പ്രൊഫഷനല്‍ ഫുട്ബോള്‍ ലീഗിലേക്ക് ഇന്ത്യ ഇക്കൊല്ലം ചുവടു മാറുകയാണ്. അതിന്റെ മുന്നോടിയാണ് ഫിഫാ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ വരവ്. രക്ഷപ്പെടാനുള്ള അവസാന അവസരമാണ് ഇന്ത്യന്‍ ഫുട്ബോളിനിത്. മുന്‍ഷിക്കും കൂട്ടര്‍ക്കും അതിനാവുമോ?
ഉദാരമതിയായ ഒരു ഭൂവുടമയുടെ കഥയുണ്ട് ആഫ്രിക്കയില്‍. കൃഷി ചെയ്യാന്‍ പാവപ്പെട്ട കര്‍ഷകര്‍ക്കു കാച്ചില് വിത്തുകള്‍ കൊടുക്കുന്ന ഒരാള്‍. വിളവെടുത്ത് വിത്തു മാത്രം മടക്കിക്കൊടുത്താല്‍ മതി എന്നാണ് നിബന്ധന. പന്തീരാണ്ടു കാലം കാച്ചില് വിത്തു കൊടുത്തിട്ടും മടിയനും കൃഷി ചെയ്യാനറിയാത്തവനുമായ ഒരു കുടിയാന് ഗതി പിടിച്ചില്ല. വിത്തു മടക്കിക്കൊടുത്തുമില്ല. ഓരോ തവണയും ഓരോ ക്ഷമാപണവുമായി അയാള്‍ വരും. മഴ കൂടിപ്പോയി, കൊടും വരള്‍ച്ചയായിരുന്നു, കാട്ടാനക്കൂട്ടം വന്നു എന്നിങ്ങനെ ഒഴികഴിവുകള്‍ നിരത്തും. ഒടുവില്‍ ഭൂവുടമ കാച്ചില് നിലം കാണാന്‍ നേരിട്ടു പുറപ്പെട്ടു. യാത്രക്കു പല്ലക്ക്, വഴിയില്‍ കുടിവെള്ളം, വഴി നീളെ അനുയാത്രക്കാര്‍.. ഒന്നിനും ഒരു കുറവും കുടിയാന് വരുത്തിയില്ല. ജന്മിക്കു യാത്ര നന്നെ ബോധിച്ചു എന്നുറപ്പായപ്പോള്‍ കാച്ചില് നിലങ്ങള്‍ കാട്ടി കുടിയാന് വിലപിച്ചു. എല്ലാം തകര്‍ന്നു. ഇനിയും സഹായം വേണം. ദയവു തോന്നിയ ഭൂവുടമ പറഞ്ഞു. ആ വിത്ത് നീയെടുത്തോ. അതു പോയി, വേറെ വിത്തു തരണമെന്നായി അപ്പോള്‍ കര്ഷകന്. വിത്തെടുത്തു കറി വെച്ച കുടിയാന് വീണ്ടും വിത്തു കൊടുക്കാമെന്നു ജന്മി പറഞ്ഞപ്പോള്‍ കുടിയാന് പറഞ്ഞു, എനിക്കു കാച്ചില് കൃഷിയറിയില്ല, കൃഷി ചെയ്യാന്‍ ഒരാളെക്കൂടി അയക്കണം!
ഉദാരമതിയായ ആ ജന്മിയുടെ അവസ്ഥയിലാണ് ഫിഫാ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍. കുറെ കാലമായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് ദാസ്മുന്‍ഷിക്കും സംഘത്തിനും ഫിഫ ഗ്രാന്റു കൊടുക്കുന്നു. ഫുട്ബോള്‍ മാത്രം ഗതി പിടിച്ചില്ല. മഴയും വേനലും വരള്‍ച്ചയും മഞ്ഞുവീഴ്ചയുമായി ആ കാച്ചിലെല്ലാം കാഞ്ഞുപോയി. വിളവു വേണ്ട, വിത്തെങ്കിലും കാണണ്ടേ പത്തായത്തില്? അതുമില്ല. പല്ലക്കും പഞ്ചാരിയുമായി ചുറ്റിയടിച്ചു മടങ്ങുമ്പോള്‍ ബ്ലാറ്റര്‍ക്കു മുന്നില്‍ മുന്‍ഷിയും സംഘവും അതേ അഭ്യര്‍ഥനയുമായി നില്ക്കുന്നു: പുതിയ വിത്തു തരണം. മാത്രമല്ല, ഞങ്ങള്‍ക്കീ കൃഷിയറിയില്ല, അതിനാല്‍ പണിയെടുക്കാന്‍ ആളെയും തരണം...
ഇന്ത്യ ഉറങ്ങുന്ന സിംഹം
ഇന്ത്യന്‍ ജനസംഖ്യ 100 കോടിക്കു പുറത്താണെന്നും അതിന്റെ പത്തിലൊന്ന് പേര് ഫുട്ബോള്‍ കാണാന്‍ തുടങ്ങിയാല്‍ തന്നെ യൂറോപ്പിനെ വെല്ലുന്ന ടെലിവിഷന്‍ മാര്‍ക്കറ്റായി ഇന്ത്യ മാറുമെന്നും അറിയുന്ന ആദ്യത്തെയാള്‍ സെപ് ബ്ലാറ്ററാണ്. ഫിഫാ പ്രസിഡന്റിന് പക്ഷെ ഇന്ത്യയില്‍ വന്ന് കളിനടത്താനോ സംഘടന ഭരിക്കാനോ ആവില്ല. അതു കൊണ്ട് ആകെ ചെയ്യാവുന്നത് ദാസ് മുന്‍ഷിക്ക് ഗ്രാന്റ് കൊടുക്കുക എന്നതാണ്. വര്‍ഷങ്ങളായി അതു തുടരുന്നു. ഓരോ തവണയും മുന്‍ഷി ഓരോ കാരണം പറയും. സ്പോണ്‍സര്‍മാരില്ല, ക്രിക്കറ്റ് ഇതിനെ കൊല്ലുന്നു, കളി കാണാനാളില്ല.. അങ്ങിനെ ഗ്രാന്റു കൊടുത്തു കൊടുത്തു മുടിയാറായപ്പോഴാണ് ഒടുവില്‍ മുന്‍ഷിയുടെ കാച്ചില്‍കൃഷി കാണാന്‍ ബ്ലാറ്റര്‍ നേരിട്ടു പുറപ്പെട്ടത്.
എന്തായിരുന്നു മുന്‍ഷി ഏര്‍പ്പാടാക്കിയ ആ യാത്ര. പല്ലക്കും പരിവാരങ്ങളും കളിയും പാട്ടും ഡാന്‍സും കിരീടവുമായുള്ള രാജകീയ യാത്ര. പ്രസിഡന്റും പ്രധാനമന്ത്രിയും വ്യവസായികളുമൊക്കെയായി ചര്‍ച്ച. മോഹന്‍ബഗാനും ഈസ്റ്റ് ബംഗാളുമായുള്ള കളി കാണല്‍. കൊല്‍ക്കത്തയിലും ഡല്‍ഹിയിലും മാറിമാറി പത്രസമ്മേളനം. എല്ലാം ഗംഭീരമായി. ഫുട്ബോള്‍ മാത്രം ബ്ലാറ്റര്‍ കണ്ടില്ല. അതിന് അതിവിടെ വേണ്ടേ?
ബ്ലാറ്റര്‍ പക്ഷെ മാന്യനാണ്. അദ്ദേഹം പറഞ്ഞത് ഇന്ത്യ ഉറങ്ങുന്ന സിംഹമാണ് എന്നാണ്. നാളെ എങ്ങാന്‍ ഇതുണര്ന്നെണീറ്റാല് ലോകത്തെ വിഴുങ്ങാന്‍ പോന്നത്ര ശക്തന്! അതെണീക്കില്ല എന്നുറപ്പുള്ളതു കൊണ്ടാണോ പറഞ്ഞതെന്നറിയില്ല. ബ്ലാറ്ററെ അനുഗമിച്ച ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് ബിന്‍ ഹമ്മാമിന് ബ്ലാറ്ററേക്കാള് മര്യാദ കുറവാണ്. അദ്ദേഹം അതങ്ങോട്ടു തുറന്നു പറഞ്ഞു. പറഞ്ഞത് ഈ നിലക്കാണു പോക്കെങ്കില്‍ 100 കൊല്ലം കഴിഞ്ഞാലും ഇന്ത്യന്‍ ഫുട്ബോള്‍ രക്ഷപ്പെടില്ല എന്നാണ്. ഹമ്മാം ഏഷ്യക്കാരനാണ്. അയാള്‍ മുന്ഷിയെപ്പോലെ എത്രയോ പ്രസിഡന്റുമാരെ കണ്ടിരിക്കുന്നു. ഏറ്റെടുക്കുന്ന ജോലിയോട് കൂറു കാണിക്കാത്തവരെ യൂറോപ്പുകാരനായ ബ്ലാറ്റര്‍ക്ക് അത്ര തന്നെ പരിചയമുണ്ടാവില്ല. പണി ചെയ്യുകയുമില്ല, എനിക്കീ പണിയറിയില്ല എന്നു പറയുകയുമില്ല. അതാണ് മുന്‍ഷിയുടെയും ഇന്ത്യന്‍ ഫുട്ബോളിനെ ഭരിക്കുന്നവരുടെയും സ്ഥിതിയെന്ന് ഹമ്മാമിനറിയും പോലെ ബ്ലാറ്ററിനറിയുന്നുണ്ടാവില്ല.
ഏതായാലും പത്തു ലക്ഷം ഡോളര്‍ നല്‍കിയാണ് ബ്ലാറ്റര്‍ മടങ്ങുന്നത്. ഇനി വരുമ്പോള്‍ വിത്തെടുത്തു കുത്തിത്തിന്നു എന്നു പറയാതിരിക്കാന്‍ ഘട്ടം ഘട്ടമായിട്ടു മാത്രമേ പണം നല്‍കൂ എന്നും പറഞ്ഞിട്ടുണ്ട്. കളി നടത്തിപ്പിന് എം.ബി.എക്കാരായ നല്ല മാര്‍ക്കറ്റിങ് വിദഗ്ധരെയും വെക്കും. (കാച്ചില് വിത്തു മാത്രമല്ല, കൃഷി ചെയ്യാന്‍ ആളെയും കൊടുക്കുമെന്നര്ഥം). മിക്ക രാജ്യങ്ങളിലും ഈ സംവിധാനം ഫിഫ പരീക്ഷിച്ചിട്ടുണ്ട്്. ഇന്ത്യയിലും ഇക്കുറി എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്നാണ് ഈ രംഗത്തെ ശുഭാപ്തി വിശ്വാസികള്‍ കരുതുന്നത്.
ചൈനീസ് പാഠങ്ങള്‍
ഇന്ത്യന്‍ ഫുട്ബോളിലെ കാച്ചില് നിലങ്ങള്‍ നേരിട്ടു കണ്ടുകളയാമെന്നു ബ്ലാറ്റര്‍ക്കു തോന്നാന്‍ കാരണമെന്താവാം? അതന്വേഷിച്ചു ദൂരെയൊന്നും പോവണ്ട. അയല്‍രാജ്യമായ ചൈനയില്‍ ഈ കളി ക്ലച്ചു പിടിച്ചതു തന്നെ. അപ്പോഴാണ് ഏഷ്യന്‍ മാര്‍ക്കറ്റിന്റെ ശക്തി ഫിഫ തിരിച്ചറിയുന്നത്. അഞ്ഞൂറു കോടിയാണ് ഇന്ന് ചൈനീസ് ഫുട്ബോള്‍ മാര്‍ക്കറ്റിന്റെ മൂലധനം. 1994ല്‍ ലീഗ് തുടങ്ങിയ ശേഷമുള്ള പത്തു വര്‍ഷംകൊണ്ടുണ്ടാക്കിയ വളര്‍ച്ചയാണിത്. യുവേഫ അമ്പതു കൊല്ലം കൊണ്ടുണ്ടാക്കിയ വളര്‍ച്ച! ലോകകപ്പിനു യോഗ്യത നേടിയ ശേഷം ചൈനയിലെ 126 കോടിയില്‍ പകുതിയോളം പേര് കളി കാണുന്നവരായി മാറിയിട്ടുണ്ടത്രെ. യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും കൂടി അത്രയും പ്രേക്ഷകരില്ല. 2002 ലോകകപ്പിലെ ചൈനയുടെ മൂന്നു മാച്ചുകള്‍ ടി.വിയില്‍ കണ്ട പ്രേക്ഷകരുടെ എണ്ണം 200 കോടിയായിരുന്നു. പണവും പരസ്യവും മാത്രമല്ല പ്രലോഭനം, ലോകജനസംഖ്യയിലെ പകുതിയിലധികം വരുന്ന ഈ രണ്ടു രാജ്യങ്ങളില്‍ കളി വളര്‍ത്താനായില്ലെങ്കില്‍ ഫിഫക്കു ഭാവിയില്ല എന്ന തിരിച്ചറിവും ബ്ലാറ്റര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. യൂറോപ്പിലൊക്കെ ഫുട്ബോള്‍ വളര്‍ച്ചയുടെ പരിധി പിന്നിട്ടു കഴിഞ്ഞു! ഇനി ഏഷ്യയിലും ആഫ്രിക്കയിലുമാണ് ഫിഫ ഇറങ്ങി കൃഷി ചെയ്യാന്‍ പോകുന്നത്.
ഇപ്പോള്‍ ചൈനീസ് പ്രൊ-ലീഗില്‍ എ1, എ2, ബി1, ബി 2 എന്നിങ്ങനെ നാലു ദേശീയ ലീഗുകളും നിരവധി പ്രാദേശിക ലീഗുകളുമാണുള്ളത്. കളിക്കുന്നതെല്ലാം പ്രൊഫഷനല്‍ ക്ലബ്ബുകള്‍. സ്വന്തം ഗ്രൗണ്ടും ഏജ് ഗ്രൂപ്പ് ടീമും അക്കാദമിയുമൊക്കെ നിര്‍ബന്ധം. ഫലപ്രദമായ ഒരു ഫുട്ബോള്‍ സിസ്റ്റം അവിടെ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. 1994ലാണ് ചൈനയില്‍ ലീഗ് തുടങ്ങുന്നത്. അതിനു മുമ്പ് അവിടെ ക്ലബ്ബുകള്‍ വെറും ജനകീയ കൂട്ടായ്മകളായിരുന്നു. ഫുട്ബോള്‍ വെറും വിനോദവും. ആദ്യ പത്തു വര്‍ഷത്തിനു ശേഷം പ്രൊഫഷനല്‍ ലീഗിലേക്കു ചുവടു മാറിയ ചൈനീസ് ഫുട്ബോള്‍ ഇന്നത് പണം കായ്ക്കുന്ന ഒരു മരമാണ്. യൂറോപ്യന്‍ ക്ലബ്ബുകള്‍ തങ്ങളുടെ ബ്രാന്‍ഡ് പ്രചരണത്തിനായി കണ്ണു വെച്ചിട്ടുള്ള പ്രധാന മാര്‍ക്കറ്റാണ് ഇന്ന് ചൈന. ലീ ടായ് എന്ന ചൈനയുടെ ബെക്കാമിനെ കരാര്‍ ചെയ്തതിലൂടെ ഇംഗ്ലീഷ് ക്ലബ്ബായ എവര്‍ട്ടണും സുന് ജി ഹായ്യെ ടീമിലെടുത്ത മാഞ്ചസ്റ്റര്‍ സിറ്റിയും ചൈനയില്‍ പൊടുന്നനെ പോപ്പുലറായി. എന്നു മാത്രമല്ല, അവരുടെ ടെലിവിഷന്‍ വരുമാനം ആറിരട്ടിയോളം കൂടുകയും ചെയ്തു. എ1 ലീഗില്‍ മാത്രം അറുപതോളം വിദേശ താരങ്ങളും ആറേഴു വിദേശ കോച്ചുമാരും ഉണ്ട്. അവര്‍ക്ക് രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ ഡോളര്‍ ശമ്പളവും ലഭിക്കുന്നുണ്ട്. ശരാശരി ചൈനീസ് താരത്തിനു തന്നെ 80,000 മുതല്‍ 250,000 ഡോളര്‍ വരെ ശമ്പളം കിട്ടും. ചൈനീസ് യുവാക്കള്‍ ഇന്ന് ഫുട്ബോളിനെയും സീരിയസായ തൊഴിലായി സമീപിക്കാന്‍ തുടങ്ങിയിരിക്കുന്നു.
പ്രൊ-ലീഗ് തുടങ്ങിയ ശേഷമുള്ള ചൈനീസ് വളര്‍ച്ച തൃപ്തികരമാണെന്ന് ഫിഫ വിലയിരുത്തുന്നു. ആറു തവണ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കാലിടറി വീണ ചൈന, 2002 ല്‍ യോഗ്യത നേടി. അതോടെ ഫുട്ബോള്‍ ചൈനയില്‍ ജനപ്രീതിയിലും വാണിജ്യമൂല്യത്തിലും റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു. ഫിഫ അപ്പോഴാണ് അതിന്റെ യഥാര്‍ഥവില തിരിച്ചറിഞ്ഞത്. (മറിച്ചും ആരോപണമുണ്ട്. ചൈനീസ് ലീഗ് വിജയിപ്പിക്കാന്‍ വേണ്ടി ഫിഫ അവരെ യോഗ്യത നേടാന്‍ സഹായിച്ചതാണ് എന്ന്). ലോകത്ത് മറ്റെല്ലാ രാജ്യങ്ങളും കളി നിറുത്തിയാലും ഇന്ത്യയും ചൈനയും മാത്രം കളിച്ചാല്‍ മതി, ഈ കളി നിലനില്ക്കും, പൈസ ഉണ്ടാവുകയും ചെയ്യും. ഈ തിരിച്ചറിവാണ് ബ്ലാറ്ററുടെ ഏഷ്യന്‍ പരിശ്രമങ്ങള്‍ക്കു പിന്നില്‍. അടുത്ത പതിറ്റാണ്ട് ലോകഫുട്ബോളില് ഈ രാജ്യങ്ങളുടേതാണെന്ന് ഫിഫ പറയുമ്പോള്‍ അവരുടെ ലക്ഷ്യം വ്യക്തം. ഏഷ്യന്‍ മാര്‍ക്കറ്റിനെ വളര്‍ത്തിയെടുക്കണം, കറന്നെടുക്കണം. ചൈനയുടെ വഴിയേ അടുത്ത ലോകകപ്പില്‍ ഇന്ത്യയും യോഗ്യത നേടിക്കൂടെന്നില്ല. (ഫിഫ മനസ്സു വെച്ചാല്‍). ഇനി ആരു സഹായിച്ചാലും ഇന്ത്യ നേരെയാവില്ലെന്നാണെങ്കില് അതിനും ഫിഫ പരിഹാരം കണ്ടിട്ടുണ്ട്. ലോകകപ്പ് വേണ്ടി വന്നാല്‍ ഇന്ത്യയില്‍ നടത്തും. 2018ലോ 2022ലോ. എന്തു വില കൊടുത്തും ഇന്ത്യയിലും ചൈനയിലും ഫുട്ബോള്‍ വളര്‍ത്തിയേ ഫിഫ അടങ്ങൂ. ഐശ്വര്യാ റായും സുഷ്മിതാ സെന്നും ലോകസുന്ദരിമാരായതിനു ശേഷമുള്ള ഇന്ത്യന്‍ ഫാഷന്മാര്ക്കറ്റിന്റെയും സൗന്ദര്യോല്പ്പന്നമാര്ക്കറ്റിന്റെയും വളര്‍ച്ചക്കു സമാന്തരമായ ഒന്ന് നാളെ ഇന്ത്യ ലോകകപ്പിനു യോഗ്യത നേടിയാല്‍ ഫുട്ബോള്‍ മാര്‍ക്കറ്റിലും സംഭവിക്കും. അതെങ്ങിനെ സംഭവിപ്പിക്കണമെന്നൊക്കെ ഫിഫക്കറിയാം. ബ്ലാറ്ററുടെ വരവ് അതിന്റെ തുടക്കമാണോ എന്നറിയാന്‍ രണ്ടോ മൂന്നോ വര്‍ഷം കൂടി കാത്തിരുന്നാല്‍ മതി.
ഇന്ത്യയും പ്രൊ-ലീഗിലേക്ക്
ഇന്ത്യയും പത്തു വര്‍ഷത്തെ പരീക്ഷണലീഗിനു ശേഷം ഇക്കൊല്ലത്തോടെ പ്രൊ-ലീഗിലേക്ക് ചുവടു മാറുകയാണ്. പത്തു വര്‍ഷത്തെ ലീഗ് നടത്തിപ്പ് നമുക്ക് അഭിമാനകരമായിരുന്നില്ല എങ്കിലും ഫിഫ അടുത്ത ഘട്ടത്തിലേക്കു പോവാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഫിഫയുടെ നിബന്ധനകള്‍ പൂര്‍ണമായി പാലിച്ചു കൊണ്ടുള്ള ഒരു പ്രൊ-ലീഗ് ഇവിടെ നടപ്പിലാവുമെന്നു കരുതാന്‍ നിലവിലെ സാഹചര്യങ്ങളില്‍ പ്രയാസമാണ്. എങ്കിലും കളികളുടെ നിലവാരത്തില്‍ വലിയ മാറ്റം ന്യായമായും പ്രതീക്ഷിക്കാം. ക്ലബ്ബുകള്‍ പ്രൊഫഷനലാവണമെന്നതാണ് പ്രൊ-ലീഗിന്റെ ആദ്യ വ്യവസ്ഥ. സ്പോണ്‍സര്‍മാര്‍ വേണം, സ്വന്തം കെട്ടിടം വേണം, ഗ്രൗണ്ട് വേണം, മാനേജര്‍മാരും ഓഫീസും വേണം, ഏജ് ഗ്രൂപ്പ് ടീമുകള്‍ വേണം, നിശ്ചിത യോഗ്യതയുള്ള കോച്ചുമാര്‍ വേണം തുടങ്ങി പാലിക്കപ്പെടാന്‍ ബുദ്ധിമുട്ടുള്ള നിരവധി നിലവാരനിബന്ധനകള് പ്രൊ-ലീഗ് നിയമാവലിയിലുണ്ട്. ഇതൊക്കെ പാലിക്കപ്പെടണമെങ്കില്‍ ഗവണ്മെന്റും അസോസിയേഷനും സ്പോണ്‍സര്‍മാരും ഫിഫയും ക്ലബ്ബുകള്‍ക്കു വലിയ തോതില്‍ ധനസഹായം നല്‍കേണ്ടി വരും. വ്യാപാരി സമൂഹവുമായും ഇന്ത്യന്‍ ഭരണാധികാരികളുമായും ബ്ലാറ്റര്‍ നടത്തിയ ചര്‍ച്ചകള്‍ ഇതിലേക്കുള്ള വഴി ആരായലായിരുന്നു. ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഏതു രാജ്യത്തും വിജയം ഉറപ്പാക്കാനാവുമെന്ന് ഫിഫ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ശ്രദ്ധ ഇതുപോലെ നിലനിര്‍ത്തിയാല്‍ ഇന്ത്യയിലും അതൊക്കെ സംഭവിക്കും. തുടക്കത്തിലെ പാളിച്ചകള്‍ പരിഹരിച്ച് ഇന്ത്യ മുന്നേറുമെന്നു തന്നെ ഫിഫ പ്രതീക്ഷിക്കുന്നു.
ഇപ്പോള്‍ ഫിഫ നല്കിയ പത്തു ലക്ഷം ഡോളര്‍ ഇന്ത്യ പോലൊരു രാജ്യത്ത് വലിയ തുകയല്ല. താജികിസ്താനിലോ ഐവറികോസ്റ്റിലോ അതു വലിയ മൂലധനമായിരിക്കാം. ചൈനയെപ്പോലെത്തന്നെ ഇന്ത്യയും വളരെ വിശാലമായ രാജ്യമാണ് എന്നതാണ് ബ്ലാറ്ററും കൂട്ടരും മറന്നു പോവുന്ന കാര്യം. അഥവാ അതവര് ശ്രദ്ധിച്ചിട്ടില്ല. ചൈനയില്‍ മഞ്ഞ നദിയുടെ അപ്പുറവും ഇപ്പുറവുമായി വിഭജിക്കപ്പെട്ടു കിട്ക്കുന്ന സംസ്കാര വൈവിധ്യത്തെ ഫുട്ബോളിലൂടെ കൂട്ടിയിണക്കുന്നതില്‍ ഫിഫ വിജയിച്ചിട്ടില്ല. കളി ഒരു കരയില്‍ മാത്രം വളരുന്നു. വ്യവസായികളും പണക്കാരും സ്വാധിനമുള്ള രാഷ്ട്രീയക്കാരുമുള്ള കരയില്‍. മറുകര പിന്തള്ളപ്പെട്ടു കിടക്കുന്നു. ഇന്ത്യയിലും പത്തു വര്‍ഷത്തെ ലീഗ് പരീക്ഷണം ദക്ഷിണേന്ത്യ എന്ന ഭൂവിഭാഗത്തെ പൂര്‍ണമായും ഫുട്ബോള്‍ ഭൂപടത്തിനു പുറത്താക്കി എന്നതല്ലേ സത്യം? ഇന്ത്യന്‍ ഫുട്ബോള്‍ എന്നാല്‍ കൊല്‍ക്കത്തയും ഗോവയും മാത്രമായി ചുരുങ്ങി എന്നതു നിഷേധിക്കാനാവാത്ത സത്യം തന്നെയല്ലേ? മേഖലാ സംവരണമോ മറ്റു പരിഗണനകളോ ഇല്ലെങ്കില്‍ പ്രൊ-ലീഗ് ദക്ഷിണേന്ത്യക്ക് ബാലികേറാമലയാവുമെന്ന കാര്യം ഇപ്പോഴേ ഉറപ്പിക്കാം.
ചൈനയില്‍ നിന്നുള്ള എല്ലാ വാര്‍ത്തകളും അത്ര നല്ലതല്ല എന്ന സത്യവും ഫിഫ മറച്ചു വെക്കുന്നുണ്ട്. ചൈനയും ഇന്ത്യയും തമ്മിലുള്ള താരതമ്യത്തില്‍ സത്യത്തില്‍ വലിയ അന്തരമൊന്നുമില്ല. ആഗോളവല്‍ക്കരണത്തിന്റെ വെല്ലുവിളികള്‍ അവിടെയും ആഭ്യന്തര ഫുട്ബോളിനെ ബാധിച്ചിട്ടുണ്ട്. നിലവാരത്തിലെ അന്തരം അത്ര വലുതാണ്. അതിനാല്‍ കാണികള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗോ യൂറോ ലീഗോ കാണും, ചൈനീസ് ഫുട്ബോള്‍ കാണില്ല എന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. ക്ലബ്ബുകളാവട്ടെ പഴയ കൂട്ടായ്മകളില്‍ നിന്ന് വഴി മാറി, കോര്പ്പറേറ്റ്ബ്രാന്ഡ് നെയിമുകളായി മാറിയതോടെ ജനകീയത നഷ്ടപ്പെട്ട അവസ്ഥയിലുമായി. ഇംഗ്ലണ്ടിലെപ്പോലെ ഭ്രാന്തരായ ആരാധകക്കൂട്ടം അവിടെ ക്ലബ്ബുകള്‍ക്കില്ല. ഇന്ത്യയിലെ സ്ഥിതിയും ഇതൊക്കെത്തന്നെ. കൊല്‍ക്കത്ത ക്ലബ്ബുകള്ക്കൊഴിച്ചാല് ആര്‍ക്കും ആരാധകപിന്തുണയോ ജനകീയതലമോ ഇല്ല. അതു പോലും നഷ്ടപ്പെട്ടു വരികയാണ്. ഇതൊക്കെ വീണ്ടെടുക്കാന്‍ ഫിഫക്ക് എന്താണ് കര്‍മ്മപരിപാടി എന്നതു വ്യക്തമല്ല.
വിവായുടെ സമയം
മലയാളികളുടെ ഭാഗ്യത്തിന് കേരളത്തില്‍ നിന്ന് ഒരു ക്ലബ്ബ്, വിവാ കേരള, ദേശീയ ഒന്നാം ഡിവിഷനിലേക്ക് ഇക്കുറി യോഗ്യത നടേിയിട്ടുണ്ട്. പ്രൊ-ലീഗിന്റെ തുടക്കത്തില്‍ അല്ലെങ്കില്‍ കേരളമെന്ന പേര് തന്നെ അതില്‍ ഉണ്ടാവുമായിരുന്നില്ല. വിവക്കും ഈ സമയം നല്ലതാണ്. ഒരു കുതിച്ചുചാട്ടത്തിന് ഇതിനേക്കാള്‍ മികച്ച ഒരു സമയം തുടക്കക്കാരായ ഒരു ക്ലബ്ബിനു കിട്ടാനില്ല. തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഒരു പ്രൊഫഷനല്‍ ക്ലബ്ബ് വേറെയില്ല. അതിനാല്‍ ഫെഡറേഷന്റെയും ഫുട്ബോള്‍ പ്രേമികളുടെയും സ്പോണ്സര്ഗ്രൂപ്പുകളുടെയും വാത്സല്യപൂര്‍ണമായ ഒരു പിന്തുണക്ക് വിവക്ക് സാധ്യത തെളിഞ്ഞിട്ടുണ്ട്. പ്രൊഫഷനല്‍ മാനേജ്മെന്റിലൂടെ തങ്ങളീ വെല്ലുവിളിക്കു പ്രാപ്തരാണെന്നു ബോധ്യപ്പെടുത്താന്‍ വിവക്കും കഴിയണം. എങ്കില്‍ ഇതാണ് ഏററവും അനുകൂലമായ സമയം.
കെ.എഫ്.എക്കും എന്തെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ പറ്റിയ സമയമാണ് ഇത്. ഒരു ഫുട്ബോള്‍ അക്കാദമി ഇവിടെ അനുവദിക്കപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്. അതു തീര്‍ച്ചയായും വലിയൊരു കുതിപ്പിനു വഴി വെക്കും. പക്ഷെ ആഭ്യന്തര ലീഗ് ശക്തിപ്പെടുത്താതെ ദേശീയതലത്തില്‍ തങ്ങളുടെ സാന്നിധ്യം വിളിച്ചറിയിക്കാനും വിലപേശാനും കെ.എഫ്.എക്കാവില്ല. ചുരുങ്ങിയത് നാലു പ്രൊഫഷനല്‍ ക്ലബ്ബുകളെങ്കിലും കേരളത്തില്‍ ഉണ്ടാവണം. ചില ഡിപ്പാര്‍ട്മെന്റല്‍ ടീമുകളും പുനരുദ്ധാരണസഹായം അര്‍ഹിക്കുന്നു. ഇവ ചേര്‍ന്നുള്ള ഒരു സൂപ്പര്‍ ലീഗും ജൂനിയര്‍ ഡിവിഷന് ലീഗുകളും സജീവമാവാതെ കേരളം രക്ഷപ്പെടില്ല. ഇപ്പള് കോഴിക്കോട്ടും തൃശ്ശൂരും ഓരോ പ്രൊഫഷനല്‍ ക്ലബ്ബിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. അത്തരം ചലനങ്ങളെ കെ.എഫ്.എ പ്രോത്സാഹിപ്പിക്കുമെങ്കില്‍ മാത്രമേ മുന്നോട്ടു വഴിയുള്ളൂ. ഇല്ലെങ്കില്‍ മണിപ്പൂരിനെപ്പോലെ കളിക്കാരെ ഉല്‍പ്പാദിപ്പിച്ച് കയറ്റി അയക്കുന്ന സംസ്ഥാനം എന്ന പദവി നിലനിര്‍ത്താന്‍ മാത്രമേ ഈ അക്കാദമി നമ്മെ സഹായിക്കൂ.80 -കളില്‍ കേരളാ ഫുട്ബോള്‍ എന്തായിരുന്നുവോ അതാണ് ഇന്നു മണിപ്പൂര്‍. രാജ്യത്തെ എല്ലാ ക്ലബ്ബുകള്‍ക്കും കളിക്കാരെ നല്കുന്ന നേഴ്സറി. എന്നാല്‍ അവിടെ ക്ലബ്ബോ ലീഗോ ഇല്ലതാനും. ഈയവസ്ഥ കേരളത്തില്‍ ഉണ്ടാവാതിരിക്കണമെങ്കില്‍ കെ.എഫ്.എ ഈയവസരം മുതലെടുത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കണം. വിലപേശി വാങ്ങേണ്ടതു വാങ്ങണം. മുഖ്യധാരയില്‍ നിന്നകന്നു പോവാതെ സമ്പൂര്ണലീഗ് സമ്പ്രദായത്തിലേക്കും ക്ലബ്ബ് സംസ്കാരത്തിലേക്കും ചുവടു മാറണം. ലീഗ് ഫുട്ബോള്‍ മാത്രമാണ് കളി വളര്‍ത്താന്‍ നിലവിലുള്ള ആഗോളസാഹചര്യത്തില്‍ ഏകപോംവഴി. ഫിഫയുടെ ആ സങ്കല്‍പ്പത്തോടു കൂട്ടിഘടിപ്പിക്കപ്പെടാതെ മാറി നിന്നാല്‍ അടുത്ത അഞ്ചു വര്‍ഷം കൂടി കഴിയുമ്പോഴേക്കും കേരളത്തില്‍ ഫുട്ബോള്‍ ഉണ്ടാവില്ല. ലോകകപ്പില്‍ എന്നും കാണികള്‍ മാത്രമായ നമ്മള് നാളെ ഇന്ത്യ ലോകകപ്പു കളിക്കുമ്പോഴും അതേ റോളില്‍ തന്നെ തുടരേണ്ടി വരും.
Previous Posts:
വില്‍പ്പനക്ക്, ഫുട്ബോള്‍ ജീനിയസ്സുകള്‍!
ലോകകപ്പ് : ഓര്‍മ്മകളുടെ ആണ്ടുബലി
കുടിപ്പകയുടെ നാള്‍വഴികള്‍
ഒന്നാമനാവാന്‍ ഒരു നൂറ്റാണ്ടു യുദ്ധം
ഒരേ നിറമുള്ള പൂക്കള്‍
കളിയോര്‍മ്മകളിലെ പൂമരങ്ങള്‍
അവസാനത്തെ റൈറ്റ് ഔട്ട്
ടൂര്‍ണമെന്റുകളല്ല വേണ്ടത്
Read more...
Thursday, June 21, 2007
ബ്ലാറ്റര്‍ വന്നു, പോയി. ഇനി...
Saturday, June 16, 2007
വില്‍പ്പനക്ക്, ഫുട്ബോള്‍ ജീനിയസ്സുകള്‍!
കാപ്പി പോലെ, ബ്രസീലിന്റെ വലിയ ഒരു കയറ്റുമതി ഉല്‍പ്പന്നമാണ് ഇന്ന് ഫുട്ബോള്‍ താരങ്ങളും. കളിക്കാരെ വിറ്റു കിട്ടുന്ന കോടികള്‍ കൊണ്ട് അവര്‍ കൂടുതല്‍ കളിക്കാരെ ഉണ്ടാക്കുന്നു.
തെക്കെ അമേരിക്കന്‍ ക്ലബ്ബുകളുടെ ഫുട്ബോള്‍ കളരികള്‍ ആളൊഴിയാത്ത യുദ്ധനിര പോലെയാണ്. ഒരാള്‍ മരിച്ചു വീഴുമ്പോള്‍ നൂറാള് ഉയിര്‍ത്തു വരുന്ന മായപ്പട്ടാളം! അതാകട്ടെ, ആദ്യം പോയവനെ വെല്ലുന്നവനാണ് പുറകെ വരുന്നത്. കക്കയും റൊബീന്യോയും ക്രെസ്പോയും പോയ വഴിയേ അതിലും കരുത്തരായാണ് സോബിസും ലെയ്വയും പാറ്റോയും ഗാഗോയും ഫര്‍ഫാനും സഞ്ചരിക്കുന്നത്. ഓരോ പുതിയ ട്രാന്‍സ്ഫറും ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ഓരോ റെക്കോഡാവുന്നു. ഫുട്ബോള്‍ പ്രതിഭകളുടെ വറ്റാത്ത അക്ഷയഖനിയായ തെക്കെ അമേരിക്ക ഇന്ന് കളിക്കാരെത്തേടി അലഞ്ഞുനടക്കുന്ന യൂറോപ്യന്‍ ഏജന്റന്മാരുടെ വാണിഭച്ചന്തയായിരിക്കുന്നു.
അവിടെ എല്ലാ ക്ലബ്ബുകള്‍ക്കും യൂത്ത് ഡവലപ്മെന്റ് പ്രോഗ്രാമുകള്‍ ഉണ്ട്. അതില്‍ നിന്നു പുറത്തു വരുന്നത് കുറ തീര്‍ന്ന പണിക്കൂട്ടുകളാണ്. ലോകത്തെ അമ്പരപ്പിക്കുന്ന കലാസൃഷ്ടികള്‍. എന്നാല്‍ ഉല്‍പ്പന്നം തന്നെ മൂലധനവും അസംസ്കൃതവസ്തുവുമാകുന്ന അപൂര്‍വ ബിസിനസ്സാണിത്. ലോകത്തൊരിടത്തും ഇങ്ങിനെയൊരു ബിസിനസ്സ് ഇത്ര വ്യാപകമായി നടപ്പില്ല. കളിക്കാരെ വിറ്റു കിട്ടുന്ന കാശു കൊണ്ട് കൂടുതല്‍ കളിക്കാരെ ഉണ്ടാക്കുന്ന ഫാക്ടറികളായി ലാറ്റിനമേരിക്കന്‍ ക്ലബ്ബുകള്‍ മാറിക്കഴിഞ്ഞു.
അണ്ടര്‍-20 വിളനിലങ്ങള്‍
2005ലെ തെക്കെ അമേരിക്കന്‍ അണ്ടര്‍-20 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കഴിയും വരെ ലയണല്‍ മെസ്സി എന്ന പേര് അര്‍ജന്റീനക്കു പുറത്ത് ആരും കേട്ടിരുന്നില്ല.
ബാഴ്സലോണയിലൂടെ മെസ്സി ലോകം കീഴടക്കുമ്പോള്‍ ഉയരുന്നത് ആ ചാമ്പ്യന്‍ഷിപ്പിന്റെ പെരുമ കൂടിയാണ്. യൂറോപ്പില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന വിയ്യാറയലിലെ ചിലിയന്‍ താരം മാത്തിയാസ് ഫെര്‍ണാണ്ടസ്, വലന്‍സിയയിലെ അന്റോണിയോ വലന്‍ഷ്യ എന്നിവരും ആ ടൂര്‍ണമെന്റില്‍ നിന്നാണ് ഉയിര്‍ത്തു വന്നത്. 2003ലെ ഇതേ ചാമ്പ്യന്‍ഷിപ്പില്‍ നിന്നാണ് വെസ്റ്റ്ഹാമിലെ ടെവസും മസ്കിറാനോയും ലിവര്‍പൂളിലെ മാര്‍ക്ക് ഗോണ്‍സാലസും പി എസ് വിയുടെ ഫര്ഫാനുമെല്ലാം യൂറോപ്പിലെത്തിയത്. ഈ നിരയിലെ ഏറ്റവും പുതിയ പേരാണ് ഇക്കഴിഞ്ഞ അണ്ടര്‍-20 ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലിനെ നയിച്ച ഡിഫന്‍ഡര്‍ ലൂക്കാസ് ലെയ്വയുടേത്. ലിവര്‍പൂള്‍ വന്‍വിലക്ക് ഈ 19കാരനെ റാഞ്ചിക്കഴിഞ്ഞു.
പുതിയ കളിക്കാരെ തേടുന്ന ലോകത്തെ ഫുട്ബോള്‍ ക്ലബ്ബുകളെല്ലാം ആദ്യം കണ്ണു വെക്കുന്നത് തെക്കെ അമേരിക്കയുടെ ഈ ഫുട്ബോള്‍ സ്കൗട്ടിങ് ടൂര്‍ണമെന്റിലാണ്. ഏജന്റുമാര്‍ അതിനു ചുറ്റും വട്ടമിട്ടു പറക്കുന്നു. ക്ലബ്ബുകള്‍ വിലപേശുന്നു. കളിക്കാര്‍ ഒരു യൂറോപ്യന്‍ ഓഫറിനു വേണ്ടി മരിച്ചു കളിക്കുന്നു. സംഘാടനത്തിലും നിലവാരത്തിലുമെല്ലാം മോശമാണെങ്കിലും പ്രതിഭകളുടെ അക്ഷയഖനിയായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ തുടരുന്നിടത്തോളം ഈ ടൂര്‍ണമെന്റിന്റെ പ്രസക്തി നഷ്ടപ്പെടുമെന്നു ഭയപ്പെടാനില്ല.
നിലയ്ക്കാത്ത ഒഴുക്ക്
ഈ വര്‍ഷം യൂറോപ്പിലേക്കു പോയവരെ നോക്കുക. റയല്‍ മാഡ്രിഡ് 140 ലക്ഷം പൗണ്ടിന് വലവീശിയെടുത്ത ബൊക്കാ ജൂനിയേഴ്സിന്റെ ഫെര്‍നാന്‍ഡോ ഗാഗോ, 90 ലക്ഷത്തിനു വാങ്ങിയ റിവര്‍പ്ളേറ്റിന്റെ ഗോണ്‍സാലോ ഹിഗ്വായന്‍ എന്നിവര്‍ 20 വയസ്സു കടന്നവരല്ല. യൂറോപ്പില്‍ അവര്‍ക്കു കിട്ടിയത് ഏറ്റവും വലിയ ക്ലബ്ബിന്റെ വിളി തന്നെ. മാത്രമല്ല, ഹിഗ്വായന്‍ റൊണാള്ഡോവിനും ഗാഗോ ബെക്കാമിനും പകരക്കാരായാണു വരുന്നത്. 18കാരനായ ബ്രസീലിയന്‍ ലെഫ്റ്റ് ബാക്ക് മാഴ്സലോവിനെ ഫ്ളൂമിനന്സില് നിന്ന് റാഞ്ചുമ്പോള്‍ റോബര്‍ട്ടോ കാര്‍ലോസിന് ഒരു പകരക്കാരനെ ബ്രസീലില്‍ നിന്നു തന്നെ കണ്ടെത്തുക മാത്രമല്ല, അടുത്ത പത്തു വര്‍ഷത്തേക്കെങ്കിലും മറ്റൊരാളെ തേടേണ്ടതില്ലെന്ന് ് ഉറപ്പു വരുത്തുക കൂടിയാണ് റയല്‍ മാഡ്രിഡ് ചെയ്തത്. അത്ലറ്റിക്കോ മാഡ്രിഡ് അര്‍ജന്റൈന്‍ ക്ലബ്ബായ ഇന്ഡിപെന്ഡന്റെയില് നിന്ന് സെര്‍ജിയോ അഗ്യൂറയെ കരാര്‍ ചെയ്തത് 280 ലക്ഷം ഡോളറിനാണ്.
അര്‍ജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകക്ക്. അവിടത്തെ ഫസ്റ്റ് ഡിവിഷന് ലീഗില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന് എന്നതാണ് സെര്‍ജിയോയുടെ റെക്കോഡ്. 15 വര്‍ഷവും 33 ദിവസവും മാത്രം പ്രായമാവുമ്പോഴേക്കും സെര്‍ജിയോ ഒന്നാം ലീഗിലെത്തി. 2005ലെ അണ്ടര്‍-20 ലോകചാമ്പ്യന്‍ഷിപ്പോടെ അയാള്‍ക്ക് യൂറോപ്പിന്റെ വിളി വന്നു.
നിലനില്‍പ്പിന്റെ പ്രശ്നം
ഇത് ലാറ്റിനമേരിക്കന്‍ ക്ലബ്ബുകളില്‍ പലതിന്റെയും നിലനില്‍പ്പിന്റെ പ്രശ്നമാണ്. അതില്‍ പലതും ഇന്നു നില നില്‍ക്കുന്നത് കളിക്കാരെ വിറ്റു കിട്ടുന്ന കാശു കൊണ്ടാണ്. ഇക്കൊല്ലത്തെ ലോകക്ലബ്ബ് കപ്പ് ജേതാക്കളായ ബ്രസീലിലെ ഇന്റര്‍നാഷനല്‍ സ്പോര്‍ട്ടിങ് ക്ലബ്ബ് ഇതിനൊരു നല്ല ഉദാഹരണമാണ്. യൂത്ത് ഡവലപ്മെന്റില്‍ വലിയ ശ്രദ്ധ ഉള്ള ക്ലബ്ബാണത്. കഴിഞ്ഞ കോപ്പ ലിബര്‍ട്ടഡോറസ് ജയിക്കുമ്പോള്‍ അതില്‍ അവര്‍ വളര്‍ത്തിയ താരങ്ങളില്‍ പലരും ഉണ്ടായിരുന്നില്ല. യൂത്ത് പ്രോഗ്രാമിലൂടെ വന്ന ഒറ്റ താരം മാത്രമേ ആ ടീമില്‍ ഉണ്ടായിരുന്നുള്ളൂ. റാഫേല്‍ സോബിസ്. ബാക്കി എല്ലാവരെയും ഓരോ ഘട്ടത്തിലായി യൂറോപ്പിനു വിറ്റു. ഈ ടൂര്‍ണമെന്റിനു ശേഷം സോബിസിനെയും വിറ്റു. അതു കൊണ്ടും അവരുടെ കലവറ ഒഴിയുന്നില്ല. ക്ലബ്ബ് കപ്പ് ഫൈനലില്‍ അവര്‍ പുതിയൊരു പ്രതിഭാസത്തെ ഇറക്കിവിട്ടു. അലക്സാണ്ടര്‍ പാറ്റോ. ടൂര്‍ണമെന്റു തീരും മുമ്പു തന്നെ 17കാരനായ പാറ്റോയ്ക്കു പുറകെ യൂറോപ്യന്‍ ക്ലബ്ബുകള്‍ ക്യൂവായെത്തി. ക്ലബ്ബ് പ്രസിഡന്റ് ഫെര്‍നാന്‍ഡോ കാര്‍വാലോ പറയുന്നു: ഇങ്ങിനെ കളിക്കാരെ വില്ക്കാന് കഴിയുന്നതു കൊണ്ടാണ് ഞങ്ങള്‍ ഇവിടെ ടീമിനെ നിലനിറുത്തുന്നത്. യൂത്ത് ഡവലപ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കാണ് ഞങ്ങള്‍ പ്രധാനമായും ഈ ഫണ്ടുപയോഗിക്കുക.
എങ്ങിനെയും രക്ഷപ്പെടുക
കളിക്കാരാകട്ടെ എന്തു ചെയ്തും യൂറോപ്പിലേക്കു കുടിയേറണമെന്ന ആഗ്രഹവുമായി നടക്കുകയാണ്. അതിന് എന്തു മാര്‍ഗവും അവര്‍ സ്വീകരിക്കും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു സൗഹൃദ മത്സരം കളിക്കാന്‍ ഇക്വഡോര്‍ ടീം ജപ്പാനിലേക്കു പോയി. അമേരിക്ക വഴി വേണം അവര്‍ക്കു കണക്ടിങ് ഫ്ളൈറ്റ് പിടിച്ചു പോകാന്‍. അവരുടെ ടീം ലിസ്റ്റില്‍ ഉള്ള ഹുവാന്‍ കാര്‍ലോസ് ലൂചെറോ, മാനുവല്‍ ഫാരിസ് എന്നീ രണ്ടു പേരുകള്‍ വ്യാജമാണെന്ന് അമേരിക്കന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ കണ്ടു പിടിച്ചു. കളിക്കാരെ പുറത്തേക്കു കടത്തിക്കൊടുക്കുന്ന കുറ്റത്തിന് ടീം കോ-ഓഡിനേറ്റര്‍ വിനീചിയോ ലൂന അറസ്റ്റിലായി. അപ്പോഴാണറിയുന്നത്, ലാറ്റിനമേരിക്കയില്‍ നിന്നുള്ള എല്ലാ ടീമുകളും ഇതു ചെയ്യാറുണ്ടത്രെ. ഒരു ജീവിതകാലം മുഴുവന്‍ അവിടെ കളിച്ചാല്‍ കിട്ടുന്നതിനേക്കാള്‍ തുക ഒരു കൊല്ലം യൂറോപ്പില്‍ കളിച്ചാല്‍ കിട്ടുമെന്നതു തന്നെയാണ് ഇതിനു പിന്നിലെ പ്രലോഭനം. വികസിത-വികസ്വര രാജ്യങ്ങള്‍ തമ്മിലുള്ള അന്തരം വര്‍ധിച്ചു വരുന്നത് തൊട്ടറിയാന്‍ കഴിയുന്നത് ഇന്നു ഫുട്ബോളിലാണ്.
ബ്രസീലിലെ ചേരികളില്‍ വളരുന്ന കുട്ടികളില്‍ ആരും പെലെയോ ഗാരിഞ്ചയോ ചെയ്തതു പോലെ അവരുടെ ലോക്കല്‍ ക്ലബ്ബിനെ ജയിപ്പിക്കുന്നതും ലോകകപ്പു നേടുന്നതും ഇന്നു സ്വപ്നം കാണുന്നില്ല. തെക്കെ അമേരിക്കന്‍ ഫുട്ബോള്‍ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള ബിബിസി ലേഖകന്‍ ടിം വിക്കറി പറയുന്നു. അവര്‍ ബാഴ്സലേണക്കോ റയലിനോ കളിക്കുന്ന ദിവസത്തെപ്പറ്റി മാത്രം സംസാരിക്കുന്നു. ഡ്രൈവ് ചെയ്യാന്‍ പോകുന്ന കാറിനെയോ അമ്മക്കു വാങ്ങിക്കൊടുക്കാന്‍ പോകുന്ന ഫ്ളാറ്റിനെയോ പറ്റി മാത്രം സ്വപ്നം കാണുന്നു. കൂട്ടായ പരിഹാരം എന്ന ബ്രസീലിയന്‍ ഫുട്ബോള്‍ സങ്കല്‍പ്പം ഇല്ലാതാവുകയാണ്. സ്വാര്‍ഥമായ വ്യക്തിഗതമികവുകളിലേക്കു അതു ചുവടു മാറുന്നു. ഫുട്ബോളര് ഒരു സമൂഹത്തിന്റെ സ്വപ്നമാണു കാണുന്നതെന്ന് അര്‍ജന്റൈന്‍ കോച്ചായിരുന്ന സെസാര്‍ മെനോട്ടി പറയുകയുണ്ടായി. എന്നാല്‍ ഇന്ന് എല്ലാവരും സ്വന്തം സ്വപ്നങ്ങള്‍ മാത്രമാണ് കാണുന്നത്. അവര്‍ കാണുന്ന സ്വപ്നം എങ്ങിനെയും രക്ഷപ്പെടുക എന്നതാണ്. അതിനായി നല്ലൊരു അക്കാദമിയില്‍ എത്തിപ്പെടുക, നല്ല കുറച്ചു ഗോളുകളടിച്ചു ശ്രദ്ധ പിടിച്ചു പറ്റുക, നല്ല ഒരേജന്റിന്റെ കണ്ണില്‍ പെടുക, എങ്ങിനെയും യൂറോപ്പിലേക്കു കടക്കുക. ഇതായിരിക്കുന്നു ലാറ്റിനമേരിക്കയിലെ കുട്ടികളുടെ ശ്രമം.
ചതിക്കുഴികള്‍
എന്നാല്‍ അവരില്‍ എല്ലാവരും രക്ഷപ്പെടുന്നുണ്ടോ? ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ യഥാര്‍ഥ ഗുണഭോക്താക്കള്‍ കളിക്കാരനോ ക്ലബ്ബോ ഏജന്റോ? കക്കയോ റൊണാള്‍ഡോയോ പോലെ രക്ഷപ്പെടുന്ന ഒന്നോ രണ്ടോ കളിക്കാരുടെ പേരേ നാമറിയുന്നുള്ളൂ. യൂറോപ്പിലെ അറിയപ്പെടാത്ത എത്രയോ ക്ലബ്ബുകളില്‍ ആരാലുമറിയപ്പെടാതെ എത്രയോ കളിക്കാര്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിന്റെ ചതിക്കുഴികളില്‍ പെട്ടുകിടക്കുന്നുണ്ട്. ആഫ്രിക്കയില്‍ നിന്നും തെക്കെ അമേരിക്കയില്‍ നിന്നുമുള്ള 20 തികയാത്ത ചെറുപ്പക്കാരായ എത്രയോ കളിക്കാര്‍. ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തില്‍ അവര്‍ ജപ്പാന് മുതല്‍ മെക്സിക്കോ വരെയും ഇന്ത്യ മുതല്‍ ഇംഗ്ലണ്ട് വരെയുമുള്ള എല്ലാ രാജ്യങ്ങളിലും അലയുന്നു. എന്നിട്ടും അത്രക്കത്ര കളിക്കാര്‍ അവിടെ ബാക്കിയുണ്ട്. അതാണ് ഈ മാര്‍ക്കറ്റിലെ ഏജന്റുമാരെന്ന ഇടനിലക്കാരുടെ കൈയിലെ വിലപേശല്‍ ശക്തിയും.
എങ്ങിനെയാണ് ഒരു കളിക്കാരന് കുരുക്കിലാവുന്നത്. കളി പഠിക്കാന്‍ ചേരുന്ന ക്ലബ്ബുമായുള്ള രജിസ്ട്രേഷന് ബോണ്ടില്‍ തുടങ്ങുന്നു അവരുടെ അടിമത്തം. കളിക്കാരന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് പണയം വെച്ച് ക്ലബ്ബുകള്‍ ഏജന്റന്മാരില് നിന്ന് പണം വാങ്ങുന്നു. ഇത് കളിക്കാരനെ വളര്‍ത്തി വലുതാക്കുന്നതിനുള്ള ബോണ്ട് തുകയായി ക്ലബ്ബ് കണക്കാക്കും. അതോടെ കളിക്കാരന് ഏജന്റിന്റെ കൂടി അടിമയായി. കളിക്കാരന്റെ മാര്‍ക്കറ്റ് വില കണക്കാക്കുന്നത് പിന്നെ ഈ ഏജന്റാണ്. അത് അയാളുടെ മികവിനും പ്രശസ്തിക്കും അനുസരിച്ചാണ്. കളിക്കാരനു നേരിട്ട് വിലപേശാനുള്ള കഴിവില്ല. ക്ലബ്ബിനുള്ള നഷ്ടപരിഹാരം, കളിക്കാരന്റെ ശമ്പളം എല്ലാം ഏജന്റും ക്ലബ്ബും ചേര്‍ന്നു വിലപേശി നിശ്ചയിക്കും. പലപ്പോഴും കളിക്കാര്‍ അറിയുന്നതിനേക്കാള്‍ കൂടിയ തുകക്കാവും കച്ചവടം. ഇഷ്ടപ്പെടാത്ത ക്ലബ്ബില്‍ കളിക്കേണ്ടിയും വരും. ടെവസും മസ്കിറാനോയും വെസ്റ്റ് ഹാമിലെത്തിയത് അങ്ങിനെ ഒരു ഏജന്റിന്റെ ചതിയിലാണെന്നാണ് പിന്നാമ്പുറവര്‍ത്തമാനം. കളിക്കാരന് എത്ര വലുതായാലും ഏജന്റെന്ന നീരാളിയുടെ കൈയില്‍ നിന്ന് അവര്‍ രക്ഷപ്പെടുകയില്ല.
'ഇന്റര്‍നാഷനല്‍' മാതൃക
പ്രൊഫഷനലായ സമീപനത്തിലൂടെ യൂറോപ്യന്‍ മാതൃകകള്‍ അനുകരിച്ച് കളിക്കാരെ ഉണ്ടാക്കുകയും വില്‍ക്കുകയും ധനശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നതില്‍ തെക്കെ അമേരിക്കന്‍ ടീമുകളില്‍ കുറച്ചെങ്കിലും വിജയിക്കുന്നത് ബ്രസീലിയന്‍ ക്ലബ്ബുകളാണ്. അര്‍ജന്റീനയുടെ റിവര്‍പ്ളേറ്റ് പോലുള്ള പെരുമയുള്ള ക്ലബ്ബുകള്‍ പോലും സാഹചര്യങ്ങളോടു പൊരുത്തപ്പെടുന്നതില്‍ പരാജയപ്പെടുന്നു. കോപ്പ ലിബര്‍ട്ടഡോറസ് എന്ന ലാറ്റിനമേരിക്കയുടെ ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ രണ്ടു തവണയും ഫൈനല്‍ കളിച്ചത് ബ്രസീലിയന്‍ ക്ലബ്ബുകളാണ്. ഇക്കുറി അര്‍ജന്റീനയിലെ വമ്പന്മാരായ റിവര്‍പ്ളേറ്റ് ക്വാര്‍ട്ടറില്‍ തന്നെ പുറത്തായപ്പോള്‍ അത്രയൊന്നും പെരുമയും മികവുമില്ലാത്ത ബ്രസീലിലെ ഇന്റര്‍നാഷനല്‍ ക്ലബ്ബ് ഫൈനല്‍ കളിക്കുകയും ജയിക്കുകയും ചെയ്തു. ജപ്പാനില്‍ നടന്ന ലോക ക്ലബ്ബ് കപ്പ് കളിക്കാന്‍ അര്‍ഹത നേടിയ അവര്‍ ഫൈനല്‍ വരെ എത്തി എന്നു മാത്രമല്ല, റൊണാള്‍ഡിന്യോയുടെ ബാഴ്സലോണയെ തോല്‍പ്പിച്ച് ലോകജേതാക്കളുമായി. ഈ യാത്രയില്‍ അവര്‍ക്കു കിട്ടിയ ഗുണം രണ്ടോ മൂന്നോ നല്ല താരങ്ങളെ ലോകശ്രദ്ധയില്‍ കൊണ്ടുവരാനും അങ്ങിനെ വന്‍വിലക്കു വില്‍ക്കാനും കടഭാരം കുറക്കാനും സാധിച്ചു എന്നതാണ്. പോര്‍ട്ടോ അലിഗറില്‍ നിന്നുള്ള ഈ ക്ലബ്ബ് ഫാബിയോ റോച്ചംബാക്ക്, ഡാനിയല്‍ കര്‍വാലോ, നീല്‍മര്‍ എന്നിവരെ യൂറോപ്പിനു വിറ്റ ശേഷമാണ് സ്ട്രൈക്കര്‍ റാഫേല്‍ സോബിസിനെ മാത്രം നിരയില്‍ നിര്‍ത്തി ക്ലബ്ബ് കപ്പിനു പോയത്. ഏറെ മത്സരപരിചയമില്ലാത്ത അലക്സാണ്ടര്‍ പാറ്റോയെ ഒന്നാം നിരയിലിറക്കാന് ധൈര്യം കാണിച്ചതും മറ്റു ലാറ്റിനമേരിക്കന്‍ ക്ലബ്ബുകളോ യൂറോപ്യന്‍ ക്ലബ്ബുകളോ ചെയ്യാത്ത കാര്യമാണ്. ഇങ്ങിനെ റിസ്കെടുക്കാന്‍ ബ്രസീലിലെ ക്ലബ്ബുകള്‍ക്കു കഴിയുന്നത് അവിടെ പുതിയ പുതിയ കളിക്കാര്‍ ദിനം പ്രതി യൂത്ത് ഡവലപ്മെന്റ് സ്കീമിലൂടെ വളര്‍ന്നു വരുന്നു എന്നതിനാലാണ്. യൂറോപ്പില്‍ ഒരു കളിക്കാരന് ക്ലബ്ബ് തലത്തില്‍ ഒന്നാം നിരയിലെത്താനെടുക്കുന്ന സമയവുമായി താരതമ്യപ്പെടുത്തിയാല്‍ ബ്രസീലിലേത് വളരെ കുറവാണെന്നു കാണാം. പ്രതിഭയിലും കരുത്തിലും റിസ്കെടുക്കുന്നതിലും അവര്‍ യൂറോപ്പിനെ പിന്നിലാക്കുന്നു. അതാണ് അവരുടെ വിജയരഹസ്യവും.
അവസാന പരീക്ഷ കോപ്പ
വര്‍ഷം തോറും നടക്കുന്ന ലിബര്‍ട്ടഡോറസ് കപ്പിലൂടെയും രണ്ടു കൊല്ലത്തിലൊരിക്കല് നടക്കുന്ന അണ്ടര്‍-20 ചാമ്പ്യന്ഷിപ്പിലൂടെയുമാണ് ലാറ്റിനമേരിക്കയിലെ യുവതാരങ്ങള്‍ ലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടുന്നതെങ്കില്‍ അവര്‍ സമ്പൂര്ണബിരുദധാരികളാകുന്നത് കോപ്പ അമേരിക്കയിലൂടെയാണ്. അദ്രിയാനൊവിനെപ്പോലെ, ഫാബിയാനോയെപ്പോലെ, ടെവസിനെപ്പോലെ ഓരോ കോപ്പ അമേരിക്ക കഴിയുമ്പോഴും ഓരോ പുതിയ താരം ലോകത്തിന്റെ സൂപ്പര്‍സ്റ്റാറായി വളരും. സൂപ്പര്സ്റ്റാറാകുന്നതോടെ, പണം കുമിയുന്നതോടെ, അവരില്‍ പലരും കോപ്പയെ മറക്കും. കക്കയ്ക്കും റൊണാള്ഡീന്യോക്കുമൊക്കെ കോപ്പ പിന്നെ പൈസ കിട്ടാത്ത വെറും ടൂര്‍ണമെന്റ് മാത്രം. എന്നാല്‍ ഉര്‍വശീശാപം ഉപകാരമാവുന്നത് നിരവധി യുവ പ്രതിഭകള്‍ക്കാണ്. അവര്‍ക്കു ലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ സൂപ്പര്‍താരങ്ങളുടെ ഈ വൈമനസ്യം വഴിയൊരുക്കുന്നു. അതാവണം അദ്ഭുതങ്ങളൊഴിയാത്ത കോപ്പയായി അതെന്നും നിറഞ്ഞു തുളുമ്പുന്നതും കാണികളെ കാലാകാലം ആകര്‍ഷിക്കുന്നതും.
(2007 ജൂണ്‍ ലക്കം മാതൃഭൂമി സ്പോര്‍ട്സ് മാസികയില്‍ പ്രസിദ്ധീകരിച്ചത്)
Previous Posts:
ലോകകപ്പ് : ഓര്‍മ്മകളുടെ ആണ്ടുബലി
കുടിപ്പകയുടെ നാള്‍വഴികള്‍
ഒന്നാമനാവാന്‍ ഒരു നൂറ്റാണ്ടു യുദ്ധം
ഒരേ നിറമുള്ള പൂക്കള്‍
കളിയോര്‍മ്മകളിലെ പൂമരങ്ങള്‍
അവസാനത്തെ റൈറ്റ് ഔട്ട്
ടൂര്‍ണമെന്റുകളല്ല വേണ്ടത്
Read more...
Sunday, June 10, 2007
ലോകകപ്പ്: ഓര്‍മ്മകളുടെ ആണ്ടുബലി
മഴനൂലുകള്‍ ഇഴപാകിയ ചില രാച്ചിത്രങ്ങളാണ് ലോകകപ്പ്. മഴയില്‍ കുതിര്‍ന്ന ജൂണ്‍ രാത്രികളില്‍ എല്ലാ നാലാം കൊല്ലത്തിലും ലോകകപ്പു വരും. സ്റ്റേഡിയത്തില്‍ നീരാടി നിറയുന്ന ശബ്ദങ്ങള്‍ക്ക് മഴ പാടം കടന്നു വരുമ്പോഴുള്ള ഒച്ചയാണ്. അതു കലര്‍ന്നും കലമ്പിയും ചുറ്റുമുണ്ടാവും. മഴ തോരുമ്പോഴുളള ശൂന്യതയാണ് കളി തീരുമ്പോള്‍ ബാക്കിയുണ്ടാവുക. പുതിയ വെയിലില്‍ നമ്മുടെ ദിവസങ്ങള്‍ തളിര്‍ത്തു വരാന്‍ സമയമെടുക്കും. ഓര്‍മ്മകളില്‍ ബാക്കിയാവുന്ന ചിത്രങ്ങള്‍ ചികഞ്ഞെടുക്കുമ്പോഴെല്ലാം മഴയുടെ ആഹ്ലാദം നുരയുന്ന താളവും പിന്പാട്ടും അകമ്പടിയുണ്ടാവും. 
വീണ്ടുമൊരു ജൂണ്‍. വീണ്ടും മഴക്കാലം. ഒരു കൊല്ലം പിന്നിട്ട ലോകകപ്പിന്റെ ഓര്‍മ്മച്ചിത്രങ്ങള്‍ റീ-പ്ലേ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ വിഷാദസ്ഥായിയിലുള്ള, ദുഖതാളത്തിലുള്ള ഒരു പശ്ചാത്തലസംഗീതമാണ്, മഴക്കാലരാവുകളുടെ ആഹ്ലാദശ്രുതിയല്ല ഉണര്‍ന്നു വരുന്നത്. എത്രയോ സമ്മോഹനമായ ദൃശ്യങ്ങള്‍ സമ്മാനിച്ച ലോകകപ്പായിരുന്നു അത്. എന്നിട്ടും ഇരുണ്ട കോണിക്കെട്ടുകളിലൂടെ തലതാഴ്ത്തി നടന്നു പോകുന്ന സിനെദിന്‍ സിദാന് എന്ന മഹാനായ ഒരു ജീനിയസ്സിന്റെ കണ്ണീര്ച്ചിത്രത്തില് അതു ചെന്നു സൂം-ഇന്‍ ചെയ്യുന്നു. വ്യാഖ്യാനിക്കാനാവാത്ത ഒരു വേദന അപ്പോള്‍ വീണ്ടും മനസ്സിനെ വന്നു മൂടുന്നു.
2006 ജൂലായ് 9 ന് ബെര്‍ലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ ലോകകപ്പുയര്‍ത്തിയത് ഇറ്റാലിയന്‍ കപ്പിത്താന് കന്നവാറോയാണ്. ഒരു പക്ഷെ, അത് സിനെദിന്‍ സിദാന് എന്ന മഹാനായ ഫ്രഞ്ച് ഫുട്ബോളറാവുമായിരുന്നു. ഉജ്വലമായ ആ നേട്ടത്തിലേക്ക് പത്തു മിനുട്ടു ദൂരമേ അയാള്‍ക്കു സഞ്ചരിക്കാനുണ്ടായിരുന്നുള്ളൂ. പെലെക്കും മാറഡോണക്കുമൊപ്പം ലോകഫുട്ബോളിലെ അനശ്വരതാരമെന്ന പദവിയിലേക്ക് ഒരു ചുവടു മാത്രം. അയാളെ പരീക്ഷിക്കാന്‍ വിധി തെരഞ്ഞെടുത്ത സമയം അതായിരുന്നു. എല്ലാ ദൈവങ്ങളും കൈവിട്ട, ചെകുത്താന്റെ അന്ത്യപ്രലോഭനദിവസം.
ആ രാത്രി പിന്നിട്ടിട്ട് ഒരു വര്‍ഷമാവുന്നു. കളിയിലെ ഓരോ നിമിഷവും പക്ഷെ ഇപ്പോഴും ജീവനോടെ മുന്നില്‍ വന്നു നില്ക്കുന്നു. ഒരു ഷേക്സ്പീരിയന്‍ നാടകത്തിലെ ക്ഷോഭാകുലമായ അന്ത്യരംഗം പോലെ.
-കളി തീരുകയാണ്. ടോട്ടല്‍ ഫുട്ബോള്‍ കളിച്ചതിന്റെ പേരില്‍ ഇറ്റലിയെ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും ഈ കളി സിദാന് ജയിച്ചോട്ടെ എന്ന് തോന്നിത്തുടങ്ങിയ സമയം. ഫുട്ബോളില്‍ ഇത്ര പ്രതിഭാസൗന്ദര്യം ബാക്കിയുണ്ടെന്നു കാണിച്ച മററാരും ആ ടൂര്‍ണമെന്റില്‍ വന്നിരുന്നില്ലല്ലോ. സിദാന്റെ ഒരു ഹെഡ്ഡര്‍ മിന്നല്‍പ്പിണര്‍ പോലെ ഇറ്റാലിയന്‍ വലയിലേക്കു പാഞ്ഞത് നിമിഷങ്ങള്‍ക്കു മുമ്പായിരുന്നു. ബുഫണ്, ഗോര്‍ഡന്‍ ബാങ്ക്സിനെ അനുസ്മരിപ്പിക്കുന്ന ഒരു സേവിലൂടെ സിദാന്റെ കപ്പിലേക്കുള്ള കുതിപ്പു തടഞ്ഞതിന്റെ വിസ്മയത്തരിപ്പു തീര്‍ന്നിരുന്നില്ല.
അതിനും അല്‍പ്പം മുമ്പ് കണ്ട സിദാന്റെ പെനാല്‍ട്ടിയും ലഹരി പോലെ ഉള്ളില്‍ ബാക്കി നില്‍പ്പുണ്ടായിരുന്നു. യഥാര്‍ഥ ജീനിയസ്സിനു മാത്രം എടുക്കാന്‍ കഴിയുന്ന പെനാല്‍ട്ടി. ഉരുണ്ട ബാറിന്റെ അടിവശത്ത് 11 മീറ്റര്‍ ദൂരെ നിന്നടിച്ചു കൊള്ളിക്കുക. അതു 80 ഡിഗ്രി തിരിഞ്ഞു നിലത്തു വരയ്ക്കകത്തു കുത്തി വീണ്ടും പൊങ്ങി അതേ ബാറിലിടിക്കുക. എന്നിട്ടു വലയില്‍ വീഴാതെ ഗ്രൗണ്ടിലേക്കു മടങ്ങുക! അവിശ്വസനീയമായ കാഴ്ചയായിരുന്നു അത്. 'പെനാല്‍ട്ടി വല കുലുക്കി' എന്നെഴുതാന്‍ പറ്റാത്ത പെനാല്‍ട്ടി! വലയില്‍ അതു തൊട്ടില്ല!! സ്വന്തം വല തൊടാന്‍ എതിരാളികളെ അനുവദിക്കാതെ വന്ന ഇറ്റലിക്ക് വല തൊടാതെ തന്നെ ഒരു ഗോള്‍. താന്‍ ഒറ്റക്ക് മതി ആ ടീമിനെ തോല്‍പ്പിക്കാന്‍ എന്നു വിളിച്ചു പറഞ്ഞാണ് പെനാല്‍ട്ടി കിക്കെടുത്ത ശേഷം സിദാന് സ്വന്തം ഹാഫിലേക്കു പാഞ്ഞത്.
വേറെയുമുണ്ടായിരുന്നു മഹത്വത്തിലേക്കുള്ള അനിവാര്യമായ യാത്രയിലാണ് താനെന്നു സൂചിപ്പിക്കുന്ന സിദാന്റെ ചലനങ്ങള്‍. പേരു കേട്ട ഇറ്റാലിയന്‍ പ്രതിരോധത്തെ പിളര്‍ത്തി ഹെന്റിക്കു കൊടുത്ത ഒരു പാസ്സ്. മലൂദയുടെ പെരുവിരലിനു കണക്കാക്കി തളികയിലെന്ന പോലെ തള്ളിക്കൊടുത്ത ഒരു പന്ത്. വിയേരയുടെ തല ലാക്കാക്കി താഴ്ന്നിറങ്ങി വന്ന ഒരു കോര്‍ണര്‍. മറ്റെറാസിയുടെ സമനില ഗോളിനും സിദാനെ നിര്‍വീര്യനാക്കാന്‍ കഴിയില്ലെന്നു തോന്നിച്ചു കൊണ്ട് കളി മെല്ലെ മെല്ലെ ഫ്രാന്‍സിനനുകൂലമായി വളരുകയായിരുന്നു.
കളി തീരാന്‍ പത്തു മിനുട്ട്. ഷൂട്ടൗട്ടിലേക്കു കളി നീട്ടാനാണ് ഇറ്റലിയുടെ ശ്രമം. ഫ്രാന്‍സാണ് ഇപ്പോള്‍ ആക്രമണങ്ങള്‍ക്കു മുന്‍കൈ എടുക്കുന്നത്. അവരുടെ മറെറാരാക്രമണം കൂടി പൊട്ടിച്ച ഇറ്റലി കൗണ്ടര്‍-അറ്റാക്കിനു ശ്രമിക്കുന്നു. പന്തു ഫ്രാന്‍സിന്റെ ഹാഫില്‍. പെട്ടെന്നു കളി നിന്നു. റഫറി പുറകോട്ടോടുന്നു. ആരോ വീണു കിടക്കുന്നുണ്ട്. ക്യാമറയില്‍ ഇപ്പോള്‍ ഇറ്റാലിയന്‍ ഗോളി ബുഫണ് പരാതിപ്പെട്ടുകൊണ്ട് ലൈന്‍ റഫറിയുടെ അടുത്തേക്കും തിരിച്ചും ഓടുന്ന കാഴ്ച. വീണു കിടക്കുന്നത് മറ്റെറാസി. ഇറ്റലിയുടെ ദീര്‍ഘകായനായ ഡിഫന്‍ഡര്‍. സിദാന്റെ പെനാല്‍ട്ടിയെ നിര്‍വീര്യമാക്കിയ ഹെഡ്ഡര്‍ ഗോളിന്റെ ഉടമ.
സിദാന് തല കൊണ്ട് മറ്ററാസിയെ ഇടിക്കുന്ന ചിത്രം അപ്പോഴാണ് ടിവി സ്ക്രീനില്‍ റീപ്ലേയായി തെളിഞ്ഞത്. ആദ്യം അതൊരു തമാശയാണെന്നാണ് കരുതിയത്. കമന്റേറ്ററുടെ കരച്ചിലും ഇറ്റാലിയന്‍ കളിക്കാരുടെ വളയലും റഫറിയുടെ പാഞ്ഞടുക്കലും ലൈന്‍ റഫറിയുമായുള്ള ചര്‍ച്ചയും അനിവാര്യമായ ആ ചുവപ്പു കാര്‍ഡും തുടര്‍ന്നു വന്ന ദൃശ്യങ്ങള്‍. അവിശ്വസനീയമായ വേഗതയില്‍ എല്ലാം കഴിഞ്ഞു. ഒറ്റ മിനുട്ടു കൊണ്ട്, ഒരു നിലവിളി പോലെ, ഇരുട്ടിലേക്ക് സിദാന് വീണു മറഞ്ഞു. അവസാന പടിയില്‍ വെട്ടേറ്റു വീണ ചാവേറിനെപ്പോലെ. മഹത്വത്തിന്റെ വാതില്‍ അയാള്‍ക്കു മുന്നില്‍ ആരോ വലിച്ചടച്ചു. റഫറിയുടെ ഉയര്‍ത്തിപ്പിടിച്ച കൈകളിലേക്കും ആ ചുവന്ന കാര്‍ഡിലേക്കും മാറി മാറി നോക്കി, തലയും മുഖവും ചേര്‍ത്ത് അമര്‍ത്തിയൊന്നു തുടച്ച്, ആം ബാന്‍ഡ് അഴിച്ചു മാറ്റി സാന്യോളിനെ ഏല്‍പ്പിച്ച് സിദാന് പുറത്തേക്കു നടന്നു. പവലിയനു താഴേക്കുള്ള കോണിക്കെട്ടുകളിലൂടെ ഇരുട്ടിലേക്കും വിസ്മൃതിയിലേക്കും അയാള്‍ നടന്നു മറഞ്ഞു-ഏകനായി, ദുഖിതനും നിരാശനുമായി... സ്വയം ശപിച്ച്.. മഴയുടെ പിന്‍പാട്ട് ഇപ്പോള്‍ ഉച്ചസ്ഥായിയിലുള്ള ഒരു നിലവിളി പോലെ.
മഹത്വത്തിനും അപമാനത്തിനുമിടയിലെ പാലം എത്ര നേര്‍ത്തതാണ്! പത്തു മിനുട്ടുകള്‍ ജീവിതത്തില്‍ എത്ര വലിയ കാലയളവാണ്! പൂര്‍ണ്ണതയിലേക്കുള്ള വളര്‍ച്ച എത്ര അയഥാര്‍ഥമായ ലക്ഷ്യമാണ്! ഒരു ജന്മം കൊണ്ടു താണ്ടിയെത്തിയ ഉയരം മുഴുവന്‍ അയാള്‍ ഒരു നിമിഷം കൊണ്ടില്ലാതാക്കി! ആത്മാവിനെ ചെകുത്താനു വിറ്റ ഷേക്സ്പീരിയന്‍ ദുരന്ത കഥാപാത്രമായി! നാടകങ്ങളില്‍ മാത്രം കാണാന്‍ സാധിക്കുന്ന നിറക്കൂട്ടുള്ള മെലോഡ്രാമ കലര്‍ന്ന കഥാസന്ദര്‍ഭം! എത്ര കാലം കഴിഞ്ഞാലും അതു മനസ്സില്‍ നിന്നു മായുകയില്ല. ഷേക്സ്പീരിയന്‍ വില്ലന്മാര് പോലും ഇരുളിന്റെ മറവിലാണ് തെറ്റുകള്‍ ചെയ്യുന്നത്. ലോകം മുഴുവന്‍ ഉറ്റുനോക്കിയിരിക്കെ പകല്‍ വെളിച്ചത്തില്‍ സിദാന് തന്റെ ദുരന്തത്തിലേക്കുള്ള വഴി തെരഞ്ഞെടുക്കുന്നു. കോടിക്കണക്കിനു ജനങ്ങള്‍ക്കു മുന്നില്‍ വെച്ച്. ഒരു നിമിഷം കൊണ്ട് ശപിക്കപ്പെട്ടവനായി മാറുന്നു. രാജ്യത്തിന്റെ വീരപുത്രന് ഒറ്റുകാരനാവുന്നു. മഹാനായ കലാകാരന് അപമാനിതനായ കുറ്റവാളിയാവുന്നു. ഫുട്ബോള്‍ ഏതു നാടകത്തെയും വെല്ലുന്ന നാടകമാണെന്നും ഏതു ജീവിതത്തെയും നിസ്സാരമാക്കുന്ന ജീവിതപാഠമാണെന്നും സിദാന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഏറ്റവും ഹൃദ്യമായ സൗഹൃദത്തിന്റെയും ഉദാത്തമായ പെരുമാറ്റത്തിന്റെയും അരങ്ങാണ് ഫുട്ബോളെന്ന് അതിനും രണ്ടു ദിവസം മുമ്പ് കാണിച്ചു തന്നത് ഇതേ സിദാനാണ്! പോര്‍ച്ചുഗലുമായുള്ള മത്സരത്തിനു ശേഷം ഫിഗോയുമായി ജേഴ്സി കൈമാറിയും അയാളെ ആശ്വസിപ്പിച്ചും നിന്ന സിദാന്. 
അതേ സിദാനാണ് ഇതെന്നു വിശ്വസിക്കാന്‍ ഇന്നും കഴിയുന്നില്ല. സിദാനെപ്പോലെതന്നെ മഹത്വത്തിലേക്കുള്ള പാതയില്‍ ഒരു ലോകകപ്പ് ഫൈനലിന്റെ ദൂരം മാത്രം സഞ്ചരിക്കാന്‍ ബാക്കിയുണ്ടായിരുന്ന ഫിഗോയെ സെമിയില്‍ തോല്‍പ്പിച്ചു പുറത്താക്കിയതിന്റെ സങ്കടം അന്നത്തെ സിദാന്റെ ചലനങ്ങളില്‍ പോലും ഉണ്ടായിരുന്നു. മാന്യതയുടെയും സൗമ്യതയുടെയും ഫുട്ബോളിലെ എല്ലാ മാനുഷികമൂല്യങ്ങളുടെയും മാതൃകയായി ഗ്രൗണ്ടില്‍ അവര്‍ പരസ്പരം പുണര്‍ന്നു നിന്ന കാഴ്ച ആ ലോകകപ്പിലെ തന്നെ ഏറ്റവും ഹൃദയഹാരിയായ ദൃശ്യമായിരുന്നു. അതേ സിദാനാണ് കലികൊണ്ട മുട്ടനാടിനെപ്പോലെ ഒരു സഹകളിക്കാരനെ കളി നടക്കെത്തന്നെ ഇടിച്ചു താഴെയിട്ടിരിക്കുന്നത്! ഒരു സാധാരണ മാച്ചിലല്ല, ലോകകപ്പ് ഫൈനലില്‍. തോറ്റു നില്ക്കുന്ന ഒരു കളിയിലല്ല, ജയിച്ചേക്കാവുന്ന അവസ്ഥയില്‍. രാജ്യം മുഴുവന്‍, അല്ല ലോകം മുഴുവന്‍, ഉറ്റു നോക്കുന്ന സമയത്ത്. എന്തു കൊണ്ട് സിദാന് അതു ചെയ്തു? എന്തിന്? അറിയില്ല.
വ്യാഖ്യാനങ്ങള്‍ ഏറെ വന്നു കഴിഞ്ഞു. ഇന്നും സത്യമറിയാവുന്നവര്‍ അവര്‍ -സിദാനും മറ്ററാസിയും- മാത്രം. അവര്‍ തന്നെ വ്യത്യസ്തമായാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. അവരുടേതായ ആ രഹസ്യം ഭാഗികമായല്ലാതെ ഒരിക്കലും പുറത്തു വന്നില്ലെന്നും വരാം. അതിന്റെ വീഡിയോ റീപ്ലേകള്‍ ആവര്‍ത്തിച്ചു കണ്ടപ്പോള്‍ ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യം കൂടി മനസ്സില്‍ ഉയര്‍ന്നു വന്നു. എന്തിനു സിദാന് അയാളെ തല കൊണ്ടിടിച്ചു? എന്തു കൊണ്ട് തല? മുട്ടനാടിനെപ്പോലെ പാഞ്ഞു വന്നുള്ള ഇടി! അതും നെഞ്ചില്‍ തന്നെ! കൈയോ കാലോ എന്തു കൊണ്ട് ഉപയോഗിച്ചില്ല?
മാസങ്ങള്‍ കഴിഞ്ഞിട്ടും ആ ചോദ്യം ഉള്ളില്‍ കിടക്കുന്നു. ഉത്തരം കിട്ടാതെ. കളി കണ്ട പലരോടും വെറുതെ ആവര്‍ത്തിച്ചു ചോദിച്ചു. രസകരമായ ഒരു മറുപടി വന്നത് കഥാകൃത്തായ സുഭാഷ് ചന്ദ്രനില്‍ നിന്നായിരുന്നു: തൊട്ടു മുമ്പ് പാഴായിപ്പോയ ഹെഡ്ഡര്‍ അയാളുടെ ഉള്ളില്‍ കിടന്നു കലമ്പല്‍ കൂട്ടിയിരിക്കാമെന്നായിരുന്നു ആ നിരീക്ഷണം. അതു സത്യമായിരിക്കണം. സദാ സ്വയം കലഹിക്കുന്ന ഒരു കലാകാരന് അയാളുടെ പാഴായിപ്പോകുന്ന ഓരോ ശ്രമങ്ങളെപ്രതിയും അസ്വസ്ഥനായിരിക്കും. അയാളിലെ അബോധമായ നിരാശയുടെ വിസ്ഫോടനം അതിന്റെ പുനരാവിഷ്കാരമായിട്ടേ അപ്പോള്‍ സംഭവിക്കൂ. ആ ശ്രമം ഗോളായി മാറിയിരുന്നെങ്കില്‍ ഒരു പക്ഷെ ഇതേ വാക്കുകള്‍ അദ്ദേഹത്തെ ഇതേ അളവില്‍ പ്രകോപിപ്പിക്കുമായിരുന്നില്ല. ഇതേ മറ്ററാസിയുടെ ഹെഡ്ഡറിലാണ് തന്റെ കലാപരമായ പെനാല്‍ട്ടി നിര്വീര്യമായിപ്പോയതെന്ന ശത്രുതയും അയാളുടെ ഉള്ളിന്റെ ഉള്ളില്‍ ഉണ്ടായിരുന്നിരിക്കുമോ? എന്തോ, അറിയില്ല. അയാളുടെ തലയില്‍ കൊമ്പുണ്ടായിരുന്നില്ല എന്നതില്‍ നമുക്കാശ്വസിക്കുക എന്നും സുഭാഷ് പറഞ്ഞു. അതു കേട്ടപ്പോള്‍ ഒന്നു ഞെട്ടി. ദൈവമേ! കപ്പേറ്റു വാങ്ങേണ്ട കൈകളില്‍ വിലങ്ങുമായി ലോകത്തെ കോടിക്കണക്കിനു പ്രേക്ഷകര്‍ക്കു മുന്നിലൂടെ അയാള്‍ നടന്നകലുന്നതു നമുക്കു കാണേണ്ടി വന്നില്ലല്ലോ.
മറ്റൊരു കഥാകൃത്ത്, കെ.രഘുനാഥന്, ആ കളി കാണുമ്പോള്‍ കൂടെ ഉണ്ടായിരുന്നു. ലോകം മുഴുവന്‍ കാണ്‍കെ സിദാന് അതു ചെയ്തതിനെക്കുറിച്ച് രഘുവിന് മറ്റൊരു വിശദീകരണം ഉണ്ടായിരുന്നു: `ലോകം മുഴുവന്‍ തുറിച്ചു നോക്കുന്നു, രാജ്യം മുഴുവന്‍ കാത്തിരിക്കുന്നു, നിയമങ്ങള്‍ ചുറ്റും വളഞ്ഞു നില്ക്കുന്നു തുടങ്ങിയ കാര്യങ്ങള്‍, നമുക്കു വലുതെന്നു തോന്നുന്ന കാര്യങ്ങള്‍ മാത്രമാണ്. ഗ്രൗണ്ടില്‍ നില്ക്കുന്നവന് അതൊന്നും ബാധകമല്ല. അവന് വേറെ ഒരു ലോകത്താണ്. അവന്റെ മാത്രം ലോകം. ജയത്തില്‍ കുറഞ്ഞ ഒന്നും അവനെ ഉത്തേജിപ്പിക്കുന്നില്ല. സിദാനാകട്ടെ, വെറും കളിക്കാരനല്ല. അയാളിലെ കളിക്കാരന് കലാകാരനെപ്പോലെയാണ്. അസ്വസ്ഥനും അക്രമാസക്തനുമാണ്. കാരണം, അയാള്‍ സൃഷ്ടിയുടെ ലോകത്താണ്. അവിടെ അയാള്‍ ഏകനാണ്. ഒരു ലൗകികനിയമങ്ങളും ആ നിമിഷങ്ങളില്‍ അയാള്‍ക്കു ബാധകമല്ല. അതിനെപ്രതി, അയാള്‍ ഒരിക്കലും പശ്ചാത്തപിക്കുകയുമില്ല`. - രഘുവിന്റെ നിരീക്ഷണവും ശരിയായിരിക്കണം. സിദാന് ഫ്രഞ്ച് ടി വിയിലൂടെ രാജ്യത്തോടു മാപ്പു ചോദിച്ചത് അവരുടെ പ്രതീക്ഷകളെ തകര്‍ത്തതിനും കുട്ടികള്‍ക്ക് മോശമായ മാതൃക സൃഷ്ടിച്ചതിനും മാത്രമായിരുന്നു. മറ്ററാസിയെ ഇടിച്ചതു തെറ്റായിപ്പോയെന്ന് അയാള്‍ പറഞ്ഞതേയില്ല. കലാകാരന്മാര്‍ക്കേ കലാകാരന്മാരുടെ നൈമിഷികമായ വികാരവിക്ഷോഭങ്ങളെ മനസ്സിലാക്കാന്‍ കഴിയൂ!
ഫുട്ബോളിന്റെ ലോകം പക്ഷെ, അവരുടെ ലോകമല്ല. പരുക്കന്മാരായ കളിക്കാരുടേയും വിജയദാഹികളായ മാനേജര്‍മാരുടെയും നിര്‍ദ്ദയമായ ടാക്ലിങ്ങുകളുടെയും മുരടനായ ഒരു റഫറിയുടെയും ആ ലോകത്ത് കലാകാരനായി തുടരാന്‍ ഒരു കളിക്കാരന് കഴിയണമെന്നില്ല. അയാളിലെ കലാകാരനെ ലോകം ഉള്‍ക്കൊള്ളണമെന്നുമില്ല. ഒന്നുകില്‍ അയാള്‍ ഭ്രാന്തനാകും. അല്ലെങ്കില്‍ സ്വയം ഇരയാകും. മാറഡോണയെ നിഷ്ഠുരമായി കമറൂണ്‍ താരങ്ങള്‍ വേട്ടയാടിയ 90ലെ ലോകകപ്പില്‍ ഒരു റഫറിയും അയാളെ സഹായിക്കാന്‍ ഉണ്ടായില്ല. പീഡനങ്ങളുടെ പാരമ്യത്തില്‍ മാറഡോണ എത്തിച്ചേര്‍ന്ന ഇരുണ്ട ലോകം ഉന്മാദത്തോളമെത്തുന്ന ആത്മപീഡനത്തിന്റേതായിരുന്നു. സിദാനാകട്ടെ അതിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് സ്വയം ഇരയായി. നിയമങ്ങള്‍ ലംഘിച്ച ആ കലാകാരന് ഫുട്ബോളിന്റെ പരമപദത്തിലേക്ക് ഒരു ചുവടു മാത്രം ബാക്കി നില്‍ക്കെ ഇരുട്ടിലേക്ക് സ്വയം തള്ളിയിട്ടു. വരച്ച ചിത്രം നശിപ്പിച്ചുകളയുന്ന ചിത്രകാരനെപ്പോലെ, എഴുതിയ വരികള്‍ കീറി കാറ്റില്‍ പറത്തുന്ന കവിയെപ്പോലെ, ഒരു കലാകാരനു മാത്രം കഴിയുന്ന സ്വയംഹത്യയാണ് സിദാനും ചെയ്തത്. അതില്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷകള്‍ കൂടി തകര്‍ത്തു എന്ന അധികമാനം കൂടി ഉള്‍ച്ചേര്‍ന്നിരിക്കുന്നതിനാല്‍ അത് ആത്മഹത്യ മാത്രമല്ല, ഒരു തരത്തില്‍ കൊലപാതകം കൂടിയായി! ആ കുറ്റവും അയാള്‍ ശിരസ്സില്‍ പേറി. വ്യാഖ്യാനമില്ലാത്ത വേദനയോടെ. ഒരു പക്ഷെ, അയാള്‍ക്കു പോലുമറിയാത്ത കാരണങ്ങള്‍ കൊണ്ട്.
അതു ലോകനീതിയായിരിക്കാം. പൂര്‍ണത മനുഷ്യനു പറഞ്ഞിട്ടുളളതല്ല. അതു ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണെന്നു വിശ്വസിക്കുന്നവനാണ് മനുഷ്യന്. ഫുട്ബോളിന്റെ ദൈവവും, അങ്ങിനെ ഒരാള്‍ ഉണ്ടെങ്കില്‍, അങ്ങിനെ സ്വയം വിശ്വസിക്കുന്നുണ്ടാവാം. അതാവാം തന്റെ സിംഹാസനത്തിനു തൊട്ടു താഴെ വരെയെത്തിയ സിദാനെ, ബാബേല്‍ ഗോപുരം പണിതിരുന്നവരെയെന്നപോലെ, അദ്ദേഹം ശപിച്ചത്. ഒരു മനുഷ്യായുസ്സു കൊണ്ട് കെട്ടിപ്പൊക്കിയ ആ സ്വര്ഗ്ഗഗോപുരം ഒറ്റ ശാപവാക്കു കൊണ്ട് തകര്‍ത്തെറിഞ്ഞത്. ദൈവങ്ങള്‍ക്കു പോലും അസൂയ തോന്നുന്നതായിരുന്നുവല്ലോ ആ നിര്‍മ്മിതി. 
വീണ്ടുമൊരു ജൂണ്‍ മാസം. മഴക്കാലം. ലോകകപ്പില്ല. പക്ഷെ കണ്ണീരായി, വിഷാദരാഗങ്ങളായി സിദാന്റെ ഓര്‍മ്മകള്‍ പെയ്തു കൊണ്ടേയിരിക്കുന്നു. ഓര്‍ക്കാന്‍ എത്രയോ നല്ല മത്സരങ്ങളും മുഹൂര്‍ത്തങ്ങളും സമ്മാനിച്ചു കൊടിയിറങ്ങിയ ലോകകപ്പ് പക്ഷെ അവസാനത്തെ പത്തു മിനുട്ടു കൊണ്ട് അതു പകര്‍ന്ന മറ്റെല്ലാ ആനന്ദങ്ങളെയും പുറകോട്ടു തള്ളി! ഓര്‍മ്മയില്‍ ബാക്കിയാവുന്നത് സിദാന്റെ ഇരുട്ടിലേക്കുള്ള വീഴ്ചയും ശബ്ദമില്ലാത്ത നിലവിളിയും ഒരു കലാകാരന്റെ വ്യാഖ്യാനമില്ലാത്ത ആത്മഹത്യയും മാത്രം....
*******
Previous Posts:
കുടിപ്പകയുടെ നാള്‍വഴികള്‍
ഒന്നാമനാവാന്‍ ഒരു നൂറ്റാണ്ടു യുദ്ധം
ഒരേ നിറമുള്ള പൂക്കള്‍
കളിയോര്‍മ്മകളിലെ പൂമരങ്ങള്‍
അവസാനത്തെ റൈറ്റ്-ഔട്ട്
ടൂര്‍ണമെന്റുകളല്ല വേണ്ടത്
Read more...
Thursday, June 07, 2007
കുടിപ്പകയുടെ നാള്‍വഴികള്‍
നൂറ്റാണ്ടുയുദ്ധം -ഭാഗം 2
ബ്രസീലിന് