റൊബീന്യോയാണ് ബ്രസീലിലെ പുതിയ പെലെയെന്ന് ഡോണാ മരീന ലിമാ ഡിസൂസയുടെ അച്ഛനറിയില്ല. റൊബീന്യോയെ അയാള് കണ്ടിട്ടേയില്ല. വടക്കു കിഴക്കന് ബ്രസീലിലെ അയാളുടെ വീട്ടില് ടിവിയില്ല. അയാള്ക്കറിയാത്തത് അതു മാത്രമായിരുന്നില്ല. മരീന ഡിസൂസ തന്റെ സ്വന്തം മകളാണെന്നും മരീനയുടെ മകനാണ് റൊബീന്യോയെന്നും അയാള്ക്കറിയില്ല! മൂന്നു പതിറ്റാണ്ടു മുമ്പ് പട്ടിണി സഹിക്കാതെ താന് വിറ്റുകളഞ്ഞ പെണ്കുഞ്ഞിന്റെ മുഖവും പേരുപോലും അയാള് മറന്നു പോയിരുന്നു.
******
പുതിയ ഫ്ളാറ്റില് താമസം തുടങ്ങിയപ്പോള് ഡോണാ മരീന ആദ്യദിവസം തന്നെ സാവോപോളോയിലെ കണ്ണെത്താത്ത ചേരികളിലേക്കു തുറക്കുന്ന ലിവിങ് റൂമിലെ ജനവാതില് ആണി വെച്ച് അടച്ചു. തുണിപ്പന്തുരുട്ടി താന് കളിച്ചു നടന്ന ആ ഫവേലയിലേക്ക് റൊബീന്യോ ഇടക്കിടെ തിരിഞ്ഞുനോക്കുന്നത് അവളെ ഭയപ്പെടുത്തി. റൊബീന്യോവിന്റെ പഴയ കൂട്ടുകാരില് ആരെങ്കിലും എപ്പോഴും കയറി വരുമെന്ന് അവള് ഉറപ്പിച്ചു. അവരുടെ നോട്ടത്തിലെ ശത്രുതയും കണ്ണിലെ മയക്കവും ഞരമ്പിലെ ലഹരികളും അവളെ അസ്വസ്ഥയാക്കി. സാവോപോളോവിലെത്തുമ്പോള് കാറിന്റെ ചില്ല് താഴ്ത്തരുത് -മകനെ അവര് എപ്പോഴും ഓര്മ്മിപ്പിച്ചു. നീ പഴയ റൊബീന്യോവല്ല. നീ ബ്രസീലിലെ പുതിയ പെലെയാണെന്ന് എല്ലാവരും പറയുന്നു. നിന്നെ ബ്രസീലിന് ആവശ്യമുണ്ട്.
*********
റയല് മാഡ്രിഡുമായി 23 മില്യണ് ഡോളറിന് കരാര് ഉറപ്പിക്കാന് ടെക്സേര സമ്മതിച്ചുവെന്ന് ഏജന്റ് വാഗ്നര് റിബെയ്റോ പറയുമ്പോള് റൊബീന്യോ അമ്മയെക്കുറിച്ചോര്ക്കുകയായിരുന്നു.
അവനു സന്തോഷവും പേടിയും തോന്നി. ഈ വാര്ത്ത പുറത്തു വന്നാല് അമ്മ സന്തോഷിക്കും. അമ്മയുടെ സ്വപ്നമായിരുന്നു അത്. ആ സ്വപ്നം സത്യമായി. അമ്മയുടെ കൊച്ചു റോബി യൂറോപ്പില് കളിക്കും. ഓര്മ്മ വെക്കുമ്പോള് മുതല് അമ്മ പറഞ്ഞത് നമുക്കീ ചേരിയില് നിന്നു രക്ഷപ്പെടണമെങ്കില് നീ കളിച്ചു വലുതാവണമെന്നാണ്്. അമ്മയും അച്ഛനും അടിമകളായാണ് ജനിച്ചത്. അമ്മയുടെ അച്ഛന് അമ്മയെ വിറ്റുകളഞ്ഞു. അമ്മക്കും അതാവാമായിരുന്നു. ഒരു കളിക്കാരനു വേണ്ടത്ര ഭക്ഷണമൊന്നും മകനു കൊടുക്കാന് അമ്മക്കാവുമായിരുന്നില്ല. എത്ര പണിതാലും വീട്ടുവേലക്കാരിക്കു കിട്ടുന്നത് മകനെ വളര്ത്താന് തികയില്ല. അച്ഛന് ഗില്വന് സ്വീവേജ് പൈപ്പുകള്ക്കിടയില് മദ്യപിച്ചു കിടക്കുമ്പോള് അമ്മ വീടുകളില് നിന്ന് വീടുകളിലേക്കോടി പണിയെടുത്ത് മകന് ശരീരം തടിക്കാനുള്ള സൂപ്പുണ്ടാക്കാന് പൈസ സ്വരുക്കൂട്ടുകയായിരുന്നു. ഓരോ ദിവസവും അമ്മ അവനോട് കളിയെക്കുറിച്ചുമാത്രം ചോദിച്ചു. ദുര്ബലനായ ശോഷിച്ച കുട്ടിയെ ഫവേലയിലെ കാളക്കൂറ്റന്മാരായ തെമ്മാടിപ്പിള്ളേര് കളിക്കിടയില് ചവുട്ടിക്കൂട്ടുമ്പോള് മുറിവുകളില് അമ്മ വെള്ളം പിടിക്കും. മരുന്നു പുരട്ടും. അപ്പോഴൊക്കെ അമ്മ പറയും. തോല്ക്കരുത്. നീ ഒരു ദിവസം വലിയ കളിക്കാരനാകും. യൂറോപ്പില് പോകും. ലോകകപ്പു കളിക്കും. അമ്മക്കൊന്നും വേണ്ട. ഈ ചേരിയില് നിന്നു പോയാല് മാത്രം മതി. ആദ്യം കിട്ടിയ ട്രോഫി കാണിച്ചപ്പോഴും സാന്റോസില് സെലക്ഷന് കിട്ടിയപ്പോഴും പ്രൊഫഷനല് കോണ്ട്രാക്ട് ഒപ്പു വെച്ചപ്പോഴും ഇനി ജോലിക്കു പോകേണ്ടെന്നു പറഞ്ഞപ്പോഴും പിന്നീട് പുതിയ ഫ്ളാറ്റ് വാങ്ങിയപ്പോഴും അമ്മ മകന് വലുതായെന്നു പറഞ്ഞ് വെറുതെ കരഞ്ഞു. ഇപ്പോഴിതാ, ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകക്ക് താന് യൂറോപ്പിലേക്കു പോകുന്നു. ഇതു പറയുമ്പോള് എന്താവും അമ്മയുടെ സന്തോഷമെന്ന് റൊബീന്യോയ്ക്കറിയാം. എന്നാല് ഇപ്പോളാ വാര്ത്ത പുറത്തുവരാതിരുന്നെങ്കില് എന്ന് അവന് ആത്മാര്ഥമായും ആഗ്രഹിച്ചു. അമ്മക്കും അച്ഛനുമല്ലാതെ സാവോപോളോവില് ആര്ക്കും സന്തോഷമില്ല. വലുതാവുന്നതിന്റെ വില അമ്മക്കറിയില്ലെന്നോര്ത്ത് റൊബീന്യോ വേവലാതിപ്പെട്ടു. പഴയ ചേരിയിലെ കൂട്ടുകാര് കൈയില് മയക്കുമരുന്നും പിന്പോക്കറ്റില് തോക്കുമായി ഇനി ഏതു നിമിഷവും അമ്മയെത്തേടിയെത്തുമെന്ന് അവനുറപ്പുണ്ടായിരുന്നു.
**********
2004 നവംബര് 6. കരാറിന്റെ ചര്ച്ചകള് ഏറെക്കുറെ അന്തിമഘട്ടത്തിലാണ്. ഉച്ചയോടെ ഡോണാ മരീന അയല്പക്കത്തെ ബന്ധുവീട്ടിലേക്കു പോയത് ഒരു ചെറിയ കുടുംബചടങ്ങില് പങ്കെടുക്കാനായിരുന്നു. ബാര്ബെക്യൂ ഉണ്ടാക്കാന് ഡോണയ്ക്കു പ്രത്യേക കഴിവുണ്ട്. അവള് വരണമെന്ന് അവര് നിര്ബന്ധിച്ചു. ബാര്ബെക്യൂവിന്റെ പണികള് തീര്ത്ത് ഊണ്മേശ ശരിപ്പെടുത്തുമ്പോഴാണ് രണ്ടാം നിലയിലുള്ള ഫ്ളാറ്റിലേക്ക് നാലു പേര് തിക്കിത്തിരക്കി കടന്നു വന്നത്. ആരാണ് ഡോണാ മരീന? തോക്കു ചൂണ്ടി ഒരാള് ചോദിച്ചു. അതു വെറുതെ ചോദിച്ചതായിരുന്നു. ഡോണയുടെ പടം അന്നത്തെ പത്രത്തിലുമുണ്ട്. പഴയ ഫവേലയിലെ തൂപ്പുകാരിയല്ല ഇപ്പോള് ഡോണ. ബ്രസീലിലെ പുതിയ പെലെയുടെ അമ്മ. അവളെ എല്ലാവര്ക്കുമറിയാം. വരൂ, കാര് കൊണ്ടു വന്നിട്ടുണ്ട്. നമുക്കൊരിടം വരെ പോണം. പിന്കഴുത്തില് അമര്ത്തിപ്പിടിച്ച തോക്കുമായി അവളെ കാറിലേക്കാനയിക്കുമ്പോള് മുഖം മൂടിക്കെട്ടിയ യുവാവ് പറഞ്ഞു. ഈ ശബ്ദം മുമ്പു കേട്ടതാണോ എന്ന് അപ്പോള് അവള് വെറുതെ സന്ദേഹിച്ചു. പുറത്തു കടക്കും മുമ്പ് മറ്റുള്ളവരെ ഒരു മുറിയിലിട്ടു പൂട്ടാന് അവര് മറന്നില്ല.
************
ക്രൂസെയ്റോയുമായുള്ള നിര്ണായകലീഗ് മാച്ചിന് ഒരുങ്ങുകയായിരുന്നു റൊബീന്യോ. അപ്പോള് ഗില്വന്റെ ഫോണ് വന്നു. അമ്മയെ കാണാനില്ല. വീട്ടിലേക്കു തിരിക്കും മുമ്പ് നോസാ മാതാവിന്റെ മുന്നില് പോയിക്കിടന്ന് അവന് വലിയ വായില് കുറച്ചു കരഞ്ഞു. പേടിച്ചതു സംഭവിച്ചല്ലോ എന്നവന് വെറുതെ സങ്കടപ്പെട്ടു. ഫവേലയിലേക്ക് ഇനി തിരിച്ചു പോകാനാവില്ല. അമ്മയെ കിട്ടുകയില്ല. ജീവനും കിട്ടുകയില്ല. ഇനി ചിലപ്പോള് കരയാനും പറ്റിയില്ലെന്നു വരുമെന്ന് ഡീഗോവിനോട് അവന് പറഞ്ഞു. ബ്രസീലിലെ ചാനലുകളും പത്രങ്ങളും അവന്റെ ഫ്ളാറ്റിനു മുന്നില് വലയം തീര്ത്തു കഴിഞ്ഞു. വലുതാവേണ്ടിയിരുന്നില്ല എന്ന് ഉള്ളില്ത്തട്ടിയ സങ്കടത്തോടെ അവന് ഡീഗോയോട് പറഞ്ഞു. ഡീഗോയും യൂറോപ്പിലേക്കു പോവുകയാണ്. അവനും ഈയിടെയായി കാറിന്റെ ചില്ലു താഴ്ത്താന് ഭയപ്പെടുന്നു.
**********
ഡോണയെ കണ്ടു പിടിക്കാന് പോലീസിനാവില്ലെന്ന് റൊബീന്യോക്കറിയാം. പിറ്റേന്നു തന്നെ അമ്മയെ റാഞ്ചിയവരുടെ മെഴ്സിഡസ് ബെന്സ് നഗരാതിര്ത്തിയില് നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. പൈസക്കായുള്ള വിളികള് വന്നുകൊണ്ടേയിരുന്നു. റൊബീന്യോവിന്റെ ഫോണ് നമ്പര് കിട്ടണമെന്ന് അവര് ശഠിച്ചു. അവനിവിടെയില്ല -ഗില്വന് ഉറപ്പിച്ചു പറഞ്ഞു. ഓരോ തവണയും ഡോണയുടെ കരച്ചില് അവര് ഫോണില് കേള്പ്പിച്ചു. 41 ദിവസം അതു തുടര്ന്നു. ഗില്വന് അവരോടു കെഞ്ചിക്കൊണ്ടിരുന്നു. ജീവിതകാലം മുഴുവന് മകനെ വളര്ത്താന് വേദനിച്ച അമ്മക്ക് മകന് വലുതായിപ്പോയതിനു ലഭിച്ച ശിക്ഷ! അമ്മക്കു വേണ്ടി നോസാ മാതാവിനോട് മുട്ടിപ്പായി പ്രാര്ഥിക്കുക മാത്രമേ റൊബീന്യോവിനു ചെയ്യാനുണ്ടായിരുന്നുള്ളൂ. 42-ാം ദിവസം 85000 ഡോളറിന് അമ്മയെ വിട്ടുതരാന് സീലിയോ മാര്സെലോ ഡാ സില്വ എന്ന കുപ്രസിദ്ധനായ ഗ്യാങ് ലീഡര് സമ്മതിച്ചുവെന്ന് ഗില്വന് വിളിച്ചു പറഞ്ഞപ്പോള് അതറിഞ്ഞാല് അമ്മ വീണ്ടും കരയുമല്ലോ എന്ന് അവന് വേവലാതിപ്പെട്ടു.
**********
ബ്രസീലില് കളിക്കാരനാവുന്നത് ദേശീയാംഗീകാരമായിരുന്നു. അവര് ദൈവങ്ങളെപ്പോലെ ആരാധിക്കപ്പെട്ടിരുന്നു. ഇപ്പോള് ഒരു പ്രൊഫഷനല് കോണ്ട്രാക്ട് കിട്ടുന്നതുപോലും അപകടമാണ്. 12ാം വയസ്സില് സാന്റോസിലേക്കു ട്രയലിനു പോകാന് റൊബീന്യോക്കു കയ്യില് പൈസയുണ്ടായിരുന്നില്ല. 15-ാം വയസ്സാവുമ്പോഴേക്കും സാന്റോസിന്റെ സീനിയര് ടീമില് പ്രൊഫഷനല് കരാര് കിട്ടി അവന് ഒരു ഫ്ളാറ്റ് വാങ്ങിച്ചു. 18ാം വയസ്സില് പെലെയുടെ കാലത്തിനു ശേഷം 34 കൊല്ലം കഴിഞ്ഞ് അവനും ഡീഗോയും ചേര്ന്ന് സാന്റോസിനെ ആദ്യമായി ബ്രസീല് ലീഗ് ചാമ്പ്യന്മാരാക്കിയപ്പോള് അവന്റെ ശമ്പളം അഞ്ചു ലക്ഷം ഡോളറാക്കുമെന്ന് സാന്റോസ് അറിയിച്ചു. ഇനി നീ ബോഡിഗാര്ഡുകളെ വെക്കണമെന്ന് സീറ്റോ അവനോടു കളി പറഞ്ഞു.
*******
കളിക്കാരനാവുന്നതിനേക്കാള് അപകടമാണ് കളിക്കാരന്റെ അമ്മയാവുന്നതെന്ന് റൊമാരിയോവും ഡോണയോടു പറഞ്ഞിരുന്നു. 94ലെ ലോകകപ്പിനു തലേന്നാണ് റൊമാരിയോയുടെ അച്ഛനെ തട്ടിക്കൊണ്ടു പോയത്. 2004ല് മാത്രം 83 കളിക്കാരുടെ ബന്ധുക്കളെ തട്ടിക്കൊണ്ടു പോയി. ബ്രസീലിലെ ക്രൈം കാപ്പിറ്റലായ സാവോപോളോയില് മൂന്നു ദിവസത്തിലൊരിക്കല് ഒരാള് വീതം കിഡ്നാപ് ചെയ്യപ്പെടുന്നു. അധികവും പ്രൊഫഷനല് ഫുട്ബോള് താരങ്ങളുടെ അമ്മമാര്. റൊബീന്യോവിന്റെ അമ്മയ്ക്കു ശേഷം നാലു പേരെക്കൂടി ക്രിമിനല് ഗ്യാങ്ങുകള് തട്ടിക്കൊണ്ടുപോയി.
സെവിയെ താരം ലൂയി ഫാബിയാനോ, സാന്റോസ് ഡിഫന്ഡര് ക്ലെബര്, സ്പോര്ട്ടിങ് ലിസ്ബണ് താരം റൊജേരിയോ, കൊറിന്ത്യന്സിന്റെ മൊറീന്യോ, ലേ മാന്സ് സ്ട്രൈക്കര് ഗ്രാഫിറ്റി എന്നിവരുടെ അമ്മമാര്. പാള്മീറാസിന്റെ വിങ്ബാക്ക് ആന്ഡേഴ്സന്റെ 21കാരിയായ സഹോദരിയെയാണ് ക്രിമിനലുകള് റാഞ്ചിയത്. ഒമ്പതു ദിവസത്തിനു ശേഷം അവളെ ഉപേക്ഷിക്കപ്പെട്ട നിലയില് കണ്ടെത്തി. റിക്കാര്ഡോ ഒളിവേരയുടെ 35കാരിയായ സഹോദരിയെ റാഞ്ചിയവരില് അവളുടെ മകനും ഉണ്ടായിരുന്നു! ഒന്നുകില് പ്രൊഫഷനല് ഫുട്ബോളറാവണം. അല്ലെങ്കില് ക്രിമിനലാവണം. ഇതിനിടയില് ചേരികളിലെ യുവാക്കള്ക്ക് ഒരിടമില്ല. 20 കോടിയില് മൂന്നിലൊന്നും പന്തു കളിക്കാരായ നാട്ടില് 12000 പേരേ പ്രൊഫഷനല് ഫുട്ബോളറായിട്ടുള്ളൂ. എന്നാല് 10 ലക്ഷത്തില്ക്കൂടുതല് പ്രൊഫഷനല് ക്രിമിനലുകളുണ്ട്. ഫുട്ബോളില് വിജയിക്കാത്തവന് പലപ്പോഴും ഗ്യാങ്ങുകളിലേക്കു തിരിയും. മയക്കുമരുന്നും തോക്കുമില്ലാത്ത യുവാക്കള് ഇന്ന് ഫവേലകളില് അരക്ഷിതരാണ്. ഏതെങ്കിലും ഒരു ഗ്യാങ്ങിലല്ലാതെ അവര്ക്കു നിലനില്പ്പില്ല. എല്ലു മുറിയെ പണിതാല് ഒരു യുവാവിനു കിട്ടാവുന്ന ശരാശരി മാസവരുമാനം 30 ഡോളറാണ്. നല്ല ഒരു ഗ്യാങ്ങില്പെട്ടാല്, ഒരിരയെ തട്ടിക്കൊണ്ടു പോയാല് കുറഞ്ഞത് 10,000 ഡോളര് കിട്ടും!
(2007 ആഗസ്ത് ലക്കം മാതൃഭൂമി സ്പോര്ട്സ് മാസികയില് പ്രസിദ്ധീകരിച്ചത്)
*******
ഭാഗം രണ്ട്
ദുരിതങ്ങളുടെ തെരുവെന്നു വിളിപ്പേരുള്ള സാവോ വിസെന്റെയിലെ പാര്ക്യൂ വിറ്റാരൂവില് റോബ്സണ് ഡിസൂസ കുട്ടിക്കാലത്തെന്നും തനിച്ചായിരുന്നു. അമ്മ ഡോണ പലയിടത്തും വീട്ടുജോലികള്ക്കു പോകും. അച്ഛന് ഗില്വന് സ്വീവേജ് പൈപ്പുകള്ക്കിടയില് നിന്ന് വല്ലപ്പോഴുമേ വരൂ. ചേരിയിലെ തെരുവില് കിട്ടിയതെന്തും പന്താക്കി കളിച്ച് കൊച്ചു റോബി വളര്ന്നു.
വഴിയിലൂടെ കടന്നു പോയ ഒരു ബൈക്ക് യാത്രക്കാരനാണ് ആദ്യമായി അതു ശ്രദ്ധിച്ചത്. ഒരു കുട്ടിയും പന്തും കൂടി തെരുവില് കെട്ടിമറിയുന്നു. അവന് പറയുന്നതെന്തും പന്ത് അനുസരിക്കുന്നു. മെലിഞ്ഞുന്തിയ പയ്യനും പന്തുമായുള്ള ചങ്ങാത്തം അയാളെ വിസ്മയിപ്പിച്ചു. രണ്ടു വയസ്സിന്റെ വലുപ്പം മാത്രമുള്ള നാലു വയസ്സുകാരനായ റൊബീന്യോവിനെ ആദ്യമായൊരാള് ശ്രദ്ധിക്കുന്നത് അന്നാണ്്. ഒരാള് പറയുന്നതെന്തും അനുസരിക്കുന്ന പന്തിനെ താനാദ്യമായാണ് കാണുന്നതെന്ന് പിന്നീട് ഗില്വനെ തേടിപ്പിടിച്ച് അയാള് പറഞ്ഞു. അവനെ അഡൊറാള്ഡൊ റിക്കാര്ഡോ നടത്തുന്ന ഫുട്ബോള് എസ്കോളീന്യ(സ്കൂള്) യിലാക്കണമെന്ന് അയാളാണ് ശുപാര്ശ ചെയ്തത്. ഫുട്ടെബോള് സെലാവോ കളിച്ച് അവന് തെളിയട്ടെ.
അന്ന് ഗില്വനും ഡോണയും അതു കാര്യമാക്കിയില്ല. ഫുട്ടെബോള് ഘെട്ടോകള് തെമ്മാടിപ്പിള്ളേരുടെ താവളങ്ങളാണ്. റോബി കൊച്ചു കുഞ്ഞാണ്. വലിയവര്ക്കൊപ്പം അവനു കളിക്കാറായില്ല. എന്നാല് റോബി തെരുവിലെ കളി നിറുത്തിയില്ല. പിന്നീട് ഫാബിയോ വന്നു പറഞ്ഞു. നിങ്ങളുടെ റോബി സാമാന്യക്കാരനല്ല. തെരുവില് ഇവന് എല്ലാ വലിയവരേയും തോല്പ്പിക്കുന്നു. വലിയവരെ തോല്പ്പിക്കാന് ഇവനു പ്രത്യേകമായ വിരുതുണ്ട്. അവന് എതിരാളികളെ വട്ടമിട്ടോടി തോല്പ്പിക്കും. ഇവനെപ്പോലെ ഡ്രിബ്ള് ചെയ്യാന് ഇന്ന് സാവോപോളോവില് ആരുമില്ല. ഇവനെ ബെയ്രാ-മാര് ക്ലബ്ബിന്റെ എസ്കോളീന്യയിലാക്കണം.
ഫാബിയോ ബെയ്രാ മാര് ഫുട്ടെബോള് ഘെട്ടോവില് കളിക്കുന്നവനാണ്. അവന് അന്ന് വയസ്സ് 12. ഘെട്ടോവിലെ സീനിയര് പയ്യന്. നേതാവ്. മഹാവികൃതി. റോബിക്ക് വയസ്സ് ആറ്. നാലില് കൂടുതല് തോന്നില്ല. കൊച്ചുകുട്ടി. ശരീരവലുപ്പമില്ല. രോഗിയുടെ കോലം. ദയനീയരൂപം. ഗില്വന് വഴങ്ങിയില്ല. പെലെ ഇങ്ങിനെയായിരുന്നു കുട്ടിക്കാലത്തെന്ന് അപ്പോള് ഫാബിയോ പറഞ്ഞു. നിങ്ങളുടെ ജീവിതം ചിലപ്പോള് ഇവന് മൂലം രക്ഷപ്പെടും. പഠിച്ചിട്ടൊന്നും ഇവന് ആരുമാവാന് പോകുന്നില്ല. ഇവന് ബ്രസീലിനു കളിക്കും. യൂറോപ്പിലേക്കു പോകും. വീടു വാങ്ങിക്കും.
ഫാബിയോവിന്റെ വാക്കുകള് ഡോണക്കു കൊണ്ടു.
************
ഘെട്ടോ എന്നാല് ചേരി. അവിടത്തെ ഫുട്ബോള് എസ്കോളീന്യകളെയും ആ പേരില് വിളിക്കും. ക്ലബ്ബെന്നു പറയാനൊന്നുമില്ല. ചെറിയ തകരം മേഞ്ഞ ഇന്ഡോര് ക്ലബ്ബ്. കോണ്ക്രീറ്റ് തറ. ഫുട്ടെബോള് സെലാവോ എന്നാല് ഫുട്സാല് തന്നെ. അഞ്ചു പേരുടെ ഫുട്ബോള്. വലുപ്പം കുറഞ്ഞു ഭാരം കൂടിയ പന്ത്. വിസ്തീര്ണം കുറഞ്ഞ കളിക്കളം. കൊച്ചു പോസ്റ്റുകള്. അതാണ് ബ്രസീല് ഫുട്ബോളര്മാരുടെ ആദ്യത്തെ കളരി.
പന്തിനെ തടവി തലോടി വശത്താക്കാനും പന്തിനു മുകളിലൂടെ പെഡലാഡ നടത്താനും ഫുട്ബോളിനേക്കാള് വേഗത കുറഞ്ഞ ചലനങ്ങള് ശീലിക്കാനും അതവരെ പഠിപ്പിക്കുന്നു. റൊബീന്യോക്ക് പക്ഷെ അവിടെയെത്തും മുമ്പു തന്നെ ആ വിദ്യകളൊക്കെ അറിയാമായിരുന്നു. ബെയ്രാ-മാറിലെ അഡൊറാള്ഡോ റിക്കാര്ഡോയും കോച്ച് ബെറ്റീന്യോ എന്നു വിളിക്കുന്ന ബെറ്റോയും ആദ്യദിവസം തന്നെ അതു ശ്രദ്ധിച്ചു. ക്ലോസ്-ബോഡി സ്കില്സിലൊക്കെ അവനു വലിയ മികവു കാണുന്നു. സ്വെര്വുകള്, ടേണുകള്, നിയന്ത്രണം, ഭാവന, മെയ്വഴക്കം, നിര്ഭയത്വം, മടുപ്പില്ലാതെ മണിക്കൂറുകളോളം കളിക്കാനുള്ള സന്നദ്ധത.. ഒരു കൊച്ചു കുട്ടിയില് ഇതുവരെ കാണാത്ത അളവില് അതെല്ലാം റിക്കാര്ഡോ കണ്ടു.
മൂന്നിനും ആറിനുമിടക്കു പ്രായമുള്ളവരുടെ `മില്ക്ക് ബോട്ടില്` കാറ്റഗറിയിലാണ് അവനെ റിക്കാര്ഡോ ഉള്പ്പെടുത്തിയത്. എന്നാല് അവന് വലിയവര്ക്കൊപ്പം കളിക്കാനിഷ്ടപ്പെട്ടു. ഘെട്ടോവില് എല്ലാവരും അവനേക്കാള് വലിയവരും ശക്തരുമായിരുന്നു. തെമ്മാടികളും. വേദനിച്ചാല് കരയാതെയും ആരെയും ഭയക്കാതെയും കളിക്കാന് അവിടെനിന്നാണ് അവന് പഠിച്ചത്. വളരെ ചെറിയ സ്പേസില് ഭാരം കൂടിയ പന്തു വെച്ച് ഡ്രിബ്ള് ചെയ്ത് ഡ്രിബ്ള് ചെയ്ത് അവരെയെല്ലാം അവന് പരിഹസിച്ചു. അവന്റെ ദൈന്യരൂപത്തെ കളിയാക്കുന്നവരെ പെഡലാഡ കൊണ്ട് അപമാനിക്കാന് അവിടം മുതലേ അവന് ശീലിച്ചു. രൂപത്തെ വെല്ലുന്ന വഴക്കാളിത്തം അവനില് ഉണ്ടായിരുന്നു. അദ്ഭുതവിദ്യകള് കാട്ടി കൂട്ടുകാര്ക്കിടയില് അവന് മാലബറിസ്റ്റ (മാന്ത്രികന്) ആയി. സാവോപോളോവിലെ ചേരിയില് മാത്രമല്ല, ബ്രസീലിലാകെ അവന്റെ പെഡലാഡ (ഡ്രിബ്ലിങ്) വാര്ത്തയായി. ഘെട്ടോകള് തമ്മിലുള്ള ടൂര്ണമെന്റുകളില് ബെയ്രാ മാറിന്റെ പേര് പ്രശസ്തമായി.
ഡോണാ മരീന ഇടക്കൊക്കെ റിക്കാര്ഡോയുടെ അടുത്തു വരും. അവളുടെ സങ്കടങ്ങള് പറയും. അവനെക്കുറിച്ചുള്ള വിവരങ്ങള് അന്വേഷിക്കും. അവളുടെ ദൈന്യത കണ്ട് അവന്റെ ഫീസായ അഞ്ചു പൗണ്ട് റിക്കാര്ഡോ ഒഴിവാക്കിക്കൊടുത്തു. ഒമ്പതാം വയസ്സാവുമ്പോഴേക്കും ബെയ്രാ-മാറിന്റെ നിലവാരത്തേക്കാള് അവന് വളര്ന്നുവെന്നു മനസ്സിലാക്കിയ റിക്കാര്ഡോ തന്നെ അവനെ കുറച്ചു കൂടി മികച്ച ഒരു എസ്കോളീന്യയിലേക്ക്, പോര്ട്ടൂറിയോസിലേക്ക്, മാറ്റി. 1993ല് പോര്ട്ടൂറിയാസിനു വേണ്ടി അണ്ടര്-10 ലീഗില് അവന് 73 ഗോളുകളടിച്ചു.
********
ഫവേലകളിലെ തകരം മേഞ്ഞ വീടുകളിലെ എല്ലാ കുട്ടികളുടെയും സ്വപ്നം ഒരു നാള് സാന്റോസിനു കളിക്കുക എന്നതാണ്. പെലെ കളിച്ച ടീമാണ് അത്. ബ്രസീലിലെ പാവപ്പെട്ടവന്റെ ക്ലബ്ബ്. സാന്റോസിന്റെ അക്കാദമിയില് സെലക്ഷന് കിട്ടിയാല്മതി, ഒരു സമ്പൂര്ണ ഫുട്ബോളറാവുന്നതിലേക്കുള്ള ആദ്യത്തെ പടിയായി. സാവോപോളോവിലെ മാതാപിതാക്കള് അതിനായി പ്രാര്ഥനകളും ശുപാര്ശകളും നടത്തി. നമ്മുടെ നാട്ടില് എന്ട്രന്സിനു നല്കുന്ന പരിശീലനം പോലെ സാവോപോളോവിലെ അച്ഛനമ്മമാര് സാന്റോസിലെ ട്രയല്സിനു വേണ്ടി കുട്ടികള്ക്ക് പ്രത്യേകം കഠിന പരിശീലനങ്ങള് നല്കി.
സാവോപോളോവിലെ ഘെട്ടോകളില് നിന്ന് കാളക്കൂറ്റന്മാരെപ്പോലുള്ള പതിനായിരത്തോളം കുട്ടികള് എല്ലാ വര്ഷവും സാന്റോസില് സെലക്ഷന് ട്രയല്സിനു വരും. എന്നാല് അവരെ സെലക്ടര്മാരായ സീറ്റോയും ഫോര്മിഗയും ഭയന്നു. എട്ടാം വയസ്സില് മയക്കുമരുന്നും പത്താം വയസ്സില് തോക്കും കൈയിലെടുക്കുന്നവരാണ് സാവോപോളോയിലെ ചേരിയില് സ്ട്രീറ്റ് ഫുട്ബോള് കളിച്ചു വളരുന്ന കുട്ടികള്. കഴിഞ്ഞ മൂന്നു വര്ഷവും അവിടെനിന്ന് ആരും സെലക്റ്റ് ചെയ്യപ്പെട്ടില്ല.
13ാം വയസ്സില് റൊബീന്യോവും ട്രയല്സിനു പോയി. ട്രയല്സിനു പോകുമ്പോള് ആരും അവനു സാധ്യത കല്പ്പിച്ചിരുന്നില്ല. സാവോപോളോക്കാരനാണെന്നതും തെമ്മാടിപ്പയ്യനാണെന്നതും മാത്രമല്ല അവന്റെ അയോഗ്യത. വയസ്സ് പതിമൂന്നാണെങ്കിലും എട്ടു വയസ്സിന്റെ വലുപ്പമേ ഉള്ളൂ. എന്നിട്ടും ട്രയല്സില് അവന് അവസരം ലഭിച്ചു. അതൊരു വഴിത്തിരിവായിരുന്നു. റൊബീന്യോവിന്റെ കാലില് നിന്നു പന്തു കിട്ടാന് മറ്റു കുട്ടികള് പായുന്നതു കണ്ട് സെലക്ടര്മാര് നിലപാടു മാറ്റി. റൊബീന്യോ സാന്റോസിന്റെ അക്കാദമിയിലെത്തി.
ഡീഗോയും എലാനോയും റെനാറ്റോയുമൊക്കെ സാന്റോസിലുണ്ട്. കൊച്ചു റൊബീന്യോയും അവര്ക്കൊപ്പം കൂടി. ട്രയല്സ് കഴിഞ്ഞപ്പോള് സീറ്റോ പറഞ്ഞു. ഇവരെ ശ്രദ്ധിക്കണം. ഇവര് സാന്റോസിനു പ്രശസ്തി കൊണ്ടുവരും. പ്രത്യേകിച്ചും ആ കറുത്തു മെലിഞ്ഞ പയ്യന്, റൊബീന്യോ. നിരവധി കുട്ടികളെ വളര്ത്തി വിറ്റു പരിചയമുളള ട്രെയ്നറാണ് സീറ്റോ. 1958ലെ ലോകകപ്പ് ടീമില് പെലെക്കൊപ്പം കളിക്കുകയും ഗോളടിക്കുകയും ചെയ്തിട്ടുള്ളയാള്. എത്രയോ കളിക്കാരെ സീറ്റോ കണ്ടിരിക്കുന്നു. എന്നാല് ഇതുപോലൊരുത്തന് പെലെക്കു ശേഷം ആദ്യമാണ്. സീറ്റോ ഫോര്മിഗയോടു പറഞ്ഞു. ഇവനെ വിടരുത്. ഇവന് പണം കായ്ക്കുന്ന മരമാണ്..
*********
പന്തിനെ രണ്ടു പ്രാവശ്യം തൊടണം. പെലെ അവനോടു പറഞ്ഞു.
ആദ്യത്തെ ടച്ച്, നിര്ത്താനും ഇഷ്ടമുള്ളിടത്തേക്ക് നീക്കാനും. രണ്ടാമത്തേത് അത് നിയന്ത്രണത്തില് തന്നെ എന്ന് ഉറപ്പാക്കാന്. രണ്ടിലധികം തൊടുന്നത് കഴിവു കുറഞ്ഞവരോ ആത്മവിശ്വാസം കൂടിയവരോ ആണ്. പന്തിനെ പേടിക്കാനോ അവമതിക്കാനോ പാടില്ല.
-സാന്റോസില് നിന്നു പിണങ്ങി നില്ക്കുകയായിരുന്ന പെലെ സെലക്ടറായി തിരിച്ചെത്തിയ വര്ഷമായിരുന്നു അത്. റൊബീന്യോവിനെ ആദ്യമായി കണ്ടപ്പോള് തന്നെ പെലെ പറഞ്ഞു. ഇവന് എന്നെപ്പോലെയുണ്ട്. ഒരു പക്ഷെ നാളെ എന്നേക്കാള് വലിയവനാവും.
റൊബീന്യോയുടെ പന്തടക്കവും വൈവിധ്യവും അദ്ഭുതവിദ്യകളും ഒറ്റ നോട്ടത്തില് പെലെക്കു ബോധ്യപ്പെട്ടു. തെരുവിലെ തെമ്മാടിബാലനുള്ള കരളുറപ്പും അവനില് പെലെ കണ്ടു. കളിയിലെ മികവു മാത്രമല്ല, തന്റെ ദൈന്യതയാര്ന്ന ബാല്യകാലരൂപവും പെലെ അവനില് ദര്ശിച്ചു. നീ ആരാണോ അതായിരിക്കുക. മറ്റൊരാളാവാന് ശ്രമിക്കാതിരിക്കുക. വിയര്പ്പോടെ ആശ്ലേഷിച്ചു കൊണ്ട് പെലെ അവന്റെ കാതില് പറഞ്ഞു. സാന്റോസിലെ സെലക്ടര്മാരോടും പെലെ പറഞ്ഞു. ഇവനു പ്രത്യേക ഡയറ്റ് തയ്യാറാക്കണം. നിത്യവും കുറച്ചു ഭക്ഷണം കൂടുതല് നല്കണം...
റൊബീന്യോയുടെ ഓര്മ്മയില് എല്ലാമുണ്ട്. അയാളുടെ കൈയില് എപ്പോഴുമുള്ള വസ്തുക്കളിലൊന്ന് ഒരു ബ്ലാക്ക് ആന്ഡ് വൈറ്റ് ഫോട്ടോയാണ്. 1950കളിലെ പ്രശസ്തമായ സാന്റോസ് ടീമിന്റെ ഫോട്ടോ. അതില് പെലെ ചിരിച്ചു കൊണ്ട് നില്ക്കുന്നുണ്ട്.
*********
പെലെ വിളിക്കുന്നു എന്ന് പെലെയുടെ കാറുമായി മകന് വന്നു പറഞ്ഞപ്പോള് ഗില്വന് ഡിസൂസ വിശ്വസിച്ചില്ല. സാവോപോളോവിലെ വേനല്ച്ചൂടില് സ്വീവേജ് പൈപ്പുകള് പൊട്ടുന്ന കാലമാണ്. ഗില്വന് അപ്പോള് ധാരാളം മദ്യക്കുപ്പികള് സമ്മാനമായെത്തും.
ചേരിയിലെ നാറുന്ന പൈപ്പുകള്ക്കിടയില് നിന്ന് സാന്റോസിലെ അക്കാദമിയിലെത്തുമ്പോള് അയാള് പെലെയുടെ അടുത്തു പോവാതിരിക്കാന് ശ്രദ്ധിച്ചു. ഇവനു ഭക്ഷണം കൊടുക്കാത്തതെന്തെന്നു ചോദിച്ചുകൊണ്ട് മൈതാനത്തു നിന്ന് കയറിവന്ന് പെലെ അയാളെ ആലിംഗനം ചെയ്തു. ഇവനെ കാണുമ്പോള് ഞാന് എന്നെ ഓര്ക്കുന്നു. എനിക്കും അന്നു ഭക്ഷണം കിട്ടിയിരുന്നില്ല. പെലെ പറഞ്ഞു. ഇവനു ഭക്ഷണം കൊടുക്കുക. ഇവന് എന്നേക്കാള് വലുതാവും. ഒരു ദിവസം ഞാന് നിങ്ങളുടെ വീട്ടിലേക്കു വരും.
ഈവാഞ്ചലിക്കല് ചര്ച്ചിന്റെ സുവിശേഷവഴികളിലേക്ക് സ്വയം മാറി നടന്ന ഗില്വന് മകന്റെ ഭക്ഷണത്തിന് പണം തേടി അന്നു മുതല് രാത്രിയും ജോലിക്കു പോയി. പെലെയുടെ വാക്കുകളോളം ഒരു മദ്യവും പിന്നീടയാളെ പ്രലോഭിപ്പിച്ചില്ല. പെലെ എന്നെങ്കിലും വീട്ടില് വരുമെന്ന് അയാള് ഭയപ്പെടുന്നു. ദൈവത്തിന്റെ മുമ്പില് മദ്യപിച്ചു നില്ക്കാന് സത്യക്രിസ്ത്യാനിയായ ഗില്വനാവില്ല.
*********
സാവോപോളോവിലെ വില്ലാ ബെല്മര് സ്റ്റേഡിയത്തിലാണ് സാന്റോസ് ക്ലബ്ബിന്റെ ഫുട്ബോള് എസ്കോളിന്യ. ഈ ഗ്രൗണ്ടില് വെച്ചാണ് രണ്ടു തവണ സാന്റോസ് ലോകക്ലബ്ബ് കപ്പ് നേടിയത്. സ്റ്റേഡിയത്തിലെ ഗ്യാലറിയുടെ അടിത്തട്ടിലെ കളിക്കാര്ക്കുള്ള ഡോര്മിറ്ററിയുടെ സീലിങ്ങ്, ഗ്യാലറി തിരിച്ചിട്ടപോലെ ഒരറ്റം ചെരിഞ്ഞിരിക്കും. റൊബീന്യോ ചെല്ലുമ്പോള് 75 കുട്ടികളുണ്ട് അവിടെ.
ആറുമുറിയില്, മീതേക്കു മീതേക്ക് തട്ടു തട്ടായി തിരിച്ച ബെര്ത്തുകളില് കിടക്കാം. മാടുകളെ വളര്ത്തുന്നതുപോലെ നേരാനേരം തവിടും വെള്ളവും കാട്ടി സീറ്റോയും ഫോര്മിഗയും അവരെ വളര്ത്തും. വലുതാക്കി വില്ക്കാനുള്ളവരാണ് അവര്. അവരില് ബ്രസീലിലെ എല്ലാ പ്രവിശ്യകളില്നിന്നുള്ളവരുമുണ്ട്. നേരാനേരം ഭക്ഷണം കിട്ടും. അത് വലിയ ആകര്ഷണമായി റൊബീന്യോക്കും തോന്നി. അവനെപ്പോലെ വളരെ മോശം സാഹചര്യങ്ങളില് നിന്നു വരുന്നവരാണ് മറ്റു കുട്ടികളും. രാപകല് കളിയാണ്. കളി കഴിഞ്ഞാല് ഉറക്കം.
ഇടനാഴിയില് ടേബിള് ടെന്നീസ് കളിക്കാനുള്ള മുറിയുടെ അടുത്ത്് നോസാ സന്യോര് അപാരിസിഡയുടെ രൂപക്കൂടുണ്ട്. ഭാഗ്യത്തിന്റെ ദേവതയാണ് നോസ. കളിയില്ലാത്തപ്പോള് ഉരുകിയ മെഴുകുതിരികള് പോലെ കുട്ടികള് മാതാവിന്റെ രൂപത്തിനു മുന്നിലും തട്ടുകിടക്കകളിലും പ്രാര്ഥിച്ചു കിടക്കുന്നുണ്ടാവും. ജൂനിയര് ടീമില്, എ ടീമില്, യൂത്ത് ടീമില്, പിന്നെ ഒരു പ്രൊഫഷനല് കോണ്ട്രാക്ടോടെ സാന്റോസിന്റെ സീനിയര് ടീമില്, ദേശീയ ടീമില്, ഒടുവില് യൂറോപ്പില്.. ഒരിക്കലും യാഥാര്ഥ്യമാവില്ലെന്നറിഞ്ഞിട്ടും കുട്ടികള് രൂപക്കൂടിനു മുന്നിലെത്തി ഓരോന്നോരോന്നായി ആവശ്യങ്ങള് ഉന്നയിക്കും.
ഇങ്ങിനെ നൂറിലധികം അക്കാദമികളിലായി ലക്ഷത്തിലേറെ കുട്ടികള് എല്ലാ ദിവസവും ബ്രസീലില് പ്രാര്ഥനകള് എത്തിക്കുന്നുണ്ട്. അവരാരും എവിടെയുമെത്തുന്നില്ല. അണ്ടര് 17 ലോകകപ്പു കളിക്കുകയും അതില് ഗോളടിക്കുകയും ചെയ്ത ലിയോനാര്ഡോ റൊബീന്യോയുടെ തൊട്ടടുത്ത കിടക്കയിലാണ് കിടക്കുന്നത്. അവന് പോലും ഇതു വരെ ഒരു നല്ല ഏജന്റിനെ കിട്ടിയിട്ടില്ല. കുട്ടികള്ക്കോ അവരുടെ അച്ഛനമ്മമാര്ക്കോ എഴുതാനും വായിക്കാനും അധികമറിയില്ല. ഏജന്റു പറയുന്നിടത്ത് ഒപ്പു വെക്കും. പിന്നീടവരെ മാതാവിനു മുന്നില് കാണില്ല. ചതിയില് കുടുങ്ങുന്നവരാണ് ഏറെയും. എവിടെയെങ്കിലും പോയി രക്ഷപ്പെടുന്നവര് മാത്രം എപ്പോഴെങ്കിലും മാതാവിനെ കാണാന് വീണ്ടും വന്നേക്കും. ചിലര് സ്വപ്നങ്ങളൊക്കെ ഇല്ലാതാവുമ്പോള് ഫാബിയോവിനെപ്പോലെ ബസ് കണ്ടക്ടറാവും. മിക്കവരും ചേരികളിലേക്കും മയക്കുമരുന്നിലേക്കും മടങ്ങിപ്പോകും. ലക്ഷങ്ങളിലേക്കും കോടികളിലേക്കും കയറിപ്പോകുന്ന കൂട്ടുകാരെ തോക്കു ചൂണ്ടി കൊള്ളയടിക്കുന്നവരില് പിന്നീട് അവരില് ചിലരുമുണ്ടാവും. അവരെ നന്നാക്കാന് സീറ്റോക്കും ഫോര്മിഗക്കും മാത്രമല്ല, മാതാവിനും കഴിയില്ല.
മാതാവിനറിയാം, റൊബീന്യോമാര് വല്ലപ്പോഴുമേ ഉണ്ടാവൂ. (തുടരും)
(2007 ആഗസ്ത് ലക്കം മാതൃഭൂമി സ്പോര്ട്സ മാസികയില് പ്രസിദ്ധീകരിച്ചത്
-മൂന്നാം ഭാഗം ഒക്ടോബര് ലക്കത്തില്)
Read more...
Wednesday, September 05, 2007
നര്ത്തകന്, മാന്ത്രികന്
Saturday, June 30, 2007
ഉറൂഗ്വായ്: ഫുട്ബോള് സാമ്രാജ്യത്തിലെ മൃതനഗരം
ഫുട്ബോള് സാമ്രാജ്യത്തിലെ ഏറ്റവും പുരാതനമായ മഹാനഗരം. ഉറൂഗ്വായ്. രണ്ടു ലോകകപ്പുകള് ജയിച്ച ടീം. കോപ്പ അമേരിക്ക 14 വട്ടം നേടിയ ടീം. മിയാസ്സയും എന്സോഫ്രാന്സെസ്കോളിയും കളിച്ചിരുന്ന ടീം. ആ ഉറൂഗ്വായ് പെറുവിനോട് തോല്ക്കുന്നു -മൂന്നു ഗോളിന്! കോപ്പ അമേരിക്കയുടെ ചരിത്രമറിയുന്നവര്ക്ക് നെഞ്ചു പിളരുന്ന സങ്കടമുണ്ടാവും, തീര്ച്ച.
വെളിച്ചം കുറഞ്ഞ മൈതാനം. നിഴലുകള് പോലെ ചലിക്കുന്ന രൂപങ്ങള്. പകുതി മാത്രം നിറഞ്ഞ ഗ്യാലറികള്. നിറം മങ്ങിയ ചിത്രങ്ങള്. അരോചകമായ അവതരണം. ഭൂമിയുടെ അങ്ങേ പകുതിയില് നിന്ന് കോപ്പ അമേരിക്കയുടെ ദൂര്ബലമായ സിഗ്നലുകള് നമ്മുടെ സ്വീകരണമുറികളിലെത്തുന്നത് തീരെ അനാകര്ഷകമായാണ്. നിലവാരത്തകര്ച്ച ഈ മേഘസന്ദേശങ്ങളില് മാത്രമല്ല, കളിയിലും പ്രകടം. എങ്കിലും കളിയെ ഇഷ്ടപ്പെടുന്നവര്ക്ക് ഇതു കാണാതെ വയ്യ. കോപ്പ അമേരിക്ക വെറുമൊരു ഫുട്ബോള് ടൂര്ണമെന്റല്ല. വികാരങ്ങളുടെ ഒരു വീണ്ടെടുപ്പാണ്. കലര്പ്പില്ലാത്ത ഫുട്ബോള് വികാരങ്ങളുടെ.
ചില ചിത്രങ്ങള് അങ്ങിനെയാണ്. എത്ര നിറം മങ്ങിയതാവട്ടെ, അതു നമ്മെ വേട്ടയാടും. അതിന് ഹൃദയത്തെ പിടിച്ചുലക്കാന് പോന്ന അനുഭവങ്ങളുടെ പശ്ചാത്തലമുണ്ടാവും. യൂറോപ്പിന്റെ അതിവേഗ ഫുട്ബോളും സാങ്കേതികത്തികവാര്ന്ന അവതരണവും നിറപ്പകിട്ടാര്ന്ന ഗ്യാലറികളും ഇടതടവില്ലാത്ത ആരവങ്ങളും കണ്ടു പരിചയിച്ച ശേഷം ഉറക്കം കനം തൂങ്ങുന്ന കണ്ണുകളുമായി അതിരാവിലെ നിറം മങ്ങിയ കോപ്പ അമേരിക്കയിലേക്കുണരുമ്പോള് പഴയൊരു ബ്ലാക്ക് ആന്ഡ്് വൈറ്റ് സിനിമയിലേക്ക് പൊടുന്നനെ എടുത്തെറിയപ്പെട്ടതു പോലെ. എന്നാല് ടൂര്ണമെന്റിന്റെ ഒന്നാം ദിവസം കണ്ടത് ഉറക്കം ഞെട്ടുന്ന ഒരു കാഴ്ചയാണ്്. ഉറൂഗ്വായ് പെറുവിനോടു തോല്ക്കുന്നു. മൂന്നു ഗോളിന്! ഒരു കോപ്പ അമേരിക്കക്ക് ആലോചിക്കാന് പോലുമാവാത്ത തുടക്കം. ആദ്യത്തെ രണ്ടു ലോകകപ്പുകള് ജയിച്ച ടീം. കോപ്പ അമേരിക്ക 14 വട്ടം നേടിയ ടീം. മാരക്കാനയിലെ ഇരമ്പിയാര്ക്കുന്ന രണ്ടു ലക്ഷം ബ്രസീലിയന് കാണികളെ മനക്കരുത്തു കൊണ്ടു മാത്രം തോല്പ്പിച്ച ടീം. മിയാസ്സയും എന്സോഫ്രാന്സെസ്കോളിയും കളിച്ചിരുന്ന ടീം. ആ ഉറൂഗ്വായ് പെറുവിനോട് തോല്ക്കുന്നു -മൂന്നു ഗോളിന്! ഒരു ടൂര്ണമെന്റിന് ഇതിനും മികച്ചൊരു തുടക്കം കിട്ടാനില്ല.
കോപ്പ അമേരിക്കയുടെ ചരിത്രമറിയുന്നവര്ക്ക് നെഞ്ചു പിളരുന്ന സങ്കടമുണ്ടാവും, തീര്ച്ച. കളിയുടെ അനാദിയും ആദിമവുമായ ആഹ്ലാദത്തിന്റെ പര്യായമായിരുന്നു ഉറൂഗ്വായ് എന്ന പേര്. ഫുട്ബോള് സാമ്രാജ്യത്തിലെ ഏറ്റവും പുരാതനമായ മഹാനഗരം. ഫുട്ബോളിന്റെ ചരിത്രം ഉറൂഗ്വായുടെയും ചരിത്രമാണ്. തെക്കെ അമേരിക്കയില് ഇങ്ങിനെ ഒരു ചൊല്ലുണ്ട്: "മറ്റു രാജ്യങ്ങള്ക്കെല്ലാം ചരിത്രമാണുള്ളത്; ഉറൂഗ്വായ്ക്ക് ഫുട്ബോളും". വീട്ടിയാല് തീരാത്ത കടം ഫുട്ബോള് ലോകത്തിന് ഉറൂഗ്വായ് എന്ന മുപ്പതു ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ കൊച്ചു രാജ്യത്തോടുണ്ട്. തെരുവുകളില് തെമ്മാടിക്കുട്ടികള്ക്കു കളിക്കാനുള്ള കളിയായിരുന്ന ഫുട്ബോളില് കലയും കവിതയും ദേശീയതയും നിറച്ചത് ഉറൂഗ്വായാണ്. യൂറോപ്പില് ഫുട്ബോള് റഗ്ബി പോലെ ശരീരങ്ങളുടെ ഏറ്റുമുട്ടലായിരുന്ന കാലത്ത് ലാറ്റിനമേരിക്കയില് അതിനെ വേഗതയും സാധനയും സുന്ദരചലനങ്ങളും സമന്വയിപ്പിച്ച സംഘനൃത്തമായി ഉറൂഗ്വായ് മാറ്റി. കുറിയ പാസുകളും വല പോലെ നെയ്തു കയറുന്ന നീക്കങ്ങളുമായി, കാലിലൊരു കൊച്ചു പന്തും കുരുക്കി അവര് ലോകസഞ്ചാരത്തിനിറങ്ങി. ആദ്യത്തെ കോപ്പ അമേരിക്കകള് നിരന്തരം ജയിച്ച അവര് 1924ലെ ഒളിമ്പിക്സ് ജയത്തോടെ ഫുട്ബോളിന്റെ ജാതകം തന്നെ മാറ്റിയെഴുതി. അവരുടെ ഒളിമ്പിക് ജയമാണ് ലോകകപ്പ് എന്ന ആശയത്തിനു തന്നെ വഴി വെച്ചത്. അങ്ങിനെ കലാപരമായും പ്രസ്ഥാനമെന്ന നിലയിലും ഫുട്ബോളിനെ ആദിമദശയില് മാറ്റിമറിച്ച രാജ്യം ഉറൂഗ്വായ് ആണ്.
ഉറൂഗ്വായോട് മറ്റൊരു രീതിയിലും ലോകം കടപ്പെട്ടിരിക്കുന്നു. ഫുട്ബോളിലൂടെ സാമൂഹ്യവിപ്ലവത്തിനും അവര് തുടക്കമിട്ടു. ആദ്യകാലത്ത് കോപ്പ അമേരിക്ക കളിക്കാന് മോണ്ടിവീഡിയോയിലേക്കു പോയ അര്ജന്റീനയിലേയും ബ്രസീലിലേയും വെള്ളക്കാര് ഉറൂഗ്വന് ടീമില് ആള്ക്കുരങ്ങുകളുണ്ടെന്നു പരാതിപ്പെട്ടതായി ഒരു കഥയുണ്ട്. അത് ആള്ക്കുരങ്ങുകളായിരുന്നില്ല, ആഫ്രിക്കയില് ജനിച്ച് ഉറൂഗ്വായിലേക്കു കുടിയേറിയ
ഇസബലിനോ ഗ്രാഡിനും ഹുവാന് ഡെല്ഗാഡോയുമായിരുന്നു. കറുത്തവര്. അന്ന് ഉറൂഗ്വന് ജനസംഖ്യയില് കറുത്തവര് ന്യൂനപക്ഷമായിരുന്നു. ബ്രസീലുള്പ്പെടെ മിക്ക രാജ്യങ്ങളിലും ഭൂരിപക്ഷവും. എന്നിട്ടും കറുത്തവര്ക്ക് ദേശീയ ജേഴ്സിയണിഞ്ഞ് ഗ്രൗണ്ടിലിറങ്ങാന് മറ്റു രാജ്യങ്ങളിലെല്ലാം എത്രയോ വര്ഷങ്ങളുടെ കാത്തിരിപ്പു വേണ്ടി വന്നു. ഉറൂഗ്വായ് പക്ഷെ അതിനു വേണ്ടി 1916ല്ത്തന്നെ ഒരു നിയമം നിര്മ്മിച്ചു! ഫുട്ബോളിനെ ലാറ്റിനമേരിക്കയുടെ മതവും ഭാഷയും സംസ്കാരവുമാക്കി മാറ്റിയ ഉറുഗ്വായ് അങ്ങിനെ സാമൂഹ്യമായ അസമത്വങ്ങള്ക്കെതിരെയും അതിനെ സമര്ഥമായി ഉപയോഗിച്ചു. ജനാധിപത്യത്തിന് ഉറൂഗ്വന് ഫുട്ബോള് നല്കിയത്ര കനപ്പെട്ട സംഭാവന ഒരു പക്ഷെ മറ്റൊരു രാജ്യവും പ്രസ്ഥാനവും നല്കിയിരിക്കാന് ഇടയില്ല. ആ ഉറൂഗ്വായ് ഇന്നു ഫുട്ബോളിലെ ഒരു മൃതനഗരമാണ്. കാലത്തിന്റെ ഒഴുക്കില് കടലെടുത്തു പോയ ഒരു മഹാസാമ്രാജ്യത്തിന്റെ തകര്ന്നടിഞ്ഞ രൂപമാണ് പെറുവിനു മുന്നില് തോറ്റുതളര്ന്നു നിന്ന ഉറൂഗ്വയുടെ ദയനീയചിത്രത്തില് കണ്ടത്.
ഉറൂഗ്വായുടെ തോല്വിക്ക് ലാറ്റിനമേരിക്കന് ഫുട്ബോള് നേരിടുന്ന ഇന്നത്തെ പ്രതിസന്ധികളുമായി നേരിട്ടു ബന്ധമുണ്ട്. യൂറോപ്പിനു കളിക്കാരെ ഉണ്ടാക്കിക്കൊടുക്കുന്ന ഫാക്ടറികളായി മാറിയിരിക്കുന്നു അവിടത്തെ ക്ലബ്ബുകള്. ആഭ്യന്തരലീഗ് തകര്ച്ചയുടെ പാതയിലാണ്. കാണികളില്ല. പൈസയില്ല. ഗ്യാലറികളിലാണെങ്കില് കലാപം. പുറത്തു പോകുന്ന കളിക്കാര്ക്കു തിരിച്ചു വരണമെന്നില്ല. അവര് പഠിച്ചു വരുന്ന പ്രൊഫഷനലിസത്തിന്റെ പാഠങ്ങള് പകര്ത്താനും സ്വന്തം ലീഗില് അവരെ ഉപയോഗപ്പടുത്താനും അവിടത്തെ അസോസിയേഷനുകള്ക്കും കഴിയുന്നില്ല. ഉറൂഗ്വായും പെറുവും ചിലിയും വെനിസ്വേലയും കൊളംബിയയും പാരഗ്വായും ഗതകാലപ്രതാപങ്ങളുടെ നിഴലില് നിലനില്പ്പിനായി പൊരുതുകയാണ്. ഈ വീഴ്ച ഒരു ദിവസം കൊണ്ടുണ്ടായതല്ല. രണ്ടു വട്ടം ലോകകപ്പ് നേടിയ ഉറൂഗ്വായ്ക്ക് കഴിഞ്ഞ നാലു ലോകകപ്പില് മൂന്നിലും യോഗ്യത നേടാന് കഴിഞ്ഞില്ല. പെറു 1982നു ശേഷം ലോകകപ്പു കളിച്ചിട്ടില്ല. കൊളംബിയയും 98നു ശേഷം ലോകകപ്പു കളിച്ചിട്ടില്ല. കഴിഞ്ഞ മൂന്നു ലോകകപ്പും കളിച്ച പാരഗ്വായ്ക്ക് 1979നു ശേഷം കോപ്പയില് തിളങ്ങാനായിട്ടില്ല. സാലാസും സമൊറാനോയുമില്ലാത്ത ചിലിയുടെ തിരിച്ചു വരവിന്റെ ശ്രമങ്ങള് എങ്ങുമെത്തിയിട്ടില്ല. വെനിസ്വേലയും ബൊളീവിയയും ഏഷ്യന് രാജ്യങ്ങളേക്കാള് താഴെയാണ് ഫുട്ബോള് വികസനത്തില്. കളിക്കാര്ക്കും കോപ്പയെ വേണ്ട. ജപ്പാനെതിരെ കോപ്പക്കു തൊട്ടു മുമ്പു നടന്ന സൗഹൃദമത്സരത്തില് കളിക്കാന് പെറുവിന്റെ യൂറോപ്യന് താരങ്ങളില് പലരും വന്നില്ല. കക്കയും റൊണാള്ഡീന്യോയും അദ്രിയാനോയും റൊണാള്ഡോയും മാത്രമല്ല, നോള്ബര്ട്ടോ സൊളാനോയും ഹൊസെ മൊണ്ടിയേലുമൊന്നും കോപ്പയ്ക്കു വന്നില്ല. അര്ജന്റീനയും ബ്രസീലും യൂറോപ്പിലേക്കു കളിക്കാരെ വിറ്റു കിട്ടുന്ന കാശു കൊണ്ട് സ്വന്തം ക്ലബ്ബ് ഫുട്ബോള് നടത്തുന്ന രാജ്യങ്ങളായി മാറിയിരിക്കുന്നു. വിഭവശേഷി കൊണ്ടും കളിക്കാരുടെ സമൃദ്ധി കൊണ്ടും അവര് പിടിച്ചുനില്ക്കുന്നു എന്നു മാത്രം. ഫുട്ബോള് ഭരണത്തില് ദയനീയ പരാജയമായ കോണ്മെബോള് കോപ്പ അമേരിക്കയെ സമര്ഥമായി മാര്ക്കറ്റ് ചെയ്യുന്നതിലും വിജയിച്ചിട്ടില്ല. ഈ സമീപനത്തിന്റെ ആത്യന്തികമായ പ്രതിഫലനമാണ് ഉറൂഗ്വായെപ്പോലുള്ള രാജ്യങ്ങളുടെ തോല്വികള്. അത് വേദനാജനകമെങ്കിലും തുടരുക തന്നെ ചെയ്യുമെന്നു വേണം കരുതാന്.
യാഥാര്ഥ്യങ്ങളുടെ ലോകത്ത് കോപ്പ അമേരിക്കക്കു പ്രസക്തി കുറയുന്നതു കുറ്റമല്ല. ആഗോളീകരണത്തിന്റെ വെല്ലുവിളികളെ നേരിടാന് അതിനിയും കരുത്തു നേടേണ്ടതുണ്ട്. ലാറ്റിനമേരിക്കന് ഫുട്ബോള് എന്നു നാം ഗൃഹാതുരതയോടെ വിളിക്കുന്ന ആ ടച്ച് ഫുട്ബോള് അവിടെ ഇന്ന് ആരും കളിക്കുന്നില്ല. അവസാനടീം ബൊളീവിയയായിരുന്നു. വെനിസ്വേലയോട് അവര് കളിക്കുന്നതു കണ്ടപ്പോള് അതും അവസാനിച്ചതായി തോന്നി. എര്വിന് സാഞ്ചെസിന്റെ അനുഭവപാഠങ്ങള് അവരെയും യൂറോപ്പിന്റെ ആരാധകരാക്കിയിരിക്കുന്നു. യൂറോപ്പിലെ ക്ലബ്ബുകളില് തങ്ങളുടെ കളിക്കാരില്ലെങ്കില്, അവരുടെ അനുഭവസമ്പത്തില്ലെങ്കില്, ലോകഫുട്ബോള് ഭൂപടത്തില് ഇന്നു തങ്ങള്ക്കു നിലനില്പ്പില്ല എന്ന വിചാരമാണ് തെക്കെ അമേരിക്കയിലെ ഓരോ ഫുട്ബോള് രാഷ്ട്രത്തെയും ഇന്നു വേട്ടയാടുന്നത്. ഫുട്ബോളിന് തെക്കെ അമേരിക്ക രചിച്ച സ്വന്തം ഭാഷ്യം അവര് തന്നെ ഇന്ന് യൂറോപ്യനൈസ് ചെയ്തു വില്ക്കുകയാണ്. അര്ജന്റീനയുടെ ടീമില് അവരുടെ ആഭ്യന്തര ലീഗില് കളിക്കുന്നവര് അധികം പാടില്ലെന്നു പറയുന്നത് അവിടത്തെ ഫെഡറേഷന് തന്നെയാണ്. കോപ്പ കളിക്കാന് ഞങ്ങളില്ലെന്നു പറയുന്നത് കോപ്പയിലൂടെ വളര്ന്നു വലുതായ ബ്രസീലിലെ കളിക്കാര് തന്നെയാണ്. ഉറൂഗ്വായ്ക്ക് ഈ കോപ്പയില് പഴയ വീഞ്ഞും പുതിയ ലഹരിയും വീണ്ടെടുക്കാനാവുന്നില്ല.
എത്ര നിറം മങ്ങിയ ചിത്രങ്ങളായാലും എത്ര ചാരുത കുറഞ്ഞ കളികളായാലും കോപ്പ അമേരിക്ക കാണാതിരിക്കാന് പക്ഷെ, നമുക്കാവില്ല. കാരണം, അതു വെറുമൊരു ടൂര്ണമെന്റല്ല. ഈ കോപ്പയാണ് രാജ്യങ്ങള് തമ്മില് കളിച്ചു തുടങ്ങിയ ആദ്യത്തെ അന്താരാഷ്ട്രടൂര്ണമെന്റ്. നൂറ്റാണ്ടു പഴകിയ വികാരങ്ങളുടെ മുന്തിരിവീഞ്ഞാണ് അതില് പതഞ്ഞൊഴുകുന്നത്. വെറും കളിയായിരുന്ന ഫുട്ബോളിനെ കളിക്കും യുദ്ധത്തിനുമിടക്കുള്ള മൈതാനത്ത് അതു പ്രതിഷ്ഠിച്ചു. ചെയ്തു തീര്ക്കാനാവാത്ത യുദ്ധങ്ങളുടെ തിരക്കഥകള് അതില് എഴുതിച്ചേര്ത്തു. കളി വ്യവസായമോ കച്ചവടമോ ആവുന്നതിനു മുമ്പുള്ള കാലത്ത്, ഉപാധികളില്ലാത്ത ആനന്ദം മാത്രമായിരുന്ന കാലത്ത്, അതിന്റെ ശൈശവദശയില്, അതില് ജീവന്റെ കാറ്റൂതി നിറച്ചതും അതിനെ ദേശീയതയുടെ കുപ്പായമിടുവിച്ചതും ഈ ടൂര്ണമെന്റാണ്. ഉറൂഗ്വായ് എന്ന ഫുട്ബോള് സാമ്രാജ്യത്തിന്റെ ഓര്മ്മകള് പോലെത്തന്നെ എത്രയോ യുദ്ധങ്ങളുടേയും സംഘര്ഷങ്ങളുടെയും മഹാന്മാരായ കലാകാരന്മാരുടെയും കഥകളും അതില് അലിഞ്ഞു കിടപ്പുണ്ട്. പ്രതിഭകളുടെ വറ്റാത്ത അക്ഷയഖനികളെ ഇതിന്റെ ഓരോ പതിപ്പും ലോകത്തിനു മുന്നില് തുറന്നിട്ടു. ഇന്ന് ഫുട്ബോള് എല്ലാവരും ഒരു പോലെ കളിക്കുകയും ഒരു പോലെ കാണുകയും ചെയ്യുന്ന ആഗോളവല്ക്കരിക്കപ്പെട്ട സ്റ്റേജ് ഷോകളാണെങ്കില് അന്നത് ഓരോ രാജ്യത്തിന്റെയും ചോരപ്പാടു പതിഞ്ഞ വീരഗാഥകളായിരുന്നു. വൈരത്തിന്റെ വിളനിലങ്ങളായിരുന്ന ലാറ്റിനമേരിക്കന് രാജ്യങ്ങളില് ഫുട്ബോള് ഒരു മാധ്യമമായും സംസ്കാരമായും വളര്ന്നത് ഈ ടൂര്ണമെന്റിന്റെ തണലിലാണ്. ഈ കളിക്കളങ്ങളില് നിന്നാണ് ഗ്രാഡിനും ലിയോണിദാസും മിയാസ്സയും മുതല് പെലെയും മാറഡോണയും ഫ്രാന്സെസ്കോളിയും തൊട്ട് റൊണാള്ഡോയും കക്കയും മെസ്സിയും വരെയുള്ള ലോകഫുട്ബോളിലെ ഇതിഹാസതാരങ്ങളെല്ലാം ഉയര്ന്നു വന്നത്. ഗൃഹാതുരതയോടെയല്ലാതെ ഇന്നും ഈ ടൂര്ണമെന്റ് കണ്ടിരിക്കാന് ഫുട്ബോളിനെ ഇഷ്ടപ്പെടുന്നവര്ക്കാവില്ല.
നൂറ്റാണ്ടു പിന്നിടുന്ന ഒരു പന്തിന്റെ യാത്രയില് തെക്കെ അമേരിക്കന് സമൂഹത്തിന്റെ ജീവിതയാത്രാരേഖകളും നമുക്കു വായിക്കാം. പരിഷ്കാരമില്ലാത്ത റയോ തെരുവുകളിലൂടെ, മോണ്ടിവീഡിയോയിലെ ചേരികളിലൂടെ, ബ്യൂണസ് ഐറിസിലെ കലാപകലുഷിതമായ ഗ്യാലറികളിലൂടെ ഒരു തുകല്പന്തിന്റെ നൂറ്റാണ്ടു പിന്നിട്ട യാത്രാവഴികള് തേടിയുള്ള മടക്കയാത്രയാണ് ഓരോ കോപ്പ അമേരിക്കയും. മരണവും യുദ്ധവും സാഹസികതയും നിഴലും നിലാവും പോലെ ഇഴചേര്ന്നു കിടക്കുന്ന ലാറ്റിനമേരിക്കന് ഫുട്ബോളിന്റെ ചരിത്രവഴികളിലൂടെയുള്ള ഒരു പിന്സഞ്ചാരം. യൂറോപ്പിന്റെ ഫുട്ബോള് പ്രലോഭനങ്ങളില്, ഓള്ഡ് ട്രാഫോഡുകളുടെ സ്ഥലജലഭ്രമമുണ്ടാക്കുന്ന നിറച്ചാര്ത്തുകളില്, ഫുട്ബോള് ജീവിതം ജീവിക്കുന്ന ഒരാള്ക്ക് കോപ്പ അമേരിക്ക മാച്ചു പിച്ചു കാലഘട്ടത്തിലേക്കുള്ള മടക്കയാത്ര പോലെ തോന്നിയേക്കാം. നിയോണ് വെളിച്ചങ്ങളുടെ നഗരാതിര്ത്തി വിട്ട് പൊടുന്നനെ ഇരുട്ടിന്റെ മലഞ്ചെരിവുകളിലേക്കു വഴി മാറുന്ന ബസ്സിലെ യാത്രക്കാരനെപ്പോലെ അസ്വസ്ഥത അയാളില് പടര്ന്നേക്കാം. സാരമില്ല, ഏതിരുട്ടിലും മെല്ലെ മെല്ലെ തെളിഞ്ഞു വരുന്ന കാഴ്ചകളുണ്ടാവും. ചില്ലുകള്ക്കപ്പുറത്തെ മങ്ങിയ ചിത്രങ്ങള് നിറം വെച്ചു വരും. അല്പ്പം സമയമെടുക്കും. അതു വരെ ജനലുകള് തുറന്നു വെച്ചു ചാരിക്കിടന്ന് ഈ കാഴ്ചകള് ആസ്വദിക്കുക. കലര്പ്പില്ലാത്ത കാറ്റും തണുപ്പും കടന്നു വരട്ടെ. ഇടക്കെപ്പോഴെങ്കിലും മലക്കു മുകളില് തെളിയുന്ന മിന്നല്പ്പിണര് പോലെ ഒരു ഗോളോ ഒരു നീക്കമോ ഉണ്ടാവും. അത് എപ്പോഴും പ്രതീക്ഷിക്കാം. കാരണം കോപ്പയില് കളിക്കുന്നത് കലാകരന്മാരാണ്, കളിക്കാര് മാത്രമല്ല. അതാണ് കോപ്പയെ മറ്റു ലോകത്തിന്റെ ടൂര്ണമെന്റുകളില് നിന്നു വേറിട്ടു നിറുത്തുന്നതും.
Previous Posts:
കളിയുടെ മുന്തിരിക്കോപ്പ
എല്ലാവരും കളിക്കുന്ന കാലം
ബ്ലാറ്റര് വന്നു, പോയി. ഇനി...
വില്പ്പനക്ക്, ഫുട്ബോള് ജീനിയസ്സുകള്!
ലോകകപ്പ് : ഓര്മ്മകളുടെ ആണ്ടുബലി
കുടിപ്പകയുടെ നാള്വഴികള്
ഒന്നാമനാവാന് ഒരു നൂറ്റാണ്ടു യുദ്ധം
ഒരേ നിറമുള്ള പൂക്കള്
കളിയോര്മ്മകളിലെ പൂമരങ്ങള്
അവസാനത്തെ റൈറ്റ് ഔട്ട്
ടൂര്ണമെന്റുകളല്ല വേണ്ടത്
Read more...
Wednesday, June 27, 2007
കളിയുടെ മുന്തിരിക്കോപ്പ
നൂറ്റാണ്ടു താണ്ടാനൊരുങ്ങുന്ന മഹാമേള. കോപ്പ അമേരിക്ക. ലോകത്തെ ഏറ്റവും പഴക്കമുള്ള അന്തര്ദേശീയ ഫുട്ബാള് ചാമ്പ്യന്ഷിപ്പ്. ലോകം കണ്ട മഹാന്മാരായ എല്ലാ ലാറ്റിനമേരിക്കന് താരങ്ങളും കളിച്ചുവളര്ന്ന കളരി. 88 വര്ഷം,
41 ടൂര്ണമെന്റുകള്, 673 മാച്ചുകള്. 2241 ഗോളുകള് -കോപ്പ അമേരിക്കക്ക് ഇന്നും വികാരവിക്ഷോഭങ്ങളുടെ നിത്യയൗവനം.
ലാറ്റിനമേരിക്കയില് ഫുട്ബോള് കളിയല്ല, ജീവിതം തന്നെയാണ്. കളിനിലങ്ങളില് അതു കലയായും കലാപമായും പൂക്കുന്നു. നൂറു മേനി വിളയുന്ന ബ്രസീലിയന് വയലുകളും രാപകല് പൂക്കുന്ന അര്ജന്റൈന് സമതലങ്ങളും മാത്രമല്ല, തോല്വി കനക്കുന്ന ബൊളീവിയന് മലകളും തരിശായിപ്പോയ വെനിസ്വേലന് പീഠഭൂമികളും നിറഞ്ഞതാണ് ലാറ്റിനമേരിക്കയുടെ ഫുട്ബോള് സാമ്രാജ്യം. ഒരിക്കല് സമൃദ്ധിയുടെ നദീതടമായിരുന്ന ഉറൂഗ്വന് മണ്ണ് ഊഷരമായിരിക്കുന്നു. കൊളംബിയയിലെ കളിക്കളങ്ങള്ക്കാകട്ടെ, ചോരയുടെ മണം. പെറുവും ചിലിയും ഓര്മ്മകളില് നിന്നു പോലും മാഞ്ഞു തുടങ്ങിയിരിക്കുന്നു. അവരുടെ ഫുട്ബോളിന് ഏഷ്യക്കാരെപ്പോലും ഭയപ്പെടുത്താനുള്ള കെല്പ്പില്ല ഇപ്പോള്. എങ്കിലും ലാറ്റിനമേരിക്കന് ഫുട്ബാളിന്റെ ഈ മുന്തിരിക്കോപ്പയില് കരുത്തും പ്രതിഭയും കലയും കവിതയും നിറഞ്ഞുതുളുമ്പുന്നു. ലാറ്റിനമേരിക്കക്ക്് കോപ്പ അമേരിക്ക ഗൃഹാതുരത്വമാര്ന്ന ഒരു പോര്ക്കളമാണ്. അവിടെ വരാതിരിക്കാനും പൊരുതാതിരിക്കാനും അവര്ക്കാവില്ല. കളിപ്പെരുമക്കു വേണ്ടി പൊരുതിയ മുന്തലമുറകളെ ഓര്ത്ത് ഇന്നും അവരുടെ ചാവേറുകള് ആ മാമാങ്കത്തട്ടിലെത്തി പൊരുതിവീഴുന്നു. കോപ്പ അമേരിക്ക എന്ന ലാറ്റിനമേരിക്കയുടെ ഈ ലോകകപ്പിന് യുദ്ധവും ഉത്സവവും ദുരന്തവും ഇഴപിരിയുന്ന ചരിത്രമാണ് പറയാനുള്ളത്.
തുടക്കം -അര്ജന്റീനയില്
1916ലായിരുന്നു കോപ്പ അമേരിക്കയുടെ ഔദ്യോഗിക തുടക്കം -അര്ജന്റീനയില്. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കാന് അര്ജന്റീന തുടങ്ങിവെച്ച ആ ചതുര്രാഷ്ട്ര ടൂര്ണമെന്റ് ഇന്നു പടര്ന്നു പന്തലിച്ച് ലാറ്റിനമേരിക്കയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ മഹാഫുട്ബോള് മേളകളിലൊന്നായി മാറി. ക്ലബ്ബുകള്ക്കല്ലാതെ ദേശീയ ടീമുകള്ക്ക് ഒരു ടൂര്ണമെന്റ് എന്ന സങ്കല്പം അന്നുണ്ടായിരുന്നില്ല. 'ഫുട്ബാളിലൂടെ ലാറ്റിനമേരിക്കന് കൂട്ടായ്മ' - എന്നതായി പിന്നീട് ഈ ടൂര്ണമെന്റിന്റെ ലക്ഷ്യം. ആദ്യ ടൂര്ണമെന്റില് പങ്കെടുത്ത ബ്രസീലും ചിലിയും ഉറുഗ്വായും അര്ജന്റീനയും ഇപ്പോഴും ആ ലക്ഷ്യം മറന്നിട്ടില്ല. അവരിന്നും മുടങ്ങാതെ `കോപ്പ'യില് കളിക്കാനെത്തുന്നു.
ലാറ്റിനമേരിക്കന് ഫുട്ബാളിന്റെ കൂട്ടായ്മയും വളര്ച്ചയും ലക്ഷ്യമിട്ട് `കോണ്മെബോള്' (Con-mebol:ലാറ്റിനമേരിക്കന് ഫുട്ബാള് സംഘടന) പ്രവര്ത്തിച്ചുതുടങ്ങിയ കാലത്താണ് അര്ജന്റീന ഈ ആശയം മുന്നോട്ടു വെച്ചത്. അതുകൊണ്ടാവണം അതു വേഗം അംഗീകരിക്കപ്പെട്ടത്. നാലു രാജ്യങ്ങള് പങ്കെടുത്ത ആദ്യ ടൂര്ണമെന്റ് ഒരു വിജയത്തുടക്കമായിരുന്നു. ഉദ്ഘാടന പരമ്പര ഉറുഗ്വായാണ് നേടിയത്. ടൂര്ണമെന്റിന്റെ വിജയം കണ്ട് ഇത് എല്ലാ വര്ഷവും തുടരാന് `കോണ്മെബോള്' അധികൃതര് തീരുമാനിച്ചു. 1917ലും ഉറുഗ്വായ് തന്നെ ജയിച്ചു. ചരിത്രം പരിശോധിച്ചാല് കോപ്പ അമേരിക്കയില് എന്നും ഉറുഗ്വായുടെയും അര്ജന്റീനയുടെയും അധീശത്വമുണ്ടായിരുന്നു എന്നു കാണാം. പിന്നീടിതുവരെ 39 ചാമ്പ്യന്ഷിപ്പുകള് കൂടി നടന്നു. 14 വട്ടം വീതം ഉറുഗ്വായും അര്ജന്റീനയും മാറിമാറി കപ്പ് കൈയടക്കി. നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില് `ഫുട്ബോള് മഹാശക്തി'യായി വളര്ന്ന ബ്രസീലിന് ഏഴു കിരീടവിജയമേ `കോപ്പ'യില് നേടാനായിട്ടുള്ളൂ.
1975 മുതല്ക്കാണ് ടൂര്ണമെന്റിന്റെ പേര് `കോപ്പ അമേരിക്ക' എന്നാക്കിയത്. ആ വര്ഷം ആദ്യമായി പെറു ചാമ്പ്യന്മാരായി. 75-ലും തുടര്ന്നുള്ള രണ്ടുതവണയും മത്സരം പലയിടത്തായാണു നടത്തിയത്. 1987 മുതല് ഒരു രാജ്യത്തു വെച്ചു മാത്രം മത്സരം നടത്തുക എന്ന രീതി നിര്ബന്ധമാക്കി. നടത്തിപ്പ് രണ്ടുവര്ഷത്തിലൊരിക്കലാക്കാനും തീരുമാനിച്ചു. 1949-നു ശേഷം കോപ്പ നേടിയിട്ടില്ലാത്ത ബ്രസീല് 50 വര്ഷത്തിനു ശേഷം 1989ല് തിരിച്ചുവന്നു കപ്പ് നേടി. അതോടെ ടൂര്ണമെന്റിനു ജനപ്രീതിയും പ്രചാരവും വര്ധിപ്പിച്ചു. 1993 മുതല് ലാറ്റിനമേരിക്കയ്ക്കു പുറത്തുനിന്ന് രണ്ടു രാജ്യങ്ങളെക്കൂടി ടൂര്ണമെന്റില് പങ്കെടുപ്പിക്കാന് തീരുമാനമായി. `കോണ്കാകാഫ്' മേഖലയില് നിന്ന് മെക്സിക്കോ, ഹോണ്ടുറാസ്, കോസ്റ്റാറിക്ക, അമേരിക്ക, ഏഷ്യയില് നിന്ന് ജപ്പാന് എന്നീ ടീമുകള് പിന്നീട് പലപ്പോഴും അതിഥികളായെത്തി.
ലാറ്റിനമേരിക്കന് കാര്ണിവല്
ലാറ്റിനമേരിക്കയുടെ ഈ ഫുട്ബാള് കിരീടത്തിന് ഒളി മങ്ങുകയാണോ? കഴിഞ്ഞ കോപ്പാ അമേരിക്കയുടെ സമയത്ത് ഈ ചോദ്യം ശക്തിയായി ഉന്നയിക്കപ്പെട്ടിരുന്നു. ഫിഫ അതിനു പരിഹാരം കാണാനുള്ള ശ്രമത്തിലാണ്. ഈ വര്ഷത്തെ ടൂര്ണമെന്റ് കോപ്പ അമേരിക്കയുടെ ചരിത്രത്തിലെ ഉജ്വലമായ ഒരു തിരിച്ചു വരവിനു വേദിയാകുമെന്നാണ് ഫിഫയുടെ പ്രതീക്ഷ.
രണ്ടു തരത്തിലുള്ള വെല്ലുവിളികളാണ് കോപ്പ അമേരിക്ക നേരിട്ടിരുന്നത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്ക്കു ലഭിക്കുന്ന പ്രാധാന്യം കാരണം ലാറ്റിനമേരിക്കയില് തന്നെ കോപ്പ ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നതാണ് ഒരു പ്രശ്നം. ലാറ്റിനമേരിക്കന് ടീമുകളെ സംബന്ധിച്ചിടത്തോളം ഇന്ന് ഏറ്റവും വലിയ പരീക്ഷണവേദി അതായിരിക്കുന്നു. ഇതില് 18 മാസം കൊണ്ട് പത്തു രാജ്യങ്ങളും പരസ്പരം രണ്ടുവട്ടം വീതം കളിക്കുന്നതുകൊണ്ട് കാണികള്ക്കും മറ്റൊരു ഫുട്ബാള് മേളയുടെ ആവശ്യമില്ല.
മുന്നിര താരങ്ങള് എത്തുന്നില്ല എന്നതാണ് കോപ്പ നേരിടുന്ന രണ്ടാമത്തെ പ്രതിസന്ധി. എത്രയോ ചരിത്രമുഹൂര്ത്തങ്ങള്ക്കും താരോദയങ്ങള്ക്കും സാക്ഷ്യം വഹിച്ച ടൂര്ണമെന്റ്, ക്രമേണ യൂറോപ്പിന്റെ `കണ്ണില് പെടാന്' ശ്രമിക്കുന്ന ലാറ്റിനമേരിക്കന് യുവതാരങ്ങളുടെ `എന്ട്രി ഗേറ്റ് ടൂര്ണമെന്റാ'യി തരംതാഴ്ന്നുകൊണ്ടിരിക്കുന്നു എന്ന വിലാപമണ് എവിടെയും ഉയര്ന്നിരുന്നത്.
ഈ വെല്ലുവിളികളെ നേരിടാന് വേണ്ടിയാണ്ഫിഫ ഈ ടൂര്ണമെന്റിന്റെ കലണ്ടറില് വരുത്തിയ മാറ്റം. കഴിഞ്ഞ പ്രാവശ്യം കോപ്പ നടന്നത് യൂറോ കപ്പു നടന്ന വര്ഷമാണ്. അതുകൊണ്ട് അതിനു വേണ്ടത്ര പ്രാധാന്യം ലോകമാധ്യമങ്ങളില് നിന്നു ലഭിച്ചില്ല. അതു കൊണ്ട് ഇത്തവണ മുതല് അത് ഒരു വര്ഷം മുമ്പെ നടത്താന് തീരുമാനിച്ചു. യൂറോ കപ്പു നടക്കുന്ന വര്ഷം ഇനി കോപ്പ നടക്കുകയില്ല. ടൂര്ണമെന്റ് നാലു കൊല്ലത്തിലൊരിക്കലാക്കാനും തീരുമാനിച്ചു. ലോകകപ്പ് കഴിഞ്ഞ് തൊട്ടടുത്ത വര്ഷമാണ് ഇനി മുതല് കോപ്പ നടക്കുക. (അടുത്തത് 2011ല്). അതിനാല് യോഗ്യതാ മത്സരങ്ങളും അതിനെ ബാധിക്കുകയില്ല. യൂറോപ്പിലെ ലീഗ് മത്സരങ്ങള് നടക്കാത്ത സമയം നോക്കിയാണ് കോപ്പയുടെ സമയം വെച്ചിട്ടുള്ളത്. അങ്ങിനെയായാല് യൂറോപ്പില് കളിക്കുന്ന ലാറ്റിനമേരിക്കന് താരങ്ങളെല്ലാം കോപ്പയില് പങ്കെടുക്കാന് തയ്യാറാവുമെന്നും ഫിഫ കണക്കു കൂട്ടുന്നു.
വേണ്ടവിധം ടൂര്ണമെന്റിനെ `മാര്ക്കറ്റ്' ചെയ്യാനും ജനങ്ങളിലെത്തിക്കാനും സംഘാടകര്ക്കാവുന്നില്ല എന്ന് ആക്ഷേപം ഉണ്ടായിരുന്നു. അതു മാറ്റിയെടുക്കാന് ശ്രമങ്ങള് തുടങ്ങിയിട്ടുണ്ട്. വന്തുകക്കാണ് സംപ്രേഷണാവകാശം ഇക്കുറി വിറ്റിട്ടുള്ളത്. ലോകമെമ്പാടും ലാറ്റിനമേരിക്കന് ഫുട്ബോളിന് ആരാധകരുണ്ട്. അതിനാല് സംപ്രേഷണവരുമാനം ഗണ്യമായി ഉയരുമെന്ന് സംഘാടകര് കണക്കു കൂട്ടുന്നു. സമ്മാനത്തുകയും വര്ദ്ധിപ്പിക്കാന് തീരുമാനിച്ചിട്ടുണ്ട്. എന്തു കൊണ്ടും കോപ്പയുടെ ഉയിര്ത്തെഴുനേല്പ്പാവും ഈ ടൂര്ണമെന്റെന്നാണ് ഫിഫയും കോണ്മെബോളും (തെക്കെ അമേരിക്കന് ഫുട്ബോള് അസോസിയേഷന്) അവകാശപ്പെടുന്നത്.
ബഹിഷ്കരണവും, അസാന്നിധ്യവും എക്കാലവും കോപ്പയുടെ ശോഭ കെടുത്തിയിട്ടുണ്ട്. 2001ല് കൊളംബിയയില് നടന്ന ടൂര്ണമെന്റ് അര്ജന്റീന ബഹിഷ്കരിച്ചിരുന്നു. എന്നാല് അതൊന്നും ഇനി ഉണ്ടാവില്ല എന്നു ഫിഫ പറയുന്നു. പങ്കെടുക്കാന് വിസമ്മതിക്കുന്നവര്ക്കെതിരെ കര്ശന നടപടി ഉണ്ടാവും.
ജനാധിപത്യത്തിന്റെ വീഞ്ഞു കോപ്പ
യൂറോപ്യന് ചാമ്പ്യന്ഷിപ്പിന് വെറും 44 വര്ഷം മാത്രം പഴക്കമുള്ളപ്പോള് 2006ല് കോപ്പ ആഘോഷിച്ചത് അതിന്റെ 90-ാം പിറന്നാള്. 1916ല് ബ്യൂണസ് ഐറിസില് തുടങ്ങിയ യാത്ര നവതി പിന്നിടുകയാണ്.
കോപ്പയുടെ പ്രസക്തി ഇന്ന് വളരെയധികം പഠനവിഷയമായിട്ടുണ്ട്. ഒട്ടേറെ സംഭാവനകള് അതു ചരിത്രത്തിനും കാലത്തിനും നല്കിയിട്ടുണ്ട്. സംഘര്ഷനിര്ഭരമായ ലാറ്റിനമേരിക്കന് രാജ്യങ്ങളെ ഒരു വേദിയില് കൊണ്ടു വന്നു നിര്ത്തിയ ഏക പ്രസ്ഥാനമാണ് അത്. ഫുട്ബോളിനെ ആഗോള വിനോദമാക്കി മാറ്റുന്നതിലും ജനാധിപത്യവല്ക്കരിക്കുന്നതിലുമൊക്കെ ആദ്യത്തെ അന്താരാഷ്ട്ര ടൂര്ണമെന്റ് എന്ന നിലയില് കോപ്പ അമേരിക്ക വഹിച്ച പങ്ക് വളരെ വലുതാണ്. രാജ്യങ്ങളുടെ ഫുട്ബോള് ഭരണസമിതികള്ക്ക് ഭൂഖണ്ഡാടിസ്ഥാനത്തില് ഒരു സംഘടന വേണമെന്നു തീരുമാനിക്കപ്പെട്ടതും അവിടെവെച്ചാണ്. ഉറുഗ്വായ്, അര്ജന്റീന, ബ്രസീല്, ചിലി എന്നീ ടീമുകള് ചേര്ന്നാണ് ഈ നിര്ദ്ദേശം ചര്ച്ചചെയ്തതും നടപ്പാക്കിയതും. കോണ്മെബോള് എന്ന തെക്കെ അമേരിക്കന് ഫുട്ബോള് സംഘടനയുടെ പിറവിക്കും അങ്ങിനെ കോപ്പ അമേരിക്ക നിമിത്തമായി.
ആദ്യ ചാമ്പ്യന്ഷിപ്പ് ജയിച്ചത് ഉറുഗ്വായ് ആണ്. അവരുടെ ഇസബലിനൊ ഗ്രാഡിന് ടോപ് സ്കോററുമായി. ഗ്രാഡിന് ശരിക്കുമൊരു ഫുട്ബോള് താരമായിരുന്നില്ല. കറുത്തവര്ഗക്കാരനായ സ്പ്രിന്ററായിരുന്നു. മിന്നല് വേഗതയുള്ള ഒരോട്ടക്കാരന്. ഉറുഗ്വായ് നേടിയ ആറില് മൂന്നു ഗോളും ഈ ഓട്ടക്കാരന്റെ വകയായിരുന്നു. ആദ്യമാച്ചില് ചിലിക്കെതിരെ രണ്ടെണ്ണം. അതോടെ പരാതി വന്നു. ഗ്രാഡിനും കൂട്ടുകാരന് ഹുവാന് ഡലിഗാഡോയും കറുത്തവരാണെന്നും ഉറുഗ്വായ് ആഫ്രിക്കക്കാരെ കളിപ്പിച്ചെന്നുമായിരുന്നു പരാതി. കറുത്തവര്ക്ക് ദേശീയ ടീമില് കളിക്കാമെന്നു നിയമമുള്ള രാജ്യമായി ഉറുഗ്വായെ മാറ്റാനും ഈ ടൂര്ണമെന്റ് അങ്ങിനെ വഴി വെച്ചു. കളിയുടെ ജനാധിപത്യവല്ക്കരണം അവിടെ തുടങ്ങുന്നു. അന്ന് ഉറുഗ്വായില് വളരെകുറവു കറുത്തവരേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും അവര് ആ നിയമനിര്മ്മാണത്തിനു മുതിര്ന്നു. എന്നാല് ജനസംഖ്യയാില് ഭൂരിപക്ഷം കറുത്തവരായിട്ടും ബ്രസീലില് അവര്ക്കു ദേശീയ ടീമില് സ്ഥാനമുണ്ടായിരുന്നില്ല. എന്നാല് 1919ല് കോപ്പ ബ്രസാലില് നടന്നപ്പോള് ഗ്രാഡിന് കളിച്ചത് വലിയൊരു സംഭവമായിരുന്നു. അത് ബ്രസീലിലെ കറുത്തവരെ ആവേശ ഭരിതരാക്കി. അഭിജാതരുടെ ക്ലബ്ബായ ഫ്ളൂമിനന്സിന്റെ ഗ്രൗണ്ടിലാണ് ഗ്രാഡിന് കളിച്ചത്. സവര്ണര് ഫുട്ബോളിലനെ ്വരുടെ വീട്ടിലെ വേലക്കാരനാക്കി നിര്ത്താന് ശ്രമിച്ചപ്പോള് ഗ്രാഡിന് അതിനെ പാവപ്പെട്ടവന്റെ ചേരിത്തെരുവിലേക്കിറക്കിവിടുകയും പുതിയ ജീവിതം നല്കുകയും ചെയ്തു. ഫുട്ബോള് ജനങ്ങളുടേതായി മാറി. ശേഷം ചരിത്രം! ഒരു ദശാബ്ദത്തിനകം ബ്രസീലിലെ ദേശീയ ടീമില് കറുത്തവര് കളിക്കാന് തുടങ്ങിയപ്പോഴേക്കും ആദ്യത്തെ കോപ്പാ അമേരിക്കയും ഗ്രാഡിനെന്ന കറുമ്പന് സ്പ്രിന്ററുമൊക്കെ എല്ലാവരുടെയും ഓര്മ്മയില് നിന്നു മാഞ്ഞുപോയിരുന്നു.
വെനിസ്വേലക്ക് അഭിമാനപ്രശ്നം.
-കളിയിലും കാര്യത്തിലും
40 കളിയില് ഒരേയൊരു ജയം. വെനിസ്വേലയുടെ കോപ്പ അമേരിക്ക റെക്കോഡാണിത്. 1967 മുതല് മുടങ്ങാതെ പങ്കെടുക്കുന്ന അവര് ആദ്യമായി കോപ്പക്ക് ആതിഥ്യം വഹിക്കുന്നത് ചരിത്രം തിരുത്തണമെന്ന മോഹത്തോടെയാണ്.
അതിനു സാധ്യതയുമുണ്ട്. കോപ്പ ലിബര്ട്ടഡോറസില് വെനിസ്വേലന് ക്ലബ്ബായ കാരക്കാസ് അര്ജന്റൈന് ഭീമന്മാരായ റിവര് പ്ളേറ്റിനെ ഒരു ഗോളിന് തോല്പ്പിച്ചു ചരിത്രം സൃഷ്ടിച്ചത് കഴിഞ്ഞ മാര്ച്ച് മാസത്തിലാണ്. അവരുടെ ഫുട്ബോള് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം.
വെനിസ്വേലന് ദേശീയ ടീമിലും കാരക്കാസിലെ കളിക്കാരാണ് കൂടുതല്. കോപ്പ അമേരിക്കയില് 33 തോല്വി, 6 സമനില, ഒരു തോല്വി എന്ന അപമാനകരമായ ട്രാക്ക് റെക്കാഡ് ഉള്ള വെനിസ്വേലക്ക് തെക്കെ അമേരിക്കന് ക്ലബ്ബ് കപ്പായ ലിബര്ട്ടഡോറസില് കാരക്കാസ് നേടിയ ഈ വിജയം പകര്ന്നിട്ടുള്ള ആവേശം ചെറുതല്ല.
1967 ല് ബൊളീവിയക്കെതിരെ നേടിയ 3-0 ജയമാണ് കോപ്പയിലെ അവരുടെ ഏകജയം. ഇതുവരെ അടിച്ചത് 22 ഗോളുകള് മാത്രം. വഴങ്ങിയതോ 133 ഗോളുകള്. എന്നാല് അതൊക്കെ കാരക്കാസിന്റെ വിജയം സൃഷ്ടിച്ച ആഘോഷത്തില് അവര് മറന്നുകഴിഞ്ഞു. 40 കൊല്ലത്തിനു ശേഷം കോപ്പ അമേരിക്കയില് ഒരു ജയം കുറിക്കുക എന്ന ലക്ഷ്യത്തിലാണ് ഇന്നവര്.
1971ലെ തെക്കെ അമേരിക്കന് യൂത്ത് ചാമ്പ്യന്ഷിപ്പില് അര്ജന്റീനയെ തോല്പ്പിച്ചതാണ് അവരുടെ ഏറ്റവും വലിയ വിജയം. 1980ലെ മോസ്കോ ഒളിമ്പിക്സില് തെക്കെ അമേരിക്കയെ പ്രതിനിധീകരിച്ചത് അവരാണ്. ലോകകപ്പില് കളിക്കാന് അവര്ക്കൊരിക്കലും സാധിച്ചിട്ടില്ല. 2002ലും 2006ലും യോഗ്യതാമത്സരഘട്ടത്തില് അവസാന റൗണ്ട് വരെ അവര് പൊരുതി നിന്നു. അതു തന്നെ അവരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. സമീപകാലത്ത് നല്ല ചില റിസല്ട്ടുകള് ലോകകപ്പ് യോഗ്യതാ റൗണ്ടില് വെനിസ്വേലക്ക് ഉണ്ടാക്കാന് കഴിഞ്ഞിട്ടുണ്ട്. അര്ജന്റീനയും ബ്രസീലുമൊഴിച്ചുള്ള എല്ലാ ലാറ്റിനമേരിക്കന് ടീമുകളോടും അവര് ഈയിടെയായി ഒപ്പത്തിനൊപ്പം പൊരുതി നില്ക്കുന്നു. 2002 ലെ യോഗ്യതാ റൗണ്ടില് അവര് ബൊളീവിയ (4-2), ഉറുഗ്വായ് (2-0), ചിലി (2-0), പെറു (3-0), പാരഗ്വായ് (3-1) ടീമുകളെ തോല്പ്പിച്ചിരുന്നു. 2006ലെ യോഗ്യതാ മത്സരത്തില് കൊളംബിയ (1-0), ബൊളീവിയ (2-1), ഉറുഗ്വായ് (3-0), പെറു (4-1), ഇക്വഡോര് (3-1) എന്നീ ടീമുകള്ക്കെതിരെയും ജയിച്ചു.
ഈ കോപ്പാ അമേരിക്കയില് ഉറുഗ്വായ്, ബൊളീവിയ, പെറു ടീമുകളുള്പ്പെട്ട ഗ്രൂപ്പിലാണ് വെനിസ്വേല. ഹോം അഡ്വാണ്ടേജില് ക്വാര്ട്ടര് ഫൈനല് ഉറപ്പാക്കാമെന്ന് അവര് കണക്കു കൂട്ടുന്നു. ഗ്രൗണ്ടിനകത്തെ പ്രതീക്ഷകള് പോലെ ഗ്രൗണ്ടിനു പുറത്തും അവര് വലിയ ആവേശത്തിലാണ്. കോപ്പ അമേരിക്ക നടത്താന് അവര് കോടികളാണ് പൊടിക്കുന്നത്. ഒമ്പതു സ്റ്റേഡിയങ്ങള് വമ്പിച്ച മുതല്മുടക്കില് അവര് തയ്യാറാക്കിക്കഴിഞ്ഞു.
അമേരിക്ക വരുന്നു!
ഈ കോപ്പ അമേരിക്കയില് ലോകം താല്പ്പര്യപൂര്വം കാത്തിരിക്കുന്ന ഒരു രാഷ്ട്രീയവാര്ത്ത കൂടിയുണ്ട്. യു.എസ്.എ പങ്കെടുക്കുന്നു എന്നതാണത്. 1995നു ശേഷം അവര് കോപ്പയില് കളിച്ചിട്ടില്ല. രണ്ടു രാജ്യങ്ങളെ തെക്കേ അമേരിക്കക്കു പുറത്തു നിന്ന് സാധാരണയായി ക്ഷണിക്കാറുണ്ട്. ഇക്കുറി മെക്സിക്കോക്കു പുറമെ അമേരിക്കയെ ക്ഷണിച്ചിരുന്നുവെങ്കിലും അവര് വരില്ലെന്നായിരുന്നു കരുതപ്പെട്ടത്. മെക്സിക്കോയും കോസ്റ്റാറിക്കയുമാവും കളിക്കുക എന്ന് എല്ലാവരും കരുതി. എന്നാല് എല്ലാവരെയും അമ്പരപ്പിച്ച തീരുമാനമാണ് അമേരിക്ക കൈക്കൊണ്ടത്. അമേരിക്കന് വിരോധത്തിന്റെ മുന്നണിപ്പോരാളിയായ ഹ്യൂഗോ ഷാവേസിന്റെ നാട്ടിലേക്ക് സ്വന്തം ടീമിനെ അയക്കാന് ബുഷ് ഭരണകൂടം അനുമതി നല്കിയതോടെ ഈ വര്ഷത്തെ കോപ്പാ അമേരിക്കക്ക് ലോകമെങ്ങും പൊടുന്നനെ വാര്ത്താമൂല്യം കൂടി. വെനിസ്വേലയും അമേരിക്കയും ഒരേ ഗ്രൂപ്പിലല്ലെങ്കിലും നോക്കൗട്ട് ഘട്ടത്തില് ഏറ്റുമുട്ടാനുള്ള സാധ്യതകള് ഇപ്പോഴും നിലനില്ക്കുന്നു.
വെനിസ്വേലയും അമേരിക്കയുമായുള്ള രാഷ്ട്രീയ ബന്ധങ്ങള് അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലാണ് ഇപ്പോള്. വെനിസ്വേലന് പ്രസിഡന്റ് ഹ്യൂഗോ ഷാവേസും അമേരിക്കന് പ്രസിഡന്റ് ജോര്ജ് ബുഷും തമ്മില് പരസ്പരമുള്ള സന്ദര്ശന വേളകളില് നേരിട്ട് കൊമ്പു കോര്ക്കുകയും ചെയ്തു. അനുദിനം ആശയപരമായ ഈ ഭിന്നത വര്ധിക്കുകയാണ്. 1993ലെ കോപ്പ അമേരിക്കയില് വെനിസ്വേലയും അമേരിക്കയും ഏറ്റുമുട്ടിയപ്പോള് പുറത്താക്കപ്പെട്ട വനിസ്വേലയുടെ വെറ്ററന് സ്ട്രൈക്കര് സ്റ്റാലിന് റീവാസിനെ പ്രതീകാത്മകമായി തിരിച്ചു വിളിക്കാന് വരെ ഷാവാസ് നിര്ദ്ദേശം നല്കിയെന്നും കേള്ക്കുന്നു.
ഈ കോപ്പ നിറഞ്ഞു തുളുമ്പും
ഈ കോപ്പ അമേരിക്ക അപൂര്വമായ അനുഭവമായിരിക്കും -വെനിസ്വേലന് കോച്ച് റിച്ചാര്ഡ് പേസ് പറയുന്നു. സംഘാടനമികവിലും ഉത്തരവാദിത്തം നിറവേറ്റുന്നതിലും വെനിസ്വേല പുതിയ മാതൃക തന്നെ സൃഷ്ടിക്കും. ലോകകപ്പിനേക്കാള് പഴക്കമുള്ള ടൂര്ണമെന്റാണിത്. ഇത്ര കാലമായിട്ടും അതൊരിക്കല്പോലും സംഘടിപ്പിക്കാന് വെനിസ്വേലക്ക് അവസരം ലഭിച്ചിട്ടില്ല. ഇക്കുറി ഗവണ്മെന്റിന്റെ സമ്പൂര്ണപിന്തുണയോടെ, തെക്കെ അമേരിക്കയിലെ മറ്റു രാജ്യങ്ങളില് നിന്നു വ്യത്യസ്തമായി, വലിയ ഒരു ജനകീയ കൂട്ടായ്മയായി ഇതു ഞങ്ങള് സംഘടിപ്പിക്കും. വലിയ ഒരു ജനമുന്നേറ്റമായിരിക്കും ഇവിടെ ലോകം കാണുക. കാണികളുടെ എണ്ണവും അമ്പരപ്പിക്കുന്നതായിരിക്കും. ഈ ടൂര്ണമെന്റോടെ ലോകം വെനിസ്വേലന് ഫുട്ബോളിനെ ബഹുമാനിക്കാന് തുടങ്ങുമെന്നും പേസ് പറഞ്ഞു.
കോപ്പ അമേരിക്ക കിരീടനേട്ടം വര്ഷങ്ങളിലൂടെ
രാജ്യം ജയം വര്ഷം
അര്ജന്റീന 14
1921, 1925, 1927, 1929, 1937, 1941, 1945, 1946, 1947, 1955, 1957, 1959, 1991, 1993
ഉറുഗ്വായ് 14
1916, 1917, 1920, 1923, 1924, 1926, 1935, 1942, 1956, 1959, 1967, 1983, 1987, 1995
ബ്രസീല് 7
1919, 1922, 1949, 1989, 1997, 1999, 2004
പാരഗ്വായ് 2
1953, 1979
പെറു 2
1939, 1975
ബൊളീവിയ 1
1963
കൊളംബിയ 1
2001
ടീമുകളുടെ പ്രകടനം
(ടീം- മത്സരങ്ങള് -ജയം -സമനില -തോല്വി -അടിച്ചഗോള് -വഴങ്ങിയ ഗോള് -വ്യത്യാസം)
അര്ജന്റീന -167 -106 -31 -30 -406 -160 -246
ഉറുഗ്വായ് -178 -101 -28 -49 -376 -199 -177
ബ്രസീല് -161 -91 -29 -41 -372 -185 -187
പാരഗ്വായ് -149 -59 -31 -59 -233 -262 -29
ചിലി -157 -52 -26 -79 -243 -280 -37
പെറു -128 -44 -31 -53 -188 -212 -24
കൊളംബിയ -96 -35 -20 -41 -118 -165 -47
ബൊളീവിയ -99 -19 -23 -57 -93 -252 -159
ഇക്വഡോര് -105 -14 -19 -72 -110 -291 -181
മെക്സിക്കോ -32 -13 -9 -10 -42 -39 -3
വെനിസ്വേല -45 -1 -7 -37 -29 -149 -120
കോസ്റ്റാറിക്ക -11 -3 -2 -6 -12 -21 -9
ഹോണ്ടുറാസ് -6 -3 -1 -2 -7 -5 -2
യു.എസ്.എ -9 -2 -2 5 -9 -13 -4
ജപ്പാന് -3 -0 -1 -2 -3 -8 -5
നാള്വഴികള്, നാഴികക്കല്ലുകള്
കോപ്പ അമേരിക്കയുടെ നൂറ്റാണ്ടു പിന്നിട്ട സഞ്ചാര പഥങ്ങളില് നിരവധി അപൂര്വതകളുണ്ട്. ചരിത്രത്തില് രേഖപ്പെടുത്തപ്പെട്ട അനശ്വരമുഹൂര്ത്തങ്ങള്. അവയില് ചിലത് ഇതാ:
1919ലെ ബ്രസീല് x ഉറുഗ്വായ് (1-0) ഫൈനല്. കോപ്പയിലെ ഏറ്റവും ദൈര്ഘ്യമേറിയ മത്സരമായിരുന്നു ഇത് - 150 മിനിറ്റാണ് അന്നു കളി നടന്നത്. (90 മിനിറ്റ് + 60 മിനിറ്റ് എക്സ്ട്രാ ടൈം).
ഏറ്റവും ഉയര്ന്ന മാര്ജിനിലുള്ള ജയം അര്ജന്റീനക്ക്. 1942ല് അവര് 12-0ന് ഇക്വഡോറിനെ തോല്പിച്ചു.
ദൈര്ഘ്യമേറിയ ടൂര്ണമെന്റ് 1949ല് ബ്രസീലില് നടന്നു. 39 ദിവസം നീണ്ടുനിന്ന പരമ്പരയില് 29 മാച്ച് ഉണ്ടായിരുന്നു. ഇതാണ് ഏറ്റവും കൂടുതല് ഗോള് പിറന്ന ചാമ്പ്യന്ഷിപ്പും - 135 ഗോള്!
അര്ജന്റീനക്ക് മറ്റൊരു റിക്കാര്ഡ് കൂടിയു ണ്ട്: ഇതുവരെ പങ്കെടുത്ത 11ല് അഞ്ചു ടീമുകള്ക്ക് അവരെ ഒരിക്കല് പോലും തോല്പിക്കാനായിട്ടില്ല. ചിലി, ഇക്വഡോര്, വെനിസ്വേല, പാരഗ്വായ്, മെക്സിക്കോ എന്നീ ടീമുകള്ക്കാണ് അര്ജന്റീന `ബാലികേറാമല'യായി തുടരുന്നത്.
വെനിസ്വേലക്ക് ഇതുവരെ നേടാനായത് ഒറ്റ ജയം മാത്രം. 1967ല് ബൊളീവിയക്കെതിരെ നേടിയ 3-0 ജയം.
മൊണ്ടിവിഡിയോ (ഉറുഗ്വായ്)യും ബ്യൂനസ് ഐറിസു(അര്ജന്റീന)മാണ് ഏറ്റവും കൂടുതല് കോപ്പ മാച്ചുകള്ക്ക് ആതിഥ്യം വഹിച്ച നഗരങ്ങള് - 83 മത്സരങ്ങള്.
ഏറ്റവും കൂടുതല് മത്സരം നടന്ന സ്റ്റേഡിയം ചിലിയിലെ സാന്റിയാഗോ നാഷണല് സ്റ്റേഡിയം - 68 കളികള്. മൊണ്ടിവിഡിയോ(ഉറുഗ്വായ്)യിലെ സെന്റിനാറിയോ സ്റ്റേഡിയത്തില് 65 കളികള് നടന്നു.
ലാറ്റിനമേരിക്കക്കു പുറത്തുനിന്ന് അഞ്ചു രാജ്യങ്ങളാണ് ഇതുവരെ കോപ്പയില് കളിച്ചത്. മെക്സിക്കോ, അമേരിക്ക, കോസ്റ്റാറിക്ക, ജപ്പാന്, ഹോണ്ടുറാസ് എന്നിവയാണ് ആ ടീമുകള്. ഇതോടെ മൊത്തം പങ്കെടുത്ത ടീമുകളുടെ എണ്ണം 15 ആയി.
1989ല് നടന്ന ബ്രസീല് - ഉറുഗ്വായ് ഫൈനലാണ് കോപ്പയുടെ ചരിത്രത്തില് ഏറ്റവും പേര് സാക്ഷ്യം വഹിച്ച മത്സരം: 170,000 പേര്
ഫ്രാന്സിസ്കോ മതുരാനയാണ് ഏറ്റവും കൂടുതല് തവണ പരിശീലകനായി കോപ്പയ്ക്കെത്തിയത്. 87ലും 89ലും 93ലും 2001ലും കൊളംബിയ, 95ല് ഇക്വഡോര് ടീമുകളെയാണ് മതുരാന പരിശീലിപ്പിച്ചത്.
ഏറ്റവും കൂടുതല് കോപ്പ അമേരിക്ക കളിച്ച താരം ഉറുഗ്വായുടെ ഏന്ജല് റൊമാ നോ (എട്ടുതവണ). ഇക്വഡോറിന്റെ അലക്സ് അഗ്വിനാഗ ഏഴു ചാമ്പ്യന്ഷിപ്പില്, 22 മാച്ചുകള് കളിച്ചു. ആദ്യഗോള് നേടിയത് ഉറുഗ്വായുടെ ഹൊസെ പിയന്ഡിബെനിയാണ് - 1916ല്.
കൂടുതല് ഗോള് സ്കോര് ചെയ്യപ്പെട്ട മത്സരങ്ങള്
വര്ഷം മത്സരം സ്കോര്
1942 അര്ജന്റീന-ഇക്വഡോര് 12-0
1975 അര്ജന്റീന-വെനിസ്വേല 11-0
1949 ബ്രസീല്-ബൊളീവിയ 10-1
1927 ഉറുഗ്വായ്-ബൊളീവിയ 9-0
1957 ബ്രസീല്-കൊളംബിയ 9-0
1945 അര്ജന്റീന-കൊളംബിയ 9-1
1949 ബ്രസീല്-ഇക്വഡോര് 9-1
1945 ബ്രസീല്-ഇക്വഡോര് 9-2
കോപ്പ അമേരിക്ക: ടൂര്ണമെന്റുകള്, ഗോളുകള്
വര്ഷം -മത്സരങ്ങള് -ഗോളുകള്
1916 - 6 - 18
1917 - 6 - 21
1919 - 7 - 27
1920 - 6 - 16
1921 - 6 - 14
1922 - 11 - 22
1923 - 6 - 18
1924 - 6 - 15
1925 - 6 - 26
1926 - 10 - 55
1927 - 6 - 37
1929 - 6 - 23
1935 - 6 - 18
1937 - 16 - 69
1939 - 10 - 47
1941 - 10 - 32
1942 - 21 - 81
1945 - 21 - 89
1946 - 15 - 61
1947 - 28 - 102
1949 - 29 - 135
1953 - 22 - 67
1955 - 15 - 73
1956 - 15 - 38
1957 - 21 - 101
1959 - 21 - 86
1959 - 10 - 40
1963 - 21 - 91
1967 - 15 - 49
1975 - 25 - 79
1979 - 25 - 63
1983 - 24 - 55
1987 - 13 - 33
1989 - 26 - 55
1991 - 26 - 73
1993 - 26 - 64
1995 - 26 - 69
1997 - 26 - 67
1999 - 26 - 74
2001 - 26 - 60
2003 - 26 - 78
ആകെ 673 2231
കോപ്പ അമേരിക്ക: ഗോളുകള്, നാഴികക്കല്ലുകള്
നമ്പര് -ഗോള് സ്കോറര് -എതിരാളി -മത്സരഫലം -വര്ഷം
1 -ഹൊസെ പിയന്ഡിബെനി (ഉറുഗ്വായ്) -ചിലി 4-0 (1916)
100 -ഹ്വാന് ഹെഗൂയ് (ഉറുഗ്വായ് ) -ചിലി 2-0 (1922)
500 -ഹൊസെ മാന്വല് മൊറീനോ (അര്ജന്റീന) -ഇക്വഡോര് 12-0 (1942)
1000 -എന്റിക് ഹൊര്മസബാല് (ചിലി) -ഇക്വഡോര് 7-1 (1955)
1500 -നിലീന്യോ (ബ്രസീല്) -അര്ജന്റീന 2-1 (1975)
2000 -ലൂയി ഹെര്ണാണ്ടസ് (മെക്സിക്കോ) -കോസ്റ്റാറിക്ക 1-1 (1997)
2231 -അദ്രിയാനോ (ബ്രസീല്) -അര്ജന്റീന 1-1 (4-2) (2003)
Previous Posts:
എല്ലാവരും കളിക്കുന്ന കാലം
ബ്ലാറ്റര് വന്നു, പോയി. ഇനി...
വില്പ്പനക്ക്, ഫുട്ബോള് ജീനിയസ്സുകള്!
ലോകകപ്പ് : ഓര്മ്മകളുടെ ആണ്ടുബലി
കുടിപ്പകയുടെ നാള്വഴികള്
ഒന്നാമനാവാന് ഒരു നൂറ്റാണ്ടു യുദ്ധം
ഒരേ നിറമുള്ള പൂക്കള്
കളിയോര്മ്മകളിലെ പൂമരങ്ങള്
അവസാനത്തെ റൈറ്റ് ഔട്ട്
ടൂര്ണമെന്റുകളല്ല വേണ്ടത്
Read more...
Monday, June 25, 2007
എല്ലാവരും കളിക്കുന്ന കാലം
നന്നായി വളരാന് കളിച്ചു വളരണമെന്ന ലളിതമായ സത്യം മറന്ന സമൂഹമായി നാം മാറി.കളി കാണുന്നവരുടെ എണ്ണം കൂടിയിരിക്കാം,പക്ഷെ,കളികള് ഇല്ലാതായി. നാം കളിച്ചു രസിക്കുകയല്ല, കണ്ടു രസിക്കുകയാണ്.
കളിക്കുന്നില്ല, കാണുക മാത്രം. 'പാര്ട്ടിസിപ്പേറ്ററി സ്പോര്ട്സി'ല് നിന്ന് 'സ്പെക്ടേറ്റര് സ്പോര്ട്സി'ലേക്ക്. കളിക്കാരനില് നിന്ന് വെറും കാണിയിലേക്ക്. ഐക്യകേരളത്തിന്റെ അമ്പതാം വാര്ഷികം നാമാഘോഷിക്കുന്നത് കേരളീയ സമൂഹം നടത്തിയ അനാരോഗ്യകരമായ ഈ ചുവടുമാറ്റത്തിന്റെ കാലത്താണ്. നാം സ്വയം കളിക്കുന്നില്ല. ഒന്നും ജയിക്കുന്നുമില്ല. എല്ലാ കളികളും കാണുന്നു. എല്ലാ കളികളും ആസ്വദിക്കുന്നു. കാണുന്നത് നമ്മുടെ കളികളല്ല. മററാരുടെയോ കളികള്. ജയിക്കുന്നത് നമ്മളല്ല, മറ്റാരോ. നാം കളിച്ചു രസിക്കുകയല്ല, കണ്ടു രസിക്കുകയാണ്. ആരുടെ തോല്വിയും ജയവും നമ്മെ ബാധിക്കുന്നില്ല. നമുക്കു ജയിക്കണമെന്ന വാശിയുമില്ല. കളിയും നമുക്കൊരു എന്റര്ടെയ്ന്മെന്റ്. കളി കാണുന്നവരുടെ എണ്ണം കൂടിയിരിക്കാം, പക്ഷെ, കളികള് ഇല്ലാതായി. ടൂര്ണമെന്റുകള് ഇല്ലാതായി. കുമ്മായവര വരെ കാണികള് നിറഞ്ഞു നിന്ന കാലം, കളിക്കാന് കൂടുതല് കുട്ടികള് മുന്നോട്ടു വന്നിരുന്ന കാലം, ഓര്മ്മ മാത്രമായി.
ഇതാണ് അമ്പതു വര്ഷത്തെ നേട്ടമെന്ന് ഒറ്റവാക്കില് പറഞ്ഞാല് അതു പലരോടും ചെയ്യുന്ന അനീതിയാവും. പലരും പരിഭവിക്കും. ഉഷയും ഷൈനിയും ജിമ്മിയും വിജയനും അഞ്ജുവും ശ്രീശാന്തും കേരളത്തിന്റെ ഇക്കാലയളവിലെ നേട്ടങ്ങളല്ലേ എന്നു ചോദിക്കും. അവരോട് ക്ഷമാപണം. ചോദ്യം ഇതാണ്. എന്ജിനീയറിങ്ങിനും മെഡിസിനും പോണ്ട, എന്റെ മകന് സ്പോര്ട്സ് താരമായി വളര്ന്നാല് മതി എന്നു പറയുന്ന ഒരു സമൂഹത്തെ ഉണ്ടാക്കാന് നമുക്കു സാധിച്ചോ? അതിനുള്ള സാഹചര്യം സൃഷ്ടിക്കാന് നമുക്കു സാധിച്ചോ? കളിക്കളങ്ങള് നിറഞ്ഞ, എല്ലാവരും കളിക്കുന്ന ഒരു കായികസംസ്കാരം വളര്ത്താന് സാധിച്ചോ? തോല്വിയെ ഉള്ക്കൊള്ളാന് പഠിപ്പിക്കുന്ന ഒരു മനസ്സ് നമ്മുടെ കുട്ടികളില് ഉണ്ടാക്കാന് നമുക്കു സാധിച്ചോ?
മറ്റെല്ലാ മേഖലയിലും അമ്പതു കൊല്ലത്തെ കണക്കെടുപ്പ് നേട്ടങ്ങളുടേതാണെങ്കില് സ്പോര്ട്സില് നാം 90കള്ക്കു ശേഷം വര്ഷങ്ങള് പുറകോട്ടു പോയി എന്നതാണ് സത്യം. ഇപ്പോള് വീണ്ടും 1956ലെ അവസ്ഥയിലാണ് നമ്മുടെ നില്പ്പ്. ഇതിനു നിരവധി കാരണങ്ങളുണ്ടാവാം. നന്നായി വളരാന് കളിച്ചു വളരണമെന്ന ലളിതമായ സത്യം മറന്ന സമൂഹമായി നാം മാറി. സ്കൂള് കളിക്കളങ്ങളുടെ തകര്ച്ചയാണ് ഇതിന്റെ പ്രകടമായ തെളിവ്. കുട്ടികളെ എന്ട്രന്സിനയക്കുന്ന സമൂഹത്തില് എല്ലാ മാനേജ്മെന്റുകളും ഗ്രൗണ്ടുകള് നികത്തി ക്ലാസ്സ് മുറികള് വെച്ചു. കായികവിദ്യാഭ്യാസം നിര്ബന്ധിതമാക്കാന് നമുക്കു സാധിച്ചില്ല. കളിയും കളിക്കളവും നിര്ബന്ധമല്ലാത്ത ഒരു സമൂഹമായി നമ്മുടേത്. അതിന്റെ അനാരോഗ്യമാണ് സമൂഹത്തിന്റെ മനസ്സിലും ശരീരത്തിലും ഇന്നു കാണുന്നത്. പോസിറ്റീവ് തിങ്കിങ് എന്നും സ്പോര്ട്സ്മാന് സ്പിരിറ്റെന്നും പറയുന്ന, തോല്ക്കാന് തയ്യാറില്ലാത്ത ഒരു കളിക്കാരന്റെ മനോഘടനയാണ് നമ്മുടെ കുട്ടികളില് ഇല്ലാതാവുന്നത്. കണ്ണട വെക്കുന്നവരും ഏറ്റുമുട്ടാന് ഭയക്കുന്നവരും അനാരോഗ്യവാന്മാരും നിസ്സാര തോല്വിക്കു പോലും ആത്മഹത്യ ചെയ്യുന്നവരുമായി നമ്മുടെ കുട്ടികള് മാറിക്കൊണ്ടിരിക്കുന്നു. കളിച്ചു വളരുന്ന കുട്ടി ജീവിതത്തിലെ ഒരു കളിയിലും തോല്ക്കുകയില്ല. ഓരോ തോല്വിയിലും ജയത്തിന്റെ പുതിയ പാഠങ്ങള് അവന് കണ്ടെത്തും. തിരിച്ചു വരവിന്റെ, അതിജീവനത്തിന്റെ, ആരോഗ്യകരമായ മത്സരക്ഷമതയുടെ വഴികള് അവന് ഉള്ക്കൊള്ളും. ആരോഗ്യമുള്ള സമൂഹമാണ് സ്പോര്ട്സിന്റെ ആത്യന്തികനേട്ടം. ആ അവസ്ഥ കൈവരിക്കാന്, ആ സന്ദേശം പകരാന് നമ്മുടെ സ്പോര്ട്സിനു കഴിഞ്ഞില്ല.
നമുക്കു പറ്റിയ പിഴവ് ഇതാണ്. കളി വളര്ത്താനാണ് നാം ശ്രമിച്ചത്. കായികസംസ്കാരം വളര്ത്താനല്ല. നമുക്കിപ്പോഴും സ്പോര്ട്സെന്നാല് 'കോമ്പിറ്റീറ്റീവ് സ്പോര്ട്സ്' ആണ്. ഒളിംപിക്സോ ലോകകപ്പോ പോലുള്ള മത്സരങ്ങള്. മത്സരിക്കുക, ജയിക്കുക. അതാണ് സ്പോര്ട്സ് എന്നു നാം കരുതുന്നു.. വിശാലാര്ഥത്തിലുള്ള സ്പോര്ട്സിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് മത്സരക്കളികള്. അതിനെ അങ്ങിനെ കാണാന് നമുക്കു കഴിഞ്ഞില്ല. കളിച്ചു വളരുക എന്നത് ഒരു ജീവിതരീതിയാണ്. എല്ലാവരും ആരോഗ്യവാന്മാരായിരിക്കുക എന്നതാണ് അതിന്റെ കാതല്. എല്ലാവര്ക്കും പങ്കാളിത്തം എന്ന സങ്കല്പത്തില് വേണം അതിന്റെ നയരൂപരേഖ ഊന്നാന്. എല്ലാവരും വ്യായാമം ചെയ്യുന്ന സമൂഹം. എല്ലാവരും കളിക്കുന്ന സമൂഹം. എല്ലാവരും സ്പോര്ട്ടീവായ സമൂഹം. എല്ലാവരും ആരോഗ്യവാന്മാരായ സമൂഹം. 'പാര്ട്ടിസിപ്പേറ്ററി സ്പോര്ട്സി'ന്റെ വിശാലലോകം. അവിടെ എല്ലാവരും കളിക്കാരാണ്. അവര് ജീവിതത്തെ സ്പോര്ട്ടീവായി എടുക്കുന്നു. ഒരു കളി പോലെ ആസ്വദിക്കുന്നു. തോല്വിയും ജയവും ഒരു പോലെ ഉള്ക്കൊള്ളുന്നു. ആരോഗ്യത്തോടെ ജീവിക്കുന്നു. ആ അവസ്ഥയിലേക്ക് ഒരു സമൂഹം എത്തുമ്പോഴേ അവിടെ നിന്ന് നിരന്തരം ഉഷമാരും അഞ്ജുമാരും ഉണ്ടാവുകയുള്ളൂ. അല്ലാത്തിടത്തെല്ലാം അവര് ഒറ്റപ്പെട്ട നക്ഷത്രങ്ങളായിരിക്കും. അത്തരം ഒറ്റ നക്ഷത്രങ്ങളുടെ ചെറുവെട്ടത്തിലാണ് നാമിത്രയും വഴി താണ്ടിയത്. അവര്ക്കു നന്ദി. അവര് കൂടി ഇല്ലായിരുന്നെങ്കില് നമ്മുടെ ലോകം എത്ര ഇരുണ്ടു പോയേനെ!
നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും കണക്കെടുത്താല് നഷ്ടങ്ങളാവാം കൂടുതല്. ഇല്ലാതായ കളികളും കളിക്കളങ്ങളും ഇല്ലാതാവുന്ന സ്പോര്ട്സ്മാന് സ്പിരിറ്റുമൊക്കെ നമുക്ക് പറഞ്ഞു വിലപിക്കാനുള്ള കാര്യങ്ങളാണ്. എന്നാല് അതില് കാര്യമില്ല. അതു സ്പോര്ട്സമാനു ചേര്ന്നതല്ല. തോല്വികളില് നിന്നു പാഠങ്ങള് പഠിച്ചു വേണം പുതിയ കാര്യങ്ങള് ചെയ്യാന്. അടുത്ത അമ്പതു വര്ഷത്തിനപ്പുറമുള്ള ഒരു കേരളീയസമൂഹത്തെ മുന്നില് കണ്ടു വേണം നമുക്കു കാര്യങ്ങള് നീക്കാന്. ആരോഗ്യമുള്ള ഒരു തലമുറ അന്നുണ്ടാവണം. അതിനു നമുക്കിപ്പോഴേ തുടങ്ങണം. കായികവിദ്യാഭ്യാസം സാര്വത്രികമാക്കുക എന്നതാണ് ആദ്യപടി. ഒരു പുതിയ കായികസംസ്കാരം വാര്ത്തെടുക്കാനുള്ള കര്മ്മപദ്ധതിയാണ് നമുക്കു വേണ്ടത്. ഓരോ വീടും ഓരോ കളിക്കളമാവണം. എല്ലാവരും കളിക്കാരാവണം. എല്ലാവരും ജയിക്കണം. ആരോഗ്യമുള്ള മനസ്സും ആരോഗ്യമുള്ള ശരീരവുമാണ് ആരോഗ്യമുള്ള സമൂഹത്തിന്റെ സൃഷ്ടിക്ക് അനിവാര്യം. അമ്പതു വര്ഷം നാം നഷ്ടപ്പെടുത്തി. അമ്പതു വര്ഷത്തിനപ്പുറമുള്ള തലമുറയും ഇതേ വാക്കുകള് നമ്മോടു പറയാന് ഇടവരാതിരിക്കട്ടെ.
Previous Posts:
ബ്ലാറ്റര് വന്നു, പോയി. ഇനി...
വില്പ്പനക്ക്, ഫുട്ബോള് ജീനിയസ്സുകള്!
ലോകകപ്പ് : ഓര്മ്മകളുടെ ആണ്ടുബലി
കുടിപ്പകയുടെ നാള്വഴികള്
ഒന്നാമനാവാന് ഒരു നൂറ്റാണ്ടു യുദ്ധം
ഒരേ നിറമുള്ള പൂക്കള്
കളിയോര്മ്മകളിലെ പൂമരങ്ങള്
അവസാനത്തെ റൈറ്റ് ഔട്ട്
ടൂര്ണമെന്റുകളല്ല വേണ്ടത്
Read more...
Thursday, June 21, 2007
ബ്ലാറ്റര് വന്നു, പോയി. ഇനി...
പ്രൊഫഷനല് ഫുട്ബോള് ലീഗിലേക്ക് ഇന്ത്യ ഇക്കൊല്ലം ചുവടു മാറുകയാണ്. അതിന്റെ മുന്നോടിയാണ് ഫിഫാ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ വരവ്. രക്ഷപ്പെടാനുള്ള അവസാന അവസരമാണ് ഇന്ത്യന് ഫുട്ബോളിനിത്. മുന്ഷിക്കും കൂട്ടര്ക്കും അതിനാവുമോ?
ഉദാരമതിയായ ഒരു ഭൂവുടമയുടെ കഥയുണ്ട് ആഫ്രിക്കയില്. കൃഷി ചെയ്യാന് പാവപ്പെട്ട കര്ഷകര്ക്കു കാച്ചില് വിത്തുകള് കൊടുക്കുന്ന ഒരാള്. വിളവെടുത്ത് വിത്തു മാത്രം മടക്കിക്കൊടുത്താല് മതി എന്നാണ് നിബന്ധന. പന്തീരാണ്ടു കാലം കാച്ചില് വിത്തു കൊടുത്തിട്ടും മടിയനും കൃഷി ചെയ്യാനറിയാത്തവനുമായ ഒരു കുടിയാന് ഗതി പിടിച്ചില്ല. വിത്തു മടക്കിക്കൊടുത്തുമില്ല. ഓരോ തവണയും ഓരോ ക്ഷമാപണവുമായി അയാള് വരും. മഴ കൂടിപ്പോയി, കൊടും വരള്ച്ചയായിരുന്നു, കാട്ടാനക്കൂട്ടം വന്നു എന്നിങ്ങനെ ഒഴികഴിവുകള് നിരത്തും. ഒടുവില് ഭൂവുടമ കാച്ചില് നിലം കാണാന് നേരിട്ടു പുറപ്പെട്ടു. യാത്രക്കു പല്ലക്ക്, വഴിയില് കുടിവെള്ളം, വഴി നീളെ അനുയാത്രക്കാര്.. ഒന്നിനും ഒരു കുറവും കുടിയാന് വരുത്തിയില്ല. ജന്മിക്കു യാത്ര നന്നെ ബോധിച്ചു എന്നുറപ്പായപ്പോള് കാച്ചില് നിലങ്ങള് കാട്ടി കുടിയാന് വിലപിച്ചു. എല്ലാം തകര്ന്നു. ഇനിയും സഹായം വേണം. ദയവു തോന്നിയ ഭൂവുടമ പറഞ്ഞു. ആ വിത്ത് നീയെടുത്തോ. അതു പോയി, വേറെ വിത്തു തരണമെന്നായി അപ്പോള് കര്ഷകന്. വിത്തെടുത്തു കറി വെച്ച കുടിയാന് വീണ്ടും വിത്തു കൊടുക്കാമെന്നു ജന്മി പറഞ്ഞപ്പോള് കുടിയാന് പറഞ്ഞു, എനിക്കു കാച്ചില് കൃഷിയറിയില്ല, കൃഷി ചെയ്യാന് ഒരാളെക്കൂടി അയക്കണം!
ഉദാരമതിയായ ആ ജന്മിയുടെ അവസ്ഥയിലാണ് ഫിഫാ പ്രസിഡന്റ് സെപ് ബ്ലാറ്റര്. കുറെ കാലമായി അഖിലേന്ത്യാ ഫുട്ബോള് ഫെഡറേഷന് പ്രസിഡന്റ് ദാസ്മുന്ഷിക്കും സംഘത്തിനും ഫിഫ ഗ്രാന്റു കൊടുക്കുന്നു. ഫുട്ബോള് മാത്രം ഗതി പിടിച്ചില്ല. മഴയും വേനലും വരള്ച്ചയും മഞ്ഞുവീഴ്ചയുമായി ആ കാച്ചിലെല്ലാം കാഞ്ഞുപോയി. വിളവു വേണ്ട, വിത്തെങ്കിലും കാണണ്ടേ പത്തായത്തില്? അതുമില്ല. പല്ലക്കും പഞ്ചാരിയുമായി ചുറ്റിയടിച്ചു മടങ്ങുമ്പോള് ബ്ലാറ്റര്ക്കു മുന്നില് മുന്ഷിയും സംഘവും അതേ അഭ്യര്ഥനയുമായി നില്ക്കുന്നു: പുതിയ വിത്തു തരണം. മാത്രമല്ല, ഞങ്ങള്ക്കീ കൃഷിയറിയില്ല, അതിനാല് പണിയെടുക്കാന് ആളെയും തരണം...
ഇന്ത്യ ഉറങ്ങുന്ന സിംഹം
ഇന്ത്യന് ജനസംഖ്യ 100 കോടിക്കു പുറത്താണെന്നും അതിന്റെ പത്തിലൊന്ന് പേര് ഫുട്ബോള് കാണാന് തുടങ്ങിയാല് തന്നെ യൂറോപ്പിനെ വെല്ലുന്ന ടെലിവിഷന് മാര്ക്കറ്റായി ഇന്ത്യ മാറുമെന്നും അറിയുന്ന ആദ്യത്തെയാള് സെപ് ബ്ലാറ്ററാണ്. ഫിഫാ പ്രസിഡന്റിന് പക്ഷെ ഇന്ത്യയില് വന്ന് കളിനടത്താനോ സംഘടന ഭരിക്കാനോ ആവില്ല. അതു കൊണ്ട് ആകെ ചെയ്യാവുന്നത് ദാസ് മുന്ഷിക്ക് ഗ്രാന്റ് കൊടുക്കുക എന്നതാണ്. വര്ഷങ്ങളായി അതു തുടരുന്നു. ഓരോ തവണയും മുന്ഷി ഓരോ കാരണം പറയും. സ്പോണ്സര്മാരില്ല, ക്രിക്കറ്റ് ഇതിനെ കൊല്ലുന്നു, കളി കാണാനാളില്ല.. അങ്ങിനെ ഗ്രാന്റു കൊടുത്തു കൊടുത്തു മുടിയാറായപ്പോഴാണ് ഒടുവില് മുന്ഷിയുടെ കാച്ചില്കൃഷി കാണാന് ബ്ലാറ്റര് നേരിട്ടു പുറപ്പെട്ടത്.
എന്തായിരുന്നു മുന്ഷി ഏര്പ്പാടാക്കിയ ആ യാത്ര. പല്ലക്കും പരിവാരങ്ങളും കളിയും പാട്ടും ഡാന്സും കിരീടവുമായുള്ള രാജകീയ യാത്ര. പ്രസിഡന്റും പ്രധാനമന്ത്രിയും വ്യവസായികളുമൊക്കെയായി ചര്ച്ച. മോഹന്ബഗാനും ഈസ്റ്റ് ബംഗാളുമായുള്ള കളി കാണല്. കൊല്ക്കത്തയിലും ഡല്ഹിയിലും മാറിമാറി പത്രസമ്മേളനം. എല്ലാം ഗംഭീരമായി. ഫുട്ബോള് മാത്രം ബ്ലാറ്റര് കണ്ടില്ല. അതിന് അതിവിടെ വേണ്ടേ?
ബ്ലാറ്റര് പക്ഷെ മാന്യനാണ്. അദ്ദേഹം പറഞ്ഞത് ഇന്ത്യ ഉറങ്ങുന്ന സിംഹമാണ് എന്നാണ്. നാളെ എങ്ങാന് ഇതുണര്ന്നെണീറ്റാല് ലോകത്തെ വിഴുങ്ങാന് പോന്നത്ര ശക്തന്! അതെണീക്കില്ല എന്നുറപ്പുള്ളതു കൊണ്ടാണോ പറഞ്ഞതെന്നറിയില്ല. ബ്ലാറ്ററെ അനുഗമിച്ച ഏഷ്യന് ഫുട്ബോള് ഫെഡറേഷന് പ്രസിഡന്റ് ബിന് ഹമ്മാമിന് ബ്ലാറ്ററേക്കാള് മര്യാദ കുറവാണ്. അദ്ദേഹം അതങ്ങോട്ടു തുറന്നു പറഞ്ഞു. പറഞ്ഞത് ഈ നിലക്കാണു പോക്കെങ്കില് 100 കൊല്ലം കഴിഞ്ഞാലും ഇന്ത്യന് ഫുട്ബോള് രക്ഷപ്പെടില്ല എന്നാണ്. ഹമ്മാം ഏഷ്യക്കാരനാണ്. അയാള് മുന്ഷിയെപ്പോലെ എത്രയോ പ്രസിഡന്റുമാരെ കണ്ടിരിക്കുന്നു. ഏറ്റെടുക്കുന്ന ജോലിയോട് കൂറു കാണിക്കാത്തവരെ യൂറോപ്പുകാരനായ ബ്ലാറ്റര്ക്ക് അത്ര തന്നെ പരിചയമുണ്ടാവില്ല. പണി ചെയ്യുകയുമില്ല, എനിക്കീ പണിയറിയില്ല എന്നു പറയുകയുമില്ല. അതാണ് മുന്ഷിയുടെയും ഇന്ത്യന് ഫുട്ബോളിനെ ഭരിക്കുന്നവരുടെയും സ്ഥിതിയെന്ന് ഹമ്മാമിനറിയും പോലെ ബ്ലാറ്ററിനറിയുന്നുണ്ടാവില്ല.
ഏതായാലും പത്തു ലക്ഷം ഡോളര് നല്കിയാണ് ബ്ലാറ്റര് മടങ്ങുന്നത്. ഇനി വരുമ്പോള് വിത്തെടുത്തു കുത്തിത്തിന്നു എന്നു പറയാതിരിക്കാന് ഘട്ടം ഘട്ടമായിട്ടു മാത്രമേ പണം നല്കൂ എന്നും പറഞ്ഞിട്ടുണ്ട്. കളി നടത്തിപ്പിന് എം.ബി.എക്കാരായ നല്ല മാര്ക്കറ്റിങ് വിദഗ്ധരെയും വെക്കും. (കാച്ചില് വിത്തു മാത്രമല്ല, കൃഷി ചെയ്യാന് ആളെയും കൊടുക്കുമെന്നര്ഥം). മിക്ക രാജ്യങ്ങളിലും ഈ സംവിധാനം ഫിഫ പരീക്ഷിച്ചിട്ടുണ്ട്്. ഇന്ത്യയിലും ഇക്കുറി എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്നാണ് ഈ രംഗത്തെ ശുഭാപ്തി വിശ്വാസികള് കരുതുന്നത്.
ചൈനീസ് പാഠങ്ങള്
ഇന്ത്യന് ഫുട്ബോളിലെ കാച്ചില് നിലങ്ങള് നേരിട്ടു കണ്ടുകളയാമെന്നു ബ്ലാറ്റര്ക്കു തോന്നാന് കാരണമെന്താവാം? അതന്വേഷിച്ചു ദൂരെയൊന്നും പോവണ്ട. അയല്രാജ്യമായ ചൈനയില് ഈ കളി ക്ലച്ചു പിടിച്ചതു തന്നെ. അപ്പോഴാണ് ഏഷ്യന് മാര്ക്കറ്റിന്റെ ശക്തി ഫിഫ തിരിച്ചറിയുന്നത്. അഞ്ഞൂറു കോടിയാണ് ഇന്ന് ചൈനീസ് ഫുട്ബോള് മാര്ക്കറ്റിന്റെ മൂലധനം. 1994ല് ലീഗ് തുടങ്ങിയ ശേഷമുള്ള പത്തു വര്ഷംകൊണ്ടുണ്ടാക്കിയ വളര്ച്ചയാണിത്. യുവേഫ അമ്പതു കൊല്ലം കൊണ്ടുണ്ടാക്കിയ വളര്ച്ച! ലോകകപ്പിനു യോഗ്യത നേടിയ ശേഷം ചൈനയിലെ 126 കോടിയില് പകുതിയോളം പേര് കളി കാണുന്നവരായി മാറിയിട്ടുണ്ടത്രെ. യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും കൂടി അത്രയും പ്രേക്ഷകരില്ല. 2002 ലോകകപ്പിലെ ചൈനയുടെ മൂന്നു മാച്ചുകള് ടി.വിയില് കണ്ട പ്രേക്ഷകരുടെ എണ്ണം 200 കോടിയായിരുന്നു. പണവും പരസ്യവും മാത്രമല്ല പ്രലോഭനം, ലോകജനസംഖ്യയിലെ പകുതിയിലധികം വരുന്ന ഈ രണ്ടു രാജ്യങ്ങളില് കളി വളര്ത്താനായില്ലെങ്കില് ഫിഫക്കു ഭാവിയില്ല എന്ന തിരിച്ചറിവും ബ്ലാറ്റര് പ്രകടിപ്പിച്ചിട്ടുണ്ട്. യൂറോപ്പിലൊക്കെ ഫുട്ബോള് വളര്ച്ചയുടെ പരിധി പിന്നിട്ടു കഴിഞ്ഞു! ഇനി ഏഷ്യയിലും ആഫ്രിക്കയിലുമാണ് ഫിഫ ഇറങ്ങി കൃഷി ചെയ്യാന് പോകുന്നത്.
ഇപ്പോള് ചൈനീസ് പ്രൊ-ലീഗില് എ1, എ2, ബി1, ബി 2 എന്നിങ്ങനെ നാലു ദേശീയ ലീഗുകളും നിരവധി പ്രാദേശിക ലീഗുകളുമാണുള്ളത്. കളിക്കുന്നതെല്ലാം പ്രൊഫഷനല് ക്ലബ്ബുകള്. സ്വന്തം ഗ്രൗണ്ടും ഏജ് ഗ്രൂപ്പ് ടീമും അക്കാദമിയുമൊക്കെ നിര്ബന്ധം. ഫലപ്രദമായ ഒരു ഫുട്ബോള് സിസ്റ്റം അവിടെ പ്രവര്ത്തിച്ചു തുടങ്ങിയിട്ടുണ്ട്. 1994ലാണ് ചൈനയില് ലീഗ് തുടങ്ങുന്നത്. അതിനു മുമ്പ് അവിടെ ക്ലബ്ബുകള് വെറും ജനകീയ കൂട്ടായ്മകളായിരുന്നു. ഫുട്ബോള് വെറും വിനോദവും. ആദ്യ പത്തു വര്ഷത്തിനു ശേഷം പ്രൊഫഷനല് ലീഗിലേക്കു ചുവടു മാറിയ ചൈനീസ് ഫുട്ബോള് ഇന്നത് പണം കായ്ക്കുന്ന ഒരു മരമാണ്. യൂറോപ്യന് ക്ലബ്ബുകള് തങ്ങളുടെ ബ്രാന്ഡ് പ്രചരണത്തിനായി കണ്ണു വെച്ചിട്ടുള്ള പ്രധാന മാര്ക്കറ്റാണ് ഇന്ന് ചൈന. ലീ ടായ് എന്ന ചൈനയുടെ ബെക്കാമിനെ കരാര് ചെയ്തതിലൂടെ ഇംഗ്ലീഷ് ക്ലബ്ബായ എവര്ട്ടണും സുന് ജി ഹായ്യെ ടീമിലെടുത്ത മാഞ്ചസ്റ്റര് സിറ്റിയും ചൈനയില് പൊടുന്നനെ പോപ്പുലറായി. എന്നു മാത്രമല്ല, അവരുടെ ടെലിവിഷന് വരുമാനം ആറിരട്ടിയോളം കൂടുകയും ചെയ്തു. എ1 ലീഗില് മാത്രം അറുപതോളം വിദേശ താരങ്ങളും ആറേഴു വിദേശ കോച്ചുമാരും ഉണ്ട്. അവര്ക്ക് രണ്ടര ലക്ഷം മുതല് അഞ്ചു ലക്ഷം വരെ ഡോളര് ശമ്പളവും ലഭിക്കുന്നുണ്ട്. ശരാശരി ചൈനീസ് താരത്തിനു തന്നെ 80,000 മുതല് 250,000 ഡോളര് വരെ ശമ്പളം കിട്ടും. ചൈനീസ് യുവാക്കള് ഇന്ന് ഫുട്ബോളിനെയും സീരിയസായ തൊഴിലായി സമീപിക്കാന് തുടങ്ങിയിരിക്കുന്നു.
പ്രൊ-ലീഗ് തുടങ്ങിയ ശേഷമുള്ള ചൈനീസ് വളര്ച്ച തൃപ്തികരമാണെന്ന് ഫിഫ വിലയിരുത്തുന്നു. ആറു തവണ ലോകകപ്പ് യോഗ്യതാ റൗണ്ടില് കാലിടറി വീണ ചൈന, 2002 ല് യോഗ്യത നേടി. അതോടെ ഫുട്ബോള് ചൈനയില് ജനപ്രീതിയിലും വാണിജ്യമൂല്യത്തിലും റോക്കറ്റ് പോലെ കുതിച്ചുയര്ന്നു. ഫിഫ അപ്പോഴാണ് അതിന്റെ യഥാര്ഥവില തിരിച്ചറിഞ്ഞത്. (മറിച്ചും ആരോപണമുണ്ട്. ചൈനീസ് ലീഗ് വിജയിപ്പിക്കാന് വേണ്ടി ഫിഫ അവരെ യോഗ്യത നേടാന് സഹായിച്ചതാണ് എന്ന്). ലോകത്ത് മറ്റെല്ലാ രാജ്യങ്ങളും കളി നിറുത്തിയാലും ഇന്ത്യയും ചൈനയും മാത്രം കളിച്ചാല് മതി, ഈ കളി നിലനില്ക്കും, പൈസ ഉണ്ടാവുകയും ചെയ്യും. ഈ തിരിച്ചറിവാണ് ബ്ലാറ്ററുടെ ഏഷ്യന് പരിശ്രമങ്ങള്ക്കു പിന്നില്. അടുത്ത പതിറ്റാണ്ട് ലോകഫുട്ബോളില് ഈ രാജ്യങ്ങളുടേതാണെന്ന് ഫിഫ പറയുമ്പോള് അവരുടെ ലക്ഷ്യം വ്യക്തം. ഏഷ്യന് മാര്ക്കറ്റിനെ വളര്ത്തിയെടുക്കണം, കറന്നെടുക്കണം. ചൈനയുടെ വഴിയേ അടുത്ത ലോകകപ്പില് ഇന്ത്യയും യോഗ്യത നേടിക്കൂടെന്നില്ല. (ഫിഫ മനസ്സു വെച്ചാല്). ഇനി ആരു സഹായിച്ചാലും ഇന്ത്യ നേരെയാവില്ലെന്നാണെങ്കില് അതിനും ഫിഫ പരിഹാരം കണ്ടിട്ടുണ്ട്. ലോകകപ്പ് വേണ്ടി വന്നാല് ഇന്ത്യയില് നടത്തും. 2018ലോ 2022ലോ. എന്തു വില കൊടുത്തും ഇന്ത്യയിലും ചൈനയിലും ഫുട്ബോള് വളര്ത്തിയേ ഫിഫ അടങ്ങൂ. ഐശ്വര്യാ റായും സുഷ്മിതാ സെന്നും ലോകസുന്ദരിമാരായതിനു ശേഷമുള്ള ഇന്ത്യന് ഫാഷന്മാര്ക്കറ്റിന്റെയും സൗന്ദര്യോല്പ്പന്നമാര്ക്കറ്റിന്റെയും വളര്ച്ചക്കു സമാന്തരമായ ഒന്ന് നാളെ ഇന്ത്യ ലോകകപ്പിനു യോഗ്യത നേടിയാല് ഫുട്ബോള് മാര്ക്കറ്റിലും സംഭവിക്കും. അതെങ്ങിനെ സംഭവിപ്പിക്കണമെന്നൊക്കെ ഫിഫക്കറിയാം. ബ്ലാറ്ററുടെ വരവ് അതിന്റെ തുടക്കമാണോ എന്നറിയാന് രണ്ടോ മൂന്നോ വര്ഷം കൂടി കാത്തിരുന്നാല് മതി.
ഇന്ത്യയും പ്രൊ-ലീഗിലേക്ക്
ഇന്ത്യയും പത്തു വര്ഷത്തെ പരീക്ഷണലീഗിനു ശേഷം ഇക്കൊല്ലത്തോടെ പ്രൊ-ലീഗിലേക്ക് ചുവടു മാറുകയാണ്. പത്തു വര്ഷത്തെ ലീഗ് നടത്തിപ്പ് നമുക്ക് അഭിമാനകരമായിരുന്നില്ല എങ്കിലും ഫിഫ അടുത്ത ഘട്ടത്തിലേക്കു പോവാന് തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഫിഫയുടെ നിബന്ധനകള് പൂര്ണമായി പാലിച്ചു കൊണ്ടുള്ള ഒരു പ്രൊ-ലീഗ് ഇവിടെ നടപ്പിലാവുമെന്നു കരുതാന് നിലവിലെ സാഹചര്യങ്ങളില് പ്രയാസമാണ്. എങ്കിലും കളികളുടെ നിലവാരത്തില് വലിയ മാറ്റം ന്യായമായും പ്രതീക്ഷിക്കാം. ക്ലബ്ബുകള് പ്രൊഫഷനലാവണമെന്നതാണ് പ്രൊ-ലീഗിന്റെ ആദ്യ വ്യവസ്ഥ. സ്പോണ്സര്മാര് വേണം, സ്വന്തം കെട്ടിടം വേണം, ഗ്രൗണ്ട് വേണം, മാനേജര്മാരും ഓഫീസും വേണം, ഏജ് ഗ്രൂപ്പ് ടീമുകള് വേണം, നിശ്ചിത യോഗ്യതയുള്ള കോച്ചുമാര് വേണം തുടങ്ങി പാലിക്കപ്പെടാന് ബുദ്ധിമുട്ടുള്ള നിരവധി നിലവാരനിബന്ധനകള് പ്രൊ-ലീഗ് നിയമാവലിയിലുണ്ട്. ഇതൊക്കെ പാലിക്കപ്പെടണമെങ്കില് ഗവണ്മെന്റും അസോസിയേഷനും സ്പോണ്സര്മാരും ഫിഫയും ക്ലബ്ബുകള്ക്കു വലിയ തോതില് ധനസഹായം നല്കേണ്ടി വരും. വ്യാപാരി സമൂഹവുമായും ഇന്ത്യന് ഭരണാധികാരികളുമായും ബ്ലാറ്റര് നടത്തിയ ചര്ച്ചകള് ഇതിലേക്കുള്ള വഴി ആരായലായിരുന്നു. ശ്രദ്ധ കേന്ദ്രീകരിച്ചാല് ഏതു രാജ്യത്തും വിജയം ഉറപ്പാക്കാനാവുമെന്ന് ഫിഫ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ശ്രദ്ധ ഇതുപോലെ നിലനിര്ത്തിയാല് ഇന്ത്യയിലും അതൊക്കെ സംഭവിക്കും. തുടക്കത്തിലെ പാളിച്ചകള് പരിഹരിച്ച് ഇന്ത്യ മുന്നേറുമെന്നു തന്നെ ഫിഫ പ്രതീക്ഷിക്കുന്നു.
ഇപ്പോള് ഫിഫ നല്കിയ പത്തു ലക്ഷം ഡോളര് ഇന്ത്യ പോലൊരു രാജ്യത്ത് വലിയ തുകയല്ല. താജികിസ്താനിലോ ഐവറികോസ്റ്റിലോ അതു വലിയ മൂലധനമായിരിക്കാം. ചൈനയെപ്പോലെത്തന്നെ ഇന്ത്യയും വളരെ വിശാലമായ രാജ്യമാണ് എന്നതാണ് ബ്ലാറ്ററും കൂട്ടരും മറന്നു പോവുന്ന കാര്യം. അഥവാ അതവര് ശ്രദ്ധിച്ചിട്ടില്ല. ചൈനയില് മഞ്ഞ നദിയുടെ അപ്പുറവും ഇപ്പുറവുമായി വിഭജിക്കപ്പെട്ടു കിട്ക്കുന്ന സംസ്കാര വൈവിധ്യത്തെ ഫുട്ബോളിലൂടെ കൂട്ടിയിണക്കുന്നതില് ഫിഫ വിജയിച്ചിട്ടില്ല. കളി ഒരു കരയില് മാത്രം വളരുന്നു. വ്യവസായികളും പണക്കാരും സ്വാധിനമുള്ള രാഷ്ട്രീയക്കാരുമുള്ള കരയില്. മറുകര പിന്തള്ളപ്പെട്ടു കിടക്കുന്നു. ഇന്ത്യയിലും പത്തു വര്ഷത്തെ ലീഗ് പരീക്ഷണം ദക്ഷിണേന്ത്യ എന്ന ഭൂവിഭാഗത്തെ പൂര്ണമായും ഫുട്ബോള് ഭൂപടത്തിനു പുറത്താക്കി എന്നതല്ലേ സത്യം? ഇന്ത്യന് ഫുട്ബോള് എന്നാല് കൊല്ക്കത്തയും ഗോവയും മാത്രമായി ചുരുങ്ങി എന്നതു നിഷേധിക്കാനാവാത്ത സത്യം തന്നെയല്ലേ? മേഖലാ സംവരണമോ മറ്റു പരിഗണനകളോ ഇല്ലെങ്കില് പ്രൊ-ലീഗ് ദക്ഷിണേന്ത്യക്ക് ബാലികേറാമലയാവുമെന്ന കാര്യം ഇപ്പോഴേ ഉറപ്പിക്കാം.
ചൈനയില് നിന്നുള്ള എല്ലാ വാര്ത്തകളും അത്ര നല്ലതല്ല എന്ന സത്യവും ഫിഫ മറച്ചു വെക്കുന്നുണ്ട്. ചൈനയും ഇന്ത്യയും തമ്മിലുള്ള താരതമ്യത്തില് സത്യത്തില് വലിയ അന്തരമൊന്നുമില്ല. ആഗോളവല്ക്കരണത്തിന്റെ വെല്ലുവിളികള് അവിടെയും ആഭ്യന്തര ഫുട്ബോളിനെ ബാധിച്ചിട്ടുണ്ട്. നിലവാരത്തിലെ അന്തരം അത്ര വലുതാണ്. അതിനാല് കാണികള് ഇംഗ്ലീഷ് പ്രീമിയര് ലീഗോ യൂറോ ലീഗോ കാണും, ചൈനീസ് ഫുട്ബോള് കാണില്ല എന്ന അവസ്ഥ നിലനില്ക്കുന്നുണ്ട്. ക്ലബ്ബുകളാവട്ടെ പഴയ കൂട്ടായ്മകളില് നിന്ന് വഴി മാറി, കോര്പ്പറേറ്റ്ബ്രാന്ഡ് നെയിമുകളായി മാറിയതോടെ ജനകീയത നഷ്ടപ്പെട്ട അവസ്ഥയിലുമായി. ഇംഗ്ലണ്ടിലെപ്പോലെ ഭ്രാന്തരായ ആരാധകക്കൂട്ടം അവിടെ ക്ലബ്ബുകള്ക്കില്ല. ഇന്ത്യയിലെ സ്ഥിതിയും ഇതൊക്കെത്തന്നെ. കൊല്ക്കത്ത ക്ലബ്ബുകള്ക്കൊഴിച്ചാല് ആര്ക്കും ആരാധകപിന്തുണയോ ജനകീയതലമോ ഇല്ല. അതു പോലും നഷ്ടപ്പെട്ടു വരികയാണ്. ഇതൊക്കെ വീണ്ടെടുക്കാന് ഫിഫക്ക് എന്താണ് കര്മ്മപരിപാടി എന്നതു വ്യക്തമല്ല.
വിവായുടെ സമയം
മലയാളികളുടെ ഭാഗ്യത്തിന് കേരളത്തില് നിന്ന് ഒരു ക്ലബ്ബ്, വിവാ കേരള, ദേശീയ ഒന്നാം ഡിവിഷനിലേക്ക് ഇക്കുറി യോഗ്യത നടേിയിട്ടുണ്ട്. പ്രൊ-ലീഗിന്റെ തുടക്കത്തില് അല്ലെങ്കില് കേരളമെന്ന പേര് തന്നെ അതില് ഉണ്ടാവുമായിരുന്നില്ല. വിവക്കും ഈ സമയം നല്ലതാണ്. ഒരു കുതിച്ചുചാട്ടത്തിന് ഇതിനേക്കാള് മികച്ച ഒരു സമയം തുടക്കക്കാരായ ഒരു ക്ലബ്ബിനു കിട്ടാനില്ല. തെക്കന് സംസ്ഥാനങ്ങളില് നിന്ന് ഒരു പ്രൊഫഷനല് ക്ലബ്ബ് വേറെയില്ല. അതിനാല് ഫെഡറേഷന്റെയും ഫുട്ബോള് പ്രേമികളുടെയും സ്പോണ്സര്ഗ്രൂപ്പുകളുടെയും വാത്സല്യപൂര്ണമായ ഒരു പിന്തുണക്ക് വിവക്ക് സാധ്യത തെളിഞ്ഞിട്ടുണ്ട്. പ്രൊഫഷനല് മാനേജ്മെന്റിലൂടെ തങ്ങളീ വെല്ലുവിളിക്കു പ്രാപ്തരാണെന്നു ബോധ്യപ്പെടുത്താന് വിവക്കും കഴിയണം. എങ്കില് ഇതാണ് ഏററവും അനുകൂലമായ സമയം.
കെ.എഫ്.എക്കും എന്തെങ്കിലും ഉണര്ന്നു പ്രവര്ത്തിക്കാന് പറ്റിയ സമയമാണ് ഇത്. ഒരു ഫുട്ബോള് അക്കാദമി ഇവിടെ അനുവദിക്കപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്. അതു തീര്ച്ചയായും വലിയൊരു കുതിപ്പിനു വഴി വെക്കും. പക്ഷെ ആഭ്യന്തര ലീഗ് ശക്തിപ്പെടുത്താതെ ദേശീയതലത്തില് തങ്ങളുടെ സാന്നിധ്യം വിളിച്ചറിയിക്കാനും വിലപേശാനും കെ.എഫ്.എക്കാവില്ല. ചുരുങ്ങിയത് നാലു പ്രൊഫഷനല് ക്ലബ്ബുകളെങ്കിലും കേരളത്തില് ഉണ്ടാവണം. ചില ഡിപ്പാര്ട്മെന്റല് ടീമുകളും പുനരുദ്ധാരണസഹായം അര്ഹിക്കുന്നു. ഇവ ചേര്ന്നുള്ള ഒരു സൂപ്പര് ലീഗും ജൂനിയര് ഡിവിഷന് ലീഗുകളും സജീവമാവാതെ കേരളം രക്ഷപ്പെടില്ല. ഇപ്പള് കോഴിക്കോട്ടും തൃശ്ശൂരും ഓരോ പ്രൊഫഷനല് ക്ലബ്ബിനെക്കുറിച്ചുള്ള ചര്ച്ചകള് സജീവമാണ്. അത്തരം ചലനങ്ങളെ കെ.എഫ്.എ പ്രോത്സാഹിപ്പിക്കുമെങ്കില് മാത്രമേ മുന്നോട്ടു വഴിയുള്ളൂ. ഇല്ലെങ്കില് മണിപ്പൂരിനെപ്പോലെ കളിക്കാരെ ഉല്പ്പാദിപ്പിച്ച് കയറ്റി അയക്കുന്ന സംസ്ഥാനം എന്ന പദവി നിലനിര്ത്താന് മാത്രമേ ഈ അക്കാദമി നമ്മെ സഹായിക്കൂ.80 -കളില് കേരളാ ഫുട്ബോള് എന്തായിരുന്നുവോ അതാണ് ഇന്നു മണിപ്പൂര്. രാജ്യത്തെ എല്ലാ ക്ലബ്ബുകള്ക്കും കളിക്കാരെ നല്കുന്ന നേഴ്സറി. എന്നാല് അവിടെ ക്ലബ്ബോ ലീഗോ ഇല്ലതാനും. ഈയവസ്ഥ കേരളത്തില് ഉണ്ടാവാതിരിക്കണമെങ്കില് കെ.എഫ്.എ ഈയവസരം മുതലെടുത്ത് ഉണര്ന്നു പ്രവര്ത്തിക്കണം. വിലപേശി വാങ്ങേണ്ടതു വാങ്ങണം. മുഖ്യധാരയില് നിന്നകന്നു പോവാതെ സമ്പൂര്ണലീഗ് സമ്പ്രദായത്തിലേക്കും ക്ലബ്ബ് സംസ്കാരത്തിലേക്കും ചുവടു മാറണം. ലീഗ് ഫുട്ബോള് മാത്രമാണ് കളി വളര്ത്താന് നിലവിലുള്ള ആഗോളസാഹചര്യത്തില് ഏകപോംവഴി. ഫിഫയുടെ ആ സങ്കല്പ്പത്തോടു കൂട്ടിഘടിപ്പിക്കപ്പെടാതെ മാറി നിന്നാല് അടുത്ത അഞ്ചു വര്ഷം കൂടി കഴിയുമ്പോഴേക്കും കേരളത്തില് ഫുട്ബോള് ഉണ്ടാവില്ല. ലോകകപ്പില് എന്നും കാണികള് മാത്രമായ നമ്മള് നാളെ ഇന്ത്യ ലോകകപ്പു കളിക്കുമ്പോഴും അതേ റോളില് തന്നെ തുടരേണ്ടി വരും.
Previous Posts:
വില്പ്പനക്ക്, ഫുട്ബോള് ജീനിയസ്സുകള്!
ലോകകപ്പ് : ഓര്മ്മകളുടെ ആണ്ടുബലി
കുടിപ്പകയുടെ നാള്വഴികള്
ഒന്നാമനാവാന് ഒരു നൂറ്റാണ്ടു യുദ്ധം
ഒരേ നിറമുള്ള പൂക്കള്
കളിയോര്മ്മകളിലെ പൂമരങ്ങള്
അവസാനത്തെ റൈറ്റ് ഔട്ട്
ടൂര്ണമെന്റുകളല്ല വേണ്ടത്
Read more...