഞി കുടിക്കാത്ത എലുമ്പന്‍ കറുമ്പന്റെ രൂപം മനസ്സിലെത്തി. 'അല്‍പ്പം കഞ്ഞവെള്ളം പാര്‍ന്നു കൊടുക്കെടാ' എന്ന, കൂട്ടച്ചിരിയില്‍ മുങ്ങിപ്പോയ, ആ പഴയ ശബ്ദം. മുമ്പത്തെ മാച്ചില്‍ സ്പെയിനോടു മൂന്നു ഗോള്‍ വാങ്ങി വിഷണ്ണനായി നിന്ന പാരഗ്വന്‍ ഗോളി ചിലാവര്‍ട്ടിനെക്കുറിച്ചുള്ള പരിഹാസം.

കളി തുടങ്ങി. ഇടവേളക്കു മുമ്പ്‌ ഒരു ഗോള്‍ പാരഗ്വന്‍ വലയില്‍! മീഡിയാ സെന്ററിലെ സീറ്റുകള്‍ ഒഴിഞ്ഞു. സ്ലോവേന്യന്‍ ബെഞ്ചില്‍ ആഹ്ലാദം. കളി ജയിച്ചു കഴിഞ്ഞ ഭാവം. വിജയം ഉറപ്പിച്ചവന്റെ ഗര്‍വം. പാരഗ്വായ്ക്ക്‌ ഇനി മൂന്നു ഗോളടിയ്ക്കണം. അതു മാത്രം പോരാ, സ്പെയിന്‍ ദക്ഷിണാഫ്രിക്കയെ രണ്ടു ഗോള്‍ വ്യത്യാസത്തിനെങ്കിലും തോല്‍പ്പിക്കുകയും വേണം. ലോകകപ്പില്‍ നിന്ന്‌ പാരഗ്വായ്‌ ഏറെക്കുറെ പുറത്ത്‌. ഇനി എന്തു കാണാന്‍? ഇപ്പോള്‍ പോയാല്‍ രാത്രി മൂക്കും മുമ്പ്‌ സോളിലെത്താം. നാളെ ഇഞ്ചോണില്‍ ഫ്രാന്‍സ്‌ - ഡെന്മാര്‍ക്ക്‌ കളിയുണ്ട്‌.

അപ്പോള്‍ ദാസനെ ഓര്‍മ്മ വന്നു. കളി കഴിയാതെ പോകരുത്‌!

മുന്നിലെ വരിയില്‍ മുതിര്‍ന്ന ഒരാള്‍ ഇരിക്കുന്നു. പാരഗ്വായ്ക്കാണ്‌ മൂപ്പരുടെ പിന്‍തുണ. സ്ലോവേന്യക്കാര്‍ ഡ്രിബ്ല് ചെയ്തും ബാക്പാസ്‌ ചെയ്തും 'തലക്കനം' കളിക്കുന്നതു കൊണ്ടാണോ എന്നറിയില്ല, പാരഗ്വായ്‌ പന്തു തൊടുമ്പോഴൊക്കെ അയാള്‍ കയ്യടിക്കുന്നുണ്ട്‌. ദാസന്‍ തന്നെ. മെല്ലെ അയാള്‍ക്കരുകിലേക്കിരുന്നു. എല്ലാം കാഴ്ചകളാണല്ലോ. ഇയാളേയും കാണാം. ഇടയ്ക്കൊന്നു കയ്യടിച്ചു കൊടുക്കാം.

ഒരു ചിരിയില്‍ സൗഹൃദം പൂത്തപ്പോള്‍ അയാള്‍ ചോദിച്ചു. നിങ്ങളെന്താണ്‌ ഇടവേളയ്ക്കു പോകാഞ്ഞത്‌? പാരഗ്വായെ ജയിപ്പിക്കാനിരിക്കുകയാണ്‌ എന്നു പറഞ്ഞപ്പോള്‍ അയാള്‍ വീണ്ടും നിറഞ്ഞു ചിരിച്ചു.

അപ്പോള്‍ പാരഗ്വായ്‌ ബെഞ്ചില്‍ നിന്നൊരു സബ്സ്റ്റിറ്റിയൂഷന്‍ കൊടി പൊങ്ങി. ക്യൂവാസ്‌ ഇറങ്ങുന്നു. ഒരു 'എലുമ്പന്‍ കറുമ്പന്‍'. സൂപ്പര്‍ താരമല്ല, അപ്രശസ്തനായ ഒരു പിന്‍നിരക്കാരന്‍.

പിന്നെ എല്ലാം സ്വപ്നത്തിലെന്നപോലെയാണ്‌ കണ്ടത്‌. കളി തീരുമ്പോള്‍ സ്കോര്‍: സ്ലോവേന്യ 1 - പാരഗ്വായ്്‌ 3. അപ്പോള്‍ സ്റ്റേഡിയത്തിലെ ബിഗ്സ്ക്രീനില്‍ ഗ്രൂപ്പിലെ മറ്റേ മാച്ചിന്റെ സ്കോര്‍ തെളിഞ്ഞു: സ്പെയിന്‍ 3- ദക്ഷിണാഫ്രിക്ക-1. അവിശ്വസനീയമായ ഒരു ട്വിസ്റ്റില്‍ പാരഗ്വായ്‌ പ്രീ-ക്വാര്‍ട്ടറില്‍! സ്റ്റേഡിയം ഇളകി മറിഞ്ഞു.

ഷര്‍ട്ടൂരി വീശി 'ദാസന്‍' ചാടിയെണീറ്റു. ഭ്രാന്തു പിടിച്ച പോലെ പാഞ്ഞു. എല്ലാവര്‍ക്കും കൈ കൊടുത്തു. സഞ്ചിയില്‍ നിന്നു മിഠായികള്‍ എടുത്തു കൊടുത്തു.

ഇടവേള തൊട്ടേ പിന്തുണയുമായി അരികിലിരുന്നതിനാലാവണം ആദ്യത്തെ ഓട്ടം കഴിഞ്ഞ്‌ എന്തോ ഓര്‍ത്തപോലെ അയാള്‍ തിരിച്ചുവന്നു. തന്റെ പേന രണ്ടു കയ്യിലുമായി വെച്ചു തന്നു. 'യൂ വേര്‍ മൈ ബെസ്റ്റ്‌ സപ്പോര്‍ട്ടര്‍. ദിസീസ്‌ ഫോര്‍ യൂ '. ദാസന്‍ വാങ്ങിത്തന്ന ഐസ്ക്രീമിന്റെ നിറമാണോ അതിന്‌? കളിയുടെ നിഗൂഢമായ ഒരു രഹസ്യം പറഞ്ഞു തരുംപോലെ അയാള്‍ ചെവിയില്‍ ഇതു കൂടി പറഞ്ഞു. 'നിങ്ങള്‍ തുടക്കക്കാരനാണ്‌. ഫുട്ബോള്‍ റിപ്പോര്‍ട്ടിങ്ങില്‍ രണ്ടു പാഠങ്ങള്‍ മറക്കരുത്‌. ഫൈനല്‍ വിസില്‍ വരെ കളി തീരുന്നില്ല. കളിയില്‍ വലിയവരും ചെറിയവരുമില്ല '

എന്നിട്ട്‌, മദ്യപിച്ച പോലെ, സ്വപ്നത്തിലെന്ന പോലെ എന്തൊക്കെയോ പുലമ്പിക്കൊണ്ട്‌ അയാള്‍ മഴയില്‍ കുതിര്‍ന്ന ജിയോന്‍ജുവിലെ തെരുവിലേക്ക്‌ ഇറങ്ങിപ്പോയി....

***********************

ആരുമല്ലാത്ത ക്യൂവാസ്‌ പാരഗ്വായുടെ വീരനായകനായി. പാകമല്ലാത്ത ബൂട്ടും കഞ്ഞിവെള്ളം പോലുമില്ലാത്ത വയറുമായി വന്ന എലുമ്പന്‍ കറുമ്പന്‍ ഗോളുകളടിച്ചു കൂട്ടി ഇന്ത്യന്‍ ഫുട്ബോളിന്റെ സ്വന്തം ഐ.എം.വിജയനായി. ഇടവേളയ്ക്ക്‌ പോയവര്‍ അവരുടെ കളി കണ്ടില്ല.

കളി തീരും വരെ കളിക്കാനുള്ളതാണ്‌ കളി. കാണി പഠിയ്ക്കേണ്ട കളിയിലെ ആദിമപാഠമോ? അവസാനം വരെ അതാസ്വദിക്കുക എന്നതാണ്‌. അതു വെറും കാഴ്ചയല്ല. മദ്യം പോലെയോ സ്വപ്നം പോലെയോ അതുള്ളില്‍ നിറയണം. മഴ നനഞ്ഞ വഴിയിലൂടെ ആ പാഠം പുലമ്പിക്കൊണ്ടു നടന്ന ദാസന്‍ ഒരിക്കല്‍ മാത്രം അതു മറന്നു. മഴ തിമിര്‍ത്തു പെയ്ത ഒരു രാത്രിയില്‍, നേര്‍ത്ത ലഹരിയില്‍, ഒരു സ്പ്നാടകനെപ്പോലെ നടന്ന അവന്‍ വീട്ടുമുറ്റത്തെ കിണറ്റിലേക്കു വീണു. ആദ്യമായും അവസാനമായും ഫൈനല്‍ വിസിലിനു കാത്തു നില്‍ക്കാതെ കളി പാതിക്കുവെച്ച്‌ അവന്‍ മടങ്ങിപ്പോയി. പാരഗ്വായില്‍ നിന്നു വന്ന ആ പത്രലേഖകന്‍ ഇപ്പോള്‍ എവിടെയാണോ ആവോ...

