Saturday, June 30, 2007

ഉറൂഗ്വായ്‌: ഫുട്‌ബോള്‍ സാമ്രാജ്യത്തിലെ മൃതനഗരം

ഫുട്‌ബോള്‍ സാമ്രാജ്യത്തിലെ ഏറ്റവും പുരാതനമായ മഹാനഗരം. ഉറൂഗ്വായ്‌. രണ്ടു ലോകകപ്പുകള്‍ ജയിച്ച ടീം. കോപ്പ അമേരിക്ക 14 വട്ടം നേടിയ ടീം. മിയാസ്സയും എന്‍സോഫ്രാന്‍സെസ്‌കോളിയും കളിച്ചിരുന്ന ടീം. ആ ഉറൂഗ്വായ്‌ പെറുവിനോട്‌ തോല്‍ക്കുന്നു -മൂന്നു ഗോളിന്‌! കോപ്പ അമേരിക്കയുടെ ചരിത്രമറിയുന്നവര്‍ക്ക്‌ നെഞ്ചു പിളരുന്ന സങ്കടമുണ്ടാവും, തീര്‍ച്ച.

വെളിച്ചം കുറഞ്ഞ മൈതാനം. നിഴലുകള്‍ പോലെ ചലിക്കുന്ന രൂപങ്ങള്‍. പകുതി മാത്രം നിറഞ്ഞ ഗ്യാലറികള്‍. നിറം മങ്ങിയ ചിത്രങ്ങള്‍. അരോചകമായ അവതരണം. ഭൂമിയുടെ അങ്ങേ പകുതിയില്‍ നിന്ന്‌ കോപ്പ അമേരിക്കയുടെ ദൂര്‍ബലമായ സിഗ്‌നലുകള്‍ നമ്മുടെ സ്വീകരണമുറികളിലെത്തുന്നത്‌ തീരെ അനാകര്‍ഷകമായാണ്‌. നിലവാരത്തകര്‍ച്ച ഈ മേഘസന്ദേശങ്ങളില്‍ മാത്രമല്ല, കളിയിലും പ്രകടം. എങ്കിലും കളിയെ ഇഷ്ടപ്പെടുന്നവര്‍ക്ക്‌ ഇതു കാണാതെ വയ്യ. കോപ്പ അമേരിക്ക വെറുമൊരു ഫുട്‌ബോള്‍ ടൂര്‍ണമെന്റല്ല. വികാരങ്ങളുടെ ഒരു വീണ്ടെടുപ്പാണ്‌. കലര്‍പ്പില്ലാത്ത ഫുട്‌ബോള്‍ വികാരങ്ങളുടെ.

ചില ചിത്രങ്ങള്‍ അങ്ങിനെയാണ്‌. എത്ര നിറം മങ്ങിയതാവട്ടെ, അതു നമ്മെ വേട്ടയാടും. അതിന്‌ ഹൃദയത്തെ പിടിച്ചുലക്കാന്‍ പോന്ന അനുഭവങ്ങളുടെ പശ്ചാത്തലമുണ്ടാവും. യൂറോപ്പിന്റെ അതിവേഗ ഫുട്‌ബോളും സാങ്കേതികത്തികവാര്‍ന്ന അവതരണവും നിറപ്പകിട്ടാര്‍ന്ന ഗ്യാലറികളും ഇടതടവില്ലാത്ത ആരവങ്ങളും കണ്ടു പരിചയിച്ച ശേഷം ഉറക്കം കനം തൂങ്ങുന്ന കണ്ണുകളുമായി അതിരാവിലെ നിറം മങ്ങിയ കോപ്പ അമേരിക്കയിലേക്കുണരുമ്പോള്‍ പഴയൊരു ബ്ലാക്ക്‌ ആന്‍ഡ്‌്‌ വൈറ്റ്‌ സിനിമയിലേക്ക്‌ പൊടുന്നനെ എടുത്തെറിയപ്പെട്ടതു പോലെ. എന്നാല്‍ ടൂര്‍ണമെന്റിന്റെ ഒന്നാം ദിവസം കണ്ടത്‌ ഉറക്കം ഞെട്ടുന്ന ഒരു കാഴ്‌ചയാണ്‌്‌. ഉറൂഗ്വായ്‌ പെറുവിനോടു തോല്‍ക്കുന്നു. മൂന്നു ഗോളിന്‌! ഒരു കോപ്പ അമേരിക്കക്ക്‌ ആലോചിക്കാന്‍ പോലുമാവാത്ത തുടക്കം. ആദ്യത്തെ രണ്ടു ലോകകപ്പുകള്‍ ജയിച്ച ടീം. കോപ്പ അമേരിക്ക 14 വട്ടം നേടിയ ടീം. മാരക്കാനയിലെ ഇരമ്പിയാര്‍ക്കുന്ന രണ്ടു ലക്ഷം ബ്രസീലിയന്‍ കാണികളെ മനക്കരുത്തു കൊണ്ടു മാത്രം തോല്‍പ്പിച്ച ടീം. മിയാസ്സയും എന്‍സോഫ്രാന്‍സെസ്‌കോളിയും കളിച്ചിരുന്ന ടീം. ആ ഉറൂഗ്വായ്‌ പെറുവിനോട്‌ തോല്‍ക്കുന്നു -മൂന്നു ഗോളിന്‌! ഒരു ടൂര്‍ണമെന്റിന്‌ ഇതിനും മികച്ചൊരു തുടക്കം കിട്ടാനില്ല.

കോപ്പ അമേരിക്കയുടെ ചരിത്രമറിയുന്നവര്‍ക്ക്‌ നെഞ്ചു പിളരുന്ന സങ്കടമുണ്ടാവും, തീര്‍ച്ച. കളിയുടെ അനാദിയും ആദിമവുമായ ആഹ്ലാദത്തിന്റെ പര്യായമായിരുന്നു ഉറൂഗ്വായ്‌ എന്ന പേര്‌. ഫുട്‌ബോള്‍ സാമ്രാജ്യത്തിലെ ഏറ്റവും പുരാതനമായ മഹാനഗരം. ഫുട്‌ബോളിന്റെ ചരിത്രം ഉറൂഗ്വായുടെയും ചരിത്രമാണ്‌. തെക്കെ അമേരിക്കയില്‍ ഇങ്ങിനെ ഒരു ചൊല്ലുണ്ട്‌: "മറ്റു രാജ്യങ്ങള്‍ക്കെല്ലാം ചരിത്രമാണുള്ളത്‌; ഉറൂഗ്വായ്‌ക്ക്‌ ഫുട്‌ബോളും". വീട്ടിയാല്‍ തീരാത്ത കടം ഫുട്‌ബോള്‍ ലോകത്തിന്‌ ഉറൂഗ്വായ്‌ എന്ന മുപ്പതു ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ കൊച്ചു രാജ്യത്തോടുണ്ട്‌. തെരുവുകളില്‍ തെമ്മാടിക്കുട്ടികള്‍ക്കു കളിക്കാനുള്ള കളിയായിരുന്ന ഫുട്‌ബോളില്‍ കലയും കവിതയും ദേശീയതയും നിറച്ചത്‌ ഉറൂഗ്വായാണ്‌. യൂറോപ്പില്‍ ഫുട്‌ബോള്‍ റഗ്‌ബി പോലെ ശരീരങ്ങളുടെ ഏറ്റുമുട്ടലായിരുന്ന കാലത്ത്‌ ലാറ്റിനമേരിക്കയില്‍ അതിനെ വേഗതയും സാധനയും സുന്ദരചലനങ്ങളും സമന്വയിപ്പിച്ച സംഘനൃത്തമായി ഉറൂഗ്വായ്‌ മാറ്റി. കുറിയ പാസുകളും വല പോലെ നെയ്‌തു കയറുന്ന നീക്കങ്ങളുമായി, കാലിലൊരു കൊച്ചു പന്തും കുരുക്കി അവര്‍ ലോകസഞ്ചാരത്തിനിറങ്ങി. ആദ്യത്തെ കോപ്പ അമേരിക്കകള്‍ നിരന്തരം ജയിച്ച അവര്‍ 1924ലെ ഒളിമ്പിക്‌സ്‌ ജയത്തോടെ ഫുട്‌ബോളിന്റെ ജാതകം തന്നെ മാറ്റിയെഴുതി. അവരുടെ ഒളിമ്പിക്‌ ജയമാണ്‌ ലോകകപ്പ്‌ എന്ന ആശയത്തിനു തന്നെ വഴി വെച്ചത്‌. അങ്ങിനെ കലാപരമായും പ്രസ്ഥാനമെന്ന നിലയിലും ഫുട്‌ബോളിനെ ആദിമദശയില്‍ മാറ്റിമറിച്ച രാജ്യം ഉറൂഗ്വായ്‌ ആണ്‌.

ഉറൂഗ്വായോട്‌ മറ്റൊരു രീതിയിലും ലോകം കടപ്പെട്ടിരിക്കുന്നു. ഫുട്‌ബോളിലൂടെ സാമൂഹ്യവിപ്ലവത്തിനും അവര്‍ തുടക്കമിട്ടു. ആദ്യകാലത്ത്‌ കോപ്പ അമേരിക്ക കളിക്കാന്‍ മോണ്ടിവീഡിയോയിലേക്കു പോയ അര്‍ജന്റീനയിലേയും ബ്രസീലിലേയും വെള്ളക്കാര്‍ ഉറൂഗ്വന്‍ ടീമില്‍ ആള്‍ക്കുരങ്ങുകളുണ്ടെന്നു പരാതിപ്പെട്ടതായി ഒരു കഥയുണ്ട്‌. അത്‌ ആള്‍ക്കുരങ്ങുകളായിരുന്നില്ല, ആഫ്രിക്കയില്‍ ജനിച്ച്‌ ഉറൂഗ്വായിലേക്കു കുടിയേറിയ ഇസബലിനോ ഗ്രാഡിനും ഹുവാന്‍ ഡെല്‍ഗാഡോയുമായിരുന്നു. കറുത്തവര്‍. അന്ന്‌ ഉറൂഗ്വന്‍ ജനസംഖ്യയില്‍ കറുത്തവര്‍ ന്യൂനപക്ഷമായിരുന്നു. ബ്രസീലുള്‍പ്പെടെ മിക്ക രാജ്യങ്ങളിലും ഭൂരിപക്ഷവും. എന്നിട്ടും കറുത്തവര്‍ക്ക്‌ ദേശീയ ജേഴ്‌സിയണിഞ്ഞ്‌ ഗ്രൗണ്ടിലിറങ്ങാന്‍ മറ്റു രാജ്യങ്ങളിലെല്ലാം എത്രയോ വര്‍ഷങ്ങളുടെ കാത്തിരിപ്പു വേണ്ടി വന്നു. ഉറൂഗ്വായ്‌ പക്ഷെ അതിനു വേണ്ടി 1916ല്‍ത്തന്നെ ഒരു നിയമം നിര്‍മ്മിച്ചു! ഫുട്‌ബോളിനെ ലാറ്റിനമേരിക്കയുടെ മതവും ഭാഷയും സംസ്‌കാരവുമാക്കി മാറ്റിയ ഉറുഗ്വായ്‌ അങ്ങിനെ സാമൂഹ്യമായ അസമത്വങ്ങള്‍ക്കെതിരെയും അതിനെ സമര്‍ഥമായി ഉപയോഗിച്ചു. ജനാധിപത്യത്തിന്‌ ഉറൂഗ്വന്‍ ഫുട്‌ബോള്‍ നല്‍കിയത്ര കനപ്പെട്ട സംഭാവന ഒരു പക്ഷെ മറ്റൊരു രാജ്യവും പ്രസ്ഥാനവും നല്‍കിയിരിക്കാന്‍ ഇടയില്ല. ആ ഉറൂഗ്വായ്‌ ഇന്നു ഫുട്‌ബോളിലെ ഒരു മൃതനഗരമാണ്‌. കാലത്തിന്റെ ഒഴുക്കില്‍ കടലെടുത്തു പോയ ഒരു മഹാസാമ്രാജ്യത്തിന്റെ തകര്‍ന്നടിഞ്ഞ രൂപമാണ്‌ പെറുവിനു മുന്നില്‍ തോറ്റുതളര്‍ന്നു നിന്ന ഉറൂഗ്വയുടെ ദയനീയചിത്രത്തില്‍ കണ്ടത്‌.

ഉറൂഗ്വായുടെ തോല്‍വിക്ക്‌ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ നേരിടുന്ന ഇന്നത്തെ പ്രതിസന്ധികളുമായി നേരിട്ടു ബന്ധമുണ്ട്‌. യൂറോപ്പിനു കളിക്കാരെ ഉണ്ടാക്കിക്കൊടുക്കുന്ന ഫാക്ടറികളായി മാറിയിരിക്കുന്നു അവിടത്തെ ക്ലബ്ബുകള്‍. ആഭ്യന്തരലീഗ്‌ തകര്‍ച്ചയുടെ പാതയിലാണ്‌. കാണികളില്ല. പൈസയില്ല. ഗ്യാലറികളിലാണെങ്കില്‍ കലാപം. പുറത്തു പോകുന്ന കളിക്കാര്‍ക്കു തിരിച്ചു വരണമെന്നില്ല. അവര്‍ പഠിച്ചു വരുന്ന പ്രൊഫഷനലിസത്തിന്റെ പാഠങ്ങള്‍ പകര്‍ത്താനും സ്വന്തം ലീഗില്‍ അവരെ ഉപയോഗപ്പടുത്താനും അവിടത്തെ അസോസിയേഷനുകള്‍ക്കും കഴിയുന്നില്ല. ഉറൂഗ്വായും പെറുവും ചിലിയും വെനിസ്വേലയും കൊളംബിയയും പാരഗ്വായും ഗതകാലപ്രതാപങ്ങളുടെ നിഴലില്‍ നിലനില്‍പ്പിനായി പൊരുതുകയാണ്‌. ഈ വീഴ്‌ച ഒരു ദിവസം കൊണ്ടുണ്ടായതല്ല. രണ്ടു വട്ടം ലോകകപ്പ്‌ നേടിയ ഉറൂഗ്വായ്‌ക്ക്‌ കഴിഞ്ഞ നാലു ലോകകപ്പില്‍ മൂന്നിലും യോഗ്യത നേടാന്‍ കഴിഞ്ഞില്ല. പെറു 1982നു ശേഷം ലോകകപ്പു കളിച്ചിട്ടില്ല. കൊളംബിയയും 98നു ശേഷം ലോകകപ്പു കളിച്ചിട്ടില്ല. കഴിഞ്ഞ മൂന്നു ലോകകപ്പും കളിച്ച പാരഗ്വായ്‌ക്ക്‌ 1979നു ശേഷം കോപ്പയില്‍ തിളങ്ങാനായിട്ടില്ല. സാലാസും സമൊറാനോയുമില്ലാത്ത ചിലിയുടെ തിരിച്ചു വരവിന്റെ ശ്രമങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. വെനിസ്വേലയും ബൊളീവിയയും ഏഷ്യന്‍ രാജ്യങ്ങളേക്കാള്‍ താഴെയാണ്‌ ഫുട്‌ബോള്‍ വികസനത്തില്‍. കളിക്കാര്‍ക്കും കോപ്പയെ വേണ്ട. ജപ്പാനെതിരെ കോപ്പക്കു തൊട്ടു മുമ്പു നടന്ന സൗഹൃദമത്സരത്തില്‍ കളിക്കാന്‍ പെറുവിന്റെ യൂറോപ്യന്‍ താരങ്ങളില്‍ പലരും വന്നില്ല. കക്കയും റൊണാള്‍ഡീന്യോയും അദ്രിയാനോയും റൊണാള്‍ഡോയും മാത്രമല്ല, നോള്‍ബര്‍ട്ടോ സൊളാനോയും ഹൊസെ മൊണ്ടിയേലുമൊന്നും കോപ്പയ്‌ക്കു വന്നില്ല. അര്‍ജന്റീനയും ബ്രസീലും യൂറോപ്പിലേക്കു കളിക്കാരെ വിറ്റു കിട്ടുന്ന കാശു കൊണ്ട്‌ സ്വന്തം ക്ലബ്ബ്‌ ഫുട്‌ബോള്‍ നടത്തുന്ന രാജ്യങ്ങളായി മാറിയിരിക്കുന്നു. വിഭവശേഷി കൊണ്ടും കളിക്കാരുടെ സമൃദ്ധി കൊണ്ടും അവര്‍ പിടിച്ചുനില്‍ക്കുന്നു എന്നു മാത്രം. ഫുട്‌ബോള്‍ ഭരണത്തില്‍ ദയനീയ പരാജയമായ കോണ്‍മെബോള്‍ കോപ്പ അമേരിക്കയെ സമര്‍ഥമായി മാര്‍ക്കറ്റ്‌ ചെയ്യുന്നതിലും വിജയിച്ചിട്ടില്ല. ഈ സമീപനത്തിന്റെ ആത്യന്തികമായ പ്രതിഫലനമാണ്‌ ഉറൂഗ്വായെപ്പോലുള്ള രാജ്യങ്ങളുടെ തോല്‍വികള്‍. അത്‌ വേദനാജനകമെങ്കിലും തുടരുക തന്നെ ചെയ്യുമെന്നു വേണം കരുതാന്‍.

യാഥാര്‍ഥ്യങ്ങളുടെ ലോകത്ത്‌ കോപ്പ അമേരിക്കക്കു പ്രസക്തി കുറയുന്നതു കുറ്റമല്ല. ആഗോളീകരണത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ അതിനിയും കരുത്തു നേടേണ്ടതുണ്ട്‌. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ എന്നു നാം ഗൃഹാതുരതയോടെ വിളിക്കുന്ന ആ ടച്ച്‌ ഫുട്‌ബോള്‍ അവിടെ ഇന്ന്‌ ആരും കളിക്കുന്നില്ല. അവസാനടീം ബൊളീവിയയായിരുന്നു. വെനിസ്വേലയോട്‌ അവര്‍ കളിക്കുന്നതു കണ്ടപ്പോള്‍ അതും അവസാനിച്ചതായി തോന്നി. എര്‍വിന്‍ സാഞ്ചെസിന്റെ അനുഭവപാഠങ്ങള്‍ അവരെയും യൂറോപ്പിന്റെ ആരാധകരാക്കിയിരിക്കുന്നു. യൂറോപ്പിലെ ക്ലബ്ബുകളില്‍ തങ്ങളുടെ കളിക്കാരില്ലെങ്കില്‍, അവരുടെ അനുഭവസമ്പത്തില്ലെങ്കില്‍, ലോകഫുട്‌ബോള്‍ ഭൂപടത്തില്‍ ഇന്നു തങ്ങള്‍ക്കു നിലനില്‍പ്പില്ല എന്ന വിചാരമാണ്‌ തെക്കെ അമേരിക്കയിലെ ഓരോ ഫുട്‌ബോള്‍ രാഷ്ട്രത്തെയും ഇന്നു വേട്ടയാടുന്നത്‌. ഫുട്‌ബോളിന്‍ തെക്കെ അമേരിക്ക രചിച്ച സ്വന്തം ഭാഷ്യം അവര്‍ തന്നെ ഇന്ന്‌ യൂറോപ്യനൈസ്‌ ചെയ്‌തു വില്‍ക്കുകയാണ്‌. അര്‍ജന്റീനയുടെ ടീമില്‍ അവരുടെ ആഭ്യന്തര ലീഗില്‍ കളിക്കുന്നവര്‍ അധികം പാടില്ലെന്നു പറയുന്നത്‌ അവിടത്തെ ഫെഡറേഷന്‍ തന്നെയാണ്‌. കോപ്പ കളിക്കാന്‍ ഞങ്ങളില്ലെന്നു പറയുന്നത്‌ കോപ്പയിലൂടെ വളര്‍ന്നു വലുതായ ബ്രസീലിലെ കളിക്കാര്‍ തന്നെയാണ്‌. ഉറൂഗ്വായ്‌ക്ക്‌ ഈ കോപ്പയില്‍ പഴയ വീഞ്ഞും പുതിയ ലഹരിയും വീണ്ടെടുക്കാനാവുന്നില്ല.

എത്ര നിറം മങ്ങിയ ചിത്രങ്ങളായാലും എത്ര ചാരുത കുറഞ്ഞ കളികളായാലും കോപ്പ അമേരിക്ക കാണാതിരിക്കാന്‍ പക്ഷെ, നമുക്കാവില്ല. കാരണം, അതു വെറുമൊരു ടൂര്‍ണമെന്റല്ല. ഈ കോപ്പയാണ്‌ രാജ്യങ്ങള്‍ തമ്മില്‍ കളിച്ചു തുടങ്ങിയ ആദ്യത്തെ അന്താരാഷ്ട്രടൂര്‍ണമെന്റ്‌. നൂറ്റാണ്ടു പഴകിയ വികാരങ്ങളുടെ മുന്തിരിവീഞ്ഞാണ്‌ അതില്‍ പതഞ്ഞൊഴുകുന്നത്‌. വെറും കളിയായിരുന്ന ഫുട്‌ബോളിനെ കളിക്കും യുദ്ധത്തിനുമിടക്കുള്ള മൈതാനത്ത്‌ അതു പ്രതിഷ്‌ഠിച്ചു. ചെയ്‌തു തീര്‍ക്കാനാവാത്ത യുദ്ധങ്ങളുടെ തിരക്കഥകള്‍ അതില്‍ എഴുതിച്ചേര്‍ത്തു. കളി വ്യവസായമോ കച്ചവടമോ ആവുന്നതിനു മുമ്പുള്ള കാലത്ത്‌, ഉപാധികളില്ലാത്ത ആനന്ദം മാത്രമായിരുന്ന കാലത്ത്‌, അതിന്റെ ശൈശവദശയില്‍, അതില്‍ ജീവന്റെ കാറ്റൂതി നിറച്ചതും അതിനെ ദേശീയതയുടെ കുപ്പായമിടുവിച്ചതും ഈ ടൂര്‍ണമെന്‍റാണ്‌. ഉറൂഗ്വായ്‌ എന്ന ഫുട്‌ബോള്‍ സാമ്രാജ്യത്തിന്റെ ഓര്‍മ്മകള്‍ പോലെത്തന്നെ എത്രയോ യുദ്ധങ്ങളുടേയും സംഘര്‍ഷങ്ങളുടെയും മഹാന്മാരായ കലാകാരന്മാരുടെയും കഥകളും അതില്‍ അലിഞ്ഞു കിടപ്പുണ്ട്‌. പ്രതിഭകളുടെ വറ്റാത്ത അക്ഷയഖനികളെ ഇതിന്റെ ഓരോ പതിപ്പും ലോകത്തിനു മുന്നില്‍ തുറന്നിട്ടു. ഇന്ന്‌ ഫുട്‌ബോള്‍ എല്ലാവരും ഒരു പോലെ കളിക്കുകയും ഒരു പോലെ കാണുകയും ചെയ്യുന്ന ആഗോളവല്‍ക്കരിക്കപ്പെട്ട സ്റ്റേജ്‌ ഷോകളാണെങ്കില്‍ അന്നത്‌ ഓരോ രാജ്യത്തിന്റെയും ചോരപ്പാടു പതിഞ്ഞ വീരഗാഥകളായിരുന്നു. വൈരത്തിന്റെ വിളനിലങ്ങളായിരുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഫുട്‌ബോള്‍ ഒരു മാധ്യമമായും സംസ്‌കാരമായും വളര്‍ന്നത്‌ ഈ ടൂര്‍ണമെന്റിന്റെ തണലിലാണ്‌. ഈ കളിക്കളങ്ങളില്‍ നിന്നാണ്‌ ഗ്രാഡിനും ലിയോണിദാസും മിയാസ്സയും മുതല്‍ പെലെയും മാറഡോണയും ഫ്രാന്‍സെസ്‌കോളിയും തൊട്ട്‌ റൊണാള്‍ഡോയും കക്കയും മെസ്സിയും വരെയുള്ള ലോകഫുട്‌ബോളിലെ ഇതിഹാസതാരങ്ങളെല്ലാം ഉയര്‍ന്നു വന്നത്‌. ഗൃഹാതുരതയോടെയല്ലാതെ ഇന്നും ഈ ടൂര്‍ണമെന്റ്‌ കണ്ടിരിക്കാന്‍ ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്നവര്‍ക്കാവില്ല.

നൂറ്റാണ്ടു പിന്നിടുന്ന ഒരു പന്തിന്റെ യാത്രയില്‍ തെക്കെ അമേരിക്കന്‍ സമൂഹത്തിന്റെ ജീവിതയാത്രാരേഖകളും നമുക്കു വായിക്കാം. പരിഷ്‌കാരമില്ലാത്ത റയോ തെരുവുകളിലൂടെ, മോണ്ടിവീഡിയോയിലെ ചേരികളിലൂടെ, ബ്യൂണസ്‌ ഐറിസിലെ കലാപകലുഷിതമായ ഗ്യാലറികളിലൂടെ ഒരു തുകല്‍പന്തിന്റെ നൂറ്റാണ്ടു പിന്നിട്ട യാത്രാവഴികള്‍ തേടിയുള്ള മടക്കയാത്രയാണ്‌ ഓരോ കോപ്പ അമേരിക്കയും. മരണവും യുദ്ധവും സാഹസികതയും നിഴലും നിലാവും പോലെ ഇഴചേര്‍ന്നു കിടക്കുന്ന ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ ചരിത്രവഴികളിലൂടെയുള്ള ഒരു പിന്‍സഞ്ചാരം. യൂറോപ്പിന്റെ ഫുട്‌ബോള്‍ പ്രലോഭനങ്ങളില്‍, ഓള്‍ഡ്‌ ട്രാഫോഡുകളുടെ സ്ഥലജലഭ്രമമുണ്ടാക്കുന്ന നിറച്ചാര്‍ത്തുകളില്‍, ഫുട്‌ബോള്‍ ജീവിതം ജീവിക്കുന്ന ഒരാള്‍ക്ക്‌ കോപ്പ അമേരിക്ക മാച്ചു പിച്ചു കാലഘട്ടത്തിലേക്കുള്ള മടക്കയാത്ര പോലെ തോന്നിയേക്കാം. നിയോണ്‍ വെളിച്ചങ്ങളുടെ നഗരാതിര്‍ത്തി വിട്ട്‌ പൊടുന്നനെ ഇരുട്ടിന്റെ മലഞ്ചെരിവുകളിലേക്കു വഴി മാറുന്ന ബസ്സിലെ യാത്രക്കാരനെപ്പോലെ അസ്വസ്ഥത അയാളില്‍ പടര്‍ന്നേക്കാം. സാരമില്ല, ഏതിരുട്ടിലും മെല്ലെ മെല്ലെ തെളിഞ്ഞു വരുന്ന കാഴ്‌ചകളുണ്ടാവും. ചില്ലുകള്‍ക്കപ്പുറത്തെ മങ്ങിയ ചിത്രങ്ങള്‍ നിറം വെച്ചു വരും. അല്‍പ്പം സമയമെടുക്കും. അതു വരെ ജനലുകള്‍ തുറന്നു വെച്ചു ചാരിക്കിടന്ന്‌ ഈ കാഴ്‌ചകള്‍ ആസ്വദിക്കുക. കലര്‍പ്പില്ലാത്ത കാറ്റും തണുപ്പും കടന്നു വരട്ടെ. ഇടക്കെപ്പോഴെങ്കിലും മലക്കു മുകളില്‍ തെളിയുന്ന മിന്നല്‍പ്പിണര്‍ പോലെ ഒരു ഗോളോ ഒരു നീക്കമോ ഉണ്ടാവും. അത്‌ എപ്പോഴും പ്രതീക്ഷിക്കാം. കാരണം കോപ്പയില്‍ കളിക്കുന്നത്‌ കലാകരന്മാരാണ്‌, കളിക്കാര്‍ മാത്രമല്ല. അതാണ്‌ കോപ്പയെ മറ്റു ലോകത്തിന്റെ ടൂര്‍ണമെന്റുകളില്‍ നിന്നു വേറിട്ടു നിറുത്തുന്നതും.

Previous Posts:
കളിയുടെ മുന്തിരിക്കോപ്പ
എല്ലാവരും കളിക്കുന്ന കാലം
ബ്ലാറ്റര്‍ വന്നു, പോയി. ഇനി...
വില്‍പ്പനക്ക്‌, ഫുട്‌ബോള്‍ ജീനിയസ്സുകള്‍!
ലോകകപ്പ്‌ : ഓര്‍മ്മകളുടെ ആണ്ടുബലി
കുടിപ്പകയുടെ നാള്‍വഴികള്‍
ഒന്നാമനാവാന്‍ ഒരു നൂറ്റാണ്ടു യുദ്ധം
ഒരേ നിറമുള്ള പൂക്കള്‍
കളിയോര്‍മ്മകളിലെ പൂമരങ്ങള്‍
അവസാനത്തെ റൈറ്റ്‌ ഔട്ട്‌
ടൂര്‍ണമെന്റുകളല്ല വേണ്ടത്‌

Read more...

Wednesday, June 27, 2007

കളിയുടെ മുന്തിരിക്കോപ്പ

നൂറ്റാണ്ടു താണ്ടാനൊരുങ്ങുന്ന മഹാമേള. കോപ്പ അമേരിക്ക. ലോകത്തെ ഏറ്റവും പഴക്കമുള്ള അന്തര്‍ദേശീയ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പ്‌. ലോകം കണ്ട മഹാന്മാരായ എല്ലാ ലാറ്റിനമേരിക്കന്‍ താരങ്ങളും കളിച്ചുവളര്‍ന്ന കളരി. 88 വര്‍ഷം,
41 ടൂര്‍ണമെന്റുകള്‍, 673 മാച്ചുകള്‍. 2241 ഗോളുകള്‍ -കോപ്പ അമേരിക്കക്ക്‌ ഇന്നും വികാരവിക്ഷോഭങ്ങളുടെ നിത്യയൗവനം.


