Wednesday, September 05, 2007

നര്‍ത്തകന്‍, മാന്ത്രികന്‍

റൊബീന്യോയാണ്‌ ബ്രസീലിലെ പുതിയ പെലെയെന്ന്‌ ഡോണാ മരീന ലിമാ ഡിസൂസയുടെ അച്ഛനറിയില്ല. റൊബീന്യോയെ അയാള്‍ കണ്ടിട്ടേയില്ല. വടക്കു കിഴക്കന്‍ ബ്രസീലിലെ അയാളുടെ വീട്ടില്‍ ടിവിയില്ല. അയാള്‍ക്കറിയാത്തത്‌ അതു മാത്രമായിരുന്നില്ല. മരീന ഡിസൂസ തന്റെ സ്വന്തം മകളാണെന്നും മരീനയുടെ മകനാണ്‌ റൊബീന്യോയെന്നും അയാള്‍ക്കറിയില്ല! മൂന്നു പതിറ്റാണ്ടു മുമ്പ്‌ പട്ടിണി സഹിക്കാതെ താന്‍ വിറ്റുകളഞ്ഞ പെണ്‍കുഞ്ഞിന്റെ മുഖവും പേരുപോലും അയാള്‍ മറന്നു പോയിരുന്നു.
******
പുതിയ ഫ്‌ളാറ്റില്‍ താമസം തുടങ്ങിയപ്പോള്‍ ഡോണാ മരീന ആദ്യദിവസം തന്നെ സാവോപോളോയിലെ കണ്ണെത്താത്ത ചേരികളിലേക്കു തുറക്കുന്ന ലിവിങ്‌ റൂമിലെ ജനവാതില്‍ ആണി വെച്ച്‌ അടച്ചു. തുണിപ്പന്തുരുട്ടി താന്‍ കളിച്ചു നടന്ന ആ ഫവേലയിലേക്ക്‌ റൊബീന്യോ ഇടക്കിടെ തിരിഞ്ഞുനോക്കുന്നത്‌ അവളെ ഭയപ്പെടുത്തി. റൊബീന്യോവിന്റെ പഴയ കൂട്ടുകാരില്‍ ആരെങ്കിലും എപ്പോഴും കയറി വരുമെന്ന്‌ അവള്‍ ഉറപ്പിച്ചു. അവരുടെ നോട്ടത്തിലെ ശത്രുതയും കണ്ണിലെ മയക്കവും ഞരമ്പിലെ ലഹരികളും അവളെ അസ്വസ്ഥയാക്കി. സാവോപോളോവിലെത്തുമ്പോള്‍ കാറിന്റെ ചില്ല്‌ താഴ്‌ത്തരുത്‌ -മകനെ അവര്‍ എപ്പോഴും ഓര്‍മ്മിപ്പിച്ചു. നീ പഴയ റൊബീന്യോവല്ല. നീ ബ്രസീലിലെ പുതിയ പെലെയാണെന്ന്‌ എല്ലാവരും പറയുന്നു. നിന്നെ ബ്രസീലിന്‌ ആവശ്യമുണ്ട്‌.
*********
റയല്‍ മാഡ്രിഡുമായി 23 മില്യണ്‍ ഡോളറിന്‌ കരാര്‍ ഉറപ്പിക്കാന്‍ ടെക്‌സേര സമ്മതിച്ചുവെന്ന്‌ ഏജന്റ്‌ വാഗ്‌നര്‍ റിബെയ്‌റോ പറയുമ്പോള്‍ റൊബീന്യോ അമ്മയെക്കുറിച്ചോര്‍ക്കുകയായിരുന്നു. അവനു സന്തോഷവും പേടിയും തോന്നി. ഈ വാര്‍ത്ത പുറത്തു വന്നാല്‍ അമ്മ സന്തോഷിക്കും. അമ്മയുടെ സ്വപ്‌നമായിരുന്നു അത്‌. ആ സ്വപ്‌നം സത്യമായി. അമ്മയുടെ കൊച്ചു റോബി യൂറോപ്പില്‍ കളിക്കും. ഓര്‍മ്മ വെക്കുമ്പോള്‍ മുതല്‍ അമ്മ പറഞ്ഞത്‌ നമുക്കീ ചേരിയില്‍ നിന്നു രക്ഷപ്പെടണമെങ്കില്‍ നീ കളിച്ചു വലുതാവണമെന്നാണ്‌്‌. അമ്മയും അച്ഛനും അടിമകളായാണ്‌ ജനിച്ചത്‌. അമ്മയുടെ അച്ഛന്‍ അമ്മയെ വിറ്റുകളഞ്ഞു. അമ്മക്കും അതാവാമായിരുന്നു. ഒരു കളിക്കാരനു വേണ്ടത്ര ഭക്ഷണമൊന്നും മകനു കൊടുക്കാന്‍ അമ്മക്കാവുമായിരുന്നില്ല. എത്ര പണിതാലും വീട്ടുവേലക്കാരിക്കു കിട്ടുന്നത്‌ മകനെ വളര്‍ത്താന്‍ തികയില്ല. അച്ഛന്‍ ഗില്‍വന്‍ സ്വീവേജ്‌ പൈപ്പുകള്‍ക്കിടയില്‍ മദ്യപിച്ചു കിടക്കുമ്പോള്‍ അമ്മ വീടുകളില്‍ നിന്ന്‌ വീടുകളിലേക്കോടി പണിയെടുത്ത്‌ മകന്‌ ശരീരം തടിക്കാനുള്ള സൂപ്പുണ്ടാക്കാന്‍ പൈസ സ്വരുക്കൂട്ടുകയായിരുന്നു. ഓരോ ദിവസവും അമ്മ അവനോട്‌ കളിയെക്കുറിച്ചുമാത്രം ചോദിച്ചു. ദുര്‍ബലനായ ശോഷിച്ച കുട്ടിയെ ഫവേലയിലെ കാളക്കൂറ്റന്മാരായ തെമ്മാടിപ്പിള്ളേര്‍ കളിക്കിടയില്‍ ചവുട്ടിക്കൂട്ടുമ്പോള്‍ മുറിവുകളില്‍ അമ്മ വെള്ളം പിടിക്കും. മരുന്നു പുരട്ടും. അപ്പോഴൊക്കെ അമ്മ പറയും. തോല്‍ക്കരുത്‌. നീ ഒരു ദിവസം വലിയ കളിക്കാരനാകും. യൂറോപ്പില്‍ പോകും. ലോകകപ്പു കളിക്കും. അമ്മക്കൊന്നും വേണ്ട. ഈ ചേരിയില്‍ നിന്നു പോയാല്‍ മാത്രം മതി. ആദ്യം കിട്ടിയ ട്രോഫി കാണിച്ചപ്പോഴും സാന്റോസില്‍ സെലക്‌ഷന്‍ കിട്ടിയപ്പോഴും പ്രൊഫഷനല്‍ കോണ്‍ട്രാക്ട്‌ ഒപ്പു വെച്ചപ്പോഴും ഇനി ജോലിക്കു പോകേണ്ടെന്നു പറഞ്ഞപ്പോഴും പിന്നീട്‌ പുതിയ ഫ്‌ളാറ്റ്‌ വാങ്ങിയപ്പോഴും അമ്മ മകന്‍ വലുതായെന്നു പറഞ്ഞ്‌ വെറുതെ കരഞ്ഞു. ഇപ്പോഴിതാ, ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകക്ക്‌ താന്‍ യൂറോപ്പിലേക്കു പോകുന്നു. ഇതു പറയുമ്പോള്‍ എന്താവും അമ്മയുടെ സന്തോഷമെന്ന്‌ റൊബീന്യോയ്‌ക്കറിയാം. എന്നാല്‍ ഇപ്പോളാ വാര്‍ത്ത പുറത്തുവരാതിരുന്നെങ്കില്‍ എന്ന്‌ അവന്‍ ആത്മാര്‍ഥമായും ആഗ്രഹിച്ചു. അമ്മക്കും അച്ഛനുമല്ലാതെ സാവോപോളോവില്‍ ആര്‍ക്കും സന്തോഷമില്ല. വലുതാവുന്നതിന്റെ വില അമ്മക്കറിയില്ലെന്നോര്‍ത്ത്‌ റൊബീന്യോ വേവലാതിപ്പെട്ടു. പഴയ ചേരിയിലെ കൂട്ടുകാര്‍ കൈയില്‍ മയക്കുമരുന്നും പിന്‍പോക്കറ്റില്‍ തോക്കുമായി ഇനി ഏതു നിമിഷവും അമ്മയെത്തേടിയെത്തുമെന്ന്‌ അവനുറപ്പുണ്ടായിരുന്നു.
**********
2004 നവംബര്‍ 6. കരാറിന്റെ ചര്‍ച്ചകള്‍ ഏറെക്കുറെ അന്തിമഘട്ടത്തിലാണ്‌. ഉച്ചയോടെ ഡോണാ മരീന അയല്‍പക്കത്തെ ബന്ധുവീട്ടിലേക്കു പോയത്‌ ഒരു ചെറിയ കുടുംബചടങ്ങില്‍ പങ്കെടുക്കാനായിരുന്നു. ബാര്‍ബെക്യൂ ഉണ്ടാക്കാന്‍ ഡോണയ്‌ക്കു പ്രത്യേക കഴിവുണ്ട്‌. അവള്‍ വരണമെന്ന്‌ അവര്‍ നിര്‍ബന്ധിച്ചു. ബാര്‍ബെക്യൂവിന്റെ പണികള്‍ തീര്‍ത്ത്‌ ഊണ്‍മേശ ശരിപ്പെടുത്തുമ്പോഴാണ്‌ രണ്ടാം നിലയിലുള്ള ഫ്‌ളാറ്റിലേക്ക്‌ നാലു പേര്‍ തിക്കിത്തിരക്കി കടന്നു വന്നത്‌. ആരാണ്‌ ഡോണാ മരീന? തോക്കു ചൂണ്ടി ഒരാള്‍ ചോദിച്ചു. അതു വെറുതെ ചോദിച്ചതായിരുന്നു. ഡോണയുടെ പടം അന്നത്തെ പത്രത്തിലുമുണ്ട്‌. പഴയ ഫവേലയിലെ തൂപ്പുകാരിയല്ല ഇപ്പോള്‍ ഡോണ. ബ്രസീലിലെ പുതിയ പെലെയുടെ അമ്മ. അവളെ എല്ലാവര്‍ക്കുമറിയാം. വരൂ, കാര്‍ കൊണ്ടു വന്നിട്ടുണ്ട്‌. നമുക്കൊരിടം വരെ പോണം. പിന്‍കഴുത്തില്‍ അമര്‍ത്തിപ്പിടിച്ച തോക്കുമായി അവളെ കാറിലേക്കാനയിക്കുമ്പോള്‍ മുഖം മൂടിക്കെട്ടിയ യുവാവ്‌ പറഞ്ഞു. ഈ ശബ്ദം മുമ്പു കേട്ടതാണോ എന്ന്‌ അപ്പോള്‍ അവള്‍ വെറുതെ സന്ദേഹിച്ചു. പുറത്തു കടക്കും മുമ്പ്‌ മറ്റുള്ളവരെ ഒരു മുറിയിലിട്ടു പൂട്ടാന്‍ അവര്‍ മറന്നില്ല.
************
ക്രൂസെയ്‌റോയുമായുള്ള നിര്‍ണായകലീഗ്‌ മാച്ചിന്‌ ഒരുങ്ങുകയായിരുന്നു റൊബീന്യോ. അപ്പോള്‍ ഗില്‍വന്റെ ഫോണ്‍ വന്നു. അമ്മയെ കാണാനില്ല. വീട്ടിലേക്കു തിരിക്കും മുമ്പ്‌ നോസാ മാതാവിന്റെ മുന്നില്‍ പോയിക്കിടന്ന്‌ അവന്‍ വലിയ വായില്‍ കുറച്ചു കരഞ്ഞു. പേടിച്ചതു സംഭവിച്ചല്ലോ എന്നവന്‍ വെറുതെ സങ്കടപ്പെട്ടു. ഫവേലയിലേക്ക്‌ ഇനി തിരിച്ചു പോകാനാവില്ല. അമ്മയെ കിട്ടുകയില്ല. ജീവനും കിട്ടുകയില്ല. ഇനി ചിലപ്പോള്‍ കരയാനും പറ്റിയില്ലെന്നു വരുമെന്ന്‌ ഡീഗോവിനോട്‌ അവന്‍ പറഞ്ഞു. ബ്രസീലിലെ ചാനലുകളും പത്രങ്ങളും അവന്റെ ഫ്‌ളാറ്റിനു മുന്നില്‍ വലയം തീര്‍ത്തു കഴിഞ്ഞു. വലുതാവേണ്ടിയിരുന്നില്ല എന്ന്‌ ഉള്ളില്‍ത്തട്ടിയ സങ്കടത്തോടെ അവന്‍ ഡീഗോയോട്‌ പറഞ്ഞു. ഡീഗോയും യൂറോപ്പിലേക്കു പോവുകയാണ്‌. അവനും ഈയിടെയായി കാറിന്റെ ചില്ലു താഴ്‌ത്താന്‍ ഭയപ്പെടുന്നു.
**********
ഡോണയെ കണ്ടു പിടിക്കാന്‍ പോലീസിനാവില്ലെന്ന്‌ റൊബീന്യോക്കറിയാം. പിറ്റേന്നു തന്നെ അമ്മയെ റാഞ്ചിയവരുടെ മെഴ്‌സിഡസ്‌ ബെന്‍സ്‌ നഗരാതിര്‍ത്തിയില്‍ നിന്ന്‌ പോലീസ്‌ കണ്ടെടുത്തിരുന്നു. പൈസക്കായുള്ള വിളികള്‍ വന്നുകൊണ്ടേയിരുന്നു. റൊബീന്യോവിന്റെ ഫോണ്‍ നമ്പര്‍ കിട്ടണമെന്ന്‌ അവര്‍ ശഠിച്ചു. അവനിവിടെയില്ല -ഗില്‍വന്‍ ഉറപ്പിച്ചു പറഞ്ഞു. ഓരോ തവണയും ഡോണയുടെ കരച്ചില്‍ അവര്‍ ഫോണില്‍ കേള്‍പ്പിച്ചു. 41 ദിവസം അതു തുടര്‍ന്നു. ഗില്‍വന്‍ അവരോടു കെഞ്ചിക്കൊണ്ടിരുന്നു. ജീവിതകാലം മുഴുവന്‍ മകനെ വളര്‍ത്താന്‍ വേദനിച്ച അമ്മക്ക്‌ മകന്‍ വലുതായിപ്പോയതിനു ലഭിച്ച ശിക്ഷ! അമ്മക്കു വേണ്ടി നോസാ മാതാവിനോട്‌ മുട്ടിപ്പായി പ്രാര്‍ഥിക്കുക മാത്രമേ റൊബീന്യോവിനു ചെയ്യാനുണ്ടായിരുന്നുള്ളൂ. 42-ാം ദിവസം 85000 ഡോളറിന്‌ അമ്മയെ വിട്ടുതരാന്‍ സീലിയോ മാര്‍സെലോ ഡാ സില്‍വ എന്ന കുപ്രസിദ്ധനായ ഗ്യാങ്‌ ലീഡര്‍ സമ്മതിച്ചുവെന്ന്‌ ഗില്‍വന്‍ വിളിച്ചു പറഞ്ഞപ്പോള്‍ അതറിഞ്ഞാല്‍ അമ്മ വീണ്ടും കരയുമല്ലോ എന്ന്‌ അവന്‍ വേവലാതിപ്പെട്ടു.