*************************

ഫുട്ബോളിലെ നീക്കങ്ങളും വേഷങ്ങളും കാഴ്ചകളും സ്ഥലകാലങ്ങളും ലോകത്തെവിടെയും ഒരുപോലെയാവുന്നത്‌ എന്തു കൊണ്ടാണ്‌? ലോകകപ്പ്‌ യാത്രകള്‍ക്കിടയിലെല്ലാം ഈ ചോദ്യം നിരവധി തവണ സ്വയം ചോദിച്ചിട്ടുണ്ട്‌. പന്ത്‌ ഉരുണ്ടതായതു കൊണ്ടായിരിക്കാം, സെവന്‍സ്‌ കളിക്കുന്ന നേതാജി ക്ലബ്ബിനും വിജയനും ലോകകപ്പു കളിക്കുന്ന പാരഗ്വായ്ക്കും ക്യൂവാസിനും ഒരേ ഛായ വന്നത്‌. ലോകത്തെല്ലായിടത്തും കളിയും കളിയനുഭവങ്ങളും ഒരു പോലെയായതു കൊണ്ടാവാം എല്ലായിടത്തെയും ദാസന്മാര്‍ ഒരു പോലെ പെരുമാറുന്നത്‌. കളിഭ്രാന്തന്‌ ഉരുളുന്ന പന്താണ്‌ പരമമായ സത്യം. ചലിച്ചു തുടങ്ങിയാല്‍ അതു രൂപം മാറുന്നതിന്റെ രഹസ്യമാണ്‌ അവന്‍ തേടുന്നത്‌. ബൂട്ടു കൊണ്ടു തൊടുമ്പോള്‍ അതു കൈവരിക്കുന്ന ഗതിമാററങ്ങളുടെ സൂത്രവാക്യമാണ്‌ അവന്‍ അന്വേഷിക്കുന്നത്‌. ആ അന്വേഷണം ലോകത്തെല്ലായിടത്തും ഒരേപോലെയാണ്‌. അതിന്റെ നിഗൂഢതയും.

ലോകകപ്പ്‌ വലിയൊരു സെവന്‍സാണ്‌. സെവന്‍സ്‌ ആസ്വദിക്കാന്‍ പറ്റാത്തവന്‌ ലോകകപ്പും ഇഷ്ടപ്പെടില്ല. ഒന്നിന്റെ വലിയ രൂപം മറ്റൊന്ന്‌. എയര്‍ ക്ലബ്ബിന്റെ കളിയനുഭവത്തിന്റെ എക്സ്റ്റന്‍ഷനാണ്‌ ബ്രസീലിന്റെ കളി. വെളളമില്ലാത്ത കാട്ടില്‍ചിറയില്‍ സെവന്‍സ്‌ കാണുന്നതു പോലെയാണ്‌ ദേയ്ഗുവിലെ മല തുരന്നുണ്ടാക്കിയ സ്റ്റേഡിയത്തിലിരുന്നു ലോകകപ്പു കാണുന്നത്‌. വിസില്‍ മുഴങ്ങും മുമ്പ്‌ സ്ഥലം പിടിക്കാന്‍ ഓടിക്കിതച്ചു വരുന്നവരെ സെവന്‍സ്‌ ഗ്രൗണ്ടിലും ലോകകപ്പ്‌ സ്റ്റേഡിയങ്ങളിലും കാണാം. പണി സ്ഥലത്തു നിന്നോടി വരുന്ന നാട്ടിന്‍പുറത്തുകാരന്റെ പുറകോട്ടു പിടിച്ച തുണി സഞ്ചിയില്‍നിന്ന്‌ ജീവിത പ്രാരാബ്ധങ്ങള്‍ പണിയായുധങ്ങളുടെ രൂപത്തില്‍ എത്തിനോക്കുന്നതു കണ്ടിട്ടുണ്ട്‌. ലോകകപ്പിനെത്തിയ ഒരു ജര്‍മ്മന്‍ യുവതിയുടെ പുറത്തു തൂക്കിയ സഞ്ചിയില്‍ കുഞ്ഞിക്കണ്ണുകള്‍ ചിമ്മി ഫുട്ബോള്‍ ഭ്രാന്തന്മാരെ കാരുണ്യത്തോടെ എത്തിനോക്കിയിരുന്ന ഒരു കുഞ്ഞിന്റെ മുഖം കണ്ടതോര്‍ക്കുന്നു. കാണികള്‍ ലോകത്തെങ്ങും ഒരുപോലെയാണ്‌. പന്തുരുണ്ടു തുടങ്ങിയാല്‍ അവര്‍ക്കു വരാതിരിക്കാനാവില്ല. അവര്‍ വേവലാതികളെ സഞ്ചിയിലാക്കി പുറകോട്ടു പിടിക്കുന്നു. പന്തുരുളുന്നതു കാണാന്‍ പണി നിര്‍ത്തുന്നു. ചായങ്ങള്‍ മുഖത്തണിയുന്നു. ഓടിയോടി കളിയുടെ ചിറവരമ്പത്തെത്തുന്നു.

**********************

കളി പോലെ, ഒരു പന്തിന്റെ സഞ്ചാരപഥങ്ങള്‍ പോലെ, ജീവിതത്തിന്റെ വഴികളും നിഗൂഢമാണ്‌. സെവന്‍സിനു പോകാനനുവാദം കിട്ടാത്ത കുട്ടിക്ക്‌ ലോകകപ്പ്‌ സ്വപ്നത്തില്‍പോലും ഉണ്ടായിരുന്നില്ല. ഒളിച്ചു പോയിക്കണ്ട സെവന്‍സുകള്‍ ലഹരിയായി നിറഞ്ഞ കൗമാരത്തിലേക്ക്‌ ലോകകപ്പ്‌ കടന്നു വരുന്നത്‌ കുറെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ടിവി ദൃശ്യങ്ങളായാണ്‌. റുമനിഗെയും കരേക്കയും ബ്യുട്രാഗിനോയും പന്തുകൊണ്ട്‌ വായുവില്‍ ലംബമായും തിരശ്ചീനമായും വര്‍ത്തുളമായും ചിത്രങ്ങള്‍ വരക്കുന്നതു കണ്ട്‌ അവന്‍ അന്ധാളിച്ചു. എയര്‍ ക്ലബ്ബിനെയും കേരളാ പോലീസിനെയും കളിയുടെ അവസാനവാക്കായി കരുതി നടന്ന അവനെ ഒരിക്കലും യാഥാര്‍ഥ്യമല്ലെന്നു തോന്നിക്കുന്ന ആ കളിനിലവാരം അമ്പരപ്പിച്ചു. ഉറക്കത്തിന്റെ ഉന്മാദം പോലും അവനില്‍ കെട്ടു പോയി. മാറഡോണ ഇംഗ്ലീഷ്‌ ഡിഫന്‍ഡര്‍മാരെ മന്ത്രം ചൊല്ലി കല്‍പ്രതിമകളാക്കുന്നതു കണ്ടപ്പോള്‍ സെവന്‍സ്‌ കണ്ടതില്‍ അവന്‍ ലജ്ജിച്ചു.

മഴനൂലുകള്‍ ഇഴ പാകിയ ചില രാച്ചിത്രങ്ങളായി പിന്നീട്‌ ലോകകപ്പ്‌ അവനില്‍ നിറഞ്ഞു. എല്ലാ നാലാം കൊല്ലത്തിലും വരുന്ന ലോകകപ്പിനായി അവന്‍ കാത്തിരുന്നു. ഉറക്കമില്ലാത്ത ജൂണ്‍മാസരാത്രികളില്‍ മഴയും കളിയും ഒപ്പമാണു വരിക. മഴ പാടം കടന്നു വരുമ്പോഴുള്ള ഒച്ചയാണ്‌ സ്റ്റേഡിയത്തിലും. അതു കലര്‍ന്നും കലമ്പിയും ചുറ്റുമുണ്ടാവും. കളി തുടങ്ങുമ്പോള്‍ ഹൃദയമിടിപ്പ്‌ മേഘങ്ങള്‍ കൂട്ടിമുട്ടുമ്പോഴെന്നപോലെ ഉച്ചത്തിലാവും. രാത്രി മഴയത്ത്‌ സൈക്കിള്‍ ചവുട്ടി 15 കിലോ മീറ്റര്‍ ദൂരെ കാഞ്ഞിരക്കോട്ടെന്ന സ്ഥലത്തു പോയിട്ടാണ്‌ കളികള്‍ കണ്ടിരുന്നത്‌. പടാട്ടില്‍ കൈമളെന്ന റിട്ടയേഡ്‌ പട്ടാളക്കാരന്റെ വീട്ടില്‍. മഴ നനഞ്ഞും വിറച്ചും ഉറക്കം തൂങ്ങിയും തിക്കിത്തിരക്കിയിരുന്ന്‌ കണ്ട ആദ്യലോകകപ്പിന്റെ കാഴ്ചകള്‍ സ്വപ്നം പോലെയും മദ്യം പോലെയും കെട്ടുവിടാതെ ഉള്ളില്‍ കിട ന്നു. ദൂരദര്‍ശന്റെ ദുര്‍ബലമായ സിഗ്നലുകളും ഇടി വെട്ടുമ്പോള്‍ സ്ക്രീനില്‍ തെളിയുന്ന മിന്നായങ്ങളും പവര്‍കട്ടും ഉറക്കച്ചടവും എല്ലാം ചേര്‍ന്ന്‌ മഴക്കാഴ്ചകള്‍ പോലെ കുറെ മങ്ങിയ ചിത്രങ്ങള്‍. ഇടയ്ക്കൊന്ന്‌ ഉറക്കം ഞെട്ടുമ്പോള്‍ മാറഡോണ 'ഗോള്‍ ' എന്നാര്‍ത്ത്‌ കുമ്മായവരയ്ക്കരികില്‍ എത്തിയിട്ടുണ്ടാവും. അപ്പോള്‍ നരച്ച മുടി പിടിച്ചു പറിച്ചു കൊണ്ട്‌ സ്വയം ശപിച്ച്‌ കൈമള്‍ വീണ്ടും കട്ടനിടാന്‍ എഴുനേറ്റുപോകും.

സെവന്‍സിന്റെ പാടവരമ്പത്തു നിന്ന്‌ ലോകകപ്പിന്റെ നേര്‍ക്കാഴ്ചകളിലേക്ക്‌ പിന്നീടെന്നോ ഒരു സ്വപ്നം പോലെ ആ കുട്ടി ചെന്നുവീണു. വര്‍ഷങ്ങള്‍ക്കു ശേഷം അതേ ഹൃദയമിടിപ്പും ഉറങ്ങാനാവാത്ത രാത്രിയുടെ ക്ഷീണവുമായി ഇഞ്ചോണ്‍ വിമാനത്താവളത്തില്‍ അവന്‍ ചെന്നിറങ്ങുമ്പോള്‍, അതാ നില്‍ക്കുന്നു പഴയ കൂട്ടുകാരന്‍, മഴ! മഴയില്‍ കുതിര്‍ന്ന ഹാന്‍ നദിയും നദിക്കരയിലെ കമാനങ്ങളും ദേശാടകരായ കാണികള്‍ കെട്ടിപ്പൊക്കിയ കുടീരങ്ങളുമൊക്കെ പഴയ രാത്രിമഴക്കാഴ്ചകളെ തിരിച്ചു കൊണ്ടുവന്നതു പോലെ. അതിന്റെ സാന്ത്വനത്തില്‍ അവന്‍ പൊടുന്നനെ കാഞ്ഞിരക്കോട്ടേക്കു സൈക്കിള്‍ ചവിട്ടുന്ന കുട്ടിയായി. ഊണും ഉറക്കവും വെടിഞ്ഞ തീര്‍ഥാടകനായി. സ്റ്റേഡിയങ്ങളില്‍ നിന്നു സ്റ്റേഡിയങ്ങളിലേക്കുള്ള നിരന്തരയാത്രകളില്‍ പിന്നെയും പലപ്പോഴും മഴ അവനു കൂട്ടായി വന്നു. ഇരുട്ടും മഴയും നിറഞ്ഞ രാത്രികളില്‍ അജ്ഞാതമായ കാലസ്ഥലങ്ങളില്‍ മഴയുടെ കൈ പിടിച്ച്‌ കളിയുടെ ഭ്രാന്തവും വന്യവുമായ കല്‍പ്പനകളിലൂടെ അവന്‍ അലഞ്ഞു നടന്നു.

സോഗിപ്പോ ദ്വീപില്‍ ചൈന-ബ്രസീല്‍ കളി കാണാന്‍ പോയ ദിവസം. മഴയും കാററും കടല്‍ക്ഷോഭവും അകമ്പടി നിന്ന ആ യാത്രയില്‍ അനുഭവങ്ങളുടെ തനിയാവര്‍ത്തനം പോലെ 20 വര്‍ഷം മുമ്പത്തെ ലോകകപ്പ്‌ രാത്രി പുനര്‍ജനിച്ചു. മഴ കരഞ്ഞും കലമ്പിയും പൊതിഞ്ഞു നിന്ന സ്റ്റേഡിയത്തില്‍ തിക്കിത്തിരക്കിയിരുന്നപ്പോള്‍ കൈമളുടെ സ്വീകരണമുറിയില്‍ വീണ്ടും ചെന്നെത്തിയതു പോലെ. ഉറക്കച്ചടവും ക്ഷീണവും ഒരു വശത്ത്‌. എയര്‍ ക്ലബ്ബിനെപ്പോലെ തലക്കനം പിടിച്ച ബ്രസീലിന്റെ കളിയും ചൈനയുടെ കഞ്ഞിവെള്ളം കുടിക്കാത്തപോലുള്ള ദൈന്യതയും മറുവശത്ത്‌. ഇടയ്ക്കെപ്പോഴോ ക്ഷീണത്തിന്റെ പാരമ്യത്തില്‍ കണ്ണുകളടഞ്ഞതും ഉറക്കം ഞെട്ടിയതും ഓര്‍മ്മയുണ്ട്‌. കണ്‍തുറന്നപ്പോള്‍ റൊണാള്‍ഡോ 'ഗോള്‍ ' എന്നാര്‍ത്തു കൊണ്ട്‌ കുമ്മായവരയ്ക്കരികില്‍ നില്‍ക്കുന്നു. അടുത്തിരുന്ന 'ആനന്ദബസാറ' ി‍ന്റെ രൂപായന്‍ ഭട്ടാചാര്യ തലമുടി പിടിച്ചു പറിച്ച്‌ സ്വയം ശപിച്ചു കൊണ്ട്‌ വെന്‍ഡിങ്‌ മെഷീനില്‍ നിന്ന്‌ കട്ടന്‍ കാപ്പിയെടുക്കാന്‍ എഴുനേറ്റുപോകുന്നു!

ദൈവമേ, ജീവിതത്തില്‍ കാലവും കാഴ്ചകളും എത്ര തവണയാണ്‌ ആവര്‍ത്തിക്കുന്നത്‌!

(2006 -ലെ മാതൃഭൂമി ലോകകപ്പ്‌ സ്പെഷ്യലിനു വേണ്ടി എഴുതിയ ലേഖനത്തിന്റെ പൂര്‍ണരൂപമാണ്‌ ഇത്‌).

Previous Post:
കളിയോര്‍മ്മകളിലെ പൂമരങ്ങള്‍ Read more...

Saturday, September 16, 2006

കളിയോര്‍മ്മകളിലെ പൂമരങ്ങള്‍


ഓര്‍മ്മകളാണ്‌ ഓരോ ലോകകപ്പും. നാലു കൊല്ലം കൂടുമ്പോള്‍ പൂക്കുന്ന പൂമരങ്ങള്‍.

പുറകോട്ടു നടക്കുമ്പോള്‍, ഓരോ നാലാമത്തെ തിരിവിലും നാമീ പൂക്കാടുകള്‍ കാണുന്നു. ചില്ലകളെ ഉലച്ചുകൊണ്ട്‌, താഴ്‌വരയെ മൂടിക്കൊണ്ട്‌ ഗൃഹാതുരതയുടെ കാറ്റ്‌ അതില്‍ ചുറ്റിനടക്കുന്നു. ഓര്‍മ്മകള്‍ കൊണ്ടാണ്‌ ഓരോ ലോകകപ്പും ലോകത്തെ ബന്ധിപ്പിക്കുന്നത്‌.

പുറകോട്ടു പുറകോട്ടു പോകുമ്പോള്‍ ഓര്‍മ്മകള്‍ക്കു വഴി തെറ്റാം. ജയിച്ചവന്റെ സ്മാരകങ്ങള്‍ മാത്രമാണ്‌ വഴിയിലുടനീളം. ഒന്നോ രണ്ടോ പേരുകള്‍ കൊത്തിവെച്ച സ്തംഭങ്ങള്‍. അതിലെ വാഴ്ത്തുമൊഴികള്‍ നാം വായിക്കുന്നു. പെലെ, ക്രൈഫ്‌, മാറഡോണ.. രാജാക്കന്മാരുടെ പേരുകള്‍. ഇവിടെ ഈ രാജാക്കന്മാര്‍ ജീവിച്ചിരുന്നുവെന്ന്‌ ഓരോ ലോകകപ്പും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മറ്റു പേരുകളെ കാലം മായ്ക്കുന്നു.

ലോകകപ്പിന്റെ കഥ ജേതാക്കളുടെ മാത്രം കഥയല്ല. ലോകകപ്പുകള്‍ ജയിച്ചത്‌ രാജാക്കന്മാരല്ല. പേരും മുഖവുമില്ലാത്ത കുറെ പോരാളികള്‍. ഏകാകികളായി മരണത്തിന്റെ ഗോള്‍ വല കാത്തവര്‍. ഉറച്ച ഗോള്‍ നീക്കങ്ങളെ ടാക്കിള്‍ ചെയ്ത്‌ അപമാനത്തിന്റെ ചുവപ്പു കാര്‍ഡു വരിച്ചവര്‍. എതിരാളിയുടെ 'കംഫര്‍ട്ട്‌ സോണു'കളില്‍ അസ്വസ്ഥതയുടെ മിന്നല്‍പാസ്സുകള്‍ പായിച്ചവര്‍. ചാവേറുകള്‍ പോലെ മുന്നേറിയവര്‍. കിടങ്ങും കാവലും കടന്ന ശേഷം കോട്ടവാതിലില്‍ വെട്ടേറ്റു വീണവര്‍.

പൂമരങ്ങള്‍ മാത്രം കണ്ടു നടക്കുമ്പോള്‍ നമ്മള്‍ കാല്‍ച്ചുവട്ടിലെ ഈ കരിയിലകളെ കാണില്ല. അവരുടെ പേരുകള്‍ ഓര്‍ക്കില്ല. അവരുടെ കഥകള്‍ കേള്‍ക്കില്ല.

നാലു വര്‍ഷം കൊണ്ട്‌ വിസ്മൃതിയിലേക്ക്‌ വലിച്ചെറിയപ്പെടുന്ന കുറെ താരങ്ങളുടെ കൂടി കഥയാണ്‌ ഓരോ ലോകകപ്പും. ഓരോ പുതിയതാരങ്ങളെ ലോകത്തിനു സമ്മാനിക്കുമ്പോള്‍ ഒരു നൂറു വീരനായകന്മാരെ അതു ചരിത്രത്തിലേക്കു വലിച്ചെറിയുന്നുണ്ട്‌. നിറം മങ്ങി മണം വാര്‍ന്ന്‌ അവര്‍ ചരിത്രത്തിന്റെ പിന്‍വഴികളില്‍ അലഞ്ഞു നടക്കുന്നു.

മറവിയുടെ കരിയിലകള്‍ മൂടിക്കിടക്കുന്ന അജ്ഞാതരുടെ ശ്മശാനത്തില്‍ ഒന്നോ രണ്ടോ കല്ലറകള്‍ക്കു മാത്രമേ പേരുകളുള്ളൂ. കാറ്റായും തേങ്ങലായും ഓര്‍മ്മകളായും ചുറ്റി നടക്കുന്നത്‌ മറ്റുള്ളവരുടെ നിശ്വാസങ്ങളാവണം...

****

നാലു വര്‍ഷം മുമ്പ്‌ കൊറിയയില്‍ കണ്ടവരില്‍ പലരും ജര്‍മ്മനിയില്‍ വന്നില്ല. ജര്‍മ്മനിയില്‍ കാണാത്തവരെ നാം ഇനി കാണുകയേയില്ല. കണ്ടവരില്‍ത്തന്നെ പലരെയും നാളെ മുതല്‍ കണ്ടില്ലെന്നും വരാം. പഴയ ലോകകപ്പിലെ താരമായിരുന്നു എന്ന പേരും ചാര്‍ത്തി അവര്‍ ഏതെങ്കിലുമൊരു ചടങ്ങിലോ പത്രസമ്മേളനത്തിലോ പ്രത്യക്ഷപ്പെട്ടേക്കാം. ചിലര്‍ ഏതെങ്കിലും ടീമിന്റെ പരിശീലകരായി കുറച്ചു കാലം കുമ്മായവരക്കരികില്‍ ഒരു വിളറിയ ചന്ദ്രക്കല പോലെ നില്‍പ്പുണ്ടാവും. ഫെറങ്ക്‌ പുഷ്കാസിനെപ്പോലെ ജീവിക്കാന്‍ മെഡലുകള്‍ ലേലം ചെയ്യുന്ന തിരക്കില്‍ ഏതെങ്കിലും വഴിവക്കില്‍ വെച്ചാവാം നിഴല്‍ പോലെ മറ്റൊരാളെ നാം കാണുന്നത്‌. മൈതാനത്തിലെ വിളക്കുകള്‍ കെടുമ്പോള്‍, ഇരുട്ടിലേക്കു പിന്‍വാങ്ങുമ്പോള്‍ പിന്നീടവര്‍ എവിടെ പോകുന്നു എന്നു നാം അന്വേഷിക്കാറില്ല.