ലാറ്റിനമേരിക്കയില്‍ ഫുട്‌ബോള്‍ കളിയല്ല, ജീവിതം തന്നെയാണ്‌. കളിനിലങ്ങളില്‍ അതു കലയായും കലാപമായും പൂക്കുന്നു. നൂറു മേനി വിളയുന്ന ബ്രസീലിയന്‍ വയലുകളും രാപകല്‍ പൂക്കുന്ന അര്‍ജന്റൈന്‍ സമതലങ്ങളും മാത്രമല്ല, തോല്‍വി കനക്കുന്ന ബൊളീവിയന്‍ മലകളും തരിശായിപ്പോയ വെനിസ്വേലന്‍ പീഠഭൂമികളും നിറഞ്ഞതാണ്‌ ലാറ്റിനമേരിക്കയുടെ ഫുട്‌ബോള്‍ സാമ്രാജ്യം. ഒരിക്കല്‍ സമൃദ്ധിയുടെ നദീതടമായിരുന്ന ഉറൂഗ്വന്‍ മണ്ണ്‌ ഊഷരമായിരിക്കുന്നു. കൊളംബിയയിലെ കളിക്കളങ്ങള്‍ക്കാകട്ടെ, ചോരയുടെ മണം. പെറുവും ചിലിയും ഓര്‍മ്മകളില്‍ നിന്നു പോലും മാഞ്ഞു തുടങ്ങിയിരിക്കുന്നു. അവരുടെ ഫുട്‌ബോളിന്‌ ഏഷ്യക്കാരെപ്പോലും ഭയപ്പെടുത്താനുള്ള കെല്‍പ്പില്ല ഇപ്പോള്‍. എങ്കിലും ലാറ്റിനമേരിക്കന്‍ ഫുട്‌ബാളിന്റെ ഈ മുന്തിരിക്കോപ്പയില്‍ കരുത്തും പ്രതിഭയും കലയും കവിതയും നിറഞ്ഞുതുളുമ്പുന്നു. ലാറ്റിനമേരിക്കക്ക്‌്‌ കോപ്പ അമേരിക്ക ഗൃഹാതുരത്വമാര്‍ന്ന ഒരു പോര്‍ക്കളമാണ്‌. അവിടെ വരാതിരിക്കാനും പൊരുതാതിരിക്കാനും അവര്‍ക്കാവില്ല. കളിപ്പെരുമക്കു വേണ്ടി പൊരുതിയ മുന്‍തലമുറകളെ ഓര്‍ത്ത്‌ ഇന്നും അവരുടെ ചാവേറുകള്‍ ആ മാമാങ്കത്തട്ടിലെത്തി പൊരുതിവീഴുന്നു. കോപ്പ അമേരിക്ക എന്ന ലാറ്റിനമേരിക്കയുടെ ഈ ലോകകപ്പിന്‌ യുദ്ധവും ഉത്സവവും ദുരന്തവും ഇഴപിരിയുന്ന ചരിത്രമാണ്‌ പറയാനുള്ളത്‌.

തുടക്കം -അര്‍ജന്റീനയില്‍

1916ലായിരുന്നു കോപ്പ അമേരിക്കയുടെ ഔദ്യോഗിക തുടക്കം -അര്‍ജന്റീനയില്‍. സ്വാതന്ത്ര്യത്തിന്റെ ശതാബ്‌ദി ആഘോഷിക്കാന്‍ അര്‍ജന്റീന തുടങ്ങിവെച്ച ആ ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റ്‌ ഇന്നു പടര്‍ന്നു പന്തലിച്ച്‌ ലാറ്റിനമേരിക്കയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ മഹാഫുട്‌ബോള്‍ മേളകളിലൊന്നായി മാറി. ക്ലബ്ബുകള്‍ക്കല്ലാതെ ദേശീയ ടീമുകള്‍ക്ക്‌ ഒരു ടൂര്‍ണമെന്റ്‌ എന്ന സങ്കല്‌പം അന്നുണ്ടായിരുന്നില്ല. 'ഫുട്‌ബാളിലൂടെ ലാറ്റിനമേരിക്കന്‍ കൂട്ടായ്‌മ' - എന്നതായി പിന്നീട്‌ ഈ ടൂര്‍ണമെന്റിന്റെ ലക്ഷ്യം. ആദ്യ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ബ്രസീലും ചിലിയും ഉറുഗ്വായും അര്‍ജന്റീനയും ഇപ്പോഴും ആ ലക്ഷ്യം മറന്നിട്ടില്ല. അവരിന്നും മുടങ്ങാതെ `കോപ്പ'യില്‍ കളിക്കാനെത്തുന്നു.

ലാറ്റിനമേരിക്കന്‍ ഫുട്‌ബാളിന്റെ കൂട്ടായ്‌മയും വളര്‍ച്ചയും ലക്ഷ്യമിട്ട്‌ `കോണ്‍മെബോള്‍' (Con-mebol:ലാറ്റിനമേരിക്കന്‍ ഫുട്‌ബാള്‍ സംഘടന) പ്രവര്‍ത്തിച്ചുതുടങ്ങിയ കാലത്താണ്‌ അര്‍ജന്റീന ഈ ആശയം മുന്നോട്ടു വെച്ചത്‌. അതുകൊണ്ടാവണം അതു വേഗം അംഗീകരിക്കപ്പെട്ടത്‌. നാലു രാജ്യങ്ങള്‍ പങ്കെടുത്ത ആദ്യ ടൂര്‍ണമെന്റ്‌ ഒരു വിജയത്തുടക്കമായിരുന്നു. ഉദ്‌ഘാടന പരമ്പര ഉറുഗ്വായാണ്‌ നേടിയത്‌. ടൂര്‍ണമെന്റിന്റെ വിജയം കണ്ട്‌ ഇത്‌ എല്ലാ വര്‍ഷവും തുടരാന്‍ `കോണ്‍മെബോള്‍' അധികൃതര്‍ തീരുമാനിച്ചു. 1917ലും ഉറുഗ്വായ്‌ തന്നെ ജയിച്ചു. ചരിത്രം പരിശോധിച്ചാല്‍ കോപ്പ അമേരിക്കയില്‍ എന്നും ഉറുഗ്വായുടെയും അര്‍ജന്റീനയുടെയും അധീശത്വമുണ്ടായിരുന്നു എന്നു കാണാം. പിന്നീടിതുവരെ 39 ചാമ്പ്യന്‍ഷിപ്പുകള്‍ കൂടി നടന്നു. 14 വട്ടം വീതം ഉറുഗ്വായും അര്‍ജന്റീനയും മാറിമാറി കപ്പ്‌ കൈയടക്കി. നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ `ഫുട്‌ബോള്‍ മഹാശക്തി'യായി വളര്‍ന്ന ബ്രസീലിന്‌ ഏഴു കിരീടവിജയമേ `കോപ്പ'യില്‍ നേടാനായിട്ടുള്ളൂ.

1975 മുതല്‍ക്കാണ്‌ ടൂര്‍ണമെന്റിന്റെ പേര്‌ `കോപ്പ അമേരിക്ക' എന്നാക്കിയത്‌. ആ വര്‍ഷം ആദ്യമായി പെറു ചാമ്പ്യന്മാരായി. 75-ലും തുടര്‍ന്നുള്ള രണ്ടുതവണയും മത്സരം പലയിടത്തായാണു നടത്തിയത്‌. 1987 മുതല്‍ ഒരു രാജ്യത്തു വെച്ചു മാത്രം മത്സരം നടത്തുക എന്ന രീതി നിര്‍ബന്ധമാക്കി. നടത്തിപ്പ്‌ രണ്ടുവര്‍ഷത്തിലൊരിക്കലാക്കാനും തീരുമാനിച്ചു. 1949-നു ശേഷം കോപ്പ നേടിയിട്ടില്ലാത്ത ബ്രസീല്‍ 50 വര്‍ഷത്തിനു ശേഷം 1989ല്‍ തിരിച്ചുവന്നു കപ്പ്‌ നേടി. അതോടെ ടൂര്‍ണമെന്റിനു ജനപ്രീതിയും പ്രചാരവും വര്‍ധിപ്പിച്ചു. 1993 മുതല്‍ ലാറ്റിനമേരിക്കയ്‌ക്കു പുറത്തുനിന്ന്‌ രണ്ടു രാജ്യങ്ങളെക്കൂടി ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനമായി. `കോണ്‍കാകാഫ്‌' മേഖലയില്‍ നിന്ന്‌ മെക്‌സിക്കോ, ഹോണ്ടുറാസ്‌, കോസ്റ്റാറിക്ക, അമേരിക്ക, ഏഷ്യയില്‍ നിന്ന്‌ ജപ്പാന്‍ എന്നീ ടീമുകള്‍ പിന്നീട്‌ പലപ്പോഴും അതിഥികളായെത്തി.

ലാറ്റിനമേരിക്കന്‍ കാര്‍ണിവല്‍

ലാറ്റിനമേരിക്കയുടെ ഈ ഫുട്‌ബാള്‍ കിരീടത്തിന്‌ ഒളി മങ്ങുകയാണോ? കഴിഞ്ഞ കോപ്പാ അമേരിക്കയുടെ സമയത്ത്‌ ഈ ചോദ്യം ശക്തിയായി ഉന്നയിക്കപ്പെട്ടിരുന്നു. ഫിഫ അതിനു പരിഹാരം കാണാനുള്ള ശ്രമത്തിലാണ്‌. ഈ വര്‍ഷത്തെ ടൂര്‍ണമെന്റ്‌ കോപ്പ അമേരിക്കയുടെ ചരിത്രത്തിലെ ഉജ്വലമായ ഒരു തിരിച്ചു വരവിനു വേദിയാകുമെന്നാണ്‌ ഫിഫയുടെ പ്രതീക്ഷ.

രണ്ടു തരത്തിലുള്ള വെല്ലുവിളികളാണ്‌ കോപ്പ അമേരിക്ക നേരിട്ടിരുന്നത്‌. ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങള്‍ക്കു ലഭിക്കുന്ന പ്രാധാന്യം കാരണം ലാറ്റിനമേരിക്കയില്‍ തന്നെ കോപ്പ ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നതാണ്‌ ഒരു പ്രശ്‌നം. ലാറ്റിനമേരിക്കന്‍ ടീമുകളെ സംബന്ധിച്ചിടത്തോളം ഇന്ന്‌ ഏറ്റവും വലിയ പരീക്ഷണവേദി അതായിരിക്കുന്നു. ഇതില്‍ 18 മാസം കൊണ്ട്‌ പത്തു രാജ്യങ്ങളും പരസ്‌പരം രണ്ടുവട്ടം വീതം കളിക്കുന്നതുകൊണ്ട്‌ കാണികള്‍ക്കും മറ്റൊരു ഫുട്‌ബാള്‍ മേളയുടെ ആവശ്യമില്ല.
മുന്‍നിര താരങ്ങള്‍ എത്തുന്നില്ല എന്നതാണ്‌ കോപ്പ നേരിടുന്ന രണ്ടാമത്തെ പ്രതിസന്ധി. എത്രയോ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും താരോദയങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ടൂര്‍ണമെന്റ്‌, ക്രമേണ യൂറോപ്പിന്റെ `കണ്ണില്‍ പെടാന്‍' ശ്രമിക്കുന്ന ലാറ്റിനമേരിക്കന്‍ യുവതാരങ്ങളുടെ `എന്‍ട്രി ഗേറ്റ്‌ ടൂര്‍ണമെന്റാ'യി തരംതാഴ്‌ന്നുകൊണ്ടിരിക്കുന്നു എന്ന വിലാപമണ്‌ എവിടെയും ഉയര്‍ന്നിരുന്നത്‌.

ഈ വെല്ലുവിളികളെ നേരിടാന്‍ വേണ്ടിയാണ്‌ഫിഫ ഈ ടൂര്‍ണമെന്റിന്റെ കലണ്ടറില്‍ വരുത്തിയ മാറ്റം. കഴിഞ്ഞ പ്രാവശ്യം കോപ്പ നടന്നത്‌ യൂറോ കപ്പു നടന്ന വര്‍ഷമാണ്‌. അതുകൊണ്ട്‌ അതിനു വേണ്ടത്ര പ്രാധാന്യം ലോകമാധ്യമങ്ങളില്‍ നിന്നു ലഭിച്ചില്ല. അതു കൊണ്ട്‌ ഇത്തവണ മുതല്‍ അത്‌ ഒരു വര്‍ഷം മുമ്പെ നടത്താന്‍ തീരുമാനിച്ചു. യൂറോ കപ്പു നടക്കുന്ന വര്‍ഷം ഇനി കോപ്പ നടക്കുകയില്ല. ടൂര്‍ണമെന്റ്‌ നാലു കൊല്ലത്തിലൊരിക്കലാക്കാനും തീരുമാനിച്ചു. ലോകകപ്പ്‌ കഴിഞ്ഞ്‌ തൊട്ടടുത്ത വര്‍ഷമാണ്‌ ഇനി മുതല്‍ കോപ്പ നടക്കുക. (അടുത്തത്‌ 2011ല്‍). അതിനാല്‍ യോഗ്യതാ മത്സരങ്ങളും അതിനെ ബാധിക്കുകയില്ല. യൂറോപ്പിലെ ലീഗ്‌ മത്സരങ്ങള്‍ നടക്കാത്ത സമയം നോക്കിയാണ്‌ കോപ്പയുടെ സമയം വെച്ചിട്ടുള്ളത്‌. അങ്ങിനെയായാല്‍ യൂറോപ്പില്‍ കളിക്കുന്ന ലാറ്റിനമേരിക്കന്‍ താരങ്ങളെല്ലാം കോപ്പയില്‍ പങ്കെടുക്കാന്‍ തയ്യാറാവുമെന്നും ഫിഫ കണക്കു കൂട്ടുന്നു.

വേണ്ടവിധം ടൂര്‍ണമെന്റിനെ `മാര്‍ക്കറ്റ്‌' ചെയ്യാനും ജനങ്ങളിലെത്തിക്കാനും സംഘാടകര്‍ക്കാവുന്നില്ല എന്ന്‌ ആക്ഷേപം ഉണ്ടായിരുന്നു. അതു മാറ്റിയെടുക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്‌. വന്‍തുകക്കാണ്‌ സംപ്രേഷണാവകാശം ഇക്കുറി വിറ്റിട്ടുള്ളത്‌. ലോകമെമ്പാടും ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്‌ ആരാധകരുണ്ട്‌. അതിനാല്‍ സംപ്രേഷണവരുമാനം ഗണ്യമായി ഉയരുമെന്ന്‌ സംഘാടകര്‍ കണക്കു കൂട്ടുന്നു. സമ്മാനത്തുകയും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. എന്തു കൊണ്ടും കോപ്പയുടെ ഉയിര്‍ത്തെഴുനേല്‍പ്പാവും ഈ ടൂര്‍ണമെന്റെന്നാണ്‌ ഫിഫയും കോണ്‍മെബോളും (തെക്കെ അമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍) അവകാശപ്പെടുന്നത്‌.
ബഹിഷ്‌കരണവും, അസാന്നിധ്യവും എക്കാലവും കോപ്പയുടെ ശോഭ കെടുത്തിയിട്ടുണ്ട്‌. 2001ല്‍ കൊളംബിയയില്‍ നടന്ന ടൂര്‍ണമെന്റ്‌ അര്‍ജന്റീന ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ അതൊന്നും ഇനി ഉണ്ടാവില്ല എന്നു ഫിഫ പറയുന്നു. പങ്കെടുക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവും.

ജനാധിപത്യത്തിന്റെ വീഞ്ഞു കോപ്പ

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്‌ വെറും 44 വര്‍ഷം മാത്രം പഴക്കമുള്ളപ്പോള്‍ 2006ല്‍ കോപ്പ ആഘോഷിച്ചത്‌ അതിന്റെ 90-ാം പിറന്നാള്‍. 1916ല്‍ ബ്യൂണസ്‌ ഐറിസില്‍ തുടങ്ങിയ യാത്ര നവതി പിന്നിടുകയാണ്‌.

കോപ്പയുടെ പ്രസക്തി ഇന്ന്‌ വളരെയധികം പഠനവിഷയമായിട്ടുണ്ട്‌. ഒട്ടേറെ സംഭാവനകള്‍ അതു ചരിത്രത്തിനും കാലത്തിനും നല്‍കിയിട്ടുണ്ട്‌. സംഘര്‍ഷനിര്‍ഭരമായ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ ഒരു വേദിയില്‍ കൊണ്ടു വന്നു നിര്‍ത്തിയ ഏക പ്രസ്ഥാനമാണ്‌ അത്‌. ഫുട്‌ബോളിനെ ആഗോള വിനോദമാക്കി മാറ്റുന്നതിലും ജനാധിപത്യവല്‍ക്കരിക്കുന്നതിലുമൊക്കെ ആദ്യത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റ്‌ എന്ന നിലയില്‍ കോപ്പ അമേരിക്ക വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. രാജ്യങ്ങളുടെ ഫുട്‌ബോള്‍ ഭരണസമിതികള്‍ക്ക്‌ ഭൂഖണ്ഡാടിസ്ഥാനത്തില്‍ ഒരു സംഘടന വേണമെന്നു തീരുമാനിക്കപ്പെട്ടതും അവിടെവെച്ചാണ്‌. ഉറുഗ്വായ്‌, അര്‍ജന്റീന, ബ്രസീല്‍, ചിലി എന്നീ ടീമുകള്‍ ചേര്‍ന്നാണ്‌ ഈ നിര്‍ദ്ദേശം ചര്‍ച്ചചെയ്‌തതും നടപ്പാക്കിയതും. കോണ്‍മെബോള്‍ എന്ന തെക്കെ അമേരിക്കന്‍ ഫുട്‌ബോള്‍ സംഘടനയുടെ പിറവിക്കും അങ്ങിനെ കോപ്പ അമേരിക്ക നിമിത്തമായി.

ആദ്യ ചാമ്പ്യന്‍ഷിപ്പ്‌ ജയിച്ചത്‌ ഉറുഗ്വായ്‌ ആണ്‌. അവരുടെ ഇസബലിനൊ ഗ്രാഡിന്‍ ടോപ്‌ സ്‌കോററുമായി. ഗ്രാഡിന്‍ ശരിക്കുമൊരു ഫുട്‌ബോള്‍ താരമായിരുന്നില്ല. കറുത്തവര്‍ഗക്കാരനായ സ്‌പ്രിന്ററായിരുന്നു. മിന്നല്‍ വേഗതയുള്ള ഒരോട്ടക്കാരന്‍. ഉറുഗ്വായ്‌ നേടിയ ആറില്‍ മൂന്നു ഗോളും ഈ ഓട്ടക്കാരന്റെ വകയായിരുന്നു. ആദ്യമാച്ചില്‍ ചിലിക്കെതിരെ രണ്ടെണ്ണം. അതോടെ പരാതി വന്നു. ഗ്രാഡിനും കൂട്ടുകാരന്‍ ഹുവാന്‍ ഡലിഗാഡോയും കറുത്തവരാണെന്നും ഉറുഗ്വായ്‌ ആഫ്രിക്കക്കാരെ കളിപ്പിച്ചെന്നുമായിരുന്നു പരാതി. കറുത്തവര്‍ക്ക്‌ ദേശീയ ടീമില്‍ കളിക്കാമെന്നു നിയമമുള്ള രാജ്യമായി ഉറുഗ്വായെ മാറ്റാനും ഈ ടൂര്‍ണമെന്റ്‌ അങ്ങിനെ വഴി വെച്ചു. കളിയുടെ ജനാധിപത്യവല്‍ക്കരണം അവിടെ തുടങ്ങുന്നു. അന്ന്‌ ഉറുഗ്വായില്‍ വളരെകുറവു കറുത്തവരേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും അവര്‍ ആ നിയമനിര്‍മ്മാണത്തിനു മുതിര്‍ന്നു. എന്നാല്‍ ജനസംഖ്യയാില്‍ ഭൂരിപക്ഷം കറുത്തവരായിട്ടും ബ്രസീലില്‍ അവര്‍ക്കു ദേശീയ ടീമില്‍ സ്ഥാനമുണ്ടായിരുന്നില്ല. എന്നാല്‍ 1919ല്‍ കോപ്പ ബ്രസാലില്‍ നടന്നപ്പോള്‍ ഗ്രാഡിന്‍ കളിച്ചത്‌ വലിയൊരു സംഭവമായിരുന്നു. അത്‌ ബ്രസീലിലെ കറുത്തവരെ ആവേശ ഭരിതരാക്കി. അഭിജാതരുടെ ക്ലബ്ബായ ഫ്‌ളൂമിനന്‍സിന്റെ ഗ്രൗണ്ടിലാണ്‌ ഗ്രാഡിന്‍ കളിച്ചത്‌. സവര്‍ണര്‍ ഫുട്‌ബോളിലനെ ്‌വരുടെ വീട്ടിലെ വേലക്കാരനാക്കി നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഗ്രാഡിന്‍ അതിനെ പാവപ്പെട്ടവന്റെ ചേരിത്തെരുവിലേക്കിറക്കിവിടുകയും പുതിയ ജീവിതം നല്‍കുകയും ചെയ്‌തു. ഫുട്‌ബോള്‍ ജനങ്ങളുടേതായി മാറി. ശേഷം ചരിത്രം! ഒരു ദശാബ്ദത്തിനകം ബ്രസീലിലെ ദേശീയ ടീമില്‍ കറുത്തവര്‍ കളിക്കാന്‍ തുടങ്ങിയപ്പോഴേക്കും ആദ്യത്തെ കോപ്പാ അമേരിക്കയും ഗ്രാഡിനെന്ന കറുമ്പന്‍ സ്‌പ്രിന്ററുമൊക്കെ എല്ലാവരുടെയും ഓര്‍മ്മയില്‍ നിന്നു മാഞ്ഞുപോയിരുന്നു.

വെനിസ്വേലക്ക്‌ അഭിമാനപ്രശ്‌നം.
-കളിയിലും കാര്യത്തിലും


40 കളിയില്‍ ഒരേയൊരു ജയം. വെനിസ്വേലയുടെ കോപ്പ അമേരിക്ക റെക്കോഡാണിത്‌. 1967 മുതല്‍ മുടങ്ങാതെ പങ്കെടുക്കുന്ന അവര്‍ ആദ്യമായി കോപ്പക്ക്‌ ആതിഥ്യം വഹിക്കുന്നത്‌ ചരിത്രം തിരുത്തണമെന്ന മോഹത്തോടെയാണ്‌.

അതിനു സാധ്യതയുമുണ്ട്‌. കോപ്പ ലിബര്‍ട്ടഡോറസില്‍ വെനിസ്വേലന്‍ ക്ലബ്ബായ കാരക്കാസ്‌ അര്‍ജന്റൈന്‍ ഭീമന്മാരായ റിവര്‍ പ്‌ളേറ്റിനെ ഒരു ഗോളിന്‌ തോല്‍പ്പിച്ചു ചരിത്രം സൃഷ്ടിച്ചത്‌ കഴിഞ്ഞ മാര്‍ച്ച്‌ മാസത്തിലാണ്‌. അവരുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം.

വെനിസ്വേലന്‍ ദേശീയ ടീമിലും കാരക്കാസിലെ കളിക്കാരാണ്‌ കൂടുതല്‍. കോപ്പ അമേരിക്കയില്‍ 33 തോല്‍വി, 6 സമനില, ഒരു തോല്‍വി എന്ന അപമാനകരമായ ട്രാക്ക്‌ റെക്കാഡ്‌ ഉള്ള വെനിസ്വേലക്ക്‌ തെക്കെ അമേരിക്കന്‍ ക്ലബ്ബ്‌ കപ്പായ ലിബര്‍ട്ടഡോറസില്‍ കാരക്കാസ്‌ നേടിയ ഈ വിജയം പകര്‍ന്നിട്ടുള്ള ആവേശം ചെറുതല്ല.

1967 ല്‍ ബൊളീവിയക്കെതിരെ നേടിയ 3-0 ജയമാണ്‌ കോപ്പയിലെ അവരുടെ ഏകജയം. ഇതുവരെ അടിച്ചത്‌ 22 ഗോളുകള്‍ മാത്രം. വഴങ്ങിയതോ 133 ഗോളുകള്‍. എന്നാല്‍ അതൊക്കെ കാരക്കാസിന്റെ വിജയം സൃഷ്ടിച്ച ആഘോഷത്തില്‍ അവര്‍ മറന്നുകഴിഞ്ഞു. 40 കൊല്ലത്തിനു ശേഷം കോപ്പ അമേരിക്കയില്‍ ഒരു ജയം കുറിക്കുക എന്ന ലക്ഷ്യത്തിലാണ്‌ ഇന്നവര്‍.
1971ലെ തെക്കെ അമേരിക്കന്‍ യൂത്ത്‌ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചതാണ്‌ അവരുടെ ഏറ്റവും വലിയ വിജയം. 1980ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ തെക്കെ അമേരിക്കയെ പ്രതിനിധീകരിച്ചത്‌ അവരാണ്‌. ലോകകപ്പില്‍ കളിക്കാന്‍ അവര്‍ക്കൊരിക്കലും സാധിച്ചിട്ടില്ല. 2002ലും 2006ലും യോഗ്യതാമത്സരഘട്ടത്തില്‍ അവസാന റൗണ്ട്‌ വരെ അവര്‍ പൊരുതി നിന്നു. അതു തന്നെ അവരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്‌. സമീപകാലത്ത്‌ നല്ല ചില റിസല്‍ട്ടുകള്‍ ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ വെനിസ്വേലക്ക്‌ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. അര്‍ജന്റീനയും ബ്രസീലുമൊഴിച്ചുള്ള എല്ലാ ലാറ്റിനമേരിക്കന്‍ ടീമുകളോടും അവര്‍ ഈയിടെയായി ഒപ്പത്തിനൊപ്പം പൊരുതി നില്‍ക്കുന്നു. 2002 ലെ യോഗ്യതാ റൗണ്ടില്‍ അവര്‍ ബൊളീവിയ (4-2), ഉറുഗ്വായ്‌ (2-0), ചിലി (2-0), പെറു (3-0), പാരഗ്വായ്‌ (3-1) ടീമുകളെ തോല്‍പ്പിച്ചിരുന്നു. 2006ലെ യോഗ്യതാ മത്സരത്തില്‍ കൊളംബിയ (1-0), ബൊളീവിയ (2-1), ഉറുഗ്വായ്‌ (3-0), പെറു (4-1), ഇക്വഡോര്‍ (3-1) എന്നീ ടീമുകള്‍ക്കെതിരെയും ജയിച്ചു.

ഈ കോപ്പാ അമേരിക്കയില്‍ ഉറുഗ്വായ്‌, ബൊളീവിയ, പെറു ടീമുകളുള്‍പ്പെട്ട ഗ്രൂപ്പിലാണ്‌ വെനിസ്വേല. ഹോം അഡ്വാണ്ടേജില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കാമെന്ന്‌ അവര്‍ കണക്കു കൂട്ടുന്നു. ഗ്രൗണ്ടിനകത്തെ പ്രതീക്ഷകള്‍ പോലെ ഗ്രൗണ്ടിനു പുറത്തും അവര്‍ വലിയ ആവേശത്തിലാണ്‌. കോപ്പ അമേരിക്ക നടത്താന്‍ അവര്‍ കോടികളാണ്‌ പൊടിക്കുന്നത്‌. ഒമ്പതു സ്റ്റേഡിയങ്ങള്‍ വമ്പിച്ച മുതല്‍മുടക്കില്‍ അവര്‍ തയ്യാറാക്കിക്കഴിഞ്ഞു.

അമേരിക്ക വരുന്നു!

ഈ കോപ്പ അമേരിക്കയില്‍ ലോകം താല്‍പ്പര്യപൂര്‍വം കാത്തിരിക്കുന്ന ഒരു രാഷ്ട്രീയവാര്‍ത്ത കൂടിയുണ്ട്‌. യു.എസ്‌.എ പങ്കെടുക്കുന്നു എന്നതാണത്‌. 1995നു ശേഷം അവര്‍ കോപ്പയില്‍ കളിച്ചിട്ടില്ല. രണ്ടു രാജ്യങ്ങളെ തെക്കേ അമേരിക്കക്കു പുറത്തു നിന്ന്‌ സാധാരണയായി ക്ഷണിക്കാറുണ്ട്‌. ഇക്കുറി മെക്‌സിക്കോക്കു പുറമെ അമേരിക്കയെ ക്ഷണിച്ചിരുന്നുവെങ്കിലും അവര്‍ വരില്ലെന്നായിരുന്നു കരുതപ്പെട്ടത്‌. മെക്‌സിക്കോയും കോസ്‌റ്റാറിക്കയുമാവും കളിക്കുക എന്ന്‌ എല്ലാവരും കരുതി. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ച തീരുമാനമാണ്‌ അമേരിക്ക കൈക്കൊണ്ടത്‌. അമേരിക്കന്‍ വിരോധത്തിന്റെ മുന്നണിപ്പോരാളിയായ ഹ്യൂഗോ ഷാവേസിന്റെ നാട്ടിലേക്ക്‌ സ്വന്തം ടീമിനെ അയക്കാന്‍ ബുഷ്‌ ഭരണകൂടം അനുമതി നല്‍കിയതോടെ ഈ വര്‍ഷത്തെ കോപ്പാ അമേരിക്കക്ക്‌ ലോകമെങ്ങും പൊടുന്നനെ വാര്‍ത്താമൂല്യം കൂടി. വെനിസ്വേലയും അമേരിക്കയും ഒരേ ഗ്രൂപ്പിലല്ലെങ്കിലും നോക്കൗട്ട്‌ ഘട്ടത്തില്‍ ഏറ്റുമുട്ടാനുള്ള സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.

വെനിസ്വേലയും അമേരിക്കയുമായുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലാണ്‌ ഇപ്പോള്‍. വെനിസ്വേലന്‍ പ്രസിഡന്റ്‌ ഹ്യൂഗോ ഷാവേസും അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷും തമ്മില്‍ പരസ്‌പരമുള്ള സന്ദര്‍ശന വേളകളില്‍ നേരിട്ട്‌ കൊമ്പു കോര്‍ക്കുകയും ചെയ്‌തു. അനുദിനം ആശയപരമായ ഈ ഭിന്നത വര്‍ധിക്കുകയാണ്‌. 1993ലെ കോപ്പ അമേരിക്കയില്‍ വെനിസ്വേലയും അമേരിക്കയും ഏറ്റുമുട്ടിയപ്പോള്‍ പുറത്താക്കപ്പെട്ട വനിസ്വേലയുടെ വെറ്ററന്‍ സ്‌ട്രൈക്കര്‍ സ്റ്റാലിന്‍ റീവാസിനെ പ്രതീകാത്മകമായി തിരിച്ചു വിളിക്കാന്‍ വരെ ഷാവാസ്‌ നിര്‍ദ്ദേശം നല്‍കിയെന്നും കേള്‍ക്കുന്നു.

ഈ കോപ്പ നിറഞ്ഞു തുളുമ്പും
ഈ കോപ്പ അമേരിക്ക അപൂര്‍വമായ അനുഭവമായിരിക്കും -വെനിസ്വേലന്‍ കോച്ച്‌ റിച്ചാര്‍ഡ്‌ പേസ്‌ പറയുന്നു. സംഘാടനമികവിലും ഉത്തരവാദിത്തം നിറവേറ്റുന്നതിലും വെനിസ്വേല പുതിയ മാതൃക തന്നെ സൃഷ്ടിക്കും. ലോകകപ്പിനേക്കാള്‍ പഴക്കമുള്ള ടൂര്‍ണമെന്റാണിത്‌. ഇത്ര കാലമായിട്ടും അതൊരിക്കല്‍പോലും സംഘടിപ്പിക്കാന്‍ വെനിസ്വേലക്ക്‌ അവസരം ലഭിച്ചിട്ടില്ല. ഇക്കുറി ഗവണ്‍മെന്റിന്റെ സമ്പൂര്‍ണപിന്തുണയോടെ, തെക്കെ അമേരിക്കയിലെ മറ്റു രാജ്യങ്ങളില്‍ നിന്നു വ്യത്യസ്‌തമായി, വലിയ ഒരു ജനകീയ കൂട്ടായ്‌മയായി ഇതു ഞങ്ങള്‍ സംഘടിപ്പിക്കും. വലിയ ഒരു ജനമുന്നേറ്റമായിരിക്കും ഇവിടെ ലോകം കാണുക. കാണികളുടെ എണ്ണവും അമ്പരപ്പിക്കുന്നതായിരിക്കും. ഈ ടൂര്‍ണമെന്റോടെ ലോകം വെനിസ്വേലന്‍ ഫുട്‌ബോളിനെ ബഹുമാനിക്കാന്‍ തുടങ്ങുമെന്നും പേസ്‌ പറഞ്ഞു.

കോപ്പ അമേരിക്ക കിരീടനേട്ടം വര്‍ഷങ്ങളിലൂടെ

രാജ്യം ജയം വര്‍ഷം

അര്‍ജന്റീന 14
1921, 1925, 1927, 1929, 1937, 1941, 1945, 1946, 1947, 1955, 1957, 1959, 1991, 1993

ഉറുഗ്വായ്‌ 14
1916, 1917, 1920, 1923, 1924, 1926, 1935, 1942, 1956, 1959, 1967, 1983, 1987, 1995

ബ്രസീല്‍ 7
1919, 1922, 1949, 1989, 1997, 1999, 2004

പാരഗ്വായ്‌ 2
1953, 1979

പെറു 2
1939, 1975

ബൊളീവിയ 1
1963

കൊളംബിയ 1
2001

ടീമുകളുടെ പ്രകടനം

(ടീം- മത്സരങ്ങള്‍ -ജയം -സമനില -തോല്‍വി -അടിച്ചഗോള്‍ -വഴങ്ങിയ ഗോള്‍ -വ്യത്യാസം)

അര്‍ജന്റീന -167 -106 -31 -30 -406 -160 -246
ഉറുഗ്വായ്‌ -178 -101 -28 -49 -376 -199 -177
ബ്രസീല്‍ -161 -91 -29 -41 -372 -185 -187
പാരഗ്വായ്‌ -149 -59 -31 -59 -233 -262 -29
ചിലി -157 -52 -26 -79 -243 -280 -37
പെറു -128 -44 -31 -53 -188 -212 -24
കൊളംബിയ -96 -35 -20 -41 -118 -165 -47
ബൊളീവിയ -99 -19 -23 -57 -93 -252 -159
ഇക്വഡോര്‍ -105 -14 -19 -72 -110 -291 -181
മെക്‌സിക്കോ -32 -13 -9 -10 -42 -39 -3
വെനിസ്വേല -45 -1 -7 -37 -29 -149 -120
കോസ്‌റ്റാറിക്ക -11 -3 -2 -6 -12 -21 -9
ഹോണ്ടുറാസ്‌ -6 -3 -1 -2 -7 -5 -2
യു.എസ്‌.എ -9 -2 -2 5 -9 -13 -4
ജപ്പാന്‍ -3 -0 -1 -2 -3 -8 -5

നാള്‍വഴികള്‍, നാഴികക്കല്ലുകള്‍

കോപ്പ അമേരിക്കയുടെ നൂറ്റാണ്ടു പിന്നിട്ട സഞ്ചാര പഥങ്ങളില്‍ നിരവധി അപൂര്‍വതകളുണ്ട്‌. ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട അനശ്വരമുഹൂര്‍ത്തങ്ങള്‍. അവയില്‍ ചിലത്‌ ഇതാ:

1919ലെ ബ്രസീല്‍ x ഉറുഗ്വായ്‌ (1-0) ഫൈനല്‍. കോപ്പയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരമായിരുന്നു ഇത്‌ - 150 മിനിറ്റാണ്‌ അന്നു കളി നടന്നത്‌. (90 മിനിറ്റ്‌ + 60 മിനിറ്റ്‌ എക്‌സ്‌ട്രാ ടൈം).

ഏറ്റവും ഉയര്‍ന്ന മാര്‍ജിനിലുള്ള ജയം അര്‍ജന്റീനക്ക്‌. 1942ല്‍ അവര്‍ 12-0ന്‌ ഇക്വഡോറിനെ തോല്‌പിച്ചു.

ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റ്‌ 1949ല്‍ ബ്രസീലില്‍ നടന്നു. 39 ദിവസം നീണ്ടുനിന്ന പരമ്പരയില്‍ 29 മാച്ച്‌ ഉണ്ടായിരുന്നു. ഇതാണ്‌ ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന ചാമ്പ്യന്‍ഷിപ്പും - 135 ഗോള്‍!

അര്‍ജന്റീനക്ക്‌ മറ്റൊരു റിക്കാര്‍ഡ്‌ കൂടിയു ണ്ട്‌: ഇതുവരെ പങ്കെടുത്ത 11ല്‍ അഞ്ചു ടീമുകള്‍ക്ക്‌ അവരെ ഒരിക്കല്‍ പോലും തോല്‌പിക്കാനായിട്ടില്ല. ചിലി, ഇക്വഡോര്‍, വെനിസ്വേല, പാരഗ്വായ്‌, മെക്‌സിക്കോ എന്നീ ടീമുകള്‍ക്കാണ്‌ അര്‍ജന്റീന `ബാലികേറാമല'യായി തുടരുന്നത്‌.

വെനിസ്വേലക്ക്‌ ഇതുവരെ നേടാനായത്‌ ഒറ്റ ജയം മാത്രം. 1967ല്‍ ബൊളീവിയക്കെതിരെ നേടിയ 3-0 ജയം.

മൊണ്‍ടിവിഡിയോ (ഉറുഗ്വായ്‌)യും ബ്യൂനസ്‌ ഐറിസു(അര്‍ജന്റീന)മാണ്‌ ഏറ്റവും കൂടുതല്‍ കോപ്പ മാച്ചുകള്‍ക്ക്‌ ആതിഥ്യം വഹിച്ച നഗരങ്ങള്‍ - 83 മത്സരങ്ങള്‍.

ഏറ്റവും കൂടുതല്‍ മത്സരം നടന്ന സ്റ്റേഡിയം ചിലിയിലെ സാന്റിയാഗോ നാഷണല്‍ സ്റ്റേഡിയം - 68 കളികള്‍. മൊണ്‍ടിവിഡിയോ(ഉറുഗ്വായ്‌)യിലെ സെന്റിനാറിയോ സ്റ്റേഡിയത്തില്‍ 65 കളികള്‍ നടന്നു.

ലാറ്റിനമേരിക്കക്കു പുറത്തുനിന്ന്‌ അഞ്ചു രാജ്യങ്ങളാണ്‌ ഇതുവരെ കോപ്പയില്‍ കളിച്ചത്‌. മെക്‌സിക്കോ, അമേരിക്ക, കോസ്റ്റാറിക്ക, ജപ്പാന്‍, ഹോണ്ടുറാസ്‌ എന്നിവയാണ്‌ ആ ടീമുകള്‍. ഇതോടെ മൊത്തം പങ്കെടുത്ത ടീമുകളുടെ എണ്ണം 15 ആയി.

1989ല്‍ നടന്ന ബ്രസീല്‍ - ഉറുഗ്വായ്‌ ഫൈനലാണ്‌ കോപ്പയുടെ ചരിത്രത്തില്‍ ഏറ്റവും പേര്‍ സാക്ഷ്യം വഹിച്ച മത്സരം: 170,000 പേര്‍

ഫ്രാന്‍സിസ്‌കോ മതുരാനയാണ്‌ ഏറ്റവും കൂടുതല്‍ തവണ പരിശീലകനായി കോപ്പയ്‌ക്കെത്തിയത്‌. 87ലും 89ലും 93ലും 2001ലും കൊളംബിയ, 95ല്‍ ഇക്വഡോര്‍ ടീമുകളെയാണ്‌ മതുരാന പരിശീലിപ്പിച്ചത്‌.

ഏറ്റവും കൂടുതല്‍ കോപ്പ അമേരിക്ക കളിച്ച താരം ഉറുഗ്വായുടെ ഏന്‍ജല്‍ റൊമാ നോ (എട്ടുതവണ). ഇക്വഡോറിന്റെ അലക്‌സ്‌ അഗ്വിനാഗ ഏഴു ചാമ്പ്യന്‍ഷിപ്പില്‍, 22 മാച്ചുകള്‍ കളിച്ചു. ആദ്യഗോള്‍ നേടിയത്‌ ഉറുഗ്വായുടെ ഹൊസെ പിയന്‍ഡിബെനിയാണ്‌ - 1916ല്‍.

കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്യപ്പെട്ട മത്സരങ്ങള്‍

വര്‍ഷം മത്സരം സ്‌കോര്‍
1942 അര്‍ജന്റീന-ഇക്വഡോര്‍ 12-0
1975 അര്‍ജന്റീന-വെനിസ്വേല 11-0
1949 ബ്രസീല്‍-ബൊളീവിയ 10-1
1927 ഉറുഗ്വായ്‌-ബൊളീവിയ 9-0
1957 ബ്രസീല്‍-കൊളംബിയ 9-0
1945 അര്‍ജന്റീന-കൊളംബിയ 9-1
1949 ബ്രസീല്‍-ഇക്വഡോര്‍ 9-1
1945 ബ്രസീല്‍-ഇക്വഡോര്‍ 9-2

കോപ്പ അമേരിക്ക: ടൂര്‍ണമെന്റുകള്‍, ഗോളുകള്‍

വര്‍ഷം -മത്സരങ്ങള്‍ -ഗോളുകള്‍

1916 - 6 - 18
1917 - 6 - 21
1919 - 7 - 27
1920 - 6 - 16
1921 - 6 - 14
1922 - 11 - 22
1923 - 6 - 18
1924 - 6 - 15
1925 - 6 - 26
1926 - 10 - 55
1927 - 6 - 37
1929 - 6 - 23
1935 - 6 - 18
1937 - 16 - 69
1939 - 10 - 47
1941 - 10 - 32
1942 - 21 - 81
1945 - 21 - 89
1946 - 15 - 61
1947 - 28 - 102
1949 - 29 - 135
1953 - 22 - 67
1955 - 15 - 73
1956 - 15 - 38
1957 - 21 - 101
1959 - 21 - 86
1959 - 10 - 40
1963 - 21 - 91
1967 - 15 - 49
1975 - 25 - 79
1979 - 25 - 63
1983 - 24 - 55
1987 - 13 - 33
1989 - 26 - 55
1991 - 26 - 73
1993 - 26 - 64
1995 - 26 - 69
1997 - 26 - 67
1999 - 26 - 74
2001 - 26 - 60
2003 - 26 - 78
ആകെ 673 2231


കോപ്പ അമേരിക്ക: ഗോളുകള്‍, നാഴികക്കല്ലുകള്‍

നമ്പര്‍ -ഗോള്‍ സ്‌കോറര്‍ -എതിരാളി -മത്സരഫലം -വര്‍ഷം
1 -ഹൊസെ പിയന്‍ഡിബെനി (ഉറുഗ്വായ്‌) -ചിലി 4-0 (1916)
100 -ഹ്വാന്‍ ഹെഗൂയ്‌ (ഉറുഗ്വായ്‌ ) -ചിലി 2-0 (1922)
500 -ഹൊസെ മാന്വല്‍ മൊറീനോ (അര്‍ജന്റീന) -ഇക്വഡോര്‍ 12-0 (1942)
1000 -എന്‍റിക്‌ ഹൊര്‍മസബാല്‍ (ചിലി) -ഇക്വഡോര്‍ 7-1 (1955)
1500 -നിലീന്യോ (ബ്രസീല്‍) -അര്‍ജന്റീന 2-1 (1975)
2000 -ലൂയി ഹെര്‍ണാണ്ടസ്‌ (മെക്‌സിക്കോ) -കോസ്‌റ്റാറിക്ക 1-1 (1997)
2231 -അദ്രിയാനോ (ബ്രസീല്‍) -അര്‍ജന്റീന 1-1 (4-2) (2003)

Previous Posts:
എല്ലാവരും കളിക്കുന്ന കാലം
ബ്ലാറ്റര്‍ വന്നു, പോയി. ഇനി...
വില്‍പ്പനക്ക്‌, ഫുട്‌ബോള്‍ ജീനിയസ്സുകള്‍!
ലോകകപ്പ്‌ : ഓര്‍മ്മകളുടെ ആണ്ടുബലി
കുടിപ്പകയുടെ നാള്‍വഴികള്‍
ഒന്നാമനാവാന്‍ ഒരു നൂറ്റാണ്ടു യുദ്ധം
ഒരേ നിറമുള്ള പൂക്കള്‍
കളിയോര്‍മ്മകളിലെ പൂമരങ്ങള്‍
അവസാനത്തെ റൈറ്റ്‌ ഔട്ട്‌
ടൂര്‍ണമെന്റുകളല്ല വേണ്ടത്‌
Read more...

Monday, June 25, 2007

എല്ലാവരും കളിക്കുന്ന കാലം

നന്നായി വളരാന്‍ കളിച്ചു വളരണമെന്ന ലളിതമായ സത്യം മറന്ന സമൂഹമായി നാം മാറി.കളി കാണുന്നവരുടെ എണ്ണം കൂടിയിരിക്കാം,പക്ഷെ,കളികള്‍ ഇല്ലാതായി. നാം കളിച്ചു രസിക്കുകയല്ല, കണ്ടു രസിക്കുകയാണ്‌.


കളിക്കുന്നില്ല, കാണുക മാത്രം. 'പാര്‍ട്ടിസിപ്പേറ്ററി സ്‌പോര്‍ട്‌സി'ല്‍ നിന്ന്‌ 'സ്‌പെക്ടേറ്റര്‍ സ്‌പോര്‍ട്‌സി'ലേക്ക്‌. കളിക്കാരനില്‍ നിന്ന്‌ വെറും കാണിയിലേക്ക്‌. ഐക്യകേരളത്തിന്റെ അമ്പതാം വാര്‍ഷികം നാമാഘോഷിക്കുന്നത്‌ കേരളീയ സമൂഹം നടത്തിയ അനാരോഗ്യകരമായ ഈ ചുവടുമാറ്റത്തിന്റെ കാലത്താണ്‌. നാം സ്വയം കളിക്കുന്നില്ല. ഒന്നും ജയിക്കുന്നുമില്ല. എല്ലാ കളികളും കാണുന്നു. എല്ലാ കളികളും ആസ്വദിക്കുന്നു. കാണുന്നത്‌ നമ്മുടെ കളികളല്ല. മററാരുടെയോ കളികള്‍. ജയിക്കുന്നത്‌ നമ്മളല്ല, മറ്റാരോ. നാം കളിച്ചു രസിക്കുകയല്ല, കണ്ടു രസിക്കുകയാണ്‌. ആരുടെ തോല്‍വിയും ജയവും നമ്മെ ബാധിക്കുന്നില്ല. നമുക്കു ജയിക്കണമെന്ന വാശിയുമില്ല. കളിയും നമുക്കൊരു എന്റര്‍ടെയ്‌ന്‍മെന്റ്‌. കളി കാണുന്നവരുടെ എണ്ണം കൂടിയിരിക്കാം, പക്ഷെ, കളികള്‍ ഇല്ലാതായി. ടൂര്‍ണമെന്റുകള്‍ ഇല്ലാതായി. കുമ്മായവര വരെ കാണികള്‍ നിറഞ്ഞു നിന്ന കാലം, കളിക്കാന്‍ കൂടുതല്‍ കുട്ടികള്‍ മുന്നോട്ടു വന്നിരുന്ന കാലം, ഓര്‍മ്മ മാത്രമായി.

ഇതാണ്‌ അമ്പതു വര്‍ഷത്തെ നേട്ടമെന്ന്‌ ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതു പലരോടും ചെയ്യുന്ന അനീതിയാവും. പലരും പരിഭവിക്കും. ഉഷയും ഷൈനിയും ജിമ്മിയും വിജയനും അഞ്‌ജുവും ശ്രീശാന്തും കേരളത്തിന്റെ ഇക്കാലയളവിലെ നേട്ടങ്ങളല്ലേ എന്നു ചോദിക്കും. അവരോട്‌ ക്ഷമാപണം. ചോദ്യം ഇതാണ്‌. എന്‍ജിനീയറിങ്ങിനും മെഡിസിനും പോണ്ട, എന്റെ മകന്‍ സ്‌പോര്‍ട്‌സ്‌ താരമായി വളര്‍ന്നാല്‍ മതി എന്നു പറയുന്ന ഒരു സമൂഹത്തെ ഉണ്ടാക്കാന്‍ നമുക്കു സാധിച്ചോ? അതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ നമുക്കു സാധിച്ചോ? കളിക്കളങ്ങള്‍ നിറഞ്ഞ, എല്ലാവരും കളിക്കുന്ന ഒരു കായികസംസ്‌കാരം വളര്‍ത്താന്‍ സാധിച്ചോ? തോല്‍വിയെ ഉള്‍ക്കൊള്ളാന്‍ പഠിപ്പിക്കുന്ന ഒരു മനസ്സ്‌ നമ്മുടെ കുട്ടികളില്‍ ഉണ്ടാക്കാന്‍ നമുക്കു സാധിച്ചോ?

മറ്റെല്ലാ മേഖലയിലും അമ്പതു കൊല്ലത്തെ കണക്കെടുപ്പ്‌ നേട്ടങ്ങളുടേതാണെങ്കില്‍ സ്‌പോര്‍ട്‌സില്‍ നാം 90കള്‍ക്കു ശേഷം വര്‍ഷങ്ങള്‍ പുറകോട്ടു പോയി എന്നതാണ്‌ സത്യം. ഇപ്പോള്‍ വീണ്ടും 1956ലെ അവസ്ഥയിലാണ്‌ നമ്മുടെ നില്‍പ്പ്‌. ഇതിനു നിരവധി കാരണങ്ങളുണ്ടാവാം. നന്നായി വളരാന്‍ കളിച്ചു വളരണമെന്ന ലളിതമായ സത്യം മറന്ന സമൂഹമായി നാം മാറി. സ്‌കൂള്‍ കളിക്കളങ്ങളുടെ തകര്‍ച്ചയാണ്‌ ഇതിന്റെ പ്രകടമായ തെളിവ്‌. കുട്ടികളെ എന്‍ട്രന്‍സിനയക്കുന്ന സമൂഹത്തില്‍ എല്ലാ മാനേജ്‌മെന്റുകളും ഗ്രൗണ്ടുകള്‍ നികത്തി ക്ലാസ്സ്‌ മുറികള്‍ വെച്ചു. കായികവിദ്യാഭ്യാസം നിര്‍ബന്ധിതമാക്കാന്‍ നമുക്കു സാധിച്ചില്ല. കളിയും കളിക്കളവും നിര്‍ബന്ധമല്ലാത്ത ഒരു സമൂഹമായി നമ്മുടേത്‌. അതിന്റെ അനാരോഗ്യമാണ്‌ സമൂഹത്തിന്റെ മനസ്സിലും ശരീരത്തിലും ഇന്നു കാണുന്നത്‌. പോസിറ്റീവ്‌ തിങ്കിങ്‌ എന്നും സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റെന്നും പറയുന്ന, തോല്‍ക്കാന്‍ തയ്യാറില്ലാത്ത ഒരു കളിക്കാരന്റെ മനോഘടനയാണ്‌ നമ്മുടെ കുട്ടികളില്‍ ഇല്ലാതാവുന്നത്‌. കണ്ണട വെക്കുന്നവരും ഏറ്റുമുട്ടാന്‍ ഭയക്കുന്നവരും അനാരോഗ്യവാന്മാരും നിസ്സാര തോല്‍വിക്കു പോലും ആത്മഹത്യ ചെയ്യുന്നവരുമായി നമ്മുടെ കുട്ടികള്‍ മാറിക്കൊണ്ടിരിക്കുന്നു. കളിച്ചു വളരുന്ന കുട്ടി ജീവിതത്തിലെ ഒരു കളിയിലും തോല്‍ക്കുകയില്ല. ഓരോ തോല്‍വിയിലും ജയത്തിന്റെ പുതിയ പാഠങ്ങള്‍ അവന്‍ കണ്ടെത്തും. തിരിച്ചു വരവിന്റെ, അതിജീവനത്തിന്റെ, ആരോഗ്യകരമായ മത്സരക്ഷമതയുടെ വഴികള്‍ അവന്‍ ഉള്‍ക്കൊള്ളും. ആരോഗ്യമുള്ള സമൂഹമാണ്‌ സ്‌പോര്‍ട്‌സിന്റെ ആത്യന്തികനേട്ടം. ആ അവസ്ഥ കൈവരിക്കാന്‍, ആ സന്ദേശം പകരാന്‍ നമ്മുടെ സ്‌പോര്‍ട്‌സിനു കഴിഞ്ഞില്ല.

നമുക്കു പറ്റിയ പിഴവ്‌ ഇതാണ്‌. കളി വളര്‍ത്താനാണ്‌ നാം ശ്രമിച്ചത്‌. കായികസംസ്‌കാരം വളര്‍ത്താനല്ല. നമുക്കിപ്പോഴും സ്‌പോര്‍ട്‌സെന്നാല്‍ 'കോമ്പിറ്റീറ്റീവ്‌ സ്‌പോര്‍ട്‌സ്‌' ആണ്‌. ഒളിംപിക്‌സോ ലോകകപ്പോ പോലുള്ള മത്സരങ്ങള്‍. മത്സരിക്കുക, ജയിക്കുക. അതാണ്‌ സ്‌പോര്‍ട്‌സ്‌ എന്നു നാം കരുതുന്നു.. വിശാലാര്‍ഥത്തിലുള്ള സ്‌പോര്‍ട്‌സിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്‌ മത്സരക്കളികള്‍. അതിനെ അങ്ങിനെ കാണാന്‍ നമുക്കു കഴിഞ്ഞില്ല. കളിച്ചു വളരുക എന്നത്‌ ഒരു ജീവിതരീതിയാണ്‌. എല്ലാവരും ആരോഗ്യവാന്മാരായിരിക്കുക എന്നതാണ്‌ അതിന്റെ കാതല്‍. എല്ലാവര്‍ക്കും പങ്കാളിത്തം എന്ന സങ്കല്‌പത്തില്‍ വേണം അതിന്റെ നയരൂപരേഖ ഊന്നാന്‍. എല്ലാവരും വ്യായാമം ചെയ്യുന്ന സമൂഹം. എല്ലാവരും കളിക്കുന്ന സമൂഹം. എല്ലാവരും സ്‌പോര്‍ട്ടീവായ സമൂഹം. എല്ലാവരും ആരോഗ്യവാന്മാരായ സമൂഹം. 'പാര്‍ട്ടിസിപ്പേറ്ററി സ്‌പോര്‍ട്‌സി'ന്റെ വിശാലലോകം. അവിടെ എല്ലാവരും കളിക്കാരാണ്‌. അവര്‍ ജീവിതത്തെ സ്‌പോര്‍ട്ടീവായി എടുക്കുന്നു. ഒരു കളി പോലെ ആസ്വദിക്കുന്നു. തോല്‍വിയും ജയവും ഒരു പോലെ ഉള്‍ക്കൊള്ളുന്നു. ആരോഗ്യത്തോടെ ജീവിക്കുന്നു. ആ അവസ്ഥയിലേക്ക്‌ ഒരു സമൂഹം എത്തുമ്പോഴേ അവിടെ നിന്ന്‌ നിരന്തരം ഉഷമാരും അഞ്‌ജുമാരും ഉണ്ടാവുകയുള്ളൂ. അല്ലാത്തിടത്തെല്ലാം അവര്‍ ഒറ്റപ്പെട്ട നക്ഷത്രങ്ങളായിരിക്കും. അത്തരം ഒറ്റ നക്ഷത്രങ്ങളുടെ ചെറുവെട്ടത്തിലാണ്‌ നാമിത്രയും വഴി താണ്ടിയത്‌. അവര്‍ക്കു നന്ദി. അവര്‍ കൂടി ഇല്ലായിരുന്നെങ്കില്‍ നമ്മുടെ ലോകം എത്ര ഇരുണ്ടു പോയേനെ!

നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും കണക്കെടുത്താല്‍ നഷ്ടങ്ങളാവാം കൂടുതല്‍. ഇല്ലാതായ കളികളും കളിക്കളങ്ങളും ഇല്ലാതാവുന്ന സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റുമൊക്കെ നമുക്ക്‌ പറഞ്ഞു വിലപിക്കാനുള്ള കാര്യങ്ങളാണ്‌. എന്നാല്‍ അതില്‍ കാര്യമില്ല. അതു സ്‌പോര്‍ട്‌സമാനു ചേര്‍ന്നതല്ല. തോല്‍വികളില്‍ നിന്നു പാഠങ്ങള്‍ പഠിച്ചു വേണം പുതിയ കാര്യങ്ങള്‍ ചെയ്യാന്‍. അടുത്ത അമ്പതു വര്‍ഷത്തിനപ്പുറമുള്ള ഒരു കേരളീയസമൂഹത്തെ മുന്നില്‍ കണ്ടു വേണം നമുക്കു കാര്യങ്ങള്‍ നീക്കാന്‍. ആരോഗ്യമുള്ള ഒരു തലമുറ അന്നുണ്ടാവണം. അതിനു നമുക്കിപ്പോഴേ തുടങ്ങണം. കായികവിദ്യാഭ്യാസം സാര്‍വത്രികമാക്കുക എന്നതാണ്‌ ആദ്യപടി. ഒരു പുതിയ കായികസംസ്‌കാരം വാര്‍ത്തെടുക്കാനുള്ള കര്‍മ്മപദ്ധതിയാണ്‌ നമുക്കു വേണ്ടത്‌. ഓരോ വീടും ഓരോ കളിക്കളമാവണം. എല്ലാവരും കളിക്കാരാവണം. എല്ലാവരും ജയിക്കണം. ആരോഗ്യമുള്ള മനസ്സും ആരോഗ്യമുള്ള ശരീരവുമാണ്‌ ആരോഗ്യമുള്ള സമൂഹത്തിന്റെ സൃഷ്ടിക്ക്‌ അനിവാര്യം. അമ്പതു വര്‍ഷം നാം നഷ്ടപ്പെടുത്തി. അമ്പതു വര്‍ഷത്തിനപ്പുറമുള്ള തലമുറയും ഇതേ വാക്കുകള്‍ നമ്മോടു പറയാന്‍ ഇടവരാതിരിക്കട്ടെ.

Previous Posts:
ബ്ലാറ്റര്‍ വന്നു, പോയി. ഇനി...
വില്‍പ്പനക്ക്‌, ഫുട്‌ബോള്‍ ജീനിയസ്സുകള്‍!
ലോകകപ്പ്‌ : ഓര്‍മ്മകളുടെ ആണ്ടുബലി
കുടിപ്പകയുടെ നാള്‍വഴികള്‍
ഒന്നാമനാവാന്‍ ഒരു നൂറ്റാണ്ടു യുദ്ധം
ഒരേ നിറമുള്ള പൂക്കള്‍
കളിയോര്‍മ്മകളിലെ പൂമരങ്ങള്‍
അവസാനത്തെ റൈറ്റ്‌ ഔട്ട്‌
ടൂര്‍ണമെന്റുകളല്ല വേണ്ടത്‌
Read more...

Thursday, June 21, 2007

ബ്ലാറ്റര്‍ വന്നു, പോയി. ഇനി...

പ്രൊഫഷനല്‍ ഫുട്‌ബോള്‍ ലീഗിലേക്ക്‌ ഇന്ത്യ ഇക്കൊല്ലം ചുവടു മാറുകയാണ്‌. അതിന്റെ മുന്നോടിയാണ്‌ ഫിഫാ പ്രസിഡന്റ്‌ സെപ്‌ ബ്ലാറ്ററുടെ വരവ്‌. രക്ഷപ്പെടാനുള്ള അവസാന അവസരമാണ്‌ ഇന്ത്യന്‍ ഫുട്‌ബോളിനിത്‌. മുന്‍ഷിക്കും കൂട്ടര്‍ക്കും അതിനാവുമോ?


ഉദാരമതിയായ ഒരു ഭൂവുടമയുടെ കഥയുണ്ട്‌ ആഫ്രിക്കയില്‍. കൃഷി ചെയ്യാന്‍ പാവപ്പെട്ട കര്‍ഷകര്‍ക്കു കാച്ചില്‍ വിത്തുകള്‍ കൊടുക്കുന്ന ഒരാള്‍. വിളവെടുത്ത്‌ വിത്തു മാത്രം മടക്കിക്കൊടുത്താല്‍ മതി എന്നാണ്‌ നിബന്ധന. പന്തീരാണ്ടു കാലം കാച്ചില്‍ വിത്തു കൊടുത്തിട്ടും മടിയനും കൃഷി ചെയ്യാനറിയാത്തവനുമായ ഒരു കുടിയാന്‍ ഗതി പിടിച്ചില്ല. വിത്തു മടക്കിക്കൊടുത്തുമില്ല. ഓരോ തവണയും ഓരോ ക്ഷമാപണവുമായി അയാള്‍ വരും. മഴ കൂടിപ്പോയി, കൊടും വരള്‍ച്ചയായിരുന്നു, കാട്ടാനക്കൂട്ടം വന്നു എന്നിങ്ങനെ ഒഴികഴിവുകള്‍ നിരത്തും. ഒടുവില്‍ ഭൂവുടമ കാച്ചില്‍ നിലം കാണാന്‍ നേരിട്ടു പുറപ്പെട്ടു. യാത്രക്കു പല്ലക്ക്‌, വഴിയില്‍ കുടിവെള്ളം, വഴി നീളെ അനുയാത്രക്കാര്‍.. ഒന്നിനും ഒരു കുറവും കുടിയാന്‍ വരുത്തിയില്ല. ജന്മിക്കു യാത്ര നന്നെ ബോധിച്ചു എന്നുറപ്പായപ്പോള്‍ കാച്ചില്‍ നിലങ്ങള്‍ കാട്ടി കുടിയാന്‍ വിലപിച്ചു. എല്ലാം തകര്‍ന്നു. ഇനിയും സഹായം വേണം. ദയവു തോന്നിയ ഭൂവുടമ പറഞ്ഞു. ആ വിത്ത്‌ നീയെടുത്തോ. അതു പോയി, വേറെ വിത്തു തരണമെന്നായി അപ്പോള്‍ കര്‍ഷകന്‍. വിത്തെടുത്തു കറി വെച്ച കുടിയാന്‌ വീണ്ടും വിത്തു കൊടുക്കാമെന്നു ജന്മി പറഞ്ഞപ്പോള്‍ കുടിയാന്‍ പറഞ്ഞു, എനിക്കു കാച്ചില്‍ കൃഷിയറിയില്ല, കൃഷി ചെയ്യാന്‍ ഒരാളെക്കൂടി അയക്കണം!

ഉദാരമതിയായ ആ ജന്മിയുടെ അവസ്ഥയിലാണ്‌ ഫിഫാ പ്രസിഡന്റ്‌ സെപ്‌ ബ്ലാറ്റര്‍. കുറെ കാലമായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്‌ ദാസ്‌മുന്‍ഷിക്കും സംഘത്തിനും ഫിഫ ഗ്രാന്റു കൊടുക്കുന്നു. ഫുട്‌ബോള്‍ മാത്രം ഗതി പിടിച്ചില്ല. മഴയും വേനലും വരള്‍ച്ചയും മഞ്ഞുവീഴ്‌ചയുമായി ആ കാച്ചിലെല്ലാം കാഞ്ഞുപോയി. വിളവു വേണ്ട, വിത്തെങ്കിലും കാണണ്ടേ പത്തായത്തില്‍? അതുമില്ല. പല്ലക്കും പഞ്ചാരിയുമായി ചുറ്റിയടിച്ചു മടങ്ങുമ്പോള്‍ ബ്ലാറ്റര്‍ക്കു മുന്നില്‍ മുന്‍ഷിയും സംഘവും അതേ അഭ്യര്‍ഥനയുമായി നില്‍ക്കുന്നു: പുതിയ വിത്തു തരണം. മാത്രമല്ല, ഞങ്ങള്‍ക്കീ കൃഷിയറിയില്ല, അതിനാല്‍ പണിയെടുക്കാന്‍ ആളെയും തരണം...

ഇന്ത്യ ഉറങ്ങുന്ന സിംഹം
ഇന്ത്യന്‍ ജനസംഖ്യ 100 കോടിക്കു പുറത്താണെന്നും അതിന്റെ പത്തിലൊന്ന്‌ പേര്‍ ഫുട്‌ബോള്‍ കാണാന്‍ തുടങ്ങിയാല്‍ തന്നെ യൂറോപ്പിനെ വെല്ലുന്ന ടെലിവിഷന്‍ മാര്‍ക്കറ്റായി ഇന്ത്യ മാറുമെന്നും അറിയുന്ന ആദ്യത്തെയാള്‍ സെപ്‌ ബ്ലാറ്ററാണ്‌. ഫിഫാ പ്രസിഡന്റിന്‌ പക്ഷെ ഇന്ത്യയില്‍ വന്ന്‌ കളിനടത്താനോ സംഘടന ഭരിക്കാനോ ആവില്ല. അതു കൊണ്ട്‌ ആകെ ചെയ്യാവുന്നത്‌ ദാസ്‌ മുന്‍ഷിക്ക്‌ ഗ്രാന്റ്‌ കൊടുക്കുക എന്നതാണ്‌. വര്‍ഷങ്ങളായി അതു തുടരുന്നു. ഓരോ തവണയും മുന്‍ഷി ഓരോ കാരണം പറയും. സ്‌പോണ്‍സര്‍മാരില്ല, ക്രിക്കറ്റ്‌ ഇതിനെ കൊല്ലുന്നു, കളി കാണാനാളില്ല.. അങ്ങിനെ ഗ്രാന്റു കൊടുത്തു കൊടുത്തു മുടിയാറായപ്പോഴാണ്‌ ഒടുവില്‍ മുന്‍ഷിയുടെ കാച്ചില്‍കൃഷി കാണാന്‍ ബ്ലാറ്റര്‍ നേരിട്ടു പുറപ്പെട്ടത്‌.

എന്തായിരുന്നു മുന്‍ഷി ഏര്‍പ്പാടാക്കിയ ആ യാത്ര. പല്ലക്കും പരിവാരങ്ങളും കളിയും പാട്ടും ഡാന്‍സും കിരീടവുമായുള്ള രാജകീയ യാത്ര. പ്രസിഡന്റും പ്രധാനമന്ത്രിയും വ്യവസായികളുമൊക്കെയായി ചര്‍ച്ച. മോഹന്‍ബഗാനും ഈസ്‌റ്റ്‌ ബംഗാളുമായുള്ള കളി കാണല്‍. കൊല്‍ക്കത്തയിലും ഡല്‍ഹിയിലും മാറിമാറി പത്രസമ്മേളനം. എല്ലാം ഗംഭീരമായി. ഫുട്‌ബോള്‍ മാത്രം ബ്ലാറ്റര്‍ കണ്ടില്ല. അതിന്‌ അതിവിടെ വേണ്ടേ?

ബ്ലാറ്റര്‍ പക്ഷെ മാന്യനാണ്‌. അദ്ദേഹം പറഞ്ഞത്‌ ഇന്ത്യ ഉറങ്ങുന്ന സിംഹമാണ്‌ എന്നാണ്‌. നാളെ എങ്ങാന്‍ ഇതുണര്‍ന്നെണീറ്റാല്‍ ലോകത്തെ വിഴുങ്ങാന്‍ പോന്നത്ര ശക്തന്‍! അതെണീക്കില്ല എന്നുറപ്പുള്ളതു കൊണ്ടാണോ പറഞ്ഞതെന്നറിയില്ല. ബ്ലാറ്ററെ അനുഗമിച്ച ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്‌ ബിന്‍ ഹമ്മാമിന്‌ ബ്ലാറ്ററേക്കാള്‍ മര്യാദ കുറവാണ്‌. അദ്ദേഹം അതങ്ങോട്ടു തുറന്നു പറഞ്ഞു. പറഞ്ഞത്‌ ഈ നിലക്കാണു പോക്കെങ്കില്‍ 100 കൊല്ലം കഴിഞ്ഞാലും ഇന്ത്യന്‍ ഫുട്‌ബോള്‍ രക്ഷപ്പെടില്ല എന്നാണ്‌. ഹമ്മാം ഏഷ്യക്കാരനാണ്‌. അയാള്‍ മുന്‍ഷിയെപ്പോലെ എത്രയോ പ്രസിഡന്റുമാരെ കണ്ടിരിക്കുന്നു. ഏറ്റെടുക്കുന്ന ജോലിയോട്‌ കൂറു കാണിക്കാത്തവരെ യൂറോപ്പുകാരനായ ബ്ലാറ്റര്‍ക്ക്‌ അത്ര തന്നെ പരിചയമുണ്ടാവില്ല. പണി ചെയ്യുകയുമില്ല, എനിക്കീ പണിയറിയില്ല എന്നു പറയുകയുമില്ല. അതാണ്‌ മുന്‍ഷിയുടെയും ഇന്ത്യന്‍ ഫുട്‌ബോളിനെ ഭരിക്കുന്നവരുടെയും സ്ഥിതിയെന്ന്‌ ഹമ്മാമിനറിയും പോലെ ബ്ലാറ്ററിനറിയുന്നുണ്ടാവില്ല.

ഏതായാലും പത്തു ലക്ഷം ഡോളര്‍ നല്‍കിയാണ്‌ ബ്ലാറ്റര്‍ മടങ്ങുന്നത്‌. ഇനി വരുമ്പോള്‍ വിത്തെടുത്തു കുത്തിത്തിന്നു എന്നു പറയാതിരിക്കാന്‍ ഘട്ടം ഘട്ടമായിട്ടു മാത്രമേ പണം നല്‍കൂ എന്നും പറഞ്ഞിട്ടുണ്ട്‌. കളി നടത്തിപ്പിന്‌ എം.ബി.എക്കാരായ നല്ല മാര്‍ക്കറ്റിങ്‌ വിദഗ്‌ധരെയും വെക്കും. (കാച്ചില്‍ വിത്തു മാത്രമല്ല, കൃഷി ചെയ്യാന്‍ ആളെയും കൊടുക്കുമെന്നര്‍ഥം). മിക്ക രാജ്യങ്ങളിലും ഈ സംവിധാനം ഫിഫ പരീക്ഷിച്ചിട്ടുണ്ട്‌്‌. ഇന്ത്യയിലും ഇക്കുറി എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്നാണ്‌ ഈ രംഗത്തെ ശുഭാപ്‌തി വിശ്വാസികള്‍ കരുതുന്നത്‌.

ചൈനീസ്‌ പാഠങ്ങള്‍
ഇന്ത്യന്‍ ഫുട്‌ബോളിലെ കാച്ചില്‍ നിലങ്ങള്‍ നേരിട്ടു കണ്ടുകളയാമെന്നു ബ്ലാറ്റര്‍ക്കു തോന്നാന്‍ കാരണമെന്താവാം? അതന്വേഷിച്ചു ദൂരെയൊന്നും പോവണ്ട. അയല്‍രാജ്യമായ ചൈനയില്‍ ഈ കളി ക്ലച്ചു പിടിച്ചതു തന്നെ. അപ്പോഴാണ്‌ ഏഷ്യന്‍ മാര്‍ക്കറ്റിന്റെ ശക്തി ഫിഫ തിരിച്ചറിയുന്നത്‌. അഞ്ഞൂറു കോടിയാണ്‌ ഇന്ന്‌ ചൈനീസ്‌ ഫുട്‌ബോള്‍ മാര്‍ക്കറ്റിന്റെ മൂലധനം. 1994ല്‍ ലീഗ്‌ തുടങ്ങിയ ശേഷമുള്ള പത്തു വര്‍ഷംകൊണ്ടുണ്ടാക്കിയ വളര്‍ച്ചയാണിത്‌. യുവേഫ അമ്പതു കൊല്ലം കൊണ്ടുണ്ടാക്കിയ വളര്‍ച്ച! ലോകകപ്പിനു യോഗ്യത നേടിയ ശേഷം ചൈനയിലെ 126 കോടിയില്‍ പകുതിയോളം പേര്‍ കളി കാണുന്നവരായി മാറിയിട്ടുണ്ടത്രെ. യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും കൂടി അത്രയും പ്രേക്ഷകരില്ല. 2002 ലോകകപ്പിലെ ചൈനയുടെ മൂന്നു മാച്ചുകള്‍ ടി.വിയില്‍ കണ്ട പ്രേക്ഷകരുടെ എണ്ണം 200 കോടിയായിരുന്നു. പണവും പരസ്യവും മാത്രമല്ല പ്രലോഭനം, ലോകജനസംഖ്യയിലെ പകുതിയിലധികം വരുന്ന ഈ രണ്ടു രാജ്യങ്ങളില്‍ കളി വളര്‍ത്താനായില്ലെങ്കില്‍ ഫിഫക്കു ഭാവിയില്ല എന്ന തിരിച്ചറിവും ബ്ലാറ്റര്‍ പ്രകടിപ്പിച്ചിട്ടുണ്ട്‌. യൂറോപ്പിലൊക്കെ ഫുട്‌ബോള്‍ വളര്‍ച്ചയുടെ പരിധി പിന്നിട്ടു കഴിഞ്ഞു! ഇനി ഏഷ്യയിലും ആഫ്രിക്കയിലുമാണ്‌ ഫിഫ ഇറങ്ങി കൃഷി ചെയ്യാന്‍ പോകുന്നത്‌.

ഇപ്പോള്‍ ചൈനീസ്‌ പ്രൊ-ലീഗില്‍ എ1, എ2, ബി1, ബി 2 എന്നിങ്ങനെ നാലു ദേശീയ ലീഗുകളും നിരവധി പ്രാദേശിക ലീഗുകളുമാണുള്ളത്‌. കളിക്കുന്നതെല്ലാം പ്രൊഫഷനല്‍ ക്ലബ്ബുകള്‍. സ്വന്തം ഗ്രൗണ്ടും ഏജ്‌ ഗ്രൂപ്പ്‌ ടീമും അക്കാദമിയുമൊക്കെ നിര്‍ബന്ധം. ഫലപ്രദമായ ഒരു ഫുട്‌ബോള്‍ സിസ്റ്റം അവിടെ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്‌. 1994ലാണ്‌ ചൈനയില്‍ ലീഗ്‌ തുടങ്ങുന്നത്‌. അതിനു മുമ്പ്‌ അവിടെ ക്ലബ്ബുകള്‍ വെറും ജനകീയ കൂട്ടായ്‌മകളായിരുന്നു. ഫുട്‌ബോള്‍ വെറും വിനോദവും. ആദ്യ പത്തു വര്‍ഷത്തിനു ശേഷം പ്രൊഫഷനല്‍ ലീഗിലേക്കു ചുവടു മാറിയ ചൈനീസ്‌ ഫുട്‌ബോള്‍ ഇന്നത്‌ പണം കായ്‌ക്കുന്ന ഒരു മരമാണ്‌. യൂറോപ്യന്‍ ക്ലബ്ബുകള്‍ തങ്ങളുടെ ബ്രാന്‍ഡ്‌ പ്രചരണത്തിനായി കണ്ണു വെച്ചിട്ടുള്ള പ്രധാന മാര്‍ക്കറ്റാണ്‌ ഇന്ന്‌ ചൈന. ലീ ടായ്‌ എന്ന ചൈനയുടെ ബെക്കാമിനെ കരാര്‍ ചെയ്‌തതിലൂടെ ഇംഗ്ലീഷ്‌ ക്ലബ്ബായ എവര്‍ട്ടണും സുന്‍ ജി ഹായ്‌യെ ടീമിലെടുത്ത മാഞ്ചസ്റ്റര്‍ സിറ്റിയും ചൈനയില്‍ പൊടുന്നനെ പോപ്പുലറായി. എന്നു മാത്രമല്ല, അവരുടെ ടെലിവിഷന്‍ വരുമാനം ആറിരട്ടിയോളം കൂടുകയും ചെയ്‌തു. എ1 ലീഗില്‍ മാത്രം അറുപതോളം വിദേശ താരങ്ങളും ആറേഴു വിദേശ കോച്ചുമാരും ഉണ്ട്‌. അവര്‍ക്ക്‌ രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ ഡോളര്‍ ശമ്പളവും ലഭിക്കുന്നുണ്ട്‌. ശരാശരി ചൈനീസ്‌ താരത്തിനു തന്നെ 80,000 മുതല്‍ 250,000 ഡോളര്‍ വരെ ശമ്പളം കിട്ടും. ചൈനീസ്‌ യുവാക്കള്‍ ഇന്ന്‌ ഫുട്‌ബോളിനെയും സീരിയസായ തൊഴിലായി സമീപിക്കാന്‍ തുടങ്ങിയിരിക്കുന്നു.

പ്രൊ-ലീഗ്‌ തുടങ്ങിയ ശേഷമുള്ള ചൈനീസ്‌ വളര്‍ച്ച തൃപ്‌തികരമാണെന്ന്‌ ഫിഫ വിലയിരുത്തുന്നു. ആറു തവണ ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ കാലിടറി വീണ ചൈന, 2002 ല്‍ യോഗ്യത നേടി. അതോടെ ഫുട്‌ബോള്‍ ചൈനയില്‍ ജനപ്രീതിയിലും വാണിജ്യമൂല്യത്തിലും റോക്കറ്റ്‌ പോലെ കുതിച്ചുയര്‍ന്നു. ഫിഫ അപ്പോഴാണ്‌ അതിന്റെ യഥാര്‍ഥവില തിരിച്ചറിഞ്ഞത്‌. (മറിച്ചും ആരോപണമുണ്ട്‌. ചൈനീസ്‌ ലീഗ്‌ വിജയിപ്പിക്കാന്‍ വേണ്ടി ഫിഫ അവരെ യോഗ്യത നേടാന്‍ സഹായിച്ചതാണ്‌ എന്ന്‌). ലോകത്ത്‌ മറ്റെല്ലാ രാജ്യങ്ങളും കളി നിറുത്തിയാലും ഇന്ത്യയും ചൈനയും മാത്രം കളിച്ചാല്‍ മതി, ഈ കളി നിലനില്‍ക്കും, പൈസ ഉണ്ടാവുകയും ചെയ്യും. ഈ തിരിച്ചറിവാണ്‌ ബ്ലാറ്ററുടെ ഏഷ്യന്‍ പരിശ്രമങ്ങള്‍ക്കു പിന്നില്‍. അടുത്ത പതിറ്റാണ്ട്‌ ലോകഫുട്‌ബോളില്‍ ഈ രാജ്യങ്ങളുടേതാണെന്ന്‌ ഫിഫ പറയുമ്പോള്‍ അവരുടെ ലക്ഷ്യം വ്യക്തം. ഏഷ്യന്‍ മാര്‍ക്കറ്റിനെ വളര്‍ത്തിയെടുക്കണം, കറന്നെടുക്കണം. ചൈനയുടെ വഴിയേ അടുത്ത ലോകകപ്പില്‍ ഇന്ത്യയും യോഗ്യത നേടിക്കൂടെന്നില്ല. (ഫിഫ മനസ്സു വെച്ചാല്‍). ഇനി ആരു സഹായിച്ചാലും ഇന്ത്യ നേരെയാവില്ലെന്നാണെങ്കില്‍ അതിനും ഫിഫ പരിഹാരം കണ്ടിട്ടുണ്ട്‌. ലോകകപ്പ്‌ വേണ്ടി വന്നാല്‍ ഇന്ത്യയില്‍ നടത്തും. 2018ലോ 2022ലോ. എന്തു വില കൊടുത്തും ഇന്ത്യയിലും ചൈനയിലും ഫുട്‌ബോള്‍ വളര്‍ത്തിയേ ഫിഫ അടങ്ങൂ. ഐശ്വര്യാ റായും സുഷ്‌മിതാ സെന്നും ലോകസുന്ദരിമാരായതിനു ശേഷമുള്ള ഇന്ത്യന്‍ ഫാഷന്‍മാര്‍ക്കറ്റിന്റെയും സൗന്ദര്യോല്‍പ്പന്നമാര്‍ക്കറ്റിന്റെയും വളര്‍ച്ചക്കു സമാന്തരമായ ഒന്ന്‌ നാളെ ഇന്ത്യ ലോകകപ്പിനു യോഗ്യത നേടിയാല്‍ ഫുട്‌ബോള്‍ മാര്‍ക്കറ്റിലും സംഭവിക്കും. അതെങ്ങിനെ സംഭവിപ്പിക്കണമെന്നൊക്കെ ഫിഫക്കറിയാം. ബ്ലാറ്ററുടെ വരവ്‌ അതിന്റെ തുടക്കമാണോ എന്നറിയാന്‍ രണ്ടോ മൂന്നോ വര്‍ഷം കൂടി കാത്തിരുന്നാല്‍ മതി.

ഇന്ത്യയും പ്രൊ-ലീഗിലേക്ക്‌
ഇന്ത്യയും പത്തു വര്‍ഷത്തെ പരീക്ഷണലീഗിനു ശേഷം ഇക്കൊല്ലത്തോടെ പ്രൊ-ലീഗിലേക്ക്‌ ചുവടു മാറുകയാണ്‌. പത്തു വര്‍ഷത്തെ ലീഗ്‌ നടത്തിപ്പ്‌ നമുക്ക്‌ അഭിമാനകരമായിരുന്നില്ല എങ്കിലും ഫിഫ അടുത്ത ഘട്ടത്തിലേക്കു പോവാന്‍ തന്നെയാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. ഫിഫയുടെ നിബന്ധനകള്‍ പൂര്‍ണമായി പാലിച്ചു കൊണ്ടുള്ള ഒരു പ്രൊ-ലീഗ്‌ ഇവിടെ നടപ്പിലാവുമെന്നു കരുതാന്‍ നിലവിലെ സാഹചര്യങ്ങളില്‍ പ്രയാസമാണ്‌. എങ്കിലും കളികളുടെ നിലവാരത്തില്‍ വലിയ മാറ്റം ന്യായമായും പ്രതീക്ഷിക്കാം. ക്ലബ്ബുകള്‍ പ്രൊഫഷനലാവണമെന്നതാണ്‌ പ്രൊ-ലീഗിന്റെ ആദ്യ വ്യവസ്ഥ. സ്‌പോണ്‍സര്‍മാര്‍ വേണം, സ്വന്തം കെട്ടിടം വേണം, ഗ്രൗണ്ട്‌ വേണം, മാനേജര്‍മാരും ഓഫീസും വേണം, ഏജ്‌ ഗ്രൂപ്പ്‌ ടീമുകള്‍ വേണം, നിശ്ചിത യോഗ്യതയുള്ള കോച്ചുമാര്‍ വേണം തുടങ്ങി പാലിക്കപ്പെടാന്‍ ബുദ്ധിമുട്ടുള്ള നിരവധി നിലവാരനിബന്ധനകള്‍ പ്രൊ-ലീഗ്‌ നിയമാവലിയിലുണ്ട്‌. ഇതൊക്കെ പാലിക്കപ്പെടണമെങ്കില്‍ ഗവണ്‍മെന്റും അസോസിയേഷനും സ്‌പോണ്‍സര്‍മാരും ഫിഫയും ക്ലബ്ബുകള്‍ക്കു വലിയ തോതില്‍ ധനസഹായം നല്‍കേണ്ടി വരും. വ്യാപാരി സമൂഹവുമായും ഇന്ത്യന്‍ ഭരണാധികാരികളുമായും ബ്ലാറ്റര്‍ നടത്തിയ ചര്‍ച്ചകള്‍ ഇതിലേക്കുള്ള വഴി ആരായലായിരുന്നു. ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഏതു രാജ്യത്തും വിജയം ഉറപ്പാക്കാനാവുമെന്ന്‌ ഫിഫ തെളിയിച്ചിട്ടുണ്ട്‌. ഇപ്പോഴത്തെ ശ്രദ്ധ ഇതുപോലെ നിലനിര്‍ത്തിയാല്‍ ഇന്ത്യയിലും അതൊക്കെ സംഭവിക്കും. തുടക്കത്തിലെ പാളിച്ചകള്‍ പരിഹരിച്ച്‌ ഇന്ത്യ മുന്നേറുമെന്നു തന്നെ ഫിഫ പ്രതീക്ഷിക്കുന്നു.
ഇപ്പോള്‍ ഫിഫ നല്‍കിയ പത്തു ലക്ഷം ഡോളര്‍ ഇന്ത്യ പോലൊരു രാജ്യത്ത്‌ വലിയ തുകയല്ല. താജികിസ്‌താനിലോ ഐവറികോസ്‌റ്റിലോ അതു വലിയ മൂലധനമായിരിക്കാം. ചൈനയെപ്പോലെത്തന്നെ ഇന്ത്യയും വളരെ വിശാലമായ രാജ്യമാണ്‌ എന്നതാണ്‌ ബ്ലാറ്ററും കൂട്ടരും മറന്നു പോവുന്ന കാര്യം. അഥവാ അതവര്‍ ശ്രദ്ധിച്ചിട്ടില്ല. ചൈനയില്‍ മഞ്ഞ നദിയുടെ അപ്പുറവും ഇപ്പുറവുമായി വിഭജിക്കപ്പെട്ടു കിട്‌ക്കുന്ന സംസ്‌കാര വൈവിധ്യത്തെ ഫുട്‌ബോളിലൂടെ കൂട്ടിയിണക്കുന്നതില്‍ ഫിഫ വിജയിച്ചിട്ടില്ല. കളി ഒരു കരയില്‍ മാത്രം വളരുന്നു. വ്യവസായികളും പണക്കാരും സ്വാധിനമുള്ള രാഷ്ട്രീയക്കാരുമുള്ള കരയില്‍. മറുകര പിന്തള്ളപ്പെട്ടു കിടക്കുന്നു. ഇന്ത്യയിലും പത്തു വര്‍ഷത്തെ ലീഗ്‌ പരീക്ഷണം ദക്ഷിണേന്ത്യ എന്ന ഭൂവിഭാഗത്തെ പൂര്‍ണമായും ഫുട്‌ബോള്‍ ഭൂപടത്തിനു പുറത്താക്കി എന്നതല്ലേ സത്യം? ഇന്ത്യന്‍ ഫുട്‌ബോള്‍ എന്നാല്‍ കൊല്‍ക്കത്തയും ഗോവയും മാത്രമായി ചുരുങ്ങി എന്നതു നിഷേധിക്കാനാവാത്ത സത്യം തന്നെയല്ലേ? മേഖലാ സംവരണമോ മറ്റു പരിഗണനകളോ ഇല്ലെങ്കില്‍ പ്രൊ-ലീഗ്‌ ദക്ഷിണേന്ത്യക്ക്‌ ബാലികേറാമലയാവുമെന്ന കാര്യം ഇപ്പോഴേ ഉറപ്പിക്കാം.

ചൈനയില്‍ നിന്നുള്ള എല്ലാ വാര്‍ത്തകളും അത്ര നല്ലതല്ല എന്ന സത്യവും ഫിഫ മറച്ചു വെക്കുന്നുണ്ട്‌. ചൈനയും ഇന്ത്യയും തമ്മിലുള്ള താരതമ്യത്തില്‍ സത്യത്തില്‍ വലിയ അന്തരമൊന്നുമില്ല. ആഗോളവല്‌ക്കരണത്തിന്റെ വെല്ലുവിളികള്‍ അവിടെയും ആഭ്യന്തര ഫുട്‌ബോളിനെ ബാധിച്ചിട്ടുണ്ട്‌. നിലവാരത്തിലെ അന്തരം അത്ര വലുതാണ്‌. അതിനാല്‍ കാണികള്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗോ യൂറോ ലീഗോ കാണും, ചൈനീസ്‌ ഫുട്‌ബോള്‍ കാണില്ല എന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്‌. ക്ലബ്ബുകളാവട്ടെ പഴയ കൂട്ടായ്‌മകളില്‍ നിന്ന്‌ വഴി മാറി, കോര്‍പ്പറേറ്റ്‌ബ്രാന്‍ഡ്‌ നെയിമുകളായി മാറിയതോടെ ജനകീയത നഷ്ടപ്പെട്ട അവസ്ഥയിലുമായി. ഇംഗ്ലണ്ടിലെപ്പോലെ ഭ്രാന്തരായ ആരാധകക്കൂട്ടം അവിടെ ക്ലബ്ബുകള്‍ക്കില്ല. ഇന്ത്യയിലെ സ്ഥിതിയും ഇതൊക്കെത്തന്നെ. കൊല്‍ക്കത്ത ക്ലബ്ബുകള്‍ക്കൊഴിച്ചാല്‍ ആര്‍ക്കും ആരാധകപിന്തുണയോ ജനകീയതലമോ ഇല്ല. അതു പോലും നഷ്ടപ്പെട്ടു വരികയാണ്‌. ഇതൊക്കെ വീണ്ടെടുക്കാന്‍ ഫിഫക്ക്‌ എന്താണ്‌ കര്‍മ്മപരിപാടി എന്നതു വ്യക്തമല്ല.

വിവായുടെ സമയം

മലയാളികളുടെ ഭാഗ്യത്തിന്‌ കേരളത്തില്‍ നിന്ന്‌ ഒരു ക്ലബ്ബ്‌, വിവാ കേരള, ദേശീയ ഒന്നാം ഡിവിഷനിലേക്ക്‌ ഇക്കുറി യോഗ്യത നടേിയിട്ടുണ്ട്‌. പ്രൊ-ലീഗിന്റെ തുടക്കത്തില്‍ അല്ലെങ്കില്‍ കേരളമെന്ന പേര്‍ തന്നെ അതില്‍ ഉണ്ടാവുമായിരുന്നില്ല. വിവക്കും ഈ സമയം നല്ലതാണ്‌. ഒരു കുതിച്ചുചാട്ടത്തിന്‌ ഇതിനേക്കാള്‍ മികച്ച ഒരു സമയം തുടക്കക്കാരായ ഒരു ക്ലബ്ബിനു കിട്ടാനില്ല. തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‌ ഒരു പ്രൊഫഷനല്‍ ക്ലബ്ബ്‌ വേറെയില്ല. അതിനാല്‍ ഫെഡറേഷന്റെയും ഫുട്‌ബോള്‍ പ്രേമികളുടെയും സ്‌പോണ്‍സര്‍ഗ്രൂപ്പുകളുടെയും വാത്സല്യപൂര്‍ണമായ ഒരു പിന്‍തുണക്ക്‌ വിവക്ക്‌ സാധ്യത തെളിഞ്ഞിട്ടുണ്ട്‌. പ്രൊഫഷനല്‍ മാനേജ്‌മെന്റിലൂടെ തങ്ങളീ വെല്ലുവിളിക്കു പ്രാപ്‌തരാണെന്നു ബോധ്യപ്പെടുത്താന്‍ വിവക്കും കഴിയണം. എങ്കില്‍ ഇതാണ്‌ ഏററവും അനുകൂലമായ സമയം.

കെ.എഫ്‌.എക്കും എന്തെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ പറ്റിയ സമയമാണ്‌ ഇത്‌. ഒരു ഫുട്‌ബോള്‍ അക്കാദമി ഇവിടെ അനുവദിക്കപ്പെടുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌. അതു തീര്‍ച്ചയായും വലിയൊരു കുതിപ്പിനു വഴി വെക്കും. പക്ഷെ ആഭ്യന്തര ലീഗ്‌ ശക്തിപ്പെടുത്താതെ ദേശീയതലത്തില്‍ തങ്ങളുടെ സാന്നിധ്യം വിളിച്ചറിയിക്കാനും വിലപേശാനും കെ.എഫ്‌.എക്കാവില്ല. ചുരുങ്ങിയത്‌ നാലു പ്രൊഫഷനല്‍ ക്ലബ്ബുകളെങ്കിലും കേരളത്തില്‍ ഉണ്ടാവണം. ചില ഡിപ്പാര്‍ട്‌മെന്റല്‍ ടീമുകളും പുനരുദ്ധാരണസഹായം അര്‍ഹിക്കുന്നു. ഇവ ചേര്‍ന്നുള്ള ഒരു സൂപ്പര്‍ ലീഗും ജൂനിയര്‍ ഡിവിഷന്‍ ലീഗുകളും സജീവമാവാതെ കേരളം രക്ഷപ്പെടില്ല. ഇപ്പള്‍ കോഴിക്കോട്ടും തൃശ്ശൂരും ഓരോ പ്രൊഫഷനല്‍ ക്ലബ്ബിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്‌. അത്തരം ചലനങ്ങളെ കെ.എഫ്‌.എ പ്രോത്സാഹിപ്പിക്കുമെങ്കില്‍ മാത്രമേ മുന്നോട്ടു വഴിയുള്ളൂ. ഇല്ലെങ്കില്‍ മണിപ്പൂരിനെപ്പോലെ കളിക്കാരെ ഉല്‍പ്പാദിപ്പിച്ച്‌ കയറ്റി അയക്കുന്ന സംസ്ഥാനം എന്ന പദവി നിലനിര്‍ത്താന്‍ മാത്രമേ ഈ അക്കാദമി നമ്മെ സഹായിക്കൂ.80 -കളില്‍ കേരളാ ഫുട്‌ബോള്‍ എന്തായിരുന്നുവോ അതാണ്‌ ഇന്നു മണിപ്പൂര്‍. രാജ്യത്തെ എല്ലാ ക്ലബ്ബുകള്‍ക്കും കളിക്കാരെ നല്‍കുന്ന നേഴ്‌സറി. എന്നാല്‍ അവിടെ ക്ലബ്ബോ ലീഗോ ഇല്ലതാനും. ഈയവസ്ഥ കേരളത്തില്‍ ഉണ്ടാവാതിരിക്കണമെങ്കില്‍ കെ.എഫ്‌.എ ഈയവസരം മുതലെടുത്ത്‌ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. വിലപേശി വാങ്ങേണ്ടതു വാങ്ങണം. മുഖ്യധാരയില്‍ നിന്നകന്നു പോവാതെ സമ്പൂര്‍ണലീഗ്‌ സമ്പ്രദായത്തിലേക്കും ക്ലബ്ബ്‌ സംസ്‌കാരത്തിലേക്കും ചുവടു മാറണം. ലീഗ്‌ ഫുട്‌ബോള്‍ മാത്രമാണ്‌ കളി വളര്‍ത്താന്‍ നിലവിലുള്ള ആഗോളസാഹചര്യത്തില്‍ ഏകപോംവഴി. ഫിഫയുടെ ആ സങ്കല്‍പ്പത്തോടു കൂട്ടിഘടിപ്പിക്കപ്പെടാതെ മാറി നിന്നാല്‍ അടുത്ത അഞ്ചു വര്‍ഷം കൂടി കഴിയുമ്പോഴേക്കും കേരളത്തില്‍ ഫുട്‌ബോള്‍ ഉണ്ടാവില്ല. ലോകകപ്പില്‍ എന്നും കാണികള്‍ മാത്രമായ നമ്മള്‍ നാളെ ഇന്ത്യ ലോകകപ്പു കളിക്കുമ്പോഴും അതേ റോളില്‍ തന്നെ തുടരേണ്ടി വരും.

Previous Posts:
വില്‍പ്പനക്ക്‌, ഫുട്‌ബോള്‍ ജീനിയസ്സുകള്‍!
ലോകകപ്പ്‌ : ഓര്‍മ്മകളുടെ ആണ്ടുബലി
കുടിപ്പകയുടെ നാള്‍വഴികള്‍
ഒന്നാമനാവാന്‍ ഒരു നൂറ്റാണ്ടു യുദ്ധം
ഒരേ നിറമുള്ള പൂക്കള്‍
കളിയോര്‍മ്മകളിലെ പൂമരങ്ങള്‍
അവസാനത്തെ റൈറ്റ്‌ ഔട്ട്‌
ടൂര്‍ണമെന്റുകളല്ല വേണ്ടത്‌
Read more...

Saturday, June 16, 2007

വില്‍പ്പനക്ക്‌, ഫുട്‌ബോള്‍ ജീനിയസ്സുകള്‍!

കാപ്പി പോലെ, ബ്രസീലിന്റെ വലിയ ഒരു കയറ്റുമതി ഉല്‍പ്പന്നമാണ്‌ ഇന്ന്‌ ഫുട്‌ബോള്‍ താരങ്ങളും. കളിക്കാരെ വിറ്റു കിട്ടുന്ന കോടികള്‍ കൊണ്ട്‌ അവര്‍ കൂടുതല്‍ കളിക്കാരെ ഉണ്ടാക്കുന്നു.തെക്കെ അമേരിക്കന്‍ ക്ലബ്ബുകളുടെ ഫുട്‌ബോള്‍ കളരികള്‍ ആളൊഴിയാത്ത യുദ്ധനിര പോലെയാണ്‌. ഒരാള്‍ മരിച്ചു വീഴുമ്പോള്‍ നൂറാള്‍ ഉയിര്‍ത്തു വരുന്ന മായപ്പട്ടാളം! അതാകട്ടെ, ആദ്യം പോയവനെ വെല്ലുന്നവനാണ്‌ പുറകെ വരുന്നത്‌. കക്കയും റൊബീന്യോയും ക്രെസ്‌പോയും പോയ വഴിയേ അതിലും കരുത്തരായാണ്‌ സോബിസും ലെയ്‌വയും പാറ്റോയും ഗാഗോയും ഫര്‍ഫാനും സഞ്ചരിക്കുന്നത്‌. ഓരോ പുതിയ ട്രാന്‍സ്‌ഫറും ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റില്‍ ഓരോ റെക്കോഡാവുന്നു. ഫുട്‌ബോള്‍ പ്രതിഭകളുടെ വറ്റാത്ത അക്ഷയഖനിയായ തെക്കെ അമേരിക്ക ഇന്ന്‌ കളിക്കാരെത്തേടി അലഞ്ഞുനടക്കുന്ന യൂറോപ്യന്‍ ഏജന്റന്മാരുടെ വാണിഭച്ചന്തയായിരിക്കുന്നു.

അവിടെ എല്ലാ ക്ലബ്ബുകള്‍ക്കും യൂത്ത്‌ ഡവലപ്‌മെന്റ്‌ പ്രോഗ്രാമുകള്‍ ഉണ്ട്‌. അതില്‍ നിന്നു പുറത്തു വരുന്നത്‌ കുറ തീര്‍ന്ന പണിക്കൂട്ടുകളാണ്‌. ലോകത്തെ അമ്പരപ്പിക്കുന്ന കലാസൃഷ്ടികള്‍. എന്നാല്‍ ഉല്‍പ്പന്നം തന്നെ മൂലധനവും അസംസ്‌കൃതവസ്‌തുവുമാകുന്ന അപൂര്‍വ ബിസിനസ്സാണിത്‌. ലോകത്തൊരിടത്തും ഇങ്ങിനെയൊരു ബിസിനസ്സ്‌ ഇത്ര വ്യാപകമായി നടപ്പില്ല. കളിക്കാരെ വിറ്റു കിട്ടുന്ന കാശു കൊണ്ട്‌ കൂടുതല്‍ കളിക്കാരെ ഉണ്ടാക്കുന്ന ഫാക്ടറികളായി ലാറ്റിനമേരിക്കന്‍ ക്ലബ്ബുകള്‍ മാറിക്കഴിഞ്ഞു.

അണ്ടര്‍-20 വിളനിലങ്ങള്‍
2005ലെ തെക്കെ അമേരിക്കന്‍ അണ്ടര്‍-20 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ കഴിയും വരെ ലയണല്‍ മെസ്സി എന്ന പേര്‌ അര്‍ജന്റീനക്കു പുറത്ത്‌ ആരും കേട്ടിരുന്നില്ല. ബാഴ്‌സലോണയിലൂടെ മെസ്സി ലോകം കീഴടക്കുമ്പോള്‍ ഉയരുന്നത്‌ ആ ചാമ്പ്യന്‍ഷിപ്പിന്റെ പെരുമ കൂടിയാണ്‌. യൂറോപ്പില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന വിയ്യാറയലിലെ ചിലിയന്‍ താരം മാത്തിയാസ്‌ ഫെര്‍ണാണ്ടസ്‌, വലന്‍സിയയിലെ അന്റോണിയോ വലന്‍ഷ്യ എന്നിവരും ആ ടൂര്‍ണമെന്റില്‍ നിന്നാണ്‌ ഉയിര്‍ത്തു വന്നത്‌. 2003ലെ ഇതേ ചാമ്പ്യന്‍ഷിപ്പില്‍ നിന്നാണ്‌ വെസ്‌റ്റ്‌ഹാമിലെ ടെവസും മസ്‌കിറാനോയും ലിവര്‍പൂളിലെ മാര്‍ക്ക്‌ ഗോണ്‍സാലസും പി എസ്‌ വിയുടെ ഫര്‍ഫാനുമെല്ലാം യൂറോപ്പിലെത്തിയത്‌. ഈ നിരയിലെ ഏറ്റവും പുതിയ പേരാണ്‌ ഇക്കഴിഞ്ഞ അണ്ടര്‍-20 ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലിനെ നയിച്ച ഡിഫന്‍ഡര്‍ ലൂക്കാസ്‌ ലെയ്‌വയുടേത്‌. ലിവര്‍പൂള്‍ വന്‍വിലക്ക്‌ ഈ 19കാരനെ റാഞ്ചിക്കഴിഞ്ഞു.

പുതിയ കളിക്കാരെ തേടുന്ന ലോകത്തെ ഫുട്‌ബോള്‍ ക്ലബ്ബുകളെല്ലാം ആദ്യം കണ്ണു വെക്കുന്നത്‌ തെക്കെ അമേരിക്കയുടെ ഈ ഫുട്‌ബോള്‍ സ്‌കൗട്ടിങ്‌ ടൂര്‍ണമെന്റിലാണ്‌. ഏജന്റുമാര്‍ അതിനു ചുറ്റും വട്ടമിട്ടു പറക്കുന്നു. ക്ലബ്ബുകള്‍ വിലപേശുന്നു. കളിക്കാര്‍ ഒരു യൂറോപ്യന്‍ ഓഫറിനു വേണ്ടി മരിച്ചു കളിക്കുന്നു. സംഘാടനത്തിലും നിലവാരത്തിലുമെല്ലാം മോശമാണെങ്കിലും പ്രതിഭകളുടെ അക്ഷയഖനിയായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ തുടരുന്നിടത്തോളം ഈ ടൂര്‍ണമെന്റിന്റെ പ്രസക്തി നഷ്ടപ്പെടുമെന്നു ഭയപ്പെടാനില്ല.

നിലയ്‌ക്കാത്ത ഒഴുക്ക്‌

ഈ വര്‍ഷം യൂറോപ്പിലേക്കു പോയവരെ നോക്കുക. റയല്‍ മാഡ്രിഡ്‌ 140 ലക്ഷം പൗണ്ടിന്‌ വലവീശിയെടുത്ത ബൊക്കാ ജൂനിയേഴ്‌സിന്റെ ഫെര്‍നാന്‍ഡോ ഗാഗോ, 90 ലക്ഷത്തിനു വാങ്ങിയ റിവര്‍പ്‌ളേറ്റിന്റെ ഗോണ്‍സാലോ ഹിഗ്വായന്‍ എന്നിവര്‍ 20 വയസ്സു കടന്നവരല്ല. യൂറോപ്പില്‍ അവര്‍ക്കു കിട്ടിയത്‌ ഏറ്റവും വലിയ ക്ലബ്ബിന്റെ വിളി തന്നെ. മാത്രമല്ല, ഹിഗ്വായന്‍ റൊണാള്‍ഡോവിനും ഗാഗോ ബെക്കാമിനും പകരക്കാരായാണു വരുന്നത്‌. 18കാരനായ ബ്രസീലിയന്‍ ലെഫ്‌റ്റ്‌ ബാക്ക്‌ മാഴ്‌സലോവിനെ ഫ്‌ളൂമിനന്‍സില്‍ നിന്ന്‌ റാഞ്ചുമ്പോള്‍ റോബര്‍ട്ടോ കാര്‍ലോസിന്‌ ഒരു പകരക്കാരനെ ബ്രസീലില്‍ നിന്നു തന്നെ കണ്ടെത്തുക മാത്രമല്ല, അടുത്ത പത്തു വര്‍ഷത്തേക്കെങ്കിലും മറ്റൊരാളെ തേടേണ്ടതില്ലെന്ന്‌ ്‌ ഉറപ്പു വരുത്തുക കൂടിയാണ്‌ റയല്‍ മാഡ്രിഡ്‌ ചെയ്‌തത്‌. അത്‌ലറ്റിക്കോ മാഡ്രിഡ്‌ അര്‍ജന്റൈന്‍ ക്ലബ്ബായ ഇന്‍ഡിപെന്‍ഡന്റെയില്‍ നിന്ന്‌ സെര്‍ജിയോ അഗ്യൂറയെ കരാര്‍ ചെയ്‌തത്‌ 280 ലക്ഷം ഡോളറിനാണ്‌. അര്‍ജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്‌ഫര്‍ തുകക്ക്‌. അവിടത്തെ ഫസ്റ്റ്‌ ഡിവിഷന്‍ ലീഗില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്നതാണ്‌ സെര്‍ജിയോയുടെ റെക്കോഡ്‌. 15 വര്‍ഷവും 33 ദിവസവും മാത്രം പ്രായമാവുമ്പോഴേക്കും സെര്‍ജിയോ ഒന്നാം ലീഗിലെത്തി. 2005ലെ അണ്ടര്‍-20 ലോകചാമ്പ്യന്‍ഷിപ്പോടെ അയാള്‍ക്ക്‌ യൂറോപ്പിന്റെ വിളി വന്നു.

നിലനില്‍പ്പിന്റെ പ്രശ്‌നം

ഇത്‌ ലാറ്റിനമേരിക്കന്‍ ക്ലബ്ബുകളില്‍ പലതിന്റെയും നിലനില്‍പ്പിന്റെ പ്രശ്‌നമാണ്‌. അതില്‍ പലതും ഇന്നു നില നില്‍ക്കുന്നത്‌ കളിക്കാരെ വിറ്റു കിട്ടുന്ന കാശു കൊണ്ടാണ്‌. ഇക്കൊല്ലത്തെ ലോകക്ലബ്ബ്‌ കപ്പ്‌ ജേതാക്കളായ ബ്രസീലിലെ ഇന്റര്‍നാഷനല്‍ സ്‌പോര്‍ട്ടിങ്‌ ക്ലബ്ബ്‌ ഇതിനൊരു നല്ല ഉദാഹരണമാണ്‌. യൂത്ത്‌ ഡവലപ്‌മെന്റില്‍ വലിയ ശ്രദ്ധ ഉള്ള ക്ലബ്ബാണത്‌. കഴിഞ്ഞ കോപ്പ ലിബര്‍ട്ടഡോറസ്‌ ജയിക്കുമ്പോള്‍ അതില്‍ അവര്‍ വളര്‍ത്തിയ താരങ്ങളില്‍ പലരും ഉണ്ടായിരുന്നില്ല. യൂത്ത്‌ പ്രോഗ്രാമിലൂടെ വന്ന ഒറ്റ താരം മാത്രമേ ആ ടീമില്‍ ഉണ്ടായിരുന്നുള്ളൂ. റാഫേല്‍ സോബിസ്‌. ബാക്കി എല്ലാവരെയും ഓരോ ഘട്ടത്തിലായി യൂറോപ്പിനു വിറ്റു. ഈ ടൂര്‍ണമെന്റിനു ശേഷം സോബിസിനെയും വിറ്റു. അതു കൊണ്ടും അവരുടെ കലവറ ഒഴിയുന്നില്ല. ക്ലബ്ബ്‌ കപ്പ്‌ ഫൈനലില്‍ അവര്‍ പുതിയൊരു പ്രതിഭാസത്തെ ഇറക്കിവിട്ടു. അലക്‌സാണ്ടര്‍ പാറ്റോ. ടൂര്‍ണമെന്റു തീരും മുമ്പു തന്നെ 17കാരനായ പാറ്റോയ്‌ക്കു പുറകെ യൂറോപ്യന്‍ ക്ലബ്ബുകള്‍ ക്യൂവായെത്തി. ക്ലബ്ബ്‌ പ്രസിഡന്റ്‌ ഫെര്‍നാന്‍ഡോ കാര്‍വാലോ പറയുന്നു: ഇങ്ങിനെ കളിക്കാരെ വില്‍ക്കാന്‍ കഴിയുന്നതു കൊണ്ടാണ്‌ ഞങ്ങള്‍ ഇവിടെ ടീമിനെ നിലനിറുത്തുന്നത്‌. യൂത്ത്‌ ഡവലപ്‌മെന്റ്‌ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ഞങ്ങള്‍ പ്രധാനമായും ഈ ഫണ്ടുപയോഗിക്കുക.

എങ്ങിനെയും രക്ഷപ്പെടുക
കളിക്കാരാകട്ടെ എന്തു ചെയ്‌തും യൂറോപ്പിലേക്കു കുടിയേറണമെന്ന ആഗ്രഹവുമായി നടക്കുകയാണ്‌. അതിന്‌ എന്തു മാര്‍ഗവും അവര്‍ സ്വീകരിക്കും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു സൗഹൃദ മത്സരം കളിക്കാന്‍ ഇക്വഡോര്‍ ടീം ജപ്പാനിലേക്കു പോയി. അമേരിക്ക വഴി വേണം അവര്‍ക്കു കണക്ടിങ്‌ ഫ്‌ളൈറ്റ്‌ പിടിച്ചു പോകാന്‍. അവരുടെ ടീം ലിസ്‌റ്റില്‍ ഉള്ള ഹുവാന്‍ കാര്‍ലോസ്‌ ലൂചെറോ, മാനുവല്‍ ഫാരിസ്‌ എന്നീ രണ്ടു പേരുകള്‍ വ്യാജമാണെന്ന്‌ അമേരിക്കന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ കണ്ടു പിടിച്ചു. കളിക്കാരെ പുറത്തേക്കു കടത്തിക്കൊടുക്കുന്ന കുറ്റത്തിന്‌ ടീം കോ-ഓഡിനേറ്റര്‍ വിനീചിയോ ലൂന അറസ്‌റ്റിലായി. അപ്പോഴാണറിയുന്നത്‌, ലാറ്റിനമേരിക്കയില്‍ നിന്നുള്ള എല്ലാ ടീമുകളും ഇതു ചെയ്യാറുണ്ടത്രെ. ഒരു ജീവിതകാലം മുഴുവന്‍ അവിടെ കളിച്ചാല്‍ കിട്ടുന്നതിനേക്കാള്‍ തുക ഒരു കൊല്ലം യൂറോപ്പില്‍ കളിച്ചാല്‍ കിട്ടുമെന്നതു തന്നെയാണ്‌ ഇതിനു പിന്നിലെ പ്രലോഭനം. വികസിത-വികസ്വര രാജ്യങ്ങള്‍ തമ്മിലുള്ള അന്തരം വര്‍ധിച്ചു വരുന്നത്‌ തൊട്ടറിയാന്‍ കഴിയുന്നത്‌ ഇന്നു ഫുട്‌ബോളിലാണ്‌.
ബ്രസീലിലെ ചേരികളില്‍ വളരുന്ന കുട്ടികളില്‍ ആരും പെലെയോ ഗാരിഞ്ചയോ ചെയ്‌തതു പോലെ അവരുടെ ലോക്കല്‍ ക്ലബ്ബിനെ ജയിപ്പിക്കുന്നതും ലോകകപ്പു നേടുന്നതും ഇന്നു സ്വപ്‌നം കാണുന്നില്ല. തെക്കെ അമേരിക്കന്‍ ഫുട്‌ബോള്‍ സ്‌പെഷ്യലൈസ്‌ ചെയ്‌തിട്ടുള്ള ബിബിസി ലേഖകന്‍ ടിം വിക്കറി പറയുന്നു. അവര്‍ ബാഴ്‌സലേണക്കോ റയലിനോ കളിക്കുന്ന ദിവസത്തെപ്പറ്റി മാത്രം സംസാരിക്കുന്നു. ഡ്രൈവ്‌ ചെയ്യാന്‍ പോകുന്ന കാറിനെയോ അമ്മക്കു വാങ്ങിക്കൊടുക്കാന്‍ പോകുന്ന ഫ്‌ളാറ്റിനെയോ പറ്റി മാത്രം സ്വപ്‌നം കാണുന്നു. കൂട്ടായ പരിഹാരം എന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ സങ്കല്‍പ്പം ഇല്ലാതാവുകയാണ്‌. സ്വാര്‍ഥമായ വ്യക്തിഗതമികവുകളിലേക്കു അതു ചുവടു മാറുന്നു. ഫുട്‌ബോളര്‍ ഒരു സമൂഹത്തിന്റെ സ്വപ്‌നമാണു കാണുന്നതെന്ന്‌ അര്‍ജന്റൈന്‍ കോച്ചായിരുന്ന സെസാര്‍ മെനോട്ടി പറയുകയുണ്ടായി. എന്നാല്‍ ഇന്ന്‌ എല്ലാവരും സ്വന്തം സ്വപ്‌നങ്ങള്‍ മാത്രമാണ്‌ കാണുന്നത്‌. അവര്‍ കാണുന്ന സ്വപ്‌നം എങ്ങിനെയും രക്ഷപ്പെടുക എന്നതാണ്‌. അതിനായി നല്ലൊരു അക്കാദമിയില്‍ എത്തിപ്പെടുക, നല്ല കുറച്ചു ഗോളുകളടിച്ചു ശ്രദ്ധ പിടിച്ചു പറ്റുക, നല്ല ഒരേജന്റിന്റെ കണ്ണില്‍ പെടുക, എങ്ങിനെയും യൂറോപ്പിലേക്കു കടക്കുക. ഇതായിരിക്കുന്നു ലാറ്റിനമേരിക്കയിലെ കുട്ടികളുടെ ശ്രമം.

ചതിക്കുഴികള്‍
എന്നാല്‍ അവരില്‍ എല്ലാവരും രക്ഷപ്പെടുന്നുണ്ടോ? ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റിലെ യഥാര്‍ഥ ഗുണഭോക്താക്കള്‍ കളിക്കാരനോ ക്ലബ്ബോ ഏജന്റോ? കക്കയോ റൊണാള്‍ഡോയോ പോലെ രക്ഷപ്പെടുന്ന ഒന്നോ രണ്ടോ കളിക്കാരുടെ പേരേ നാമറിയുന്നുള്ളൂ. യൂറോപ്പിലെ അറിയപ്പെടാത്ത എത്രയോ ക്ലബ്ബുകളില്‍ ആരാലുമറിയപ്പെടാതെ എത്രയോ കളിക്കാര്‍ ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റിന്റെ ചതിക്കുഴികളില്‍ പെട്ടുകിടക്കുന്നുണ്ട്‌. ആഫ്രിക്കയില്‍ നിന്നും തെക്കെ അമേരിക്കയില്‍ നിന്നുമുള്ള 20 തികയാത്ത ചെറുപ്പക്കാരായ എത്രയോ കളിക്കാര്‍. ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തില്‍ അവര്‍ ജപ്പാന്‍ മുതല്‍ മെക്‌സിക്കോ വരെയും ഇന്ത്യ മുതല്‍ ഇംഗ്ലണ്ട്‌ വരെയുമുള്ള എല്ലാ രാജ്യങ്ങളിലും അലയുന്നു. എന്നിട്ടും അത്രക്കത്ര കളിക്കാര്‍ അവിടെ ബാക്കിയുണ്ട്‌. അതാണ്‌ ഈ മാര്‍ക്കറ്റിലെ ഏജന്റുമാരെന്ന ഇടനിലക്കാരുടെ കൈയിലെ വിലപേശല്‍ ശക്തിയും.
എങ്ങിനെയാണ്‌ ഒരു കളിക്കാരന്‍ കുരുക്കിലാവുന്നത്‌. കളി പഠിക്കാന്‍ ചേരുന്ന ക്ലബ്ബുമായുള്ള രജിസ്‌ട്രേഷന്‍ ബോണ്ടില്‍ തുടങ്ങുന്നു അവരുടെ അടിമത്തം. കളിക്കാരന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ പണയം വെച്ച്‌ ക്ലബ്ബുകള്‍ ഏജന്റന്മാരില്‍ നിന്ന്‌ പണം വാങ്ങുന്നു. ഇത്‌ കളിക്കാരനെ വളര്‍ത്തി വലുതാക്കുന്നതിനുള്ള ബോണ്ട്‌ തുകയായി ക്ലബ്ബ്‌ കണക്കാക്കും. അതോടെ കളിക്കാരന്‍ ഏജന്റിന്റെ കൂടി അടിമയായി. കളിക്കാരന്റെ മാര്‍ക്കറ്റ്‌ വില കണക്കാക്കുന്നത്‌ പിന്നെ ഈ ഏജന്റാണ്‌. അത്‌ അയാളുടെ മികവിനും പ്രശസ്‌തിക്കും അനുസരിച്ചാണ്‌. കളിക്കാരനു നേരിട്ട്‌ വിലപേശാനുള്ള കഴിവില്ല. ക്ലബ്ബിനുള്ള നഷ്ടപരിഹാരം, കളിക്കാരന്റെ ശമ്പളം എല്ലാം ഏജന്റും ക്ലബ്ബും ചേര്‍ന്നു വിലപേശി നിശ്ചയിക്കും. പലപ്പോഴും കളിക്കാര്‍ അറിയുന്നതിനേക്കാള്‍ കൂടിയ തുകക്കാവും കച്ചവടം. ഇഷ്ടപ്പെടാത്ത ക്ലബ്ബില്‍ കളിക്കേണ്ടിയും വരും. ടെവസും മസ്‌കിറാനോയും വെസ്‌റ്റ്‌ ഹാമിലെത്തിയത്‌ അങ്ങിനെ ഒരു ഏജന്റിന്റെ ചതിയിലാണെന്നാണ്‌ പിന്നാമ്പുറവര്‍ത്തമാനം. കളിക്കാരന്‍ എത്ര വലുതായാലും ഏജന്റെന്ന നീരാളിയുടെ കൈയില്‍ നിന്ന്‌ അവര്‍ രക്ഷപ്പെടുകയില്ല.

'ഇന്റര്‍നാഷനല്‍' മാതൃകപ്രൊഫഷനലായ സമീപനത്തിലൂടെ യൂറോപ്യന്‍ മാതൃകകള്‍ അനുകരിച്ച്‌ കളിക്കാരെ ഉണ്ടാക്കുകയും വില്‍ക്കുകയും ധനശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നതില്‍ തെക്കെ അമേരിക്കന്‍ ടീമുകളില്‍ കുറച്ചെങ്കിലും വിജയിക്കുന്നത്‌ ബ്രസീലിയന്‍ ക്ലബ്ബുകളാണ്‌. അര്‍ജന്റീനയുടെ റിവര്‍പ്‌ളേറ്റ്‌ പോലുള്ള പെരുമയുള്ള ക്ലബ്ബുകള്‍ പോലും സാഹചര്യങ്ങളോടു പൊരുത്തപ്പെടുന്നതില്‍ പരാജയപ്പെടുന്നു. കോപ്പ ലിബര്‍ട്ടഡോറസ്‌ എന്ന ലാറ്റിനമേരിക്കയുടെ ചാമ്പ്യന്‍സ്‌ ലീഗില്‍ കഴിഞ്ഞ രണ്ടു തവണയും ഫൈനല്‍ കളിച്ചത്‌ ബ്രസീലിയന്‍ ക്ലബ്ബുകളാണ്‌. ഇക്കുറി അര്‍ജന്റീനയിലെ വമ്പന്മാരായ റിവര്‍പ്‌ളേറ്റ്‌ ക്വാര്‍ട്ടറില്‍ തന്നെ പുറത്തായപ്പോള്‍ അത്രയൊന്നും പെരുമയും മികവുമില്ലാത്ത ബ്രസീലിലെ ഇന്റര്‍നാഷനല്‍ ക്ലബ്ബ്‌ ഫൈനല്‍ കളിക്കുകയും ജയിക്കുകയും ചെയ്‌തു. ജപ്പാനില്‍ നടന്ന ലോക ക്ലബ്ബ്‌ കപ്പ്‌ കളിക്കാന്‍ അര്‍ഹത നേടിയ അവര്‍ ഫൈനല്‍ വരെ എത്തി എന്നു മാത്രമല്ല, റൊണാള്‍ഡിന്യോയുടെ ബാഴ്‌സലോണയെ തോല്‍പ്പിച്ച്‌ ലോകജേതാക്കളുമായി. ഈ യാത്രയില്‍ അവര്‍ക്കു കിട്ടിയ ഗുണം രണ്ടോ മൂന്നോ നല്ല താരങ്ങളെ ലോകശ്രദ്ധയില്‍ കൊണ്ടുവരാനും അങ്ങിനെ വന്‍വിലക്കു വില്‍ക്കാനും കടഭാരം കുറക്കാനും സാധിച്ചു എന്നതാണ്‌. പോര്‍ട്ടോ അലിഗറില്‍ നിന്നുള്ള ഈ ക്ലബ്ബ്‌ ഫാബിയോ റോച്ചംബാക്ക്‌, ഡാനിയല്‍ കര്‍വാലോ, നീല്‍മര്‍ എന്നിവരെ യൂറോപ്പിനു വിറ്റ ശേഷമാണ്‌ സ്‌ട്രൈക്കര്‍ റാഫേല്‍ സോബിസിനെ മാത്രം നിരയില്‍ നിര്‍ത്തി ക്ലബ്ബ്‌ കപ്പിനു പോയത്‌. ഏറെ മത്സരപരിചയമില്ലാത്ത അലക്‌സാണ്ടര്‍ പാറ്റോയെ ഒന്നാം നിരയിലിറക്കാന്‍ ധൈര്യം കാണിച്ചതും മറ്റു ലാറ്റിനമേരിക്കന്‍ ക്ലബ്ബുകളോ യൂറോപ്യന്‍ ക്ലബ്ബുകളോ ചെയ്യാത്ത കാര്യമാണ്‌. ഇങ്ങിനെ റിസ്‌കെടുക്കാന്‍ ബ്രസീലിലെ ക്ലബ്ബുകള്‍ക്കു കഴിയുന്നത്‌ അവിടെ പുതിയ പുതിയ കളിക്കാര്‍ ദിനം പ്രതി യൂത്ത്‌ ഡവലപ്‌മെന്റ്‌ സ്‌കീമിലൂടെ വളര്‍ന്നു വരുന്നു എന്നതിനാലാണ്‌. യൂറോപ്പില്‍ ഒരു കളിക്കാരന്‍ ക്ലബ്ബ്‌ തലത്തില്‍ ഒന്നാം നിരയിലെത്താനെടുക്കുന്ന സമയവുമായി താരതമ്യപ്പെടുത്തിയാല്‍ ബ്രസീലിലേത്‌ വളരെ കുറവാണെന്നു കാണാം. പ്രതിഭയിലും കരുത്തിലും റിസ്‌കെടുക്കുന്നതിലും അവര്‍ യൂറോപ്പിനെ പിന്നിലാക്കുന്നു. അതാണ്‌ അവരുടെ വിജയരഹസ്യവും.

അവസാന പരീക്ഷ കോപ്പ
വര്‍ഷം തോറും നടക്കുന്ന ലിബര്‍ട്ടഡോറസ്‌ കപ്പിലൂടെയും രണ്ടു കൊല്ലത്തിലൊരിക്കല്‍ നടക്കുന്ന അണ്ടര്‍-20 ചാമ്പ്യന്‍ഷിപ്പിലൂടെയുമാണ്‌ ലാറ്റിനമേരിക്കയിലെ യുവതാരങ്ങള്‍ ലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടുന്നതെങ്കില്‍ അവര്‍ സമ്പൂര്‍ണബിരുദധാരികളാകുന്നത്‌ കോപ്പ അമേരിക്കയിലൂടെയാണ്‌. അദ്രിയാനൊവിനെപ്പോലെ, ഫാബിയാനോയെപ്പോലെ, ടെവസിനെപ്പോലെ ഓരോ കോപ്പ അമേരിക്ക കഴിയുമ്പോഴും ഓരോ പുതിയ താരം ലോകത്തിന്റെ സൂപ്പര്‍സ്റ്റാറായി വളരും. സൂപ്പര്‍സ്റ്റാറാകുന്നതോടെ, പണം കുമിയുന്നതോടെ, അവരില്‍ പലരും കോപ്പയെ മറക്കും. കക്കയ്‌ക്കും റൊണാള്‍ഡീന്യോക്കുമൊക്കെ കോപ്പ പിന്നെ പൈസ കിട്ടാത്ത വെറും ടൂര്‍ണമെന്റ്‌ മാത്രം. എന്നാല്‍ ഉര്‍വശീശാപം ഉപകാരമാവുന്നത്‌ നിരവധി യുവ പ്രതിഭകള്‍ക്കാണ്‌. അവര്‍ക്കു ലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ സൂപ്പര്‍താരങ്ങളുടെ ഈ വൈമനസ്യം വഴിയൊരുക്കുന്നു. അതാവണം അദ്‌ഭുതങ്ങളൊഴിയാത്ത കോപ്പയായി അതെന്നും നിറഞ്ഞു തുളുമ്പുന്നതും കാണികളെ കാലാകാലം ആകര്‍ഷിക്കുന്നതും.

(2007 ജൂണ്‍ ലക്കം മാതൃഭൂമി സ്‌പോര്‍ട്‌സ്‌ മാസികയില്‍ പ്രസിദ്ധീകരിച്ചത്‌)
Previous Posts:

ലോകകപ്പ്‌ : ഓര്‍മ്മകളുടെ ആണ്ടുബലി
കുടിപ്പകയുടെ നാള്‍വഴികള്‍
ഒന്നാമനാവാന്‍ ഒരു നൂറ്റാണ്ടു യുദ്ധം
ഒരേ നിറമുള്ള പൂക്കള്‍
കളിയോര്‍മ്മകളിലെ പൂമരങ്ങള്‍
അവസാനത്തെ റൈറ്റ്‌ ഔട്ട്‌
ടൂര്‍ണമെന്റുകളല്ല വേണ്ടത്‌
Read more...

Sunday, June 10, 2007

ലോകകപ്പ്‌: ഓര്‍മ്മകളുടെ ആണ്ടുബലി

മഴനൂലുകള്‍ ഇഴപാകിയ ചില രാച്ചിത്രങ്ങളാണ്‌ ലോകകപ്പ്‌. മഴയില്‍ കുതിര്‍ന്ന ജൂണ്‍ രാത്രികളില്‍ എല്ലാ നാലാം കൊല്ലത്തിലും ലോകകപ്പു വരും. സ്‌റ്റേഡിയത്തില്‍ നീരാടി നിറയുന്ന ശബ്ദങ്ങള്‍ക്ക്‌ മഴ പാടം കടന്നു വരുമ്പോഴുള്ള ഒച്ചയാണ്‌. അതു കലര്‍ന്നും കലമ്പിയും ചുറ്റുമുണ്ടാവും. മഴ തോരുമ്പോഴുളള ശൂന്യതയാണ്‌ കളി തീരുമ്പോള്‍ ബാക്കിയുണ്ടാവുക. പുതിയ വെയിലില്‍ നമ്മുടെ ദിവസങ്ങള്‍ തളിര്‍ത്തു വരാന്‍ സമയമെടുക്കും. ഓര്‍മ്മകളില്‍ ബാക്കിയാവുന്ന ചിത്രങ്ങള്‍ ചികഞ്ഞെടുക്കുമ്പോഴെല്ലാം മഴയുടെ ആഹ്ലാദം നുരയുന്ന താളവും പിന്‍പാട്ടും അകമ്പടിയുണ്ടാവും.

വീണ്ടുമൊരു ജൂണ്‍. വീണ്ടും മഴക്കാലം. ഒരു കൊല്ലം പിന്നിട്ട ലോകകപ്പിന്റെ ഓര്‍മ്മച്ചിത്രങ്ങള്‍ റീ-പ്ലേ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ വിഷാദസ്ഥായിയിലുള്ള, ദുഖതാളത്തിലുള്ള ഒരു പശ്ചാത്തലസംഗീതമാണ്‌, മഴക്കാലരാവുകളുടെ ആഹ്ലാദശ്രുതിയല്ല ഉണര്‍ന്നു വരുന്നത്‌. എത്രയോ സമ്മോഹനമായ ദൃശ്യങ്ങള്‍ സമ്മാനിച്ച ലോകകപ്പായിരുന്നു അത്‌. എന്നിട്ടും ഇരുണ്ട കോണിക്കെട്ടുകളിലൂടെ തലതാഴ്‌ത്തി നടന്നു പോകുന്ന സിനെദിന്‍ സിദാന്‍ എന്ന മഹാനായ ഒരു ജീനിയസ്സിന്റെ കണ്ണീര്‍ച്ചിത്രത്തില്‍ അതു ചെന്നു സൂം-ഇന്‍ ചെയ്യുന്നു. വ്യാഖ്യാനിക്കാനാവാത്ത ഒരു വേദന അപ്പോള്‍ വീണ്ടും മനസ്സിനെ വന്നു മൂടുന്നു.

2006 ജൂലായ്‌ 9 ന്‌ ബെര്‍ലിനിലെ ഒളിമ്പിക്‌ സ്റ്റേഡിയത്തില്‍ ലോകകപ്പുയര്‍ത്തിയത്‌ ഇറ്റാലിയന്‍ കപ്പിത്താന്‍ കന്നവാറോയാണ്‌. ഒരു പക്ഷെ, അത്‌ സിനെദിന്‍ സിദാന്‍ എന്ന മഹാനായ ഫ്രഞ്ച്‌ ഫുട്‌ബോളറാവുമായിരുന്നു. ഉജ്വലമായ ആ നേട്ടത്തിലേക്ക്‌ പത്തു മിനുട്ടു ദൂരമേ അയാള്‍ക്കു സഞ്ചരിക്കാനുണ്ടായിരുന്നുള്ളൂ. പെലെക്കും മാറഡോണക്കുമൊപ്പം ലോകഫുട്‌ബോളിലെ അനശ്വരതാരമെന്ന പദവിയിലേക്ക്‌ ഒരു ചുവടു മാത്രം. അയാളെ പരീക്ഷിക്കാന്‍ വിധി തെരഞ്ഞെടുത്ത സമയം അതായിരുന്നു. എല്ലാ ദൈവങ്ങളും കൈവിട്ട, ചെകുത്താന്റെ അന്ത്യപ്രലോഭനദിവസം.

ആ രാത്രി പിന്നിട്ടിട്ട്‌ ഒരു വര്‍ഷമാവുന്നു. കളിയിലെ ഓരോ നിമിഷവും പക്ഷെ ഇപ്പോഴും ജീവനോടെ മുന്നില്‍ വന്നു നില്‍ക്കുന്നു. ഒരു ഷേക്‌സ്‌പീരിയന്‍ നാടകത്തിലെ ക്ഷോഭാകുലമായ അന്ത്യരംഗം പോലെ.

-കളി തീരുകയാണ്‌. ടോട്ടല്‍ ഫുട്‌ബോള്‍ കളിച്ചതിന്റെ പേരില്‍ ഇറ്റലിയെ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും ഈ കളി സിദാന്‍ ജയിച്ചോട്ടെ എന്ന്‌ തോന്നിത്തുടങ്ങിയ സമയം. ഫുട്‌ബോളില്‍ ഇത്ര പ്രതിഭാസൗന്ദര്യം ബാക്കിയുണ്ടെന്നു കാണിച്ച മററാരും ആ ടൂര്‍ണമെന്റില്‍ വന്നിരുന്നില്ലല്ലോ. സിദാന്റെ ഒരു ഹെഡ്ഡര്‍ മിന്നല്‍പ്പിണര്‍ പോലെ ഇറ്റാലിയന്‍ വലയിലേക്കു പാഞ്ഞത്‌ നിമിഷങ്ങള്‍ക്കു മുമ്പായിരുന്നു. ബുഫണ്‍, ഗോര്‍ഡന്‍ ബാങ്ക്‌സിനെ അനുസ്‌മരിപ്പിക്കുന്ന ഒരു സേവിലൂടെ സിദാന്റെ കപ്പിലേക്കുള്ള കുതിപ്പു തടഞ്ഞതിന്റെ വിസ്‌മയത്തരിപ്പു തീര്‍ന്നിരുന്നില്ല.

അതിനും അല്‍പ്പം മുമ്പ്‌ കണ്ട സിദാന്റെ പെനാല്‍ട്ടിയും ലഹരി പോലെ ഉള്ളില്‍ ബാക്കി നില്‍പ്പുണ്ടായിരുന്നു. യഥാര്‍ഥ ജീനിയസ്സിനു മാത്രം എടുക്കാന്‍ കഴിയുന്ന പെനാല്‍ട്ടി. ഉരുണ്ട ബാറിന്റെ അടിവശത്ത്‌ 11 മീറ്റര്‍ ദൂരെ നിന്നടിച്ചു കൊള്ളിക്കുക. അതു 80 ഡിഗ്രി തിരിഞ്ഞു നിലത്തു വരയ്‌ക്കകത്തു കുത്തി വീണ്ടും പൊങ്ങി അതേ ബാറിലിടിക്കുക. എന്നിട്ടു വലയില്‍ വീഴാതെ ഗ്രൗണ്ടിലേക്കു മടങ്ങുക! അവിശ്വസനീയമായ കാഴ്‌ചയായിരുന്നു അത്‌. 'പെനാല്‍ട്ടി വല കുലുക്കി' എന്നെഴുതാന്‍ പറ്റാത്ത പെനാല്‍ട്ടി! വലയില്‍ അതു തൊട്ടില്ല!! സ്വന്തം വല തൊടാന്‍ എതിരാളികളെ അനുവദിക്കാതെ വന്ന ഇറ്റലിക്ക്‌ വല തൊടാതെ തന്നെ ഒരു ഗോള്‍. താന്‍ ഒറ്റക്ക്‌ മതി ആ ടീമിനെ തോല്‍പ്പിക്കാന്‍ എന്നു വിളിച്ചു പറഞ്ഞാണ്‌ പെനാല്‍ട്ടി കിക്കെടുത്ത ശേഷം സിദാന്‍ സ്വന്തം ഹാഫിലേക്കു പാഞ്ഞത്‌.
വേറെയുമുണ്ടായിരുന്നു മഹത്വത്തിലേക്കുള്ള അനിവാര്യമായ യാത്രയിലാണ്‌ താനെന്നു സൂചിപ്പിക്കുന്ന സിദാന്റെ ചലനങ്ങള്‍. പേരു കേട്ട ഇറ്റാലിയന്‍ പ്രതിരോധത്തെ പിളര്‍ത്തി ഹെന്‍റിക്കു കൊടുത്ത ഒരു പാസ്സ്‌. മലൂദയുടെ പെരുവിരലിനു കണക്കാക്കി തളികയിലെന്ന പോലെ തള്ളിക്കൊടുത്ത ഒരു പന്ത്‌. വിയേരയുടെ തല ലാക്കാക്കി താഴ്‌ന്നിറങ്ങി വന്ന ഒരു കോര്‍ണര്‍. മറ്റെറാസിയുടെ സമനില ഗോളിനും സിദാനെ നിര്‍വീര്യനാക്കാന്‍ കഴിയില്ലെന്നു തോന്നിച്ചു കൊണ്ട്‌ കളി മെല്ലെ മെല്ലെ ഫ്രാന്‍സിനനുകൂലമായി വളരുകയായിരുന്നു.

കളി തീരാന്‍ പത്തു മിനുട്ട്‌. ഷൂട്ടൗട്ടിലേക്കു കളി നീട്ടാനാണ്‌ ഇറ്റലിയുടെ ശ്രമം. ഫ്രാന്‍സാണ്‌ ഇപ്പോള്‍ ആക്രമണങ്ങള്‍ക്കു മുന്‍കൈ എടുക്കുന്നത്‌. അവരുടെ മറെറാരാക്രമണം കൂടി പൊട്ടിച്ച ഇറ്റലി കൗണ്ടര്‍-അറ്റാക്കിനു ശ്രമിക്കുന്നു. പന്തു ഫ്രാന്‍സിന്റെ ഹാഫില്‍. പെട്ടെന്നു കളി നിന്നു. റഫറി പുറകോട്ടോടുന്നു. ആരോ വീണു കിടക്കുന്നുണ്ട്‌. ക്യാമറയില്‍ ഇപ്പോള്‍ ഇറ്റാലിയന്‍ ഗോളി ബുഫണ്‍ പരാതിപ്പെട്ടുകൊണ്ട്‌ ലൈന്‍ റഫറിയുടെ അടുത്തേക്കും തിരിച്ചും ഓടുന്ന കാഴ്‌ച. വീണു കിടക്കുന്നത്‌ മറ്റെറാസി. ഇറ്റലിയുടെ ദീര്‍ഘകായനായ ഡിഫന്‍ഡര്‍. സിദാന്റെ പെനാല്‍ട്ടിയെ നിര്‍വീര്യമാക്കിയ ഹെഡ്ഡര്‍ ഗോളിന്റെ ഉടമ.
സിദാന്‍ തല കൊണ്ട്‌ മറ്ററാസിയെ ഇടിക്കുന്ന ചിത്രം അപ്പോഴാണ്‌ ടിവി സ്‌ക്രീനില്‍ റീപ്ലേയായി തെളിഞ്ഞത്‌. ആദ്യം അതൊരു തമാശയാണെന്നാണ്‌ കരുതിയത്‌. കമന്റേറ്ററുടെ കരച്ചിലും ഇറ്റാലിയന്‍ കളിക്കാരുടെ വളയലും റഫറിയുടെ പാഞ്ഞടുക്കലും ലൈന്‍ റഫറിയുമായുള്ള ചര്‍ച്ചയും അനിവാര്യമായ ആ ചുവപ്പു കാര്‍ഡും തുടര്‍ന്നു വന്ന ദൃശ്യങ്ങള്‍. അവിശ്വസനീയമായ വേഗതയില്‍ എല്ലാം കഴിഞ്ഞു. ഒറ്റ മിനുട്ടു കൊണ്ട്‌, ഒരു നിലവിളി പോലെ, ഇരുട്ടിലേക്ക്‌ സിദാന്‍ വീണു മറഞ്ഞു. അവസാന പടിയില്‍ വെട്ടേറ്റു വീണ ചാവേറിനെപ്പോലെ. മഹത്വത്തിന്റെ വാതില്‍ അയാള്‍ക്കു മുന്നില്‍ ആരോ വലിച്ചടച്ചു. റഫറിയുടെ ഉയര്‍ത്തിപ്പിടിച്ച കൈകളിലേക്കും ആ ചുവന്ന കാര്‍ഡിലേക്കും മാറി മാറി നോക്കി, തലയും മുഖവും ചേര്‍ത്ത്‌ അമര്‍ത്തിയൊന്നു തുടച്ച്‌, ആം ബാന്‍ഡ്‌ അഴിച്ചു മാറ്റി സാന്യോളിനെ ഏല്‍പ്പിച്ച്‌ സിദാന്‍ പുറത്തേക്കു നടന്നു. പവലിയനു താഴേക്കുള്ള കോണിക്കെട്ടുകളിലൂടെ ഇരുട്ടിലേക്കും വിസ്‌മൃതിയിലേക്കും അയാള്‍ നടന്നു മറഞ്ഞു-ഏകനായി, ദുഖിതനും നിരാശനുമായി... സ്വയം ശപിച്ച്‌.. മഴയുടെ പിന്‍പാട്ട്‌ ഇപ്പോള്‍ ഉച്ചസ്ഥായിയിലുള്ള ഒരു നിലവിളി പോലെ.

മഹത്വത്തിനും അപമാനത്തിനുമിടയിലെ പാലം എത്ര നേര്‍ത്തതാണ്‌! പത്തു മിനുട്ടുകള്‍ ജീവിതത്തില്‍ എത്ര വലിയ കാലയളവാണ്‌! പൂര്‍ണ്ണതയിലേക്കുള്ള വളര്‍ച്ച എത്ര അയഥാര്‍ഥമായ ലക്ഷ്യമാണ്‌! ഒരു ജന്മം കൊണ്ടു താണ്ടിയെത്തിയ ഉയരം മുഴുവന്‍ അയാള്‍ ഒരു നിമിഷം കൊണ്ടില്ലാതാക്കി! ആത്മാവിനെ ചെകുത്താനു വിറ്റ ഷേക്‌സ്‌പീരിയന്‍ ദുരന്ത കഥാപാത്രമായി! നാടകങ്ങളില്‍ മാത്രം കാണാന്‍ സാധിക്കുന്ന നിറക്കൂട്ടുള്ള മെലോഡ്രാമ കലര്‍ന്ന കഥാസന്ദര്‍ഭം! എത്ര കാലം കഴിഞ്ഞാലും അതു മനസ്സില്‍ നിന്നു മായുകയില്ല. ഷേക്‌സ്‌പീരിയന്‍ വില്ലന്മാര്‍ പോലും ഇരുളിന്റെ മറവിലാണ്‌ തെറ്റുകള്‍ ചെയ്യുന്നത്‌. ലോകം മുഴുവന്‍ ഉറ്റുനോക്കിയിരിക്കെ പകല്‍ വെളിച്ചത്തില്‍ സിദാന്‍ തന്റെ ദുരന്തത്തിലേക്കുള്ള വഴി തെരഞ്ഞെടുക്കുന്നു. കോടിക്കണക്കിനു ജനങ്ങള്‍ക്കു മുന്നില്‍ വെച്ച്‌. ഒരു നിമിഷം കൊണ്ട്‌ ശപിക്കപ്പെട്ടവനായി മാറുന്നു. രാജ്യത്തിന്റെ വീരപുത്രന്‍ ഒറ്റുകാരനാവുന്നു. മഹാനായ കലാകാരന്‍ അപമാനിതനായ കുറ്റവാളിയാവുന്നു. ഫുട്‌ബോള്‍ ഏതു നാടകത്തെയും വെല്ലുന്ന നാടകമാണെന്നും ഏതു ജീവിതത്തെയും നിസ്സാരമാക്കുന്ന ജീവിതപാഠമാണെന്നും സിദാന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഏറ്റവും ഹൃദ്യമായ സൗഹൃദത്തിന്റെയും ഉദാത്തമായ പെരുമാറ്റത്തിന്റെയും അരങ്ങാണ്‌ ഫുട്‌ബോളെന്ന്‌ അതിനും രണ്ടു ദിവസം മുമ്പ്‌ കാണിച്ചു തന്നത്‌ ഇതേ സിദാനാണ്‌! പോര്‍ച്ചുഗലുമായുള്ള മത്സരത്തിനു ശേഷം ഫിഗോയുമായി ജേഴ്‌സി കൈമാറിയും അയാളെ ആശ്വസിപ്പിച്ചും നിന്ന സിദാന്‍.
അതേ സിദാനാണ്‌ ഇതെന്നു വിശ്വസിക്കാന്‍ ഇന്നും കഴിയുന്നില്ല. സിദാനെപ്പോലെതന്നെ മഹത്വത്തിലേക്കുള്ള പാതയില്‍ ഒരു ലോകകപ്പ്‌ ഫൈനലിന്റെ ദൂരം മാത്രം സഞ്ചരിക്കാന്‍ ബാക്കിയുണ്ടായിരുന്ന ഫിഗോയെ സെമിയില്‍ തോല്‍പ്പിച്ചു പുറത്താക്കിയതിന്റെ സങ്കടം അന്നത്തെ സിദാന്റെ ചലനങ്ങളില്‍ പോലും ഉണ്ടായിരുന്നു. മാന്യതയുടെയും സൗമ്യതയുടെയും ഫുട്‌ബോളിലെ എല്ലാ മാനുഷികമൂല്യങ്ങളുടെയും മാതൃകയായി ഗ്രൗണ്ടില്‍ അവര്‍ പരസ്‌പരം പുണര്‍ന്നു നിന്ന കാഴ്‌ച ആ ലോകകപ്പിലെ തന്നെ ഏറ്റവും ഹൃദയഹാരിയായ ദൃശ്യമായിരുന്നു. അതേ സിദാനാണ്‌ കലികൊണ്ട മുട്ടനാടിനെപ്പോലെ ഒരു സഹകളിക്കാരനെ കളി നടക്കെത്തന്നെ ഇടിച്ചു താഴെയിട്ടിരിക്കുന്നത്‌! ഒരു സാധാരണ മാച്ചിലല്ല, ലോകകപ്പ്‌ ഫൈനലില്‍. തോറ്റു നില്‍ക്കുന്ന ഒരു കളിയിലല്ല, ജയിച്ചേക്കാവുന്ന അവസ്ഥയില്‍. രാജ്യം മുഴുവന്‍, അല്ല ലോകം മുഴുവന്‍, ഉറ്റു നോക്കുന്ന സമയത്ത്‌. എന്തു കൊണ്ട്‌ സിദാന്‍ അതു ചെയ്‌തു? എന്തിന്‌? അറിയില്ല.

വ്യാഖ്യാനങ്ങള്‍ ഏറെ വന്നു കഴിഞ്ഞു. ഇന്നും സത്യമറിയാവുന്നവര്‍ അവര്‍ -സിദാനും മറ്ററാസിയും- മാത്രം. അവര്‍ തന്നെ വ്യത്യസ്‌തമായാണ്‌ കാര്യങ്ങള്‍ വിശദീകരിച്ചത്‌. അവരുടേതായ ആ രഹസ്യം ഭാഗികമായല്ലാതെ ഒരിക്കലും പുറത്തു വന്നില്ലെന്നും വരാം. അതിന്റെ വീഡിയോ റീപ്ലേകള്‍ ആവര്‍ത്തിച്ചു കണ്ടപ്പോള്‍ ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യം കൂടി മനസ്സില്‍ ഉയര്‍ന്നു വന്നു. എന്തിനു സിദാന്‍ അയാളെ തല കൊണ്ടിടിച്ചു? എന്തു കൊണ്ട്‌ തല? മുട്ടനാടിനെപ്പോലെ പാഞ്ഞു വന്നുള്ള ഇടി! അതും നെഞ്ചില്‍ തന്നെ! കൈയോ കാലോ എന്തു കൊണ്ട്‌ ഉപയോഗിച്ചില്ല?

മാസങ്ങള്‍ കഴിഞ്ഞിട്ടും ആ ചോദ്യം ഉള്ളില്‍ കിടക്കുന്നു. ഉത്തരം കിട്ടാതെ. കളി കണ്ട പലരോടും വെറുതെ ആവര്‍ത്തിച്ചു ചോദിച്ചു. രസകരമായ ഒരു മറുപടി വന്നത്‌ കഥാകൃത്തായ സുഭാഷ്‌ ചന്ദ്രനില്‍ നിന്നായിരുന്നു: തൊട്ടു മുമ്പ്‌ പാഴായിപ്പോയ ഹെഡ്ഡര്‍ അയാളുടെ ഉള്ളില്‍ കിടന്നു കലമ്പല്‍ കൂട്ടിയിരിക്കാമെന്നായിരുന്നു ആ നിരീക്ഷണം. അതു സത്യമായിരിക്കണം. സദാ സ്വയം കലഹിക്കുന്ന ഒരു കലാകാരന്‍ അയാളുടെ പാഴായിപ്പോകുന്ന ഓരോ ശ്രമങ്ങളെപ്രതിയും അസ്വസ്ഥനായിരിക്കും. അയാളിലെ അബോധമായ നിരാശയുടെ വിസ്‌ഫോടനം അതിന്റെ പുനരാവിഷ്‌കാരമായിട്ടേ അപ്പോള്‍ സംഭവിക്കൂ. ആ ശ്രമം ഗോളായി മാറിയിരുന്നെങ്കില്‍ ഒരു പക്ഷെ ഇതേ വാക്കുകള്‍ അദ്ദേഹത്തെ ഇതേ അളവില്‍ പ്രകോപിപ്പിക്കുമായിരുന്നില്ല. ഇതേ മറ്ററാസിയുടെ ഹെഡ്ഡറിലാണ്‌ തന്റെ കലാപരമായ പെനാല്‍ട്ടി നിര്‍വീര്യമായിപ്പോയതെന്ന ശത്രുതയും അയാളുടെ ഉള്ളിന്റെ ഉള്ളില്‍ ഉണ്ടായിരുന്നിരിക്കുമോ? എന്തോ, അറിയില്ല. അയാളുടെ തലയില്‍ കൊമ്പുണ്ടായിരുന്നില്ല എന്നതില്‍ നമുക്കാശ്വസിക്കുക എന്നും സുഭാഷ്‌ പറഞ്ഞു. അതു കേട്ടപ്പോള്‍ ഒന്നു ഞെട്ടി. ദൈവമേ! കപ്പേറ്റു വാങ്ങേണ്ട കൈകളില്‍ വിലങ്ങുമായി ലോകത്തെ കോടിക്കണക്കിനു പ്രേക്ഷകര്‍ക്കു മുന്നിലൂടെ അയാള്‍ നടന്നകലുന്നതു നമുക്കു കാണേണ്ടി വന്നില്ലല്ലോ.

മറ്റൊരു കഥാകൃത്ത്‌, കെ.രഘുനാഥന്‍, ആ കളി കാണുമ്പോള്‍ കൂടെ ഉണ്ടായിരുന്നു. ലോകം മുഴുവന്‍ കാണ്‍കെ സിദാന്‍ അതു ചെയ്‌തതിനെക്കുറിച്ച്‌ രഘുവിന്‌ മറ്റൊരു വിശദീകരണം ഉണ്ടായിരുന്നു: `ലോകം മുഴുവന്‍ തുറിച്ചു നോക്കുന്നു, രാജ്യം മുഴുവന്‍ കാത്തിരിക്കുന്നു, നിയമങ്ങള്‍ ചുറ്റും വളഞ്ഞു നില്‍ക്കുന്നു തുടങ്ങിയ കാര്യങ്ങള്‍, നമുക്കു വലുതെന്നു തോന്നുന്ന കാര്യങ്ങള്‍ മാത്രമാണ്‌. ഗ്രൗണ്ടില്‍ നില്‍ക്കുന്നവന്‌ അതൊന്നും ബാധകമല്ല. അവന്‍ വേറെ ഒരു ലോകത്താണ്‌. അവന്റെ മാത്രം ലോകം. ജയത്തില്‍ കുറഞ്ഞ ഒന്നും അവനെ ഉത്തേജിപ്പിക്കുന്നില്ല. സിദാനാകട്ടെ, വെറും കളിക്കാരനല്ല. അയാളിലെ കളിക്കാരന്‍ കലാകാരനെപ്പോലെയാണ്‌. അസ്വസ്ഥനും അക്രമാസക്തനുമാണ്‌. കാരണം, അയാള്‍ സൃഷ്ടിയുടെ ലോകത്താണ്‌. അവിടെ അയാള്‍ ഏകനാണ്‌. ഒരു ലൗകികനിയമങ്ങളും ആ നിമിഷങ്ങളില്‍ അയാള്‍ക്കു ബാധകമല്ല. അതിനെപ്രതി, അയാള്‍ ഒരിക്കലും പശ്ചാത്തപിക്കുകയുമില്ല`. - രഘുവിന്റെ നിരീക്ഷണവും ശരിയായിരിക്കണം. സിദാന്‍ ഫ്രഞ്ച്‌ ടി വിയിലൂടെ രാജ്യത്തോടു മാപ്പു ചോദിച്ചത്‌ അവരുടെ പ്രതീക്ഷകളെ തകര്‍ത്തതിനും കുട്ടികള്‍ക്ക്‌ മോശമായ മാതൃക സൃഷ്ടിച്ചതിനും മാത്രമായിരുന്നു. മറ്ററാസിയെ ഇടിച്ചതു തെറ്റായിപ്പോയെന്ന്‌ അയാള്‍ പറഞ്ഞതേയില്ല. കലാകാരന്മാര്‍ക്കേ കലാകാരന്മാരുടെ നൈമിഷികമായ വികാരവിക്ഷോഭങ്ങളെ മനസ്സിലാക്കാന്‍ കഴിയൂ!


ഫുട്‌ബോളിന്റെ ലോകം പക്ഷെ, അവരുടെ ലോകമല്ല. പരുക്കന്മാരായ കളിക്കാരുടേയും വിജയദാഹികളായ മാനേജര്‍മാരുടെയും നിര്‍ദ്ദയമായ ടാക്ലിങ്ങുകളുടെയും മുരടനായ ഒരു റഫറിയുടെയും ആ ലോകത്ത്‌ കലാകാരനായി തുടരാന്‍ ഒരു കളിക്കാരന്‌ കഴിയണമെന്നില്ല. അയാളിലെ കലാകാരനെ ലോകം ഉള്‍ക്കൊള്ളണമെന്നുമില്ല. ഒന്നുകില്‍ അയാള്‍ ഭ്രാന്തനാകും. അല്ലെങ്കില്‍ സ്വയം ഇരയാകും. മാറഡോണയെ നിഷ്‌ഠുരമായി കമറൂണ്‍ താരങ്ങള്‍ വേട്ടയാടിയ 90ലെ ലോകകപ്പില്‍ ഒരു റഫറിയും അയാളെ സഹായിക്കാന്‍ ഉണ്ടായില്ല. പീഡനങ്ങളുടെ പാരമ്യത്തില്‍ മാറഡോണ എത്തിച്ചേര്‍ന്ന ഇരുണ്ട ലോകം ഉന്മാദത്തോളമെത്തുന്ന ആത്മപീഡനത്തിന്റേതായിരുന്നു. സിദാനാകട്ടെ അതിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ സ്വയം ഇരയായി. നിയമങ്ങള്‍ ലംഘിച്ച ആ കലാകാരന്‍ ഫുട്‌ബോളിന്റെ പരമപദത്തിലേക്ക്‌ ഒരു ചുവടു മാത്രം ബാക്കി നില്‍ക്കെ ഇരുട്ടിലേക്ക്‌ സ്വയം തള്ളിയിട്ടു. വരച്ച ചിത്രം നശിപ്പിച്ചുകളയുന്ന ചിത്രകാരനെപ്പോലെ, എഴുതിയ വരികള്‍ കീറി കാറ്റില്‍ പറത്തുന്ന കവിയെപ്പോലെ, ഒരു കലാകാരനു മാത്രം കഴിയുന്ന സ്വയംഹത്യയാണ്‌ സിദാനും ചെയ്‌തത്‌. അതില്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷകള്‍ കൂടി തകര്‍ത്തു എന്ന അധികമാനം കൂടി ഉള്‍ച്ചേര്‍ന്നിരിക്കുന്നതിനാല്‍ അത്‌ ആത്മഹത്യ മാത്രമല്ല, ഒരു തരത്തില്‍ കൊലപാതകം കൂടിയായി! ആ കുറ്റവും അയാള്‍ ശിരസ്സില്‍ പേറി. വ്യാഖ്യാനമില്ലാത്ത വേദനയോടെ. ഒരു പക്ഷെ, അയാള്‍ക്കു പോലുമറിയാത്ത കാരണങ്ങള്‍ കൊണ്ട്‌.

അതു ലോകനീതിയായിരിക്കാം. പൂര്‍ണത മനുഷ്യനു പറഞ്ഞിട്ടുളളതല്ല. അതു ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണെന്നു വിശ്വസിക്കുന്നവനാണ്‌ മനുഷ്യന്‍. ഫുട്‌ബോളിന്റെ ദൈവവും, അങ്ങിനെ ഒരാള്‍ ഉണ്ടെങ്കില്‍, അങ്ങിനെ സ്വയം വിശ്വസിക്കുന്നുണ്ടാവാം. അതാവാം തന്റെ സിംഹാസനത്തിനു തൊട്ടു താഴെ വരെയെത്തിയ സിദാനെ, ബാബേല്‍ ഗോപുരം പണിതിരുന്നവരെയെന്നപോലെ, അദ്ദേഹം ശപിച്ചത്‌. ഒരു മനുഷ്യായുസ്സു കൊണ്ട്‌ കെട്ടിപ്പൊക്കിയ ആ സ്വര്‍ഗ്ഗഗോപുരം ഒറ്റ ശാപവാക്കു കൊണ്ട്‌ തകര്‍ത്തെറിഞ്ഞത്‌. ദൈവങ്ങള്‍ക്കു പോലും അസൂയ തോന്നുന്നതായിരുന്നുവല്ലോ ആ നിര്‍മ്മിതി.

വീണ്ടുമൊരു ജൂണ്‍ മാസം. മഴക്കാലം. ലോകകപ്പില്ല. പക്ഷെ കണ്ണീരായി, വിഷാദരാഗങ്ങളായി സിദാന്റെ ഓര്‍മ്മകള്‍ പെയ്‌തു കൊണ്ടേയിരിക്കുന്നു. ഓര്‍ക്കാന്‍ എത്രയോ നല്ല മത്സരങ്ങളും മുഹൂര്‍ത്തങ്ങളും സമ്മാനിച്ചു കൊടിയിറങ്ങിയ ലോകകപ്പ്‌ പക്ഷെ അവസാനത്തെ പത്തു മിനുട്ടു കൊണ്ട്‌ അതു പകര്‍ന്ന മറ്റെല്ലാ ആനന്ദങ്ങളെയും പുറകോട്ടു തള്ളി! ഓര്‍മ്മയില്‍ ബാക്കിയാവുന്നത്‌ സിദാന്റെ ഇരുട്ടിലേക്കുള്ള വീഴ്‌ചയും ശബ്ദമില്ലാത്ത നിലവിളിയും ഒരു കലാകാരന്റെ വ്യാഖ്യാനമില്ലാത്ത ആത്മഹത്യയും മാത്രം....
*******

Previous Posts:
കുടിപ്പകയുടെ നാള്‍വഴികള്‍
ഒന്നാമനാവാന്‍ ഒരു നൂറ്റാണ്ടു യുദ്ധം
ഒരേ നിറമുള്ള പൂക്കള്‍
കളിയോര്‍മ്മകളിലെ പൂമരങ്ങള്‍
അവസാനത്തെ റൈറ്റ്‌-ഔട്ട്‌
ടൂര്‍ണമെന്റുകളല്ല വേണ്ടത്‌ Read more...

Thursday, June 07, 2007

കുടിപ്പകയുടെ നാള്‍വഴികള്‍

നൂറ്റാണ്ടുയുദ്ധം -ഭാഗം 2ബ്രസീലിന്‌ അടിമകളുടേയും അര്‍ജന്റീനക്ക്‌ പടയോട്ടക്കാരുടേയും പൈതൃകമാണുള്ളതെന്നു പറയാറുണ്ട്‌. നൂറ്റാണ്ടു നീണ്ട അവരുടെ ഫുട്‌ബോള്‍ വൈരത്തിലും അതിന്റെ നിഴല്‍പ്പാടുകള്‍ വീണു കിടപ്പുണ്ട്‌. പോര്‍ച്ചുഗീസ്‌-സ്‌്‌പാനിഷ്‌ ശത്രുതയുടെ വറ്റാത്ത ചോരച്ചാലുകള്‍ നൂറ്റാണ്ടുകള്‍ക്കു ശേഷവും അവരുടെ ഞരമ്പുകളില്‍ പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു.

പരസ്‌പരം അസഹിഷ്‌ണുക്കളായ, കറുത്തവരും വെളുത്തവരുമായ ഈ രണ്ടു ജനതക്ക്‌്‌ ഒറ്റ കാര്യത്തിലേ യോജിപ്പുണ്ടായിരുന്നുള്ളൂ. ഫുട്‌ബോളിനോടുള്ള പ്രേമത്തില്‍. ഫുട്‌ബോള്‍ അവരുടെ മതവും ഭാഷയും ആയുധവുമായിരുന്നു. രണ്ടിടത്തും ഫുട്‌ബോള്‍ കൊണ്ടുവന്നത്‌ യൂറോപ്പുകാരാണെങ്കിലും കളിയുടെ വളര്‍ച്ച രണ്ടു തരത്തിലാണ്‌ സംഭവിച്ചത്‌്‌. ബ്രസീല്‍ അതിനെ ആത്മാവില്‍ സ്വാംശീകരിച്ചു. അര്‍ജന്റീന ഹൃദയത്തിലും. ഒന്നു ജീവിതമായിരുന്നു, മറ്റേതു യുദ്ധവും. ബ്രസീലില്‍ ഫുട്‌ബോള്‍ പാവപ്പെട്ടവന്റെ ആത്മപ്രകാശനമായി മാറി. അര്‍ജന്റീനയില്‍ ഉപരിവര്‍ഗം അതിന്മേലുള്ള പിടി തുടര്‍ന്നു. ഒരു കളി ജയിക്കുന്നത്‌ ബ്രസീലുകാരന്‌്‌്‌്‌ സ്വാതന്ത്ര്യത്തിലേക്കുള്ള വാതില്‍ തുറക്കലായിരുന്നു. അര്‍ജന്റീനയില്‍ കളി ഒരു വിനോദമായി തന്നെ നിലനിന്നു. യജമാനന്മാര്‍ തമ്മിലുള്ള കുടിപ്പകകള്‍ കളിക്കളങ്ങളിലെ പ്രകടനത്തിലൂടെ തീര്‍ത്തുകൊടുക്കുന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ താരത്തിന്‌ അടിമപ്പണിയില്‍ നിന്നു മോചനവും സമ്മാനങ്ങളും ലഭിക്കുമായിരുന്നു. 'ദൈവം ബ്രസീലുകാരനാ'ണെന്ന ശൈലി അതിനുള്ള നന്ദിപ്രകാശനമായിട്ടാണ്‌ അവിടെ രൂപപ്പെട്ടു വന്നത്‌. എന്നാല്‍ ഓരോ ജയവും തങ്ങള്‍ അര്‍ഹിക്കുന്നതാണെന്ന, ആത്മവിശ്വാസം നിറഞ്ഞ, യൂറോപ്യന്‍ കാഴ്‌ചപ്പാടായിരുന്നു അര്‍ജന്റീനക്കാര്‍ക്ക്‌. 'ദൈവത്തിന്റെ കൈ' അതില്‍ ഉണ്ടാവാമെന്നു മാത്രം.

സ്വാതന്ത്ര്യം അന്വേഷിച്ചു പോകുന്നവന്റേയും കീഴടക്കാന്‍ ഭൂഖണ്ഡങ്ങള്‍ തേടിപ്പോകുന്നവന്റേയും ഏറ്റുമുട്ടലിന്റെ കഥയായി തുടങ്ങിയ ആ പോരാട്ടം ഇന്നും തുടരുന്നു. കാലത്തിന്റെ യാത്രയില്‍ അതിനു മാറ്റങ്ങള്‍ വന്നു. ഗോത്രവൈരത്തിന്റെ പഴയ ചില കൊടിയടയാളങ്ങള്‍ ബാക്കിയാക്കിക്കൊണ്ട്‌ അതു നിലനില്‍ക്കുന്നുണ്ടെങ്കിലും അതിരുകള്‍ മാഞ്ഞ്‌ ഒരു ആഗോളഗ്രാമമായി ചുരുങ്ങിയ സമകാലലോകത്ത്‌ ഇന്ന്‌ പഴയ തീവ്രതയൊന്നും അതിനില്ല. നൂറ്റാണ്ടു നീണ്ട ഒരു കുടിപ്പകയുടെ അടിവേരുകള്‍ അന്വേഷിച്ചു പോകുമ്പോള്‍ പക്ഷെ, ഈ വൈരുദ്ധ്യത്തിന്റെ മുറിവുകള്‍ ഉടനീളം നമുക്കു കാണാം.

എന്നെന്നും എതിരാളികള്‍

ലോകഫുട്‌ബോളിലെ ഒന്നാം സ്ഥാനത്തിന്‌ മല്‍സരിക്കുന്നവരില്‍ ഒരു ടീം എക്കാലവും ബ്രസീലായിരുന്നു. മറുവശത്ത്‌ എതിരാളികള്‍ മാറി മാറി വന്നു. 1950കള്‍ വരെ ഉറുഗ്വായ്‌്‌, 1970കളില്‍ ജര്‍മ്മനിയും ഹോളണ്ടും, 1980കളില്‍ ഇറ്റലി, പിന്നീടൊരല്‍പ്പകാലം ഫ്രാന്‍സ്‌്‌.. അങ്ങിനെ പലരും. അവരിലാര്‍ക്കും ബ്രസീലിന്‌ ദീര്‍ഘകാലം വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ വൈരുധ്യമെന്നു തോന്നാം, സ്വന്തം ഭൂഖണ്ഡമായ തെക്കെ അമേരിക്കയില്‍ ഈ മേധാവിത്തം അവര്‍ക്കുണ്ടായിട്ടില്ല. നൂറ്റാണ്ടു നീണ്ട അവരുടെ ജൈത്രയാത്രയില്‍ അര്‍ജന്റീനയായിരുന്നു അവിടെ എതിരാളി. അനൗദ്യോഗികവും ഔദ്യോഗികവുമായ എല്ലാ മല്‍സരങ്ങളും ചേര്‍ത്തുവെച്ചാല്‍ ഇവരുടെ റെക്കോഡ്‌ ഇപ്പോഴും ഏറെക്കുറെ സമാസമം നില്‍ക്കുന്നതു കാണാം. മറ്റൊരു ടീമിനും ബ്രസീലിനെതിരെ ഇത്ര ഭേദപ്പെട്ട റെക്കോഡ്‌ ഇല്ല.

ബ്രസീലിന്റെ ആദ്യ അന്താരാഷ്ട്രമത്സരം തന്നെ അര്‍ജന്റീനയോടായിരുന്നു. അതും തോല്‍വിയോടെ. 1914 സെപ്‌തംബര്‍ 20ന്‌്‌. അതിനും 13 വര്‍ഷം മുമ്പ്‌്‌, 1901 മെയ്‌ 16ന്‌ അര്‍ജന്റീന അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറിക്കഴിഞ്ഞിരുന്നു. അങ്ങിനെ ഞങ്ങളാണ്‌ ഈ കളി ആദ്യം കളിച്ചു തുടങ്ങിയതെന്ന വീരവാദവും അര്‍ജന്റീനക്കുണ്ട്‌. (ബ്രസീലിനെ നേരിടും മുമ്പ്‌ 44 അന്താരാഷ്ട്ര മത്സരങ്ങള്‍ ഉറുഗ്വായുമായി മാത്രം അവര്‍ കളിച്ചു കഴിഞ്ഞു). ഇതുവരെ നേരിട്ട ഏറ്റവും വലിയ തോല്‍വി(6-1) കളിലൊന്ന്‌ അര്‍ജന്റീനയില്‍ നിന്നാണെന്നതും തീര്‍ക്കാനുള്ള കണക്കായി ബ്രസീലിന്റെ റെക്കോഡുപുസ്‌തകത്തില്‍ ബാക്കി നില്‍ക്കുന്നു. ഇവര്‍ തമ്മിലുള്ള ഓരോ മാച്ചിലും ചെയ്‌തു തീര്‍ക്കാനാവാത്ത യുദ്ധങ്ങളുടെ തീയും പുകയും നിറഞ്ഞു നിന്നിരുന്നത്‌ ഇതൊക്കെ കൊണ്ടാവണം.

തുടക്കം സൗഹൃദ പൂര്‍ണ്ണം

ഈ ശത്രുതയുടെ തുടക്കം തീവ്രമായ സൗഹൃദത്തോടെയായിരുന്നു എന്നതാണ്‌ കൗതുകം. തെക്കേ അമേരിക്കന്‍ ഫുട്‌ബോളിന്റെ കുലപതിയായിരുന്ന ലഫ്‌റ്റനന്റ്‌ ജൂലിയോ റോക്ക തുടങ്ങിവെച്ച റോക്ക കപ്പില്‍ കളിക്കാനാണ്‌ ബ്രസീല്‍ ആദ്യമായി അര്‍ജന്റീനയില്‍ എത്തുന്നത്‌. സ്‌നേഹാദരങ്ങളോടെ, പൂക്കള്‍ സമ്മാനിച്ചാണ്‌ അവരെ എതിരാളികള്‍ വരവേറ്റത്‌. 1914 സപ്‌തംബര്‍ 20നു നടന്ന ആ മത്സരത്തില്‍ പക്‌ഷെ ബ്രസീല്‍ തോറ്റു. 3-1. അതൊരു സൗഹൃദമത്സരം മാത്രമായിരുന്നു. 27ാം തീയതി റോക്ക കപ്പില്‍ വീണ്ടും അവര്‍ ഏറ്റുമുട്ടി. ലാ പ്ലാറ്റയിലെ ജിംനേഷ്യം ഗ്രൗണ്ടിലായിരുന്നു കളി. 30 മീറ്റര്‍ ദൂരെ നിന്നു റൂബന്‍ സാലാസ്‌ തൊടുത്ത ഷോട്ടില്‍ ബ്രസീലാണ്‌ ലീഡെടുത്തത്‌. രണ്ടാം പകുതിയില്‍ അര്‍ജന്റൈന്‍ താരം ലിയോനാര്‍ഡി ഗോള്‍ മടക്കി. ബ്രസീലിയന്‍ റഫറി ഡോ. ആല്‍ബര്‍ട്ടോ ബോഗ്‌രേത്‌ ഗോള്‍ എന്നു വിധിക്കുകയും ചെയ്‌തു. പക്ഷെ, പന്തു വര കടക്കും മുമ്പ്‌ ലിയോനാര്‍ഡിയുടെ കൈയില്‍ കൊണ്ടിരുന്നുവെന്നും, അതുകൊണ്ട്‌ ഞങ്ങള്‍ക്കീ ഗോള്‍ വേണ്ടെന്നും അര്‍ജന്റൈന്‍ ക്യാപ്‌റ്റന്‍ ഗാലപ്‌ ലാനൂസ്‌ റഫറിയോടു പറഞ്ഞു. കളി തീര്‍ന്നപ്പോള്‍ ആയിരക്കണക്കിനു കാണികള്‍ ഗ്രൗണ്ടിലേക്കിരച്ചു കയറി ഇരു ടീമുകളെയും അഭിനന്ദനങ്ങള്‍ കൊണ്ടു മൂടി. ഇത്ര മികച്ച സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ്‌ കാഴ്‌ച വെച്ചതിനായിരുന്നു അഭിനന്ദനം.

ചോര മണക്കുന്നു

1937 ജനുവരി 31. ക്രുസെയ്‌റോ റേഡിയോവില്‍ ബ്രസീല്‍ ക്യാപ്‌റ്റന്‍ റോബര്‍ട്ടോവിന്റെ ശബ്ദം മുഴങ്ങി. അവസാന തുള്ളി രക്തം വരെയും ഞങ്ങള്‍ പൊരുതും. ദേശീയ പതാകയുടെ ചുവട്ടില്‍ നിന്ന്‌ കോച്ച്‌ അഡമീര്‍ പിമെന്റോ കുട്ടികളോടു പറഞ്ഞു, ഇത്‌ രാജ്യത്തിന്റെ അഭിമാനപ്രശ്‌നമാണ്‌. നമുക്കു ജയിച്ചേ തീരൂ.

സൗഹാര്‍ദ്ദത്തിന്റേയും സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റിന്റേയും ഉദാത്ത മാതൃകയായി തുടങ്ങിയ അവരുടെ കളി ഇരുപതു കൊല്ലം കഴിയുമ്പോഴേക്കും യുദ്ധമായിക്കഴിഞ്ഞതിന്റെ ശബ്ദമാണ്‌ ഈ കേട്ടത്‌. മാറ്റം ഇരു രാജ്യങ്ങളിലും വന്നിരുന്നു. അര്‍ജന്റീന ധനികരാജ്യമായിക്കഴിഞ്ഞിരുന്നു. രണ്ടിടത്തും പട്ടാളഭരണകൂടങ്ങള്‍ ദേശീയത വലിയൊരായുധമായി ഉയര്‍ത്തിക്കൊണ്ടു വന്നു. പരസ്‌പരം വെറുപ്പും ശത്രുതയും രഹസ്യമായി പ്രചരിപ്പിക്കപ്പെട്ടു. അതു വളര്‍ന്നു വളര്‍ന്നു വന്നു. രണ്ടു പതിറ്റാണ്ടു കൊണ്ട്‌ എല്ലാം മാറിപ്പോയി. അര്‍ജന്റീനയില്‍ വന്നിറങ്ങിയ ബ്രസീലുകാരെ ഇക്കുറി വരവേറ്റത്‌ സൗഹൃദത്തിന്റെ റോസാപ്പൂക്കളായിരുന്നില്ല. കുരങ്ങന്‍മാര്‍ എന്ന വിളികളായിരുന്നു. തെരുവിലും ഗ്യാലറിയിലും അവരെ പുറകെ നടന്നു കൂവി ജനം. റിയോ ഡി ജനീറോവില്‍ വൈദ്യുതി വന്നുവോ ടെലിഫോണ്‍ കിട്ടുമോ എെന്നാക്കെയായിരുന്നു ചോദ്യങ്ങള്‍. ബ്യൂണസ്‌ ഐറിസ്‌ അന്നേക്കു തന്നെ എല്ലാം തികഞ്ഞ ഒരു യൂറോപ്യന്‍ നഗരമായി തീര്‍ന്നിരുന്നു. ജനങ്ങള്‍ ആധുനികരും. റിയോ അപ്പോഴും പട്ടിണിയുടെയും ചേരികളുടെയും അപരിഷ്‌കൃതരുടെയും നഗരമായി തുടര്‍ന്നു.

ഇതിനകം പതിനെട്ടു വട്ടം കളിക്കളത്തില്‍ ഇവര്‍ ഏറ്റുമുട്ടിക്കഴിഞ്ഞിരുന്നു. അതില്‍ പതിനൊന്നും ജയിച്ചത്‌ അര്‍ജന്റീന. ജയം ഇരു രാജ്യങ്ങള്‍ക്കും അഭിമാനപ്രശ്‌നമായിത്തുടങ്ങി. വീരവാദങ്ങള്‍ മുഴക്കിയാണ്‌ ഇരു ടീമുകളും കളിക്കാന്‍ ഇറങ്ങിയത്‌. കളി തീര്‍ന്നപ്പോള്‍ ബ്രസീല്‍ പിന്നെയും തോറ്റു. ഒന്നാം പകുതി ശരിക്കും യുദ്ധമായിരുന്നു. ബാര്‍ട്ടോവിനു പരിക്കേറ്റു. ജോവിന്റെ ചുമല്‍ തകര്‍ന്നു. ഇടവേളക്കു ശേഷം അര്‍ജന്റീന തുടരെ തുടരെ രണ്ടു ഗോളടിച്ചപ്പോള്‍ കളി കൂടുതല്‍ സംഘര്‍ഷഭരിതമായി. അതിലൊരു ഗോള്‍ ബ്രസീല്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. സെന്റ്‌ ലൊറന്‍സോ സ്‌റ്റേഡിയത്തിലെ സുരക്ഷാസ്ഥിതിയും വഷളായപ്പോള്‍ ബ്രസീല്‍ കളിക്കാര്‍ മൈതാനം വിട്ടു. ക്യാമ്പില്‍ നിന്നു ഓടിപ്പോകാനും കളിക്കാര്‍ ശ്രമിച്ചു. എന്നാല്‍ ഡ്രസ്സിങ്‌ റൂം പൂട്ടി സംഘാടകര്‍ പകരം വീട്ടി. വര്‍ഷങ്ങളോളം നാണക്കേടിന്റെ കളി എന്നാണ്‌ ഈ മത്സരത്തെ ബ്രസീല്‍ മീഡിയ വിശേഷിപ്പിച്ചിരുന്നത്‌. ബ്രസീല്‍-അര്‍ജന്റീന ഫുട്‌ബോള്‍ ബന്ധങ്ങളില്‍ കഠിനമായ ഉലച്ചില്‍ സംഭവിക്കുന്നത്‌്‌ ഈ മല്‍സരത്തോടെയാണ്‌.

ഗോള്‍കീപ്പറില്ലാത്ത പെനാല്‍ട്ടി

ബ്രസീലില്‍ ആ തോല്‍വിയുടെ മുറിവുണങ്ങിയില്ല. പ്രതികാരദാഹവുമായി അവര്‍ കാത്തിരുന്നു. അടുത്ത ഊഴത്തിനായി..

1939 ജനുവരി 15. റോക്കാ കപ്പില്‍ അവരുടെ അടുത്ത മല്‍സരം കുറിക്കപ്പെട്ടു. 1938 ലോകകപ്പിലെ മൂന്നാം സ്ഥാനവുമായി വന്ന ബ്രസീല്‍ അപാരമായ ആത്മവിശ്വാസത്തിലായിരുന്നു. അതവരുടെ ചരിത്രത്തിലെ മികച്ച ടീമുകളിലൊന്നായിരുന്നു. ലിയോണിദാസ്‌, ടിം, ഹെര്‍ക്കുലീസ്‌, ലൂസീന്യോ, ഡൊമിംഗോസ്‌്‌, റോമിയോ, മച്ചാഡോ, ബ്രന്‍ഡാവോ, തുടങ്ങിയവര്‍ ഉള്‍പ്പെട്ട ആ നിരയില്‍ ബ്രസീലിനു വലിയ വിശ്വാസമായിരുന്നു. അങ്ങിനെയാണ്‌ വീണ്ടും അങ്കം കുറിച്ചത്‌.

ഒടുവില്‍ മത്സരദിവസം വന്നു. ബ്രസീലില്‍ വെച്ചായിരുന്നു കളി. സ്വന്തം ഗ്രൗണ്ടില്‍ അര്‍ജന്റീനയെ തകര്‍ക്കുന്നതു കാണാന്‍ സാവോ ജനീറോവില്‍ ഒരു ലക്ഷത്തിലധികം പേരാണ്‌ തടിച്ചു കൂടിയത്‌. കളി കഴിഞ്ഞപ്പോള്‍ ബ്രസീല്‍ 5-1നു തോറ്റു. അവരുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട തോല്‍വികളിലൊന്ന്‌.

ആറു ദിവസത്തിനകം ഒരു മാച്ചു കൂടി വെച്ചു. റിട്ടേണ്‍ മാച്ചിന്റെ വേദി വാസ്‌കോ ഡ ഗാമയായിരുന്നു. രണ്ടു ടീമുകളും പൂര്‍വാധികം വാശിയോടെ ഗ്രൗണ്ടിലിറങ്ങി. ആദ്യം ഗോളടിച്ചതു ബ്രസീലായിരുന്നു. അര്‍ജന്റീന അതു 2-1 ആക്കി. വീണ്ടും ബ്രസീല്‍ സമനില പിടിച്ചു. കളി തീരാന്‍ മിനുട്ടുകള്‍ ശേഷിക്കെ, റഫറി കാര്‍ലോസ്‌ ഹണ്ടര്‍ ബ്രസീലിന്‌ അനുകൂലമായി ഒരു പെനാല്‍ട്ടി വിധിച്ചു. അതു പെനാല്‍ട്ടിയല്ലെന്നായി അര്‍ജന്റീന. കളി സ്‌്‌തംഭിച്ചു. വിവാദം മൂത്തു. അതിനിടെ അര്‍ജന്റൈന്‍ താരം അര്‍കാഡിയോ ലോപ്പസ്‌ റഫറിയെ ആക്രമിച്ചു. റഫറി പോലീസിനെ വിളിച്ചു. കളി കാര്യമായതോടെ അര്‍ജന്റീന ഗ്രൗണ്ട്‌ വിട്ടു.

ഗോള്‍കീപ്പറില്ലാത്ത പോസ്‌റ്റില്‍ ഗോളടിപ്പിച്ച്‌്‌ റഫറി കളി ബ്രസീലിന്‌ അനുകൂലമായി വിധിച്ചു. ഈ മല്‍സരത്തിന്റെ ഫലം അര്‍ജന്റീന ഇന്നും അംഗീകരിച്ചിട്ടില്ല.

ചവുട്ടിയൊടിച്ച കാലുകള്‍

ഒരു കൊല്ലത്തിനകം ബ്രസീല്‍ രണ്ടു വട്ടം കൂടി തോറ്റു. രണ്ടും അവരുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികള്‍. 6-1നും 5-1നും. റോക്ക കപ്പിലായിരുന്നു രണ്ടു തോല്‍വികളും. പകരം വീട്ടാനാവാതെ ബ്രസീലിലെ കളിക്കാരും കാണികളും അസ്വസ്ഥരായി. ഓരോ തവണ വെല്ലുവിളിക്കുമ്പോഴും തോല്‍വിയുടെ കനം കൂടുകയല്ലാതെ കുറയുന്നില്ല.

ആറു വര്‍ഷം കടന്നുപോയി. 1945 ഡിസംബറില്‍ റോക്ക കപ്പ്‌ വീണ്ടും റിയോ ഡി ജനീറോവില്‍ മടങ്ങിയെത്തി. പോരാട്ടത്തിനു നാളും തീയതിയും കുറിക്കപ്പെട്ടു. ആദ്യ മാച്ച്‌ ഡിസംബര്‍ 20നും റിട്ടേണ്‍ മാച്ച്‌ 26നുമായിരുന്നു. ഇത്തവണ ബ്രസീല്‍ പകരം വീട്ടി. അര്‍ജന്റീനക്കെതിരായ ഏറ്റവും ആധികാരിക ജയങ്ങള്‍ അവര്‍ കണ്ടെത്തി. 6-2, 3-1. പക്ഷെ വിവാദവും വിദ്വേഷവും കൊണ്ട്‌ കലുഷിതമായിരുന്നു ഈ മാച്ചുകളും.

6-2ന്‌ ബ്രസീല്‍ ജയിച്ച മാച്ചിലായിരുന്നു ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുടെ തുടക്കം. രണ്ടു ഗോളടിച്ച ബ്രസീലിന്റെ അഡമീര്‍ മെനസിസ്‌ അര്‍ജന്റൈന്‍ താരം ബൊട്ടഗ്‌ലീറോയുടെ കാല്‍ ചവുട്ടി ഒടിച്ചു. റഫറി അതവഗണിച്ചു. സത്യത്തില്‍ അഡമീറായിരുന്നില്ല പ്രതി. സിസ്സെ, ചീക്കോ എന്നീ രണ്ടു മിഡ്‌ഫീല്‍ഡര്‍മാരായിരുന്നു. എതിരാളികളെ ചവുട്ടിയൊതുക്കാന്‍ പ്രത്യേകം ചട്ടം കെട്ടിയാണ്‌ അവരെ കോച്ച്‌ ഫ്‌ളാവിയോ കോസ്‌റ്റ ഗ്രൗണ്ടിലേക്കയച്ചിരുന്നത്‌. ബ്രസീല്‍-അര്‍ജന്റീന ഫുട്‌ബോള്‍ ചരിത്രത്തിലെ ബോഡിലൈന്‍ സീരീസായിട്ടാണ്‌ അതറിയപ്പെടുന്നത്‌. അര്‍ജന്റീനക്ക്‌ അന്ന്‌ അവരുടെ കളി പുറത്തെടുക്കാന്‍ പോലും കഴിഞ്ഞില്ല. മിക്കവരും പരിക്കേറ്റു മുടന്തിയാണ്‌ കളി പൂര്‍ത്തിയാക്കിയത്‌. റിട്ടേണ്‍ മാച്ചിലും സിസ്സെ-ചീക്കോ ജോടി അര്‍ജന്റീനയെ ചവുട്ടിയരച്ചു. 3-1ന്‌്‌ കളി ബ്രസീല്‍ ജയിക്കുകയും ചെയ്‌തു.

പ്രതികാരത്തിന്റെ തിരക്കഥ

അതൊരു പ്രതികാര പരമ്പരയുടെ തുടക്കമായിരുന്നു. അര്‍ജന്റീനയില്‍ അതു വലിയ കോലാഹലം സൃഷ്ടിച്ചു. അവര്‍ അവസരം പാര്‍ത്തിരുന്നു. രണ്ടു മാസം കഴിഞ്ഞപ്പോള്‍ അമേരിക്കന്‍ കപ്പിന്‌ (ഇന്നത്തെ കോപ്പ അമേരിക്ക) ബ്രസീല്‍ ബ്യൂണസ്‌ ഐറിസിലെത്തി. പ്രതീക്ഷിച്ചപോലെ ഫൈനലില്‍ ബ്രസീലിനെത്തന്നെ അവര്‍ക്ക്‌ എതിരാളികളായി കിട്ടുകയും ചെയ്‌തു.

അര്‍ജന്റീന ഇളകി മറിഞ്ഞു. പ്രതികാരത്തിനു സമയമായി എന്ന മട്ടിലുള്ള വാര്‍ത്തകളാണ്‌ മാധ്യമങ്ങള്‍ നല്‍കിയത്‌. പത്രങ്ങളായ പത്രങ്ങളൊക്കെ കാലൊടിഞ്ഞു കിടക്കുന്ന ബൊട്ടഗ്‌ലീറോയുടെ ചിത്രവും കഥകളും. തെരുവിലെങ്ങും ബ്രസീലിനെതിരെ ജാഥകള്‍. ഒരു അര്‍ജന്റൈന്‍ ആരാധകന്‍ ചീക്കോവിനോടു പറഞ്ഞു, ഇന്നു കളിച്ചാല്‍ നീ പിന്നെ ജീവിക്കില്ല. ഉറുഗ്വായില്‍ ജനിച്ചു വളര്‍ന്ന അര്‍ജന്റൈന്‍ വംശജനായ ചീക്കോ പറഞ്ഞ മറുപടി എങ്കില്‍ ഇന്നു കൂടി എനിക്കു ജീവിച്ചാല്‍ മതി എന്നാണ്‌. പെലോറ്റാ ദ ട്രാപ്പോ എന്ന സിനിമയുടെ തിരക്കഥക്കു സമാനമായ അന്തരീക്ഷം, കളി വെറും കളി മാത്രമല്ലാതാവുന്ന, രാജ്യത്തിനു വേണ്ടിയുള്ള ജീവത്യാഗമായി മാറുന്ന അവസ്ഥ, അപ്പോഴേക്കും ഈ രണ്ടു രാജ്യത്തേയും ഫുട്‌ബോളില്‍ ഉണ്ടായിക്കഴിഞ്ഞിരുന്നു.

വാടിക്കരിഞ്ഞ പൂക്കള്‍

സംഘര്‍ഷം ഭയന്ന്‌ ഒരവസാനനയതന്ത്രശ്രമമെന്ന നിലയില്‍ ബ്രസീലിയന്‍ കോച്ച്‌ ഫ്‌ളാവിയോ, അഡമീറിനെയും കൊണ്ട്‌ ആശുപത്രിയില്‍ പോയി ബൊട്ടഗ്‌ലീറോയെ സന്ദര്‍ശിച്ചു. ബൊട്ടഗ്‌ലീറോ അഡമീറിന്‌ ഒരു പൂവ്‌ സമ്മാനിച്ചു. അത്‌ പത്രങ്ങള്‍ ആഘോഷപൂര്‍വം കൊണ്ടാടുകയും ചെയ്‌തു. അതോടെ തല്‍ക്കാലം പ്രശ്‌നങ്ങളൊക്കെ അവസാനിച്ചുവെന്ന്‌ സംഘാടകരും ബ്രസീല്‍ കളിക്കാരും കരുതി. എന്നാല്‍ ഒന്നും അവസാനിച്ചിരുന്നില്ല. കളിക്കു തൊട്ടു മുമ്പാണ്‌ ബ്രസീലിനു ചതി മനസ്സിലായത്‌. ബൊട്ടഗ്‌ലീറോവിനെ ചിലര്‍ കൂടി താങ്ങിയെടുത്തു സ്റ്റേഡിയത്തില്‍ കൊണ്ടു വന്ന്‌ മൈതാനത്തിനു ചുറ്റും കൊണ്ടു നടന്നു. അതോടെ കാണികള്‍ വീണ്ടും ചീക്കോവിന്റോയും സിസ്സെയുടേയും രക്തത്തിനായി മുറവിളി തുടങ്ങി.

കളി തുടങ്ങും മുമ്പ്‌ അര്‍ജന്റീനയുടെ ക്യാപ്‌റ്റന്‍ സോളമന്‍ ബ്രസീല്‍ ക്യാപ്‌റ്റന്‍ ഡോമിംഗോസിന്‌ ഒരിക്കല്‍ കൂടി ഒരു പൂവു സമ്മാനിച്ചു. എന്നാല്‍ ഈ സൗഹൃദപ്രകടനങ്ങളെല്ലാം കളി തുടങ്ങിയതോടെ അവസാനിച്ചു. കാതടപ്പിക്കുന്ന ആരവങ്ങള്‍ക്കും ആക്രോശങ്ങള്‍ക്കും നടുവില്‍ സംഘര്‍ഷം തളം കെട്ടി നിന്നു. 28ാം മിനുട്ട്‌. അര്‍ജന്റീനയുടെ ഒരു മുന്നേറ്റം. പന്തുമായി കുതിച്ചെത്തിയ സോളമനെ തടയാന്‍ ബ്രസീലിന്റെ ജെയര്‍ ശ്രമിച്ചത്‌ തികച്ചും ബോഡിലൈനില്‍ തന്നെയായിരുന്നു. സോളമന്റെ കാല്‍ നുറുങ്ങിയൊടിഞ്ഞു. എഴുനേല്‍ക്കാനാവാതെ എതിരാളി വീണു പോയതു കണ്ടപ്പോഴാണ്‌ ജെയര്‍ കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്‌. ഗ്യാലറി ഇളകി മറിഞ്ഞു. കല്ലും പടക്കങ്ങളും പ്രവഹിക്കാന്‍ തുടങ്ങി. ജീവനും കൊണ്ട്‌ ജെയര്‍ ഓടി. ഡ്രസ്സിങ്‌ റുമിലേക്കാണ്‌ അയാള്‍ പാഞ്ഞത്‌. അര്‍ജന്റീനയുടെ ഫോണ്‍ദ പുറകെ പാഞ്ഞു. ഫോണ്‍ദ അവനെ പിടിക്കുമെന്നായപ്പോള്‍ ചീക്കോ ഇടപെട്ടു. ഫോണ്‍ദയെ അയാള്‍ വട്ടം പിടിച്ചു. അതോടെ എല്ലാ നിയന്ത്രണങ്ങളും വിട്ടു. ചീക്കോയെ കൊല്ലുക എന്നായി ഗ്യാലറി.

വിയന്നയുടെ ധീരത

ചീക്കോ തിരിഞ്ഞു നോക്കുമ്പോള്‍ അര്‍ജന്റീനയുടെ മുഴുവന്‍ കളിക്കാരും ഗ്രൗണ്ടിനരികെയും ഗ്യാലറിയിലുമുള്ള എല്ലാ പോലീസുകാരും കുതിരപ്പട്ടാളവും അയാള്‍ക്കു നേരെ പാഞ്ഞു വരുന്നു! മരണം ഉറപ്പിച്ച്‌ ഗ്രൗണ്ടില്‍ കമിഴ്‌ന്നു കിടന്ന അയാളെ മാരിയോ വിയന്ന എന്ന ധീരനും കരുത്തനും സാഹസികനുമായ ഒരു പോലീസ്‌ ഉദ്യോഗസ്ഥന്‍ വാരിയെടുത്ത്‌്‌ ഓടി ഡ്രസ്സിങ്‌ റൂമില്‍ കയറി വാതിലടച്ചു. അര്‍ജന്റീനയുടേയും ബ്രസീലിന്റെയും ഫുട്‌ബോള്‍ ചരിത്രത്തിലെ വിശദീകരണമില്ലാത്ത ഒരു ധീരകൃത്യമായി അത്‌ അവശേഷിക്കുന്നു. എങ്ങിനെ ആ സമയത്ത്‌ അതു ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞു എന്ന്‌ ഇന്നും ആര്‍ക്കുമറിയില്ല. മാത്രമല്ല, പുറകെ വന്ന ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ഗ്യാസ്‌ ബോംബു വരെ പ്രയോഗിക്കാനും വിയന്ന പോലീസിനോടാവശ്യപ്പെട്ടു. കലാപം ഒതുക്കാന്‍ അന്ന്‌ പോലീസിന്‌ ഏറെ പണിപ്പെടേണ്ടി വന്നു.

നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ്‌ ബ്രസീല്‍ ടീം വീണ്ടും കളിക്കാന്‍ സമ്മതിച്ചത്‌. സുരക്ഷിതത്വം വാഗ്‌ദാനം ചെയ്യാന്‍ പക്ഷെ, പോലീസ്‌ വിസമ്മതിച്ചു. അവരുടെ ഭയം ശരിയായിരുന്നു. കളി തുടങ്ങിയതും അഡമീറിന്‌ കഴുത്തില്‍ ഇടിയേറ്റു. (അന്നു വീണു പോയ അയാള്‍ പിന്നീടൊരിക്കലും ബ്രസീലിന്റെ ജേഴ്‌സി അണിഞ്ഞിട്ടില്ല.) അതോടെ ബ്രസീല്‍ ഒന്നു കൂടി പേടിച്ചു. തോല്‍ക്കാന്‍ അവര്‍ തീരുമാനിച്ചു. രണ്ടു ഗോളിന്‌ അവര്‍ തോല്‌ക്കുകയും ചെയ്‌തു. അതിലെ രണ്ടാം ഗോള്‍ ബ്രസീല്‍ സ്വയം അടിച്ചതായിരുന്നു എന്നും പറയുന്നുണ്ട്‌. ഒരു വിധം കളി അവസാനിപ്പിച്ച്‌ അവര്‍ രക്ഷപ്പെടുകയായിരുന്നു. പട്ടാളക്കാരുടെ അകമ്പടിയോടെ പിന്നീട്‌ ചീക്കോവിനെ ബ്രസീലിന്റെ അതിര്‍ത്തിയിലെത്തിച്ചു. അതിര്‍ത്തിയില്‍ യുദ്ധം ജയിച്ചു വരുന്ന ഒരു നായകനെപ്പോലെയാണ്‌ ചീക്കോയെ ബ്രസീല്‍ ആരാധകര്‍ സ്വീകരിച്ചത്‌.

ഈ ഒരു മത്സരത്തോടെ ബ്രസീല്‍-അര്‍ജന്റീന ബന്ധങ്ങള്‍ കൂടുതല്‍ വഷളായി. അടുത്ത പത്തു വര്‍ഷത്തേക്ക്‌ പിന്നീട്‌ അവര്‍ പരസ്‌പരം കളിച്ചതേയില്ല. ബ്രസീലില്‍ നടന്ന 1949ലെ റോക്ക കപ്പിനും 1950ലെ ലോകകപ്പിനും അര്‍ജന്റീന വന്നില്ല. ബ്രസീലും 1956 വരെ അര്‍ജന്റീന സന്ദര്‍ശിച്ചില്ല. ബന്ധങ്ങള്‍ പുനസ്ഥാപിക്കപ്പെട്ട ശേഷം 56ല്‍ നാലു കളികള്‍ നടന്നു. രണ്ടു സമനില, രണ്ടു തോല്‍വി- അതായിരുന്നു അപ്പോഴും ബ്രസീലിനു കിട്ടിയ റിസല്‍ട്ട്‌. അതിലെ ഒരു തോല്‍വി മാരക്കാനയില്‍ വെച്ചു തന്നെയായിരുന്നു. ബ്രസീലിന്‌ അര്‍ജന്റീന ഒരു ബാലികേറാമലയായി തുടര്‍ന്നു.

പെലെ വരുന്നു


1957ലാണ്‌ പെലെ ബ്രസീല്‍ ടീമിലെത്തുന്നത്‌. അരങ്ങേറ്റം തന്നെ അര്‍ജന്റീനക്കെതിരായിരുന്നു. ജൂലായ്‌ ഏഴിന്‌ മാരക്കാനയില്‍ നടന്ന കളിയില്‍ രണ്ടാം പകുതിയില്‍ ഡെല്‍വെച്ചിയോയെ മാറ്റി കോച്ച്‌ പിര്‍ലിയോ 16കാരനായ പെലെയെ ഗ്രൗണ്ടിലേക്കയച്ചു. പെലെ ഗോളടിക്കുകയും ചെയ്‌തു. ആ കളി ബ്രസീല്‍ തോറ്റെങ്കിലും (2-1) അത്‌്‌്‌ അവരുടെ തിരിച്ചുവരവിന്റെ തുടക്കമായിരുന്നു. പെലെയുടെ കാലത്താണ്‌ പിന്നീട്‌ ബ്രസീല്‍ അര്‍ജന്റീനക്കു മേല്‍ ആധിപത്യം തിരിച്ചു പിടിക്കാന്‍ തുടങ്ങിയത്‌. 1957നും 70നും ഇടക്ക്‌ അവര്‍ തമ്മില്‍ നടന്ന 17 കളികളില്‍ എട്ടെണ്ണം അര്‍ജന്റീനയും ഏഴെണ്ണം ബ്രസീലും ജയിച്ചു. ഈ ഏഴില്‍ നാലും (സ്‌കോര്‍ 5-1, 5-2, 4-1, 4-1) ബ്രസീലിന്റെ ചരിത്രത്തിലെ മികച്ച ജയങ്ങളായിരുന്നു. പെലെയുടെ സ്വാധീനമായിരുന്നു അതിലെ നിര്‍ണ്ണായക ഘടകം. 1970 മാര്‍ച്ച്‌ എട്ടിന്‌ മാരക്കാനയില്‍ വെച്ച്‌ പെലെ അര്‍ജന്റീനക്കെതിരെ നേടിയ ഒരു ഗോളാണ്‌ ബ്രസീല്‍ യുഗത്തിനു തുടക്കമിട്ടതെന്നു പറയാം. കളി 1-1നു പിരിഞ്ഞെങ്കിലും സേയാസിനെ മറികടന്ന്‌ വട്ടം തിരിഞ്ഞടിച്ച്‌ പെലെ നേടിയ ആഗോള്‍ ബ്രസീലിന്റെ ആത്മവിശ്വാസം വീണ്ടെടുത്തു. പിന്നെ അവര്‍ തിരിഞ്ഞു നോക്കിയിട്ടില്ല.

ലാറ്റിനമേരിക്കന്‍ ത്രിമൂര്‍ത്തികള്‍

ബ്രസീല്‍, അര്‍ജന്റീന, ഉറുഗ്വായ്‌- ലാറ്റിനമേരിക്കന്‍ ഫുടബോളിലെ ത്രിമൂര്‍ത്തികളായിരുന്നു ഇവര്‍. 1970നു ശേഷം ഉറുഗ്വായ്‌്‌ ഫുട്‌ബോള്‍ ഭൂപടത്തില്‍ നിന്നു മാഞ്ഞു തുടങ്ങി. ബ്രസീല്‍ കുതിച്ചുയരുകയും ചെയ്‌തു. സത്യത്തില്‍ മികച്ച ടീം ആദ്യകാലത്ത്‌ ഉറുഗ്വായ്‌ ആയിരുന്നു. ലാറ്റിനമേരിക്കന്‍ മേധാവിത്തത്തിനു വേണ്ടി അര്‍ജന്റീനയും ഉറുഗ്വായും തമ്മിലായിരുന്നു യഥാര്‍ഥമത്സരം. ബ്രസീലിനെ തുടക്കത്തില്‍ അര്‍ജന്റീന ഗൗരവമായി എടുത്തിരുന്നില്ല. 1930 വരെ ബ്രസീലുമായി അവര്‍ കളിച്ചത്‌ 16 തവണ മാത്രം. ഉറുഗ്വായുമായി അപ്പോഴേക്കും അവര്‍ 96 കളികള്‍ കളിച്ചുകഴിഞ്ഞിരുന്നു. 91 കൊല്ലം കൊണ്ട്‌ 91 കളികളാണ്‌ ബ്രസീലിനോട്‌ അര്‍ജന്റീന ആകെ കളിച്ചത്‌. അതേ സമയം, ഉറുഗ്വായോട്‌ 195 കളികള്‍ കളിച്ചു. ബ്രസീലും ഉറുഗ്വായും തമ്മിലാകട്ടെ, 65 മാച്ചുകളേ കളിച്ചിട്ടുള്ളൂ.

ഉറുഗ്വായ്‌ തളര്‍ന്ന ശേഷം ബ്രസീലും അര്‍ജന്റീനയുമായുള്ള ഫുട്‌ബോള്‍ വൈരത്തിന്‌ തീക്ഷ്‌ണത കൂടി. ലാറ്റിനമേരിക്കയിലെ ഫുട്‌ബോള്‍ അധീശത്വത്തിന്റെ പ്രശ്‌നമായി ഇവര്‍ തമ്മിലുള്ള ഓരോ കളിയും. വൈരത്തിന്റെ ഈ നാള്‍വഴിയില്‍ 1970 വരെ അര്‍ജന്റീനക്കും 70നു ശേഷം ബ്രസീലിനും മേല്‍ക്കൈ ഉള്ളതായി കാണാം. കണക്കുകള്‍ ഇതു വ്യക്തമാക്കും. 1914 മുതല്‍ 70 വരെയുള്ള കാലത്ത്‌ 52 തവണഏറ്റുമുട്ടിയപ്പോള്‍ അര്‍ജന്റീനക്ക്‌ 27ഉം ബ്രസീലിന്‌ 17ഉം ജയമാണ്‌ ലഭിച്ചത്‌. 1970 മുതല്‍ 2005 ജൂണ്‍ വരെക്കുള്ള മൂന്നര പതിറ്റാണ്ടു കാലത്താകട്ടെ ആകെ നടന്ന 39 കളികളില്‍ ഒമ്പതെണ്ണമേ അര്‍ജന്റീന ജയിച്ചിട്ടുള്ളൂ. പത്തൊമ്പതെണ്ണം ബ്രസീലിന്റെ ജയത്തില്‍ കലാശിച്ചു.

ലോകകപ്പിലെ പോരാട്ടങ്ങള്‍

സുദീര്‍ഘമായ ഈ ഫുട്‌ബോള്‍ വൈരത്തിനിടെ ലോകകപ്പില്‍ വളരെ കുറച്ചു തവണ മാത്രമേ ഇവര്‍ ഏറ്റുമുട്ടിയിട്ടുള്ളൂ. അതില്‍ ബ്രസീലിനായിരുന്നു മേല്‍ക്കൈ. ആദ്യമത്സരം 1974 ലോകകപ്പിലായിരുന്നു. ഹാനോവറില്‍ നടന്ന കളിയില്‍ ബ്രസീല്‍ 2-1നു ജയിച്ചു. റിവലിനോയും ജെര്‍സീന്യോയും ബോക്‌സിനു പുറത്തു നിന്നു നേടിയ ഗോളുകളാണ്‌ അന്ന്‌ അര്‍ജന്റീനയുടെ വിധിയെഴുതിയത്‌.

1982ലെ ഇവരുടെ ഏറ്റുമുട്ടലായിരുന്നു ഏറ്റവും ശ്രദ്ധേയം. ഒരു വശത്ത്‌ സീക്കോ, സോക്രട്ടീസ്‌, ഫല്‍ക്കാവോ, സെര്‍ഗീന്യോ, ജൂനിയര്‍ തുടങ്ങിയവരുള്‍പ്പെട്ട ബ്രസീല്‍ പട. മറു വശത്ത്‌ മാറഡോണയും റമോണ്‍ ഡയസും അണി നിരന്ന അര്‍ജന്റീന. ബാര്‍സലോണയിലെ സറിയ സ്‌റ്റേഡിയത്തിലായിരുന്നു കളി. നിലവിലെ ചാമ്പ്യന്‍മാരായിരുന്നു അര്‍ജന്റീന. അതുല്യപ്രഭാവനായ അവരുടെ കോച്ച്‌ സെസാര്‍ ലൂയി മെനോട്ടിയുടെ അവസാന മത്സരവും കൂടിയായിരുന്നു അത്‌. എന്നാല്‍ അര്‍ഥശങ്കയ്‌ക്കിടയില്ലാത്ത വിധം ബ്രസീല്‍ അര്‍ജന്റീനയെ മുക്കിക്കളഞ്ഞു. സ്‌കോര്‍ 3-1. മാത്രമല്ല, തോല്‍വിക്കു മേല്‍ അപമാനത്തിന്റെ ഉപ്പു കൂടി പുരട്ടിക്കൊണ്ട്‌ മാറഡോണ ചുവപ്പുകാര്‍ഡു വാങ്ങി പുറത്തു പോവുകയും ചെയ്‌തു. എതിരാളിയെ ചവുട്ടിയതിനായിരുന്നു ഡീഗോയ്‌ക്ക്‌ മാര്‍ച്ചിങ്‌ ഓര്‍ഡര്‍്‌.


1990ല്‍ അവര്‍ വീണ്ടും മുഖാമുഖം വന്നപ്പോള്‍ ഈ തോല്‍വിക്ക്‌ മാറഡോണ തന്നെ പകരം വീട്ടി. ഇറ്റലിയിലെ ടൂറിനില്‍ നടന്ന മാച്ചില്‍ മാറഡോണ നല്‍കിയ അദ്‌ഭുതപാസില്‍ നിന്നാണ്‌ സ്‌ട്രൈക്കര്‍ കനീജിയ വിജയഗോള്‍ കണ്ടെത്തിയത്‌. 1-0നു അര്‍ജന്റീന ജയിച്ച ആ കളി ലോകകപ്പിലെ അവരുടെ ബ്രസീലിനെതിരായ ഏകജയമാണ്‌.

പോരാട്ടം തുടരുന്നു

21ാം നൂറ്റാണ്ടിലും ഈ പോരാട്ടത്തിന്റെ കഥ തുടരുകയാണ്‌. 2000നു ശേഷം ഇതിനകം (2005 ജൂണ്‍ വരെ) ആറു തവണ അവര്‍ ഏറ്റുമുട്ടിക്കഴിഞ്ഞു. നാലു ജയം ബ്രസീലിനും രണ്ടെണ്ണം അര്‍ജന്റീനക്കും. ടിവി വ്യാപകമായതോടെ, അതു ലോകം മുഴുവന്‍ തല്‍സമയം എത്താന്‍ തുടങ്ങി. ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച രണ്ടു ടീമുകള്‍ എന്ന നിലയില്‍ ഇവരുടെ മല്‍സരം ഉണര്‍ത്തുന്ന താല്‌പര്യം വിവരണാതീതമാണ്‌. സ്‌പോണ്‍സര്‍മാരും ടിവി ചാനലുകളും വാതുകെട്ടുസംഘങ്ങളും അതു പെരുപ്പിക്കാന്‍ മത്സരിക്കുകയും ചെയ്യുന്നു. മുമ്പ്‌ രണ്ടിടത്തേയും പട്ടാളഭരണകൂടങ്ങള്‍ ചെയ്‌തിരുന്ന പണി ഇപ്പോള്‍ ഇവര്‍ ഏറ്റെടുത്തിരിക്കുകയാണ്‌. അതിന്റെ ഫലമാണ്‌ തായ്‌ലന്‍ഡിലും ഇന്ത്യയിലുമൊക്കെ അവരുടെ മാച്ചുള്ള ദിവസം ബെറ്റിങ്‌ മാര്‍ക്കറ്റില്‍ പണം വന്നു കുമിയുന്നത്‌. ആ രണ്ടു രാജ്യങ്ങളുടെ അതിര്‍ത്തികള്‍ കടന്ന്‌ അതിന്റെ ആരാധകര്‍ തമ്മിലുള്ള ശത്രുത ലോകമെങ്ങും വളര്‍ത്താനുള്ള ശ്രമമാണ്‌ ഇന്നു നടക്കുന്നത്‌. അതിനിരയാവുന്നതോ, കൊല്‍ക്കത്തയിലും ബെയ്‌ജിങിലും സിംഗപ്പൂരിലും നമ്മുടെ മലപ്പുറത്തുമൊക്കെയുള്ള നിഷ്‌കളങ്കരായ ഫുട്‌ബോള്‍ ആരാധകരും.

അതേ സമയം, ബ്രസീലീലും അര്‍ജന്റീനയിലും ഇന്ന്‌ ആ ശത്രുതയുടെ രൂപഭാവങ്ങള്‍ക്കൊക്കെ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്‌. ദേശീയതയുടെ അമിതമായപ്രകടനങ്ങള്‍ക്കും വിദ്വേഷത്തിനും രണ്ടിടത്തും ഇന്ന്‌ വലിയ കുറവു വന്നിട്ടുണ്ട്‌. യൂറോപ്യന്‍ ക്ലബ്ബ്‌ ഫുട്‌ബോളിന്റെ സ്വാധീനം അവിടെ കളിക്കാരുടെയും സംഘാടകരുടേയും കാഴ്‌ചപ്പാടുകളെ മാറ്റിയിരിക്കുന്നു. രാജ്യത്തിനു വേണ്ടി കളിക്കാന്‍ തന്നെ ഇന്നു രണ്ടിടത്തും പല കളിക്കാര്‍ക്കും താല്‍പര്യമില്ല. ഇതു കളി മാത്രമാണെന്നും ശത്രുതക്കര്‍ഥമില്ലെന്നും അവര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

ടെവസിന്റെ കാലം

ഈ സൗഹൃദത്തിന്റെ പ്രതിരൂപമാണ്‌ കാര്‍ലോസ്‌ ടെവസ്‌ എന്ന അര്‍ജന്റീനക്കാരന്‍. മാറഡോണയുടെ പിന്‍ഗാമി എന്നു വിശേഷിക്കപ്പെടുന്ന ടെവസ്‌്‌ ബ്രസീലിയന്‍ ലീഗില്‍ കളിക്കാന്‍ തീരുമാനിച്ചതോടെ അവരുടെ സൗഹൃദത്തില്‍ പുതിയൊരു യുഗം തന്നെ പിറന്നു. കൊറിന്ത്യന്‍സിന്റെ ജേഴ്‌സിയില്‍ ടെവസ്‌ ബ്രസീലിയന്‍ ഹൃദയങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്നു എന്നാണ്‌ ഒടുവില്‍ റിയോവില്‍ നിന്നുള്ള വിവരങ്ങള്‍.

അതിന്റെ തുടര്‍ച്ചയാണോ ചാനല്‍ 13ല്‍ മാറഡോണയും പെലെയും ഒന്നിച്ചു വന്നപ്പോള്‍ ലോകം കേട്ട വാക്കുകള്‍? ലോകം മുഴുവന്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്‌ പെലെയോ മാറഡോണയോ കേമനെന്നത്‌. ലോകം മുഴുവന്‍ കേള്‍ക്കെ മാറഡോണ അതു പെലെ തന്നെ എന്നു പറഞ്ഞു. സൗഹൃദത്തിന്റെ പുതിയൊരു കാലഘട്ടം ലോകഫുട്‌ബോളില്‍ പിറക്കുന്നുവെന്നാണോ മാറഡോണ പറയാതെ പറഞ്ഞത്‌? അടിമകളുടെയും പടയോട്ടക്കാരുടേയും ഗോത്രവൈരങ്ങളുടേയും കാലം എന്നേ കടന്നു പോയി എന്നാണോ?

അറിയില്ല. കാലത്തിന്റെ യാത്രയില്‍ മാറ്റങ്ങള്‍ വരാത്തതായി അല്ലെങ്കില്‍ എന്തുണ്ട്‌്‌? ഫുട്‌ബോള്‍ ഈ ലോകത്തെ സുന്ദരമായ ഒരു കൊച്ചു ഗ്രാമമാക്കി മാററിയിരിക്കുന്നു. അതിരുകളില്ലാത്ത ആ ലോകത്ത്‌ റൊബീന്യോമാരും നകാതമാരും ടെവസുമാരും അലിദേയിമാരും വിശ്വപൗരന്‍മാരായി വളര്‍ന്നിരിക്കുന്നു. രാജ്യാതിര്‍ത്തികള്‍ തേഞ്ഞു മാഞ്ഞു പോയിരിക്കുന്നു. അവിടെ പഴയ ഗോത്രവൈരത്തിന്റെ കൊടിയടയാളങ്ങള്‍ക്ക്‌ ഇനിയെന്തു പ്രസക്തി?

എങ്കിലും കാറ്റു നിറച്ച ആ കൊച്ചു പന്ത്‌ ഉരുളാന്‍ തുടങ്ങുമ്പോള്‍ നാം എല്ലാം മറക്കും. അവിടെ നമുക്ക്‌ ഉദാത്തമായ കളി എന്നുയര്‍ത്തിക്കാട്ടാന്‍ ബ്രസീല്‍-അര്‍ജന്റീന മല്‍സരമല്ലാതെ മറ്റെന്തുണ്ട്‌? ലോകകപ്പിന്‌ ഒരു ഫൈനല്‍ വേണമെങ്കില്‍ അതു ബ്രസീല്‍-അര്‍ജന്റീന മാച്ചല്ലാതെ മറ്റേതാവണം? അല്‍പ്പം ദേശീയതയുടെയും ശത്രുതയുടേയും കാറ്റ്‌ അതില്‍ ഒഴിയാതെ ഇരിക്കട്ടെ എന്ന്‌ അതിനാല്‍ നമുക്ക്‌ സ്വകാര്യമായി പ്രാര്‍ഥിക്കാം.

See previous post: ഒന്നാമനാവാന്‍ ഒരു നൂറ്റാണ്ടു യുദ്ധം (ഭാഗം ഒന്ന്‌) Read more...