**********
ബ്രസീലില്‍ കളിക്കാരനാവുന്നത്‌ ദേശീയാംഗീകാരമായിരുന്നു. അവര്‍ ദൈവങ്ങളെപ്പോലെ ആരാധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഒരു പ്രൊഫഷനല്‍ കോണ്‍ട്രാക്ട്‌ കിട്ടുന്നതുപോലും അപകടമാണ്‌. 12ാം വയസ്സില്‍ സാന്റോസിലേക്കു ട്രയലിനു പോകാന്‍ റൊബീന്യോക്കു കയ്യില്‍ പൈസയുണ്ടായിരുന്നില്ല. 15-ാം വയസ്സാവുമ്പോഴേക്കും സാന്റോസിന്റെ സീനിയര്‍ ടീമില്‍ പ്രൊഫഷനല്‍ കരാര്‍ കിട്ടി അവന്‍ ഒരു ഫ്‌ളാറ്റ്‌ വാങ്ങിച്ചു. 18ാം വയസ്സില്‍ പെലെയുടെ കാലത്തിനു ശേഷം 34 കൊല്ലം കഴിഞ്ഞ്‌ അവനും ഡീഗോയും ചേര്‍ന്ന്‌ സാന്റോസിനെ ആദ്യമായി ബ്രസീല്‍ ലീഗ്‌ ചാമ്പ്യന്‍മാരാക്കിയപ്പോള്‍ അവന്റെ ശമ്പളം അഞ്ചു ലക്ഷം ഡോളറാക്കുമെന്ന്‌ സാന്റോസ്‌ അറിയിച്ചു. ഇനി നീ ബോഡിഗാര്‍ഡുകളെ വെക്കണമെന്ന്‌ സീറ്റോ അവനോടു കളി പറഞ്ഞു.
*******
കളിക്കാരനാവുന്നതിനേക്കാള്‍ അപകടമാണ്‌ കളിക്കാരന്റെ അമ്മയാവുന്നതെന്ന്‌ റൊമാരിയോവും ഡോണയോടു പറഞ്ഞിരുന്നു. 94ലെ ലോകകപ്പിനു തലേന്നാണ്‌ റൊമാരിയോയുടെ അച്ഛനെ തട്ടിക്കൊണ്ടു പോയത്‌. 2004ല്‍ മാത്രം 83 കളിക്കാരുടെ ബന്ധുക്കളെ തട്ടിക്കൊണ്ടു പോയി. ബ്രസീലിലെ ക്രൈം കാപ്പിറ്റലായ സാവോപോളോയില്‍ മൂന്നു ദിവസത്തിലൊരിക്കല്‍ ഒരാള്‍ വീതം കിഡ്‌നാപ്‌ ചെയ്യപ്പെടുന്നു. അധികവും പ്രൊഫഷനല്‍ ഫുട്‌ബോള്‍ താരങ്ങളുടെ അമ്മമാര്‍. റൊബീന്യോവിന്റെ അമ്മയ്‌ക്കു ശേഷം നാലു പേരെക്കൂടി ക്രിമിനല്‍ ഗ്യാങ്ങുകള്‍ തട്ടിക്കൊണ്ടുപോയി. സെവിയെ താരം ലൂയി ഫാബിയാനോ, സാന്റോസ്‌ ഡിഫന്‍ഡര്‍ ക്ലെബര്‍, സ്‌പോര്‍ട്ടിങ്‌ ലിസ്‌ബണ്‍ താരം റൊജേരിയോ, കൊറിന്ത്യന്‍സിന്റെ മൊറീന്യോ, ലേ മാന്‍സ്‌ സ്‌ട്രൈക്കര്‍ ഗ്രാഫിറ്റി എന്നിവരുടെ അമ്മമാര്‍. പാള്‍മീറാസിന്റെ വിങ്‌ബാക്ക്‌ ആന്‍ഡേഴ്‌സന്റെ 21കാരിയായ സഹോദരിയെയാണ്‌ ക്രിമിനലുകള്‍ റാഞ്ചിയത്‌. ഒമ്പതു ദിവസത്തിനു ശേഷം അവളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. റിക്കാര്‍ഡോ ഒളിവേരയുടെ 35കാരിയായ സഹോദരിയെ റാഞ്ചിയവരില്‍ അവളുടെ മകനും ഉണ്ടായിരുന്നു! ഒന്നുകില്‍ പ്രൊഫഷനല്‍ ഫുട്‌ബോളറാവണം. അല്ലെങ്കില്‍ ക്രിമിനലാവണം. ഇതിനിടയില്‍ ചേരികളിലെ യുവാക്കള്‍ക്ക്‌ ഒരിടമില്ല. 20 കോടിയില്‍ മൂന്നിലൊന്നും പന്തു കളിക്കാരായ നാട്ടില്‍ 12000 പേരേ പ്രൊഫഷനല്‍ ഫുട്‌ബോളറായിട്ടുള്ളൂ. എന്നാല്‍ 10 ലക്ഷത്തില്‍ക്കൂടുതല്‍ പ്രൊഫഷനല്‍ ക്രിമിനലുകളുണ്ട്‌. ഫുട്‌ബോളില്‍ വിജയിക്കാത്തവന്‍ പലപ്പോഴും ഗ്യാങ്ങുകളിലേക്കു തിരിയും. മയക്കുമരുന്നും തോക്കുമില്ലാത്ത യുവാക്കള്‍ ഇന്ന്‌ ഫവേലകളില്‍ അരക്ഷിതരാണ്‌. ഏതെങ്കിലും ഒരു ഗ്യാങ്ങിലല്ലാതെ അവര്‍ക്കു നിലനില്‍പ്പില്ല. എല്ലു മുറിയെ പണിതാല്‍ ഒരു യുവാവിനു കിട്ടാവുന്ന ശരാശരി മാസവരുമാനം 30 ഡോളറാണ്‌. നല്ല ഒരു ഗ്യാങ്ങില്‍പെട്ടാല്‍, ഒരിരയെ തട്ടിക്കൊണ്ടു പോയാല്‍ കുറഞ്ഞത്‌ 10,000 ഡോളര്‍ കിട്ടും!
(2007 ആഗസ്‌ത്‌ ലക്കം മാതൃഭൂമി സ്‌പോര്‍ട്‌സ്‌ മാസികയില്‍ പ്രസിദ്ധീകരിച്ചത്‌)
*******

ഭാഗം രണ്ട്‌

ദുരിതങ്ങളുടെ തെരുവെന്നു വിളിപ്പേരുള്ള സാവോ വിസെന്റെയിലെ പാര്‍ക്യൂ വിറ്റാരൂവില്‍ റോബ്‌സണ്‍ ഡിസൂസ കുട്ടിക്കാലത്തെന്നും തനിച്ചായിരുന്നു. അമ്മ ഡോണ പലയിടത്തും വീട്ടുജോലികള്‍ക്കു പോകും. അച്ഛന്‍ ഗില്‍വന്‍ സ്വീവേജ്‌ പൈപ്പുകള്‍ക്കിടയില്‍ നിന്ന്‌ വല്ലപ്പോഴുമേ വരൂ. ചേരിയിലെ തെരുവില്‍ കിട്ടിയതെന്തും പന്താക്കി കളിച്ച്‌ കൊച്ചു റോബി വളര്‍ന്നു.

വഴിയിലൂടെ കടന്നു പോയ ഒരു ബൈക്ക്‌ യാത്രക്കാരനാണ്‌ ആദ്യമായി അതു ശ്രദ്ധിച്ചത്‌. ഒരു കുട്ടിയും പന്തും കൂടി തെരുവില്‍ കെട്ടിമറിയുന്നു. അവന്‍ പറയുന്നതെന്തും പന്ത്‌ അനുസരിക്കുന്നു. മെലിഞ്ഞുന്തിയ പയ്യനും പന്തുമായുള്ള ചങ്ങാത്തം അയാളെ വിസ്‌മയിപ്പിച്ചു. രണ്ടു വയസ്സിന്റെ വലുപ്പം മാത്രമുള്ള നാലു വയസ്സുകാരനായ റൊബീന്യോവിനെ ആദ്യമായൊരാള്‍ ശ്രദ്ധിക്കുന്നത്‌ അന്നാണ്‌്‌. ഒരാള്‍ പറയുന്നതെന്തും അനുസരിക്കുന്ന പന്തിനെ താനാദ്യമായാണ്‌ കാണുന്നതെന്ന്‌ പിന്നീട്‌ ഗില്‍വനെ തേടിപ്പിടിച്ച്‌ അയാള്‍ പറഞ്ഞു. അവനെ അഡൊറാള്‍ഡൊ റിക്കാര്‍ഡോ നടത്തുന്ന ഫുട്‌ബോള്‍ എസ്‌കോളീന്യ(സ്‌കൂള്‍) യിലാക്കണമെന്ന്‌ അയാളാണ്‌ ശുപാര്‍ശ ചെയ്‌തത്‌. ഫുട്ടെബോള്‍ സെലാവോ കളിച്ച്‌ അവന്‍ തെളിയട്ടെ.

അന്ന്‌ ഗില്‍വനും ഡോണയും അതു കാര്യമാക്കിയില്ല. ഫുട്ടെബോള്‍ ഘെട്ടോകള്‍ തെമ്മാടിപ്പിള്ളേരുടെ താവളങ്ങളാണ്‌. റോബി കൊച്ചു കുഞ്ഞാണ്‌. വലിയവര്‍ക്കൊപ്പം അവനു കളിക്കാറായില്ല. എന്നാല്‍ റോബി തെരുവിലെ കളി നിറുത്തിയില്ല. പിന്നീട്‌ ഫാബിയോ വന്നു പറഞ്ഞു. നിങ്ങളുടെ റോബി സാമാന്യക്കാരനല്ല. തെരുവില്‍ ഇവന്‍ എല്ലാ വലിയവരേയും തോല്‍പ്പിക്കുന്നു. വലിയവരെ തോല്‍പ്പിക്കാന്‍ ഇവനു പ്രത്യേകമായ വിരുതുണ്ട്‌. അവന്‍ എതിരാളികളെ വട്ടമിട്ടോടി തോല്‍പ്പിക്കും. ഇവനെപ്പോലെ ഡ്രിബ്‌ള്‍ ചെയ്യാന്‍ ഇന്ന്‌ സാവോപോളോവില്‍ ആരുമില്ല. ഇവനെ ബെയ്‌രാ-മാര്‍ ക്ലബ്ബിന്റെ എസ്‌കോളീന്യയിലാക്കണം.

ഫാബിയോ ബെയ്‌രാ മാര്‍ ഫുട്ടെബോള്‍ ഘെട്ടോവില്‍ കളിക്കുന്നവനാണ്‌. അവന്‌ അന്ന്‌ വയസ്സ്‌ 12. ഘെട്ടോവിലെ സീനിയര്‍ പയ്യന്‍. നേതാവ്‌. മഹാവികൃതി. റോബിക്ക്‌ വയസ്സ്‌ ആറ്‌. നാലില്‍ കൂടുതല്‍ തോന്നില്ല. കൊച്ചുകുട്ടി. ശരീരവലുപ്പമില്ല. രോഗിയുടെ കോലം. ദയനീയരൂപം. ഗില്‍വന്‍ വഴങ്ങിയില്ല. പെലെ ഇങ്ങിനെയായിരുന്നു കുട്ടിക്കാലത്തെന്ന്‌ അപ്പോള്‍ ഫാബിയോ പറഞ്ഞു. നിങ്ങളുടെ ജീവിതം ചിലപ്പോള്‍ ഇവന്‍ മൂലം രക്ഷപ്പെടും. പഠിച്ചിട്ടൊന്നും ഇവന്‍ ആരുമാവാന്‍ പോകുന്നില്ല. ഇവന്‍ ബ്രസീലിനു കളിക്കും. യൂറോപ്പിലേക്കു പോകും. വീടു വാങ്ങിക്കും.

ഫാബിയോവിന്റെ വാക്കുകള്‍ ഡോണക്കു കൊണ്ടു.

************

ഘെട്ടോ എന്നാല്‍ ചേരി. അവിടത്തെ ഫുട്‌ബോള്‍ എസ്‌കോളീന്യകളെയും ആ പേരില്‍ വിളിക്കും. ക്ലബ്ബെന്നു പറയാനൊന്നുമില്ല. ചെറിയ തകരം മേഞ്ഞ ഇന്‍ഡോര്‍ ക്ലബ്ബ്‌. കോണ്‍ക്രീറ്റ്‌ തറ. ഫുട്ടെബോള്‍ സെലാവോ എന്നാല്‍ ഫുട്‌സാല്‍ തന്നെ. അഞ്ചു പേരുടെ ഫുട്‌ബോള്‍. വലുപ്പം കുറഞ്ഞു ഭാരം കൂടിയ പന്ത്‌. വിസ്‌തീര്‍ണം കുറഞ്ഞ കളിക്കളം. കൊച്ചു പോസ്‌റ്റുകള്‍. അതാണ്‌ ബ്രസീല്‍ ഫുട്‌ബോളര്‍മാരുടെ ആദ്യത്തെ കളരി.

പന്തിനെ തടവി തലോടി വശത്താക്കാനും പന്തിനു മുകളിലൂടെ പെഡലാഡ നടത്താനും ഫുട്‌ബോളിനേക്കാള്‍ വേഗത കുറഞ്ഞ ചലനങ്ങള്‍ ശീലിക്കാനും അതവരെ പഠിപ്പിക്കുന്നു. റൊബീന്യോക്ക്‌ പക്ഷെ അവിടെയെത്തും മുമ്പു തന്നെ ആ വിദ്യകളൊക്കെ അറിയാമായിരുന്നു. ബെയ്‌രാ-മാറിലെ അഡൊറാള്‍ഡോ റിക്കാര്‍ഡോയും കോച്ച്‌ ബെറ്റീന്യോ എന്നു വിളിക്കുന്ന ബെറ്റോയും ആദ്യദിവസം തന്നെ അതു ശ്രദ്ധിച്ചു. ക്ലോസ്‌-ബോഡി സ്‌കില്‍സിലൊക്കെ അവനു വലിയ മികവു കാണുന്നു. സ്വെര്‍വുകള്‍, ടേണുകള്‍, നിയന്ത്രണം, ഭാവന, മെയ്‌വഴക്കം, നിര്‍ഭയത്വം, മടുപ്പില്ലാതെ മണിക്കൂറുകളോളം കളിക്കാനുള്ള സന്നദ്ധത.. ഒരു കൊച്ചു കുട്ടിയില്‍ ഇതുവരെ കാണാത്ത അളവില്‍ അതെല്ലാം റിക്കാര്‍ഡോ കണ്ടു.

മൂന്നിനും ആറിനുമിടക്കു പ്രായമുള്ളവരുടെ `മില്‍ക്ക്‌ ബോട്ടില്‍` കാറ്റഗറിയിലാണ്‌ അവനെ റിക്കാര്‍ഡോ ഉള്‍പ്പെടുത്തിയത്‌. എന്നാല്‍ അവന്‍ വലിയവര്‍ക്കൊപ്പം കളിക്കാനിഷ്ടപ്പെട്ടു. ഘെട്ടോവില്‍ എല്ലാവരും അവനേക്കാള്‍ വലിയവരും ശക്തരുമായിരുന്നു. തെമ്മാടികളും. വേദനിച്ചാല്‍ കരയാതെയും ആരെയും ഭയക്കാതെയും കളിക്കാന്‍ അവിടെനിന്നാണ്‌ അവന്‍ പഠിച്ചത്‌. വളരെ ചെറിയ സ്‌പേസില്‍ ഭാരം കൂടിയ പന്തു വെച്ച്‌ ഡ്രിബ്‌ള്‍ ചെയ്‌ത്‌ ഡ്രിബ്‌ള്‍ ചെയ്‌ത്‌ അവരെയെല്ലാം അവന്‍ പരിഹസിച്ചു. അവന്റെ ദൈന്യരൂപത്തെ കളിയാക്കുന്നവരെ പെഡലാഡ കൊണ്ട്‌ അപമാനിക്കാന്‍ അവിടം മുതലേ അവന്‍ ശീലിച്ചു. രൂപത്തെ വെല്ലുന്ന വഴക്കാളിത്തം അവനില്‍ ഉണ്ടായിരുന്നു. അദ്‌ഭുതവിദ്യകള്‍ കാട്ടി കൂട്ടുകാര്‍ക്കിടയില്‍ അവന്‍ മാലബറിസ്റ്റ (മാന്ത്രികന്‍) ആയി. സാവോപോളോവിലെ ചേരിയില്‍ മാത്രമല്ല, ബ്രസീലിലാകെ അവന്റെ പെഡലാഡ (ഡ്രിബ്ലിങ്‌) വാര്‍ത്തയായി. ഘെട്ടോകള്‍ തമ്മിലുള്ള ടൂര്‍ണമെന്റുകളില്‍ ബെയ്‌രാ മാറിന്റെ പേര്‌ പ്രശസ്‌തമായി.

ഡോണാ മരീന ഇടക്കൊക്കെ റിക്കാര്‍ഡോയുടെ അടുത്തു വരും. അവളുടെ സങ്കടങ്ങള്‍ പറയും. അവനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കും. അവളുടെ ദൈന്യത കണ്ട്‌ അവന്റെ ഫീസായ അഞ്ചു പൗണ്ട്‌ റിക്കാര്‍ഡോ ഒഴിവാക്കിക്കൊടുത്തു. ഒമ്പതാം വയസ്സാവുമ്പോഴേക്കും ബെയ്‌രാ-മാറിന്റെ നിലവാരത്തേക്കാള്‍ അവന്‍ വളര്‍ന്നുവെന്നു മനസ്സിലാക്കിയ റിക്കാര്‍ഡോ തന്നെ അവനെ കുറച്ചു കൂടി മികച്ച ഒരു എസ്‌കോളീന്യയിലേക്ക്‌, പോര്‍ട്ടൂറിയോസിലേക്ക്‌, മാറ്റി. 1993ല്‍ പോര്‍ട്ടൂറിയാസിനു വേണ്ടി അണ്ടര്‍-10 ലീഗില്‍ അവന്‍ 73 ഗോളുകളടിച്ചു.

********
ഫവേലകളിലെ തകരം മേഞ്ഞ വീടുകളിലെ എല്ലാ കുട്ടികളുടെയും സ്വപ്‌നം ഒരു നാള്‍ സാന്റോസിനു കളിക്കുക എന്നതാണ്‌. പെലെ കളിച്ച ടീമാണ്‌ അത്‌. ബ്രസീലിലെ പാവപ്പെട്ടവന്റെ ക്ലബ്ബ്‌. സാന്റോസിന്റെ അക്കാദമിയില്‍ സെലക്‌ഷന്‍ കിട്ടിയാല്‍മതി, ഒരു സമ്പൂര്‍ണ ഫുട്‌ബോളറാവുന്നതിലേക്കുള്ള ആദ്യത്തെ പടിയായി. സാവോപോളോവിലെ മാതാപിതാക്കള്‍ അതിനായി പ്രാര്‍ഥനകളും ശുപാര്‍ശകളും നടത്തി. നമ്മുടെ നാട്ടില്‍ എന്‍ട്രന്‍സിനു നല്‍കുന്ന പരിശീലനം പോലെ സാവോപോളോവിലെ അച്ഛനമ്മമാര്‍ സാന്റോസിലെ ട്രയല്‍സിനു വേണ്ടി കുട്ടികള്‍ക്ക്‌ പ്രത്യേകം കഠിന പരിശീലനങ്ങള്‍ നല്‍കി.

സാവോപോളോവിലെ ഘെട്ടോകളില്‍ നിന്ന്‌ കാളക്കൂറ്റന്മാരെപ്പോലുള്ള പതിനായിരത്തോളം കുട്ടികള്‍ എല്ലാ വര്‍ഷവും സാന്റോസില്‍ സെലക്‌ഷന്‍ ട്രയല്‍സിനു വരും. എന്നാല്‍ അവരെ സെലക്ടര്‍മാരായ സീറ്റോയും ഫോര്‍മിഗയും ഭയന്നു. എട്ടാം വയസ്സില്‍ മയക്കുമരുന്നും പത്താം വയസ്സില്‍ തോക്കും കൈയിലെടുക്കുന്നവരാണ്‌ സാവോപോളോയിലെ ചേരിയില്‍ സ്‌ട്രീറ്റ്‌ ഫുട്‌ബോള്‍ കളിച്ചു വളരുന്ന കുട്ടികള്‍. കഴിഞ്ഞ മൂന്നു വര്‍ഷവും അവിടെനിന്ന്‌ ആരും സെലക്‌റ്റ്‌ ചെയ്യപ്പെട്ടില്ല.

13ാം വയസ്സില്‍ റൊബീന്യോവും ട്രയല്‍സിനു പോയി. ട്രയല്‍സിനു പോകുമ്പോള്‍ ആരും അവനു സാധ്യത കല്‍പ്പിച്ചിരുന്നില്ല. സാവോപോളോക്കാരനാണെന്നതും തെമ്മാടിപ്പയ്യനാണെന്നതും മാത്രമല്ല അവന്റെ അയോഗ്യത. വയസ്സ്‌ പതിമൂന്നാണെങ്കിലും എട്ടു വയസ്സിന്റെ വലുപ്പമേ ഉള്ളൂ. എന്നിട്ടും ട്രയല്‍സില്‍ അവന്‌ അവസരം ലഭിച്ചു. അതൊരു വഴിത്തിരിവായിരുന്നു. റൊബീന്യോവിന്റെ കാലില്‍ നിന്നു പന്തു കിട്ടാന്‍ മറ്റു കുട്ടികള്‍ പായുന്നതു കണ്ട്‌ സെലക്ടര്‍മാര്‍ നിലപാടു മാറ്റി. റൊബീന്യോ സാന്റോസിന്റെ അക്കാദമിയിലെത്തി.

ഡീഗോയും എലാനോയും റെനാറ്റോയുമൊക്കെ സാന്റോസിലുണ്ട്‌. കൊച്ചു റൊബീന്യോയും അവര്‍ക്കൊപ്പം കൂടി. ട്രയല്‍സ്‌ കഴിഞ്ഞപ്പോള്‍ സീറ്റോ പറഞ്ഞു. ഇവരെ ശ്രദ്ധിക്കണം. ഇവര്‍ സാന്റോസിനു പ്രശസ്‌തി കൊണ്ടുവരും. പ്രത്യേകിച്ചും ആ കറുത്തു മെലിഞ്ഞ പയ്യന്‍, റൊബീന്യോ. നിരവധി കുട്ടികളെ വളര്‍ത്തി വിറ്റു പരിചയമുളള ട്രെയ്‌നറാണ്‌ സീറ്റോ. 1958ലെ ലോകകപ്പ്‌ ടീമില്‍ പെലെക്കൊപ്പം കളിക്കുകയും ഗോളടിക്കുകയും ചെയ്‌തിട്ടുള്ളയാള്‍. എത്രയോ കളിക്കാരെ സീറ്റോ കണ്ടിരിക്കുന്നു. എന്നാല്‍ ഇതുപോലൊരുത്തന്‍ പെലെക്കു ശേഷം ആദ്യമാണ്‌. സീറ്റോ ഫോര്‍മിഗയോടു പറഞ്ഞു. ഇവനെ വിടരുത്‌. ഇവന്‍ പണം കായ്‌ക്കുന്ന മരമാണ്‌..

*********

പന്തിനെ രണ്ടു പ്രാവശ്യം തൊടണം. പെലെ അവനോടു പറഞ്ഞു.

ആദ്യത്തെ ടച്ച്‌, നിര്‍ത്താനും ഇഷ്ടമുള്ളിടത്തേക്ക്‌ നീക്കാനും. രണ്ടാമത്തേത്‌ അത്‌ നിയന്ത്രണത്തില്‍ തന്നെ എന്ന്‌ ഉറപ്പാക്കാന്‍. രണ്ടിലധികം തൊടുന്നത്‌ കഴിവു കുറഞ്ഞവരോ ആത്മവിശ്വാസം കൂടിയവരോ ആണ്‌. പന്തിനെ പേടിക്കാനോ അവമതിക്കാനോ പാടില്ല.

-സാന്റോസില്‍ നിന്നു പിണങ്ങി നില്‍ക്കുകയായിരുന്ന പെലെ സെലക്ടറായി തിരിച്ചെത്തിയ വര്‍ഷമായിരുന്നു അത്‌. റൊബീന്യോവിനെ ആദ്യമായി കണ്ടപ്പോള്‍ തന്നെ പെലെ പറഞ്ഞു. ഇവന്‍ എന്നെപ്പോലെയുണ്ട്‌. ഒരു പക്ഷെ നാളെ എന്നേക്കാള്‍ വലിയവനാവും.

റൊബീന്യോയുടെ പന്തടക്കവും വൈവിധ്യവും അദ്‌ഭുതവിദ്യകളും ഒറ്റ നോട്ടത്തില്‍ പെലെക്കു ബോധ്യപ്പെട്ടു. തെരുവിലെ തെമ്മാടിബാലനുള്ള കരളുറപ്പും അവനില്‍ പെലെ കണ്ടു. കളിയിലെ മികവു മാത്രമല്ല, തന്റെ ദൈന്യതയാര്‍ന്ന ബാല്യകാലരൂപവും പെലെ അവനില്‍ ദര്‍ശിച്ചു. നീ ആരാണോ അതായിരിക്കുക. മറ്റൊരാളാവാന്‍ ശ്രമിക്കാതിരിക്കുക. വിയര്‍പ്പോടെ ആശ്ലേഷിച്ചു കൊണ്ട്‌ പെലെ അവന്റെ കാതില്‍ പറഞ്ഞു. സാന്റോസിലെ സെലക്ടര്‍മാരോടും പെലെ പറഞ്ഞു. ഇവനു പ്രത്യേക ഡയറ്റ്‌ തയ്യാറാക്കണം. നിത്യവും കുറച്ചു ഭക്ഷണം കൂടുതല്‍ നല്‍കണം...

റൊബീന്യോയുടെ ഓര്‍മ്മയില്‍ എല്ലാമുണ്ട്‌. അയാളുടെ കൈയില്‍ എപ്പോഴുമുള്ള വസ്‌തുക്കളിലൊന്ന്‌ ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ഫോട്ടോയാണ്‌. 1950കളിലെ പ്രശസ്‌തമായ സാന്റോസ്‌ ടീമിന്റെ ഫോട്ടോ. അതില്‍ പെലെ ചിരിച്ചു കൊണ്ട്‌ നില്‍ക്കുന്നുണ്ട്‌.

*********
പെലെ വിളിക്കുന്നു എന്ന്‌ പെലെയുടെ കാറുമായി മകന്‍ വന്നു പറഞ്ഞപ്പോള്‍ ഗില്‍വന്‍ ഡിസൂസ വിശ്വസിച്ചില്ല. സാവോപോളോവിലെ വേനല്‍ച്ചൂടില്‍ സ്വീവേജ്‌ പൈപ്പുകള്‍ പൊട്ടുന്ന കാലമാണ്‌. ഗില്‍വന്‌ അപ്പോള്‍ ധാരാളം മദ്യക്കുപ്പികള്‍ സമ്മാനമായെത്തും.

ചേരിയിലെ നാറുന്ന പൈപ്പുകള്‍ക്കിടയില്‍ നിന്ന്‌ സാന്റോസിലെ അക്കാദമിയിലെത്തുമ്പോള്‍ അയാള്‍ പെലെയുടെ അടുത്തു പോവാതിരിക്കാന്‍ ശ്രദ്ധിച്ചു. ഇവനു ഭക്ഷണം കൊടുക്കാത്തതെന്തെന്നു ചോദിച്ചുകൊണ്ട്‌ മൈതാനത്തു നിന്ന്‌ കയറിവന്ന്‌ പെലെ അയാളെ ആലിംഗനം ചെയ്‌തു. ഇവനെ കാണുമ്പോള്‍ ഞാന്‍ എന്നെ ഓര്‍ക്കുന്നു. എനിക്കും അന്നു ഭക്ഷണം കിട്ടിയിരുന്നില്ല. പെലെ പറഞ്ഞു. ഇവനു ഭക്ഷണം കൊടുക്കുക. ഇവന്‍ എന്നേക്കാള്‍ വലുതാവും. ഒരു ദിവസം ഞാന്‍ നിങ്ങളുടെ വീട്ടിലേക്കു വരും.

ഈവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ സുവിശേഷവഴികളിലേക്ക്‌ സ്വയം മാറി നടന്ന ഗില്‍വന്‍ മകന്റെ ഭക്ഷണത്തിന്‌ പണം തേടി അന്നു മുതല്‍ രാത്രിയും ജോലിക്കു പോയി. പെലെയുടെ വാക്കുകളോളം ഒരു മദ്യവും പിന്നീടയാളെ പ്രലോഭിപ്പിച്ചില്ല. പെലെ എന്നെങ്കിലും വീട്ടില്‍ വരുമെന്ന്‌ അയാള്‍ ഭയപ്പെടുന്നു. ദൈവത്തിന്റെ മുമ്പില്‍ മദ്യപിച്ചു നില്‍ക്കാന്‍ സത്യക്രിസ്‌ത്യാനിയായ ഗില്‍വനാവില്ല.

*********
സാവോപോളോവിലെ വില്ലാ ബെല്‍മര്‍ സ്‌റ്റേഡിയത്തിലാണ്‌ സാന്റോസ്‌ ക്ലബ്ബിന്റെ ഫുട്‌ബോള്‍ എസ്‌കോളിന്യ. ഈ ഗ്രൗണ്ടില്‍ വെച്ചാണ്‌ രണ്ടു തവണ സാന്റോസ്‌ ലോകക്ലബ്ബ്‌ കപ്പ്‌ നേടിയത്‌. സ്റ്റേഡിയത്തിലെ ഗ്യാലറിയുടെ അടിത്തട്ടിലെ കളിക്കാര്‍ക്കുള്ള ഡോര്‍മിറ്ററിയുടെ സീലിങ്ങ്‌, ഗ്യാലറി തിരിച്ചിട്ടപോലെ ഒരറ്റം ചെരിഞ്ഞിരിക്കും. റൊബീന്യോ ചെല്ലുമ്പോള്‍ 75 കുട്ടികളുണ്ട്‌ അവിടെ.

ആറുമുറിയില്‍, മീതേക്കു മീതേക്ക്‌ തട്ടു തട്ടായി തിരിച്ച ബെര്‍ത്തുകളില്‍ കിടക്കാം. മാടുകളെ വളര്‍ത്തുന്നതുപോലെ നേരാനേരം തവിടും വെള്ളവും കാട്ടി സീറ്റോയും ഫോര്‍മിഗയും അവരെ വളര്‍ത്തും. വലുതാക്കി വില്‍ക്കാനുള്ളവരാണ്‌ അവര്‍. അവരില്‍ ബ്രസീലിലെ എല്ലാ പ്രവിശ്യകളില്‍നിന്നുള്ളവരുമുണ്ട്‌. നേരാനേരം ഭക്ഷണം കിട്ടും. അത്‌ വലിയ ആകര്‍ഷണമായി റൊബീന്യോക്കും തോന്നി. അവനെപ്പോലെ വളരെ മോശം സാഹചര്യങ്ങളില്‍ നിന്നു വരുന്നവരാണ്‌ മറ്റു കുട്ടികളും. രാപകല്‍ കളിയാണ്‌. കളി കഴിഞ്ഞാല്‍ ഉറക്കം.

ഇടനാഴിയില്‍ ടേബിള്‍ ടെന്നീസ്‌ കളിക്കാനുള്ള മുറിയുടെ അടുത്ത്‌്‌ നോസാ സന്യോര്‍ അപാരിസിഡയുടെ രൂപക്കൂടുണ്ട്‌. ഭാഗ്യത്തിന്റെ ദേവതയാണ്‌ നോസ. കളിയില്ലാത്തപ്പോള്‍ ഉരുകിയ മെഴുകുതിരികള്‍ പോലെ കുട്ടികള്‍ മാതാവിന്റെ രൂപത്തിനു മുന്നിലും തട്ടുകിടക്കകളിലും പ്രാര്‍ഥിച്ചു കിടക്കുന്നുണ്ടാവും. ജൂനിയര്‍ ടീമില്‍, എ ടീമില്‍, യൂത്ത്‌ ടീമില്‍, പിന്നെ ഒരു പ്രൊഫഷനല്‍ കോണ്‍ട്രാക്ടോടെ സാന്റോസിന്റെ സീനിയര്‍ ടീമില്‍, ദേശീയ ടീമില്‍, ഒടുവില്‍ യൂറോപ്പില്‍.. ഒരിക്കലും യാഥാര്‍ഥ്യമാവില്ലെന്നറിഞ്ഞിട്ടും കുട്ടികള്‍ രൂപക്കൂടിനു മുന്നിലെത്തി ഓരോന്നോരോന്നായി ആവശ്യങ്ങള്‍ ഉന്നയിക്കും.

ഇങ്ങിനെ നൂറിലധികം അക്കാദമികളിലായി ലക്ഷത്തിലേറെ കുട്ടികള്‍ എല്ലാ ദിവസവും ബ്രസീലില്‍ പ്രാര്‍ഥനകള്‍ എത്തിക്കുന്നുണ്ട്‌. അവരാരും എവിടെയുമെത്തുന്നില്ല. അണ്ടര്‍ 17 ലോകകപ്പു കളിക്കുകയും അതില്‍ ഗോളടിക്കുകയും ചെയ്‌ത ലിയോനാര്‍ഡോ റൊബീന്യോയുടെ തൊട്ടടുത്ത കിടക്കയിലാണ്‌ കിടക്കുന്നത്‌. അവന്‌ പോലും ഇതു വരെ ഒരു നല്ല ഏജന്റിനെ കിട്ടിയിട്ടില്ല. കുട്ടികള്‍ക്കോ അവരുടെ അച്ഛനമ്മമാര്‍ക്കോ എഴുതാനും വായിക്കാനും അധികമറിയില്ല. ഏജന്റു പറയുന്നിടത്ത്‌ ഒപ്പു വെക്കും. പിന്നീടവരെ മാതാവിനു മുന്നില്‍ കാണില്ല. ചതിയില്‍ കുടുങ്ങുന്നവരാണ്‌ ഏറെയും. എവിടെയെങ്കിലും പോയി രക്ഷപ്പെടുന്നവര്‍ മാത്രം എപ്പോഴെങ്കിലും മാതാവിനെ കാണാന്‍ വീണ്ടും വന്നേക്കും. ചിലര്‍ സ്വപ്‌നങ്ങളൊക്കെ ഇല്ലാതാവുമ്പോള്‍ ഫാബിയോവിനെപ്പോലെ ബസ്‌ കണ്ടക്ടറാവും. മിക്കവരും ചേരികളിലേക്കും മയക്കുമരുന്നിലേക്കും മടങ്ങിപ്പോകും. ലക്ഷങ്ങളിലേക്കും കോടികളിലേക്കും കയറിപ്പോകുന്ന കൂട്ടുകാരെ തോക്കു ചൂണ്ടി കൊള്ളയടിക്കുന്നവരില്‍ പിന്നീട്‌ അവരില്‍ ചിലരുമുണ്ടാവും. അവരെ നന്നാക്കാന്‍ സീറ്റോക്കും ഫോര്‍മിഗക്കും മാത്രമല്ല, മാതാവിനും കഴിയില്ല.

മാതാവിനറിയാം, റൊബീന്യോമാര്‍ വല്ലപ്പോഴുമേ ഉണ്ടാവൂ. (തുടരും)

(2007 ആഗസ്‌ത്‌ ലക്കം മാതൃഭൂമി സ്‌പോര്‍ട്‌സ മാസികയില്‍ പ്രസിദ്ധീകരിച്ചത്‌
-മൂന്നാം ഭാഗം ഒക്ടോബര്‍ ലക്കത്തില്‍)

Read more...