ലോകകപ്പിന്റെ ഓര്‍മ്മകളിലൂടെ ഒന്നു യാത്ര ചെയ്തു നോക്കൂ. ആദ്യത്തെ തിരിവുകളില്‍ ഏറെയും നാം മറന്നിട്ടില്ലാത്ത മുഖങ്ങള്‍.. റൊണാള്‍ഡോ, സിദാന്‍, റൊമാരിയോ, മത്തേവൂസ്‌, മാറഡോണ... ഒട്ടും നിറം മങ്ങിയിട്ടില്ലാത്ത വിജയഫലകങ്ങള്‍. വീണ്ടും നടക്കുമ്പോള്‍ കെംപസിന്റേയും ക്രൈഫിന്റേയും ചിരിയും കണ്ണീരും കലര്‍ന്ന സ്തംഭങ്ങള്‍. അപ്പുറത്ത്‌ ബെക്കന്‍ബവര്‍, പെലെ, ബോബി മൂര്‍.. അവരുടെ വിജയസ്തൂപങ്ങള്‍ക്കുമുണ്ട്‌ ഒാ‍ര്‍മ്മകളേക്കാള്‍ തിളക്കം. വീണ്ടും പുറകോട്ട്‌... ചിത്രങ്ങള്‍ മങ്ങുകയായി. 1954ലെ മാന്ത്രികമാഗ്യാറുകളുടെ നിശ്ശബ്ദമായ തേങ്ങലുകള്‍. എല്ലാം ഇരുള്‍ മൂടി അവ്യക്തമായിരിക്കുന്നു. മറവിയുടെ വെളിയടക്കുളളിലായിപ്പോയ നിറം വാര്‍ന്ന കുറെ ചിത്രങ്ങള്‍. ഇനിയും പുറകോട്ടു പോയാല്‍ ഭൂതകാലത്തിന്റെ വളരെ വിദൂരമായ കോണില്‍, ഓര്‍മ്മകള്‍ മാഞ്ഞു പോയ മനസ്സു പോലെ, മഴയും വെയിലുമേറ്റു നിറം പകര്‍ന്ന ഉറുഗ്വായുടെ ചരിത്രവിജയത്തിന്റെ സ്തൂപം. മാറക്കാനയിലെ രണ്ടു ലക്ഷം കാണികളുടെ കണ്ണീരില്‍ കുതിര്‍ത്തെടുത്ത കപ്പ്‌. അതിനും നിറം മങ്ങിയിരിക്കുന്നു. ഉറുഗ്വായ്‌, ഫുട്ബോളിന്റെ ഓര്‍മ്മകള്‍ക്ക്‌ അന്യമായിക്കഴിഞ്ഞ പേരാണ്‌ ഇന്ന്‌. ജര്‍മ്മനിയില്‍ ആ രാജ്യത്തിന്റെ പേരു തന്നെ നാം കേട്ടില്ല. ഓര്‍ക്കണം: രണ്ടു വട്ടം ലോകകപ്പു ജയിച്ച ടീമായിരുന്നു അത്‌!

*******

പഴയ കഥകള്‍ മറന്നേക്കൂ. 2002ലെ ലോകകപ്പില്‍ കണ്ട എത്ര പേരെ നാമോര്‍ക്കുന്നു? ഇതെഴുതുന്നയാള്‍ സോളിലും സോഗിപ്പോയിലും യോക്കോഹാമയിലെ മീഡിയാ സെന്ററിലും അവരുടെ പുറകെ 40 ദിവസത്തോളം നടന്നവനാണ്‌. ലോകകപ്പ്‌ റിപ്പോര്‍ട്ടിങ്ങിന്റെ ആ നാളുകളില്‍ തോന്നിയത്‌ അവരെയൊന്നും ഒരിക്കലും മറക്കില്ല എന്നായിരുന്നു. വിയര്‍പ്പും പൊടിയും പുരണ്ട്‌ വെള്ളിവെളിച്ചത്തില്‍ കുളിച്ചു നിന്ന അവരുടെ കോമളരൂപങ്ങള്‍ കല്ലില്‍ കൊത്തിയതു പോലെ മനസ്സിലുണ്ടായിരുന്നു. 2006ലെ ലോകകപ്പു വന്നപ്പോഴാണ്‌ വേദനയോടെ മനസ്സിലാക്കിയത്‌. അവരെ നാം തീര്‍ത്തും മറന്നിരിക്കുന്നു. അവരില്‍ പലരും ഇരുട്ടിലേക്കു പിന്‍വാങ്ങി. അവരെ നാമിനി കാണില്ല. അവര്‍ക്ക്‌ സ്മാരകങ്ങളില്ല. വിജയസ്തംഭങ്ങളില്ല. കരിയിലകള്‍ ചികഞ്ഞു മാറ്റിയാല്‍ അവരുടെ നിശ്വാസങ്ങള്‍ കേള്‍ക്കാം. എന്നെ ഓര്‍മ്മയുണ്ടോ എന്ന ദുര്‍ബലമായ ചോദ്യം കേള്‍ക്കാം.
അര്‍ജന്റീന. ആ ലോകകപ്പിന്റെ ഒരു കണ്ണീര്‍ച്ചിത്രമായിരുന്നു ബിയെല്‍സയും സംഘവും. അവരെ കടലെടുത്തു. അവരുടെ പേരുകള്‍ തന്നെ കാലം മായ്ച്ചു കളഞ്ഞു. ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട എന്ന ഒരു മിന്നല്‍പ്പിണരുണ്ടായിരുന്നു അതില്‍. ഏരിയല്‍ ഒര്‍ട്ടേഗ എന്ന കലാകാരന്‍, സെബാസ്റ്റ്യന്‍ വെറോണ്‍ എന്ന ജനറല്‍, ഡീഗോ സിമിയോണി എന്ന കപ്പിത്താന്‍, ക്ലോഡിയോ കനീജിയ എന്ന തീജ്വാല, ചോരാത്ത കൈകളുളള ജര്‍മന്‍ ബുര്‍ഹോസ്‌. എല്ലാവരും കപ്പല്‍ച്ചേതത്തില്‍പ്പെട്ടു. ക്ലോഡിയോ ഹുസൈന്‍, ഗുസ്താവോ ലോപ്പസ്‌, പോച്ചറ്റിനോ, കാവലെറോ, പ്ലാസെന്റെ, ഗലാര്‍ഡോ, ചാമോട്ട്‌, ബൊനാനോ.. കാണാതായവരുടെ പേരുകള്‍ നീളുന്നു. ജര്‍മ്മനിയിലെത്തുമ്പോള്‍ ഈ പേരുകളില്‍ പലതും അവരുടെ ലൈനപ്പില്‍ ഉണ്ടായിരുന്നില്ല. ഇനി നാലു വര്‍ഷത്തിനു ശേഷം ദക്ഷിണാഫ്രിക്കയില്‍ വരുമ്പോള്‍ ആരൊക്കെ അവരുടെ നിരയില്‍ ഉണ്ടാവും? അറിയില്ല. ഒന്നുറപ്പിക്കാം. പന്തിന്റെ നിഗൂഢമായ വഴികളെ ഭ്രാന്തമായി പ്രണയിച്ച ഒരാളുടെ പേര്‍ തീര്‍ച്ചയായും അതില്‍ ഉണ്ടാവുകയില്ല. യുവാന്‍ റോമന്‍ റിക്വല്‍മിയുടെ പേര്‌.

ബ്രസീലും 2002ന്റെ സുന്ദരമായ ഓര്‍മ്മയാണ്‌. അവര്‍ ചാവേറുകളായല്ല, ചക്രവര്‍ത്തിമാരായാണ്‌ മടങ്ങിയത്‌. എന്നാല്‍ ആ ജേതാക്കളുടെ സ്മാരകത്തിനരികിലും ചില പൂക്കള്‍ കൊഴിഞ്ഞു കിടപ്പുണ്ട്‌. കാലം തല്ലിക്കൊഴിച്ചവ. റിവാള്‍ഡോ എന്ന പേര്‌ അതില്‍ നമ്മുടെ കണ്ണു നനയിക്കുന്നു. ദൈവമേ, പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്റെ വലയിലേക്കു പാഞ്ഞ വെടിച്ചില്ല്‌! അത്‌ ആ ബൂട്ടില്‍ നിന്നായിരുന്നു! ജര്‍മ്മനിയിലേക്കു പോകാന്‍ റിവാള്‍ഡോവിനും കാലം അനുമതി നല്‍കിയില്ല. ബ്രസീലിന്റെ മഞ്ഞ ജഴ്സിയില്‍ ഇനി ഒരിക്കലും ആ കളി നാം കാണില്ല. ബല്ലാക്കിന്റെ വെടിയുണ്ടകള്‍ നെഞ്ഞു കൊണ്ടു തടുത്ത ഒരു ഗോള്‍കീപ്പറുണ്ടായിരുന്നു അവര്‍ക്കൊപ്പം. മാര്‍ക്കോസ്‌. ദീദയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്തിനു മത്സരിക്കാനാണ്‌ കാലം അയാള്‍ക്കു നല്‍കിയ നിര്‍ദ്ദേശം. ജര്‍മ്മനിയില്‍ അയാളെയും ആരും കണ്ടില്ല. ഡെനില്‍സണെന്ന ഒരു നര്‍ത്തകനും കൊറിയയില്‍ വന്നിരുന്നു. ഒരിന്ദ്രജാലക്കാരന്‍. വ്യാമോഹിപ്പിക്കുന്ന ഡ്രിബ്ലര്‍. കാലം അയാളേയും മടക്കി അയച്ചു. ബെലേറ്റി, വാംപെറ്റ, ജൂനിയര്‍, ജൂണെന്യോ പൗലിസ്റ്റ, എഡില്‍സണ്‍, റൊജേരിയോ സെനി.. ബ്രസീലിന്റെ നിരയില്‍ 2002ന്റെ ഓര്‍മ്മകളായി ഇവരുടെ പേരുകളും കാണും. പക്ഷെ, നിങ്ങള്‍ അവരെ ഓര്‍മ്മിക്കുമോ? ആര്‍ക്കറിയാം, 2010ല്‍ ദക്ഷിണാഫ്രിക്കയില്‍ വീണ്ടും മഞ്ഞപ്പട വന്നിറങ്ങുമ്പോള്‍ കഫുവും റോബര്‍ട്ടോ കാര്‍ലോസും എവിടെയായിരിക്കും? റൊണാള്‍ഡോയും റൊണാള്‍ഡീന്യോയും അന്നും ടീമിനൊപ്പം ഉണ്ടാവുമോ?

2002ന്റെ മറ്റൊരു മരിക്കാത്ത ഓര്‍മ്മയാണ്‌ ചിലാവര്‍ട്ട്‌. ശനിദേവന്റെ രൂപമാര്‍ന്ന ചിലാവര്‍ട്ട്‌. എന്തൊരു ഗാംഭീര്യം! എന്തൊരു തലപ്പൊക്കം! ഒരു ഗ്രീക്ക്‌ ദുരന്തനായകനെപ്പോലെയാണ്‌ അയാള്‍ പിന്‍വാങ്ങിയത്‌. മണ്ണില്‍ താഴ്‌ന്ന പാരഗ്വന്‍ തേര്‍ച്ചക്രം പൊക്കാന്‍ ശ്രമിക്കുന്ന ചിലാവര്‍ട്ടിന്റെ ദയനീയചിത്രമാണ്‌ ഓര്‍മ്മയില്‍ ബാക്കി. അതിനു മുന്‍പ്‌ 98ല്‍, ഫ്രാന്‍സില്‍ ഇതേ ചിലാവര്‍ട്ട്‌ പറന്നു പൊരുതുന്ന അക്കിലീസായിരുന്നു. പാരഗ്വന്‍ ഫുട്ബോള്‍ ഈ മഹാഗോപുരത്തിന്റെ തകര്‍ച്ചയില്‍ നിന്നുണര്‍ന്നു വരാന്‍ ഇനി എത്ര കൊല്ലമെടുക്കും? അറിയില്ല. ജര്‍മ്മനിക്ക്‌ ചിലാവര്‍ട്ട്‌ ഒരു നഷ്ടസ്മൃതിയായി. ചിലാവര്‍ട്ടിന്റെ പട്ടാളവും മെല്ലെ മെല്ലെ വിസ്മൃതിയിലേക്കു നീങ്ങുകയാണ്‌. സെല്‍സോ അയാള, റോബര്‍ടോ അക്യുന, കാര്‍ലോസ്‌ ഹുംബര്‍ട്ടോ, പരിഡീസ്‌ തുടങ്ങിയ ഒരു സംഘം പടയാളികളുമായാണ്‌ ചിലാവര്‍ട്ട്‌ വന്നിരുന്നത്‌. അവരില്‍ പലരും ജര്‍മ്മനിയില്‍ ഉണ്ടായിരുന്നില്ല. പാരഗ്വായില്‍ റോക്കി സാന്റാക്രൂസിന്റെയും പതിനെട്ടുകാരനായ ഹോസ്‌ മൊണ്ടിയേലിന്റയുമൊക്കെ യുഗമാണ്‌ ഇപ്പോള്‍. കാലം ഏതു വന്മരത്തെയും വീഴ്ത്തുമെന്ന്‌ ചിലാവര്‍ട്ടും കാണിച്ചു തരുന്നു.

ഇംഗ്ലണ്ടിനൊപ്പം വന്ന, മുടി ചുറ്റിക്കെട്ടിയ മറ്റൊരു ഗോള്‍കീപ്പറും 2002ന്റെ നഷ്ടസ്മൃതിയാണ്‌. ഡേവിഡ്‌ സീമാന്‍. വാരകളകലെ നിന്നു റൊണാള്‍ഡീന്യോ പറത്തിയ കരിയിലകിക്ക്‌ രണ്ടര പതിറ്റാണ്ടു നീണ്ട ആ കരിയറിന്‌ അപമാനകരമായ അന്ത്യം കുറിച്ചു. ജര്‍മ്മനിയിലേക്ക്‌ പുറപ്പെട്ട ഇംഗ്ലീഷ്‌ കപ്പലില്‍ എല്ലാ കടലുമറിയുന്ന ഈ സീമാന്‍ ഉണ്ടായിരുന്നില്ല. ഡാനി മില്‍സ്‌, ഡാനി മര്‍ഫി, റോബി ഫൗളര്‍, എമില്‍ ഹെസ്കി, നൈജല്‍ മാര്‍ട്ടിന്‍, സൗത്ഗേറ്റ്‌, ഹാര്‍ഗ്രീവ്സ്‌, ഷെറിങ്ന്‍ഘാം, നിക്കി ബട്ട്‌.. ലീഗിലിപ്പോഴും നിത്യസാന്നിധ്യമായ ഇവരില്‍ എത്ര പേര്‍ ജര്‍മ്മനിയില്‍ വന്നു? അവരുടെ ഓര്‍മ്മക്കുറിപ്പും നമുക്കിനി തയ്യാറാക്കാം.

ഒരു പക്ഷെ, കഴിഞ്ഞ പതിറ്റാണ്ടില്‍ ഫുട്ബോള്‍ പ്രേമികള്‍ കണ്ടു പരിചയിച്ച മുഖങ്ങള്‍ ഏറ്റവുമുള്ളതും ഏറ്റവുമധികം വിട്ടു പോയതും ഫ്രാന്‍സ്‌ നിരയിലാവണം. ഈ പേരുകള്‍ നോക്കൂ. മാര്‍സല്‍ ദെസേയ്‌ലി, വിന്‍സെന്റ്‌ കാന്‍ഡേല, ബിസെന്റെ ലിസറാസു, ഇമ്മാനുവല്‍ പെറ്റിത്‌, യൂറി യോര്‍ക്കേഫ്‌, ഫ്രാങ്ക്‌ ലെബൂഫ്‌, ക്രിസ്റ്റഫ്‌ ദുഗാരി, സില്‍വസ്റ്റര്‍, ബുഗോസിയാന്‍, മിക്കൂഡ്‌.. ഒരു പതിറ്റാണ്ടായി നാമീ പേരുകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌. രോമാഞ്ചത്തോടെയല്ലാതെ ഓര്‍ക്കാനാവാത്ത പേരുകള്‍. ജര്‍മ്മന്‍ ലൈനപ്പില്‍ ഇതിലെ എത്ര പേരുകള്‍ കണ്ടു? പലരും സ്വയം വിരമിച്ചു. പലരെയും കാലം ചവറ്റുകൊട്ടയിലെറിഞ്ഞു. കാലത്തിന്റെ അനിവാര്യനിയമങ്ങള്‍ ലംഘിച്ച്‌ തുറാമും സിദാനും ബാര്‍ത്തേസുമൊക്കെ ജര്‍മ്മനിയില്‍ വന്നുവെന്നതു മറക്കുന്നില്ല. പഴയ രൂപത്തിന്റെ നിഴല്‍ പോലെ അവരും പിന്‍വാങ്ങി. 2010ല്‍ നാമവരെയും കാണില്ല. ഒന്നു പറയാതെ വയ്യ. ഈ പതിറ്റാണ്ട്‌ ആവശ്യപ്പെടുന്ന ഏറ്റവും വലിയ സ്മാരകം ഫ്രഞ്ച്‌ പടക്കു തന്നെയാണ്‌. നമ്മെ ഇത്രക്കു വേട്ടയാടിയ ഒരു നിര അടുത്ത കാലത്തൊന്നും ഫുട്ബോളില്‍ വേറെ ഉണ്ടായിട്ടില്ല.

സ്പെയിന്റെ ചുവന്ന ജഴ്സിയും നമുക്കൊരു വികാരമാണ്‌. എമിലിയോ ബ്യൂട്രാഗിനോവിനെപ്പോലുള്ളവര്‍ ചരിത്രമാക്കി മാറ്റിയ ജഴ്സി. 2002ന്റെ ഓര്‍മ്മകളില്‍ അവരുടെ പതനമാണ്‌ മറക്കാനാവാത്ത ഒന്ന്‌. കൊറിയന്‍ വീര്യത്തിന്റെ 'ദേഹമിന്‍ഗൂക്ക്‌ 'വിളികളില്‍ ചെമ്പടയുടെ പ്രതാപം ഒരു നിലവിളിയായി മാഞ്ഞു പോയി. റൗള്‍ ഗോണ്‍സാലസ്‌ എന്ന, അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരന്‍ പോലും നിസ്സഹായനായിരുന്നു. ഒരങ്കത്തിനു കൂടി റൗള്‍ ഒരുമ്പെട്ടെങ്കിലും അതിനുള്ള യൗവനം അയാളില്‍ അവശേഷിച്ചിരുന്നില്ല. ഒന്നര പതിറ്റാണ്ടോളം സ്പാനിഷ്‌ പതാകയുമായി കടലുകള്‍ താണ്ടിയ അവരുടെ പല കപ്പിത്താന്മാരും ഇക്കുറി അയല്‍രാജ്യത്തു നടന്ന പടയോട്ടത്തിനു വന്നില്ല. ഫെര്‍ണാണ്ടോ ഹിയറോ, ലൂയി എന്റിക്കെ, നദാല്‍, റിക്കാര്‍ഡോ, മെന്‍ഡിയേറ്റ, അല്‍ബെല്‍ഡ.. നമ്മുടെ ഇന്നലെകള്‍ക്കു നിറം പകര്‍ന്ന ഇവരും സ്മാരകങ്ങളില്ലാത്ത പോരാളികളായി, ഓര്‍മ്മയുടെ പൂമരക്കാടുകളില്‍ മറവി മൂടിക്കിടക്കാന്‍ വിധിക്കപ്പെട്ടവരായി.

സൗന്ദര്യവും പൗരുഷവും മനുഷ്യാകാരമാര്‍ന്നാല്‍ പൗലോ മാള്‍ഡീനി എന്നാണോ പേരിടുക? 90കള്‍ക്കു ശേഷം കളി കാണാന്‍ തുടങ്ങിയവര്‍ക്ക്‌ ആ പേര്‌ ഒരു നൊസ്റ്റാള്‍ജിയയാണ്‌. കേളീ ഭംഗിയുടെ അവസാനവാക്കു പോലൊരാള്‍. ഇനിയൊരു ലോകകപ്പില്‍ ആ മൂന്നാം നമ്പര്‍ ജഴ്സിയും ഇടംവിങ്ങിലെ മിന്നല്‍ നീക്കങ്ങളും നാം കാണില്ല! വിശ്വസിക്കാനാവുന്നില്ല. ഇറ്റലി എന്ന വാക്കിന്‌ കൊല്ലുന്ന പ്രതിരോധം എന്നാണര്‍ഥമെങ്കില്‍ അതിന്‌ സൗന്ദര്യാത്മകഭാഷ്യം ചമച്ച ഡിഫന്‍ഡറാണ്‌ മാള്‍ഡീനി. ജര്‍മ്മനിയില്‍ ബൂട്ടു കെട്ടാന്‍ താനില്ലെന്ന്‌ മാള്‍ഡീനി പറഞ്ഞപ്പോള്‍ ഇറ്റലിക്കല്ല, ഫുട്ബോളിന്‌ തന്നെ അതൊരു നഷ്ടമായിരുന്നു. അവരുടെ നിരയില്‍ വേറെ പലരുമുണ്ട്‌ ജര്‍മ്മനിയിലേക്കു വരാന്‍ മടിച്ചവര്‍. ക്രിസ്റ്റ്യന്‍ പനൂച്ചി, ഡോണി, ഡി ബിയാജിയോ, ടൊമാസ്സി, ഡെല്‍വെച്ചിയോ തുടങ്ങി പലരും. കളി നിറുത്താന്‍ സമയമായെന്നു വിശ്വസിച്ചവര്‍. അവരെയും നാമിനി കാണില്ല. 2010ല്‍ കപ്പുയര്‍ത്താന്‍ അഥവാ ഇറ്റലിക്കു കഴിഞ്ഞാലും ഒന്നുറപ്പിക്കാം, കന്നവാരോ അവിടെ ഉണ്ടാവില്ല!

യൂസേബിയോവിന്റെ കാലത്തിനു ശേഷം കപ്പ്‌ കൊതിക്കാന്‍ പോന്ന ഒരു നിര പോര്‍ച്ചുഗലിനുണ്ടായത്‌ 2002 ലോകകപ്പിലാണ്‌. അതൊരു സ്വപ്നസംഘമായിരുന്നു. ഫിഗോ ഉള്‍പ്പെടെ അവരില്‍ പലരും കളിയുടെ സായാഹ്നത്തിലാണ്‌. ക്രിസ്റ്റിയാനോ റൊണാള്‍ഡോവിനെപ്പോലുള്ള പുതിയ മാന്ത്രികന്മാരില്‍ ലോകം കണ്ണു നട്ടിരിക്കുമ്പോള്‍ വിളക്കണഞ്ഞ സ്റ്റേഡിയത്തിനു പുറത്തേക്ക്‌ ബൂട്ടഴിച്ചു മടങ്ങുന്നത്‌ ജീനിയസ്സുകളുടെ ഒരു തലമുറയാണ്‌. എന്തൊരപൂര്‍വപ്രതിഭകളുടെ സംഘമായിരുന്നു അത്‌! റിക്കാര്‍ഡോ, കൂട്ടോ, സോസ, ജാവോ പിന്റോ, കോണ്‍സീസാവോ, റൂയി കോസ്റ്റ, ആന്ദ്രാദെ, ബാര്‍ബോസ, നെല്‍സണ്‍, ബെന്റോ.. ദേഗുവിലെ മല തുരന്നുണ്ടാക്കിയ സ്റ്റേഡിയത്തിലിരുന്ന്‌ ഒരു സ്വപ്നത്തിലെന്നപോലെ ആ ഡ്രീം ടീമിന്റെ കളി കണ്ടത്‌ ഇന്നലെയെന്ന പോലെ ഓര്‍മ്മയുണ്ട്‌. കളി തുടങ്ങി ഇരുപതു മിനിട്ടിനകം അമേരിക്ക മൂന്നു ഗോള്‍ അടിക്കുന്നു. പോര്‍ച്ചുഗല്‍ അപ്പോള്‍ ചിത്രത്തിലില്ല. പിന്നെ മധ്യനിരയില്‍ ഫിഗോ താഴേക്കിറങ്ങി വരുന്നു. എതിരാളികളെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന ഒരു ചക്രവ്യൂഹം ചമക്കുന്നു. പിന്റോ, കോസ്റ്റ, കൂട്ടോ, ഫിഗോ സംഘം ചക്രം പോലെ കറങ്ങിക്കറങ്ങിയാണ്‌ പിന്നെ മുന്നോട്ടു പോകുന്നത്‌. സ്‌റേറഡിയത്തിലിരുന്നു താഴേക്കു നോക്കുമ്പോള്‍ ഒരു ചുഴലിക്കാറ്റു സഞ്ചരിക്കുന്നതു പോലെ തോന്നും. കളി തീരുമ്പോള്‍ 3-1നു തോറ്റെങ്കിലും പോര്‍ച്ചുഗലിന്റെ ഗോള്‍ഡന്‍ ബോയ്സ്‌ അന്നു കളിച്ച കളി എത്ര കാലം കഴിഞ്ഞാലും മനസ്സില്‍ നിന്നു മായുകയില്ല. അവരില്‍ പലരും കാലത്തിന്റെ വിധിക്കു കീഴടങ്ങി പിന്‍വാങ്ങുകയാണ്‌. അവരെ നാമിനി എവിടെ വെച്ചാവും കാണുക?

ക്രൊയേഷ്യയാണ്‌ മറന്നു പോയ മറ്റൊരു വീരഗാഥ. ഡാവര്‍ സുകേറെന്ന ചാവേര്‍ 98ല്‍ ഫ്രാന്‍സില്‍ സ്വര്‍ണ്ണബൂട്ടുകള്‍ കൊണ്ടാണ്‌ കളിച്ചത്‌. ആറു ഗോളുകള്‍. മൂന്നാം സ്ഥാനം. എന്തായിരുന്നു ആ കുതിപ്പ്‌. കൊറിയയില്‍ വിളറിയ പിന്‍നിലാവു പോലെയായിരുന്നു അയാള്‍. ഏറിയ സമയവും ക്രൊയേഷ്യന്‍ ബെഞ്ചില്‍ തല കുനിച്ചിരുന്നു. ഇനി നാമയാളെ കാണുക എവിടെ വെച്ച്‌, ഏതു വേഷത്തില്‍? അറിയില്ല. ബാള്‍ക്കന്‍ ചാവേറുകളുടെ ആ സുവര്‍ണസംഘത്തില്‍ വേറെയുമുണ്ട്‌ പേരുകള്‍. ഇനി ഒരിക്കലും നാം കേള്‍ക്കാനിടയില്ലാത്തവ. മിലന്‍ റാപ്പായിച്ച്‌, അലന്‍ ബോക്സിസ്‌, പ്രോസിനെക്കി, മാരിയോ സ്റ്റാനിച്‌, റോബര്‍ട്ട്‌ ജാര്‍നി, ഇവിക്ക ഒലിച്‌.. ജേതാക്കളുടെ സ്മാരകങ്ങള്‍ മാത്രം തലയുയര്‍ത്തി നില്‍ക്കുന്ന ഓര്‍മ്മകളുടെ ശ്മശാനത്തില്‍ ഈ പോരാളികളുടെ സ്ഥാനം എവിടെയായിരിക്കും.

പേരുകള്‍ അവസാനിക്കുന്നില്ല. ഇനി നാം കാണാനും കേള്‍ക്കാനും സാധ്യതയില്ലാത്തവരില്‍ ഇവരും ഉണ്ടായേക്കാം. ഈ പേരുകള്‍ ഓര്‍ത്തു വെക്കുക. അമേരിക്കയുടെ കോബി ജോണ്‍സ്‌, ക്ലിന്റ്‌ മാത്തിസ്‌, ജോണ്‍ ഓബ്രിയന്‍, മെക്സിക്കോയുടെ റാഫേല്‍ ഗാര്‍സ്യ, ആല്‍ബര്‍ട്ടോ ഗാര്‍സ്യ, ഓസ്കാര്‍ പെരസ്‌, ഓസ്വാള്‍ഡോ സാഞ്ചസ്‌, ലൂയി ഹെര്‍ണാണ്ടസ്‌, ജോര്‍ഗെ കാംപോസ്‌, ബ്ലാങ്കോ, ഇക്വഡോറിന്റെ അലക്സ്‌ അഗ്വിനാഗ, ഇബാര, കോസ്റ്റാറിക്കയുടെ ഫോണ്‍സെക്ക, ഹോസ്‌ റോഡ്രിഗ്സ്‌, പാബ്ലോ ചിഞ്ചീലിയ, കൊറിയയുടെ സ്യോള്‍ കി ഹ്യോങ്ങ്‌, ഹോങ്ങ്‌ മ്യോങ്ങ്‌ ബോ, ജപ്പാന്റെ അകിത, മറ്റ്സുദ, മോറിയോക്ക, ഹടോരി, അലക്സ്‌, തോഡ, അകിനാവ, സൗദിയുടെ അല്‍-ദേയ, അല്‍ ഷെഹ്‌റാനി, സമി അല്‍ ജാബിര്‍, അല്‍ ദൊസരി, പോളണ്ടിന്റെ കലൂഷ്ണി റാഡിസ്ലാവ്‌, ഇമ്മാനുവല്‍ ഒലിസാഡിബെ, സ്വീഡന്റെ ഹെഡ്മാന്‍, പാട്രിക്‌ ആന്‍ഡേഴ്സന്‍, ജോണ്‍ മ്യാള്‍ബി.. പേരുകളവശേഷിപ്പിക്കാത്ത പോരാളികളായി ഇവരൊക്കെ ചരിത്രത്തിലേക്കു പിന്‍വാങ്ങി. ജര്‍മ്മനിയിലെത്തിയ യുദ്ധസംഘങ്ങളില്‍ അവരുടെ പിന്‍തലമുറയായിരുന്നു ആയുധമേന്തി നിന്നത്‌.

******
സ്റ്റേഡിയത്തിലെ വിളക്കുകള്‍ കെട്ടു. അവര്‍ പിന്‍വാങ്ങി. നമ്മുടെ പ്രിയതാരങ്ങള്‍. വീരനായകര്‍. ഓര്‍മ്മകളില്‍ മാത്രമേ ഇനിയവര്‍ക്കു ജീവിതമുള്ളൂ. മെല്ലെ മെല്ലെ മറവിയുടെ കരിയിലകള്‍ മൂടി കാലത്തിന്റെ വഴിത്താരകളില്‍ അവര്‍ അലിഞ്ഞു ചേരും. ഇടക്കൊരു കാറ്റടിക്കുമ്പോള്‍ ഇലകള്‍ നീങ്ങി വെളിപ്പെടുന്ന ഒാ‍ര്‍മ്മപ്പൊട്ടുകളില്‍ ചിലരെങ്കിലും അവരെ തിരിച്ചറിഞ്ഞേക്കും. അത്ര മാത്രം. പുറകെ വരുന്ന തലമുറകള്‍ അവരുടെ മുഖങ്ങള്‍ തിരിച്ചറിയാനിടയില്ല. പൂമരങ്ങള്‍ കണ്ടു നടക്കുന്ന ലോകം കാല്‍ച്ചുവട്ടിലെ കരിയിലകളെ കാണില്ല. എന്നാലവര്‍ ഖേദിക്കേണ്ടതില്ല. അവര്‍ക്കുള്ള സ്മാരകങ്ങള്‍ അവരുടെ കളി കണ്ടവരുടെ മനസ്സിലുണ്ട്്‌.

വീണ്ടുമൊരു ലോകകപ്പ്‌ കൊടിയിറങ്ങി. ഇനി ഓര്‍മ്മകളുടെ പൂമരപ്പാതയിലൂടെ നാം വീണ്ടും യാത്ര തുടങ്ങുന്നത്‌ നാലു വര്‍ഷത്തിനു ശേഷം മാത്രം. അന്നു വീണ്ടും കളിവിളക്കുകള്‍ തെളിയുമ്പോള്‍ മൈതാനത്തു കാണാത്തവരെ മറന്നേക്കുക. പുറകിലുള്ള പോര്‍സംഘങ്ങളില്‍ അവരെ വെല്ലുന്നവര്‍ വരുന്നുണ്ടല്ലോ...

*******
Previous Post:
അവസാനത്തെ റൈറ്റ്‌-ഔട്ട്‌ Read more...

Wednesday, September 06, 2006

തോമസ്‌ സെബാസ്റ്റ്യന്‍: അവസാനത്തെ 'റൈറ്റ്‌ ഔട്ട്‌'


വേഗത കൊണ്ട്‌ ആരാധകരെ സൃഷ്ടിച്ച താരമായിരുന്നു തോമസ്‌ സെബാസ്റ്റ്യന്‍. കേരളാ ഫുട്ബോള്‍ ടീമിന്റെ വലതു വിങ്ങില്‍ ഒരു പതിറ്റാണ്ടു കാലം കാറ്റു പോലെ വീശിയടിച്ചു കൊണ്ടിരുന്ന കളിക്കാരന്‍. അകാലത്തില്‍ ആ കുതിപ്പ്‌ നിലച്ചു!

വേഗതയായിരുന്നു തോമസ്‌ സെബാസ്റ്റ്യന്റെ ആയുധം. വലതു വിങ്ങില്‍ ഓവര്‍ലാപ്പു ചെയ്തു കുതിക്കുന്ന സെബാസ്റ്റ്യന്‍ എണ്‍പതുകളിലെ കേരളാ ഫുട്ബോളിന്റെ മുഖചിത്രമായിരുന്നു. റിലേയിലെ നാലാം ലാപ്പുകാരന്റെ ഭാവമായിരുന്നു സെബാസ്റ്റ്യനെപ്പോഴും. വലതു ടച്ച്‌ ലൈനിലേക്കൊരു പന്ത്‌ ആരെങ്കിലും പൊക്കിയിട്ടു കൊടുത്താല്‍ മതി, ബാറ്റണ്‍ കിട്ടിയ പോലെ സെബാസ്റ്റ്യന്‍ നിന്നിടത്തു നിന്നു വട്ടം തിരിഞ്ഞ്‌ ഓട്ടം തുടങ്ങും. സെബാസ്റ്റ്യനൊപ്പം ഓടിയെത്താന്‍ സ്കൂട്ടറെടുക്കണം- അക്കാലത്തു കേരളാ ഫുട്ബോളിലെ കൂട്ടുകാര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന തമാശയാണത്‌. എപ്പോഴും ധൃതി. അമിതവേഗത. അതേ ധൃതിയിലും വേഗതയിലും സെബാസ്റ്റ്യന്‍ മരണത്തിലേക്കും പാഞ്ഞു കയറിപ്പോയി. ഏതു വാഹനമെടുത്താലും ഓടിയൊപ്പമെത്താനാവാത്ത അകലത്തിലേക്ക്‌, ഞൊടിയിട കൊണ്ട്‌.

'അനെയ്‌റോബിക്ക്‌' എന്നു പറയാവുന്നതാണ്‌ സെബാസ്റ്റ്യന്റെ കളി. ഓക്സിജനേക്കാള്‍ പ്രാധാന്യം മസിലിന്‌ (കരുത്തിന്‌) നല്‍കുന്ന ചലനങ്ങള്‍. വെട്ടുകാട്ടെ കടപ്പുറത്തെ കാല്‍ പുതഞ്ഞു പോകുന്ന മണലില്‍ കുതിച്ചു പാഞ്ഞാണ്‌ സെബാസ്റ്റ്യന്‍ കളി പഠിച്ചത്‌. കഠിനമായിരുന്നു ആ പാഠങ്ങള്‍. ഷോര്‍ട്ട്‌ സ്റ്റെപ്പുകള്‍ വെച്ച്‌ കുതിച്ച്‌ കാലു നീളമുള്ളവരെ മറി കടക്കുന്ന വിദ്യ ആ മണപ്പുറം അയാള്‍ക്കു പകര്‍ന്നതാണ്‌. അതു തൃശ്ശൂരെയും കൊല്‍ക്കത്തയിലേയും പുല്‍മൈതാനങ്ങളില്‍ പകര്‍ത്താന്‍ അയാള്‍ക്ക്‌ അതിനേക്കാള്‍ എത്രയോ കുറച്ച്‌ ഊര്‍ജവും ഓക്സിജനുമേ വേണ്ടിയിരുന്നുള്ളൂ. അതായിരുന്നു അയാളുടെ വെള്ളിടി വേഗത്തിന്റെ രഹസ്യം.

കളിക്കാരന്‍ എന്ന നിലയില്‍ തോമസ്‌ സെബാസ്റ്റ്യന്‍ കേരളത്തിന്റെ അവസാനത്തെ വിങ്ങറായിരുന്നു എന്നു പറയുന്നതില്‍ തെറ്റില്ല. 4-2-4 ശൈലിയില്‍ കേരളം പിന്നീടധികം കളിച്ചിട്ടില്ല. മൂന്നു ഫോര്‍വേഡുകളിലേക്ക്‌ മാറിയതോടെ വശങ്ങളിലൂടെ കുതിച്ചു പായാനും ക്രോസ്സുകള്‍ കൊടുക്കാനും മാത്രമായി ഒരു വിങ്ങറെ നമുക്കാവശ്യമില്ലാതായി. സെബാസ്റ്റ്യനു പിന്‍ഗാമിയായി അവിടെ വന്ന പാപ്പച്ചന്‍ മറ്റൊരു 'സ്കൂളു'കാരനായിരുന്നു. തന്റെ പ്രതിഭ കൊണ്ടു കൂടി ആ സ്ഥാനത്തെ കലാപരമായി നവീകരിക്കാന്‍ പാപ്പച്ചനു കഴിഞ്ഞു. വേഗത മാത്രം പോര അവിടെ ശോഭിക്കാന്‍ എന്ന സ്ഥിതി പാപ്പച്ചന്‍ സൃഷ്ടിച്ചു. ഓവര്‍ലാപ്പിങ്ങും ക്രോസുകളുമല്ല മധ്യനിരയില്‍ നിന്നു കളി കരുപ്പിടിപ്പിക്കലും ഡ്രിബ്ലിങ്ങും കട്ട്‌ ചെയ്ത്‌ അകത്തേക്കു വരലുമൊക്കെയായി റൈറ്റ്‌ ഫോര്‍വേഡിന്റെ പണി. പക്ഷെ പാപ്പച്ചനെ ഫോര്‍വേഡ്‌ എന്നല്ലാതെ റൈറ്റ്‌ ഔട്ട്‌ എന്ന്‌ ആരും വിളിക്കുന്നില്ല. റൈറ്റ്‌ ഔട്ട്‌ എന്നാല്‍ മലയാളിക്ക്‌ ഇന്നും സെബാസ്റ്റ്യനാണ്‌. അതിനു കാരണം വ്യക്തിമികവിന്‌ പ്രാധാന്യം കൂടുതല്‍ ലഭിക്കുന്ന ഒരു കേളീരീതിയിലെ അവസാനത്തെ റൈറ്റ്‌ഔട്ടായിരുന്നു സെബാസ്റ്റ്യന്‍ എന്നതാവണം.

1982ലെ തൃശ്ശൂര്‍ സന്തോഷ്‌ ട്രോഫി. റിസര്‍വ്‌ ബെഞ്ചില്‍ നിന്ന്‌ തോമസ്‌ സെബാസ്റ്റ്യന്‍ എന്ന കറുത്തു മെല്ലിച്ച പയ്യന്‌ ഗ്രൗണ്ടിലേക്കിറങ്ങാന്‍ വിളി വരുന്നത്‌ അപ്രതീക്ഷിതമായാണ്‌. വലതു വിങ്ങ്‌ എം.എം.പൗലോസിന്റെ സാമ്രാജ്യമാണ്‌. എം.എം.ജേക്കബ്ബ്‌ പന്തു പൊക്കി വലതു വിങ്ങിലേക്കു നീട്ടിയെറിഞ്ഞ്‌ പൗലോസിനു കൊടുക്കും, പൗലോസ്‌ പാഞ്ഞു പിടിച്ച്‌ പന്ത്‌ അപ്പുക്കുട്ടനു കൊടുക്കും, അപ്പുക്കുട്ടന്‍ ഗോളടിക്കും. അതാണ്‌ ഏറെക്കുറെ കേരളത്തിെ‍ന്‍റകളി. ഗുജറാത്തിനെതിരെയുള്ള കളിയില്‍ പൗലോസിനു പരിക്കേറ്റു. പൗലോസിനെ പിടിക്കാന്‍ ചുമതലയുണ്ടായിരുന്നത്‌ മലയാളിയായ വില്ലിക്കായിരുന്നു. വില്ലിയുടെ ഒരു ഫൗള്‍ പൗലോസിനെ ഗ്രൗണ്ടില്‍ നിന്നു കയറ്റി. തോമസ്‌ സെബാസ്റ്റ്യന്‍ എന്ന വെട്ടുകാട്ടുകാരന്‍ കേരളാ ജേഴ്സിയില്‍ ആദ്യമായി ഗ്രൗണ്ടിലിറങ്ങുന്നത്‌ അങ്ങിനെയാണ്‌. റെയില്‍വേക്കെതിരെ സെബാസ്റ്റ്യന്‍ ഓട്ടത്തിലടിച്ച മിന്നുന്ന ഒരു ഗോള്‍ ആ ടൂര്‍ണമെന്റിന്റെ ബാക്കിയായി ഇപ്പോഴും തൃശ്ശൂര്‍ക്കാരുടെ മനസ്സിലുണ്ട്‌.

83ല്‍ കൊച്ചിയില്‍ നെഹ്രുകപ്പ്‌ നടക്കുന്നു. ഇറ്റലിക്കെതിരെ ഇന്ത്യ ഒരു ഗോളിനു പിന്നില്‍ നില്‍ക്കുമ്പോഴാണ്‌ തോമസ്‌ സെബാസ്റ്റ്യന്റെ ഒരു ഓട്ടം തുടങ്ങുന്നത്‌. മധ്യവര മുതല്‍ ടച്ച്‌ ലൈന്‍ വരെ ഒറ്റ ഓട്ടം. സീറോ ആംഗിളില്‍ നിന്ന്‌ ഒരു ക്രോസ്സ്‌. മഴവില്ലു പോലെ അതു വളഞ്ഞു പുളഞ്ഞ്‌ അകത്തു കയറി. റേഡിയോവില്‍ കമന്ററി കേട്ടിരുന്ന ഓര്‍മ്മയില്‍ നിന്നാണ്‌ എഴുതുന്നത്‌. ഗോള്‍.. എന്ന്‌ കമന്റേറ്റര്‍മാരും മഹാരാജാസ്‌ സ്റ്റേഡിയത്തിലെ കാണികളും ഒന്നിച്ചാര്‍ക്കുന്ന ശബ്ദം. തൊട്ടു പുറകെ കമന്റേറ്ററുടെ ഇല്ലാ .. ഒന്നും സംഭവിച്ചില്ലാ.. ലൈന്‍ റഫറി ആ ഗോള്‍ അനുവദിച്ചില്ലാ എന്ന നെടുവീര്‍പ്പിട്ടു കൊണ്ടുള്ള പ്രഖ്യാപനവും. ഗ്യാലറിയിലെ ശബ്ദങ്ങള്‍ പൊടുന്നനെ നിലച്ചതും ഓര്‍മ്മയിലുണ്ട്‌. തോമസ്‌ സെബാസ്റ്റ്യന്‍ എന്ന താരത്തിന്‌ കിട്ടാതെ പോയ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായിരുന്നു ആ ഗോള്‍.

കേരളാ ടീമിലേക്കുള്ള എന്‍ട്രിപാസ്‌ യൂണിവേഴ്സിറ്റി ജേഴ്സിയായിരുന്ന കാലത്താണ്‌ വെട്ടുകാട്ടു കടപ്പുറത്തു നിന്ന്‌ സെബാസ്റ്റ്യന്‍ നേരെ കേരളാ ജൂനിയര്‍ ടീമിലേക്കു വന്നത്‌. തിരുവനന്തപുരം ലീഗില്‍ ടി.കെ.കെമിക്കല്‍സ്‌ ക്ലബ്ബിനു വേണ്ടി കളിക്കുകയായിരുന്നു അന്ന്‌ സെബാസ്റ്റ്യന്‍. കൊച്ചിയില്‍ നടന്ന ജേക്കബ്ബ്‌ മെമ്മോറിയല്‍ ട്രോഫിയിലെ പ്രകടനമാണ്‌ നേരിട്ടു കേരളാ ജൂനിയര്‍ ടീമിലേക്കു സെബാസ്റ്റ്യനു വഴി തുറന്നതെന്ന്‌ കോച്ച്‌ ഗബ്രിയേല്‍ ജോസഫിന്റെ അനുസ്മരണത്തില്‍ കണ്ടു. അഗര്‍ത്തലയില്‍ നടന്ന ദേശീയ ജൂനിയറിലെ കളിയോടെ ഇന്ത്യന്‍ ജൂനിയര്‍ ടീമിലേക്കും അയാള്‍ നടന്നു കയറി. നേപ്പാളില്‍ നടന്ന എഷ്യന്‍ ജൂനിയറിനുള്ള ടീമില്‍. അവിടെയും തിളങ്ങിയതോടെ സെബാസ്റ്റ്യന്‍ യുഗം ആരംഭിച്ചു. യൂണിവേഴ്സിറ്റി ടീമില്‍ ഉള്‍പ്പെടുത്താത്തവരോട്‌ സെബാസ്റ്റ്യന്‍ പകരം വീട്ടിയത്‌ അങ്ങിനെയായിരുന്നു. 1981ലാണ്‌ അത്‌. 82ല്‍ സന്തോഷ്‌ ട്രോഫി ടീമില്‍, 83ല്‍ നെഹ്‌റു കപ്പ്‌ ടീമില്‍. പിന്നീട്‌ 91 വരെ കേരളത്തിനു കളിച്ച സെബാസ്റ്റ്യന്‍്‌ ഒരു ബഹുമതി കൂടി ഉണ്ട്‌. 1973 ല്‍ സന്തോഷ്‌ ട്രോഫി ജയിച്ച ശേഷം നമ്മള്‍ ആദ്യമായി ഫൈനല്‍ കളിച്ചത്‌ സെബാസ്റ്റ്യന്‍ ക്യാപ്റ്റനായപ്പോഴാണ്‌. 88ല്‍ കൊല്ലത്ത്്‌. അന്ന്‌ പഞ്ചാബിനോട്‌ ഫൈനലില്‍ ഷൂട്ടൗട്ടില്‍ തോല്‍ക്കുകയായിരുന്നു.

1987ല്‍ നമ്മള്‍ ആഘോഷപൂര്‍വം നടത്തിയ ദേശീയ ഗെയിംസിലെ പ്രസ്റ്റീജ്‌ ഈവന്റ്‌ ഫുട്ബോളായിരുന്നു. അതു നേടിയത്‌ സെബാസ്റ്റ്യന്‍ നയിച്ച കേരളാ ടീമായിരുന്നു. അതിനു മുന്‍പ്‌ 1985ല്‍ തന്നെ കേരളത്തിലെ ഏറ്റവും മികച്ച കായികതാരത്തിനു നല്‍കുന്ന ജി.വി.രാജാ പുരസ്കാരവും സെബാസ്റ്റ്യനു ലഭിച്ചു.

വെട്ടുകാട്‌ സെന്റ്‌ മേരീസ്‌ ക്ലബ്ബിലൂടെ ഉയര്‍ന്നു വന്ന സെബാസ്റ്റ്യന്‍ 77 മുതല്‍ ടി.കെ.കെമിക്കല്‍സിലും 1982 മുതല്‍ ടൈറ്റാനിയത്തിലും കരിയറിന്റെ അവസാന കാലത്ത്‌ കുറച്ചു വര്‍ഷം ബഹ്‌റൈനിലെ എം.ഇ.ടി.ക്ലബ്ബിലും കളിച്ചു. സെബാസ്റ്റ്യനെ അനുസ്മരിക്കുന്ന വേളയില്‍ അയാളെ പരിശീലിപ്പിച്ചവരും അയാള്‍ക്കൊപ്പം കളിച്ചവരുമെല്ലാം പറയുന്ന ഒരേയൊരു കാര്യം എത്ര അധ്വാനിക്കാനും മടിയില്ലാത്ത പ്രകൃതമായിരുന്നു അയാളുടേത്‌ എന്നാണ്‌. ബഹ്‌റൈനില്‍ നിന്നു വന്ന ശേഷവും ടൈറ്റാനിയത്തിനു വേണ്ടി അയാള്‍ കളിച്ചിരുന്നു. ഇത്ര ദീര്‍ഘകാലം ക്ലബ്ബിനു കളിച്ച കളിക്കാര്‍ നമുക്കു കുറവാണ്‌. ജോലി കിട്ടി നാലോ അഞ്ചോ കൊല്ലം കളിച്ചാല്‍ കളി നിര്‍ത്തുന്ന പുതിയ കാലത്തെ കളിക്കാര്‍ക്ക്‌ മാതൃകയാവേണ്ടതാണ്‌ സെബാസ്റ്റ്യന്റെ കരിയറെന്ന്‌ നജീബിനെയും നജിമുദ്ദീനെയും പോലുള്ളവര്‍ പറയും. അത്‌ അനുഭവത്തില്‍ നിന്നു പറയുന്നതാവണം. കളിക്കാരനായും കോച്ചായും സെബാസ്റ്റ്യനെ അടുത്തു നിന്നു കണ്ടവരാണല്ലോ അവര്‍.

വെട്ടുകാട്ടു നിന്നുള്ള സെബാസ്റ്റ്യന്റെ വരവിനേയും നമുക്ക്‌ ചരിത്രപരമായി കാണേണ്ടതുണ്ട്‌. കേരളത്തിന്റെ കടപ്പുറങ്ങളില്‍ നിന്ന്‌ അതിനു ശേഷം ഉയര്‍ന്നു വന്ന താരങ്ങള്‍ സെബാസ്റ്റ്യനു നന്ദി പറയണം. ഇന്ത്യന്‍ ടീമിലേക്കുള്ള സെബാസ്റ്റ്യന്റെ വളര്‍ച്ചയാണ്‌ അവരുടെയൊക്കെ ആവേശത്തിനു നിമിത്തമായത്‌. എഡിസണും എണസ്റ്റും ഇഗ്നേഷ്യസും തൊട്ട്‌ പോള്‍ ആന്റണി വരെയുള്ള ആ തലമുറ സെബാസ്റ്റ്യന്റെ വഴിയില്‍ നിന്നാണ്‌ ജീവിതം കണ്ടെത്തിയത്‌. നഗരസമൂഹത്തിന്റെ പിന്നാമ്പുറത്തു കഴിഞ്ഞിരുന്ന ഒരു ജനവിഭാഗത്തിന്‌ സെബാസ്റ്റ്യനിലൂടെ പുതിയ പ്രശസ്തിയും അംഗീകാരവും കൈവന്നു. പിന്നീട്‌ തിരുവനന്തപുരം ലീഗിലും കേരളാ ടീമിലും കടപ്പുറം പ്രാതിനിധ്യം ഏറെക്കുറെ സുനിശ്ചിതമായ ഒന്നായി മാറി. അതിന്റെ പ്രധാന കാരണക്കാരില്‍ ഒരാള്‍ തീര്‍ച്ചയായും തോമസ്‌ സെബാസ്റ്റ്യന്‍ തന്നെയായിരുന്നു.

Read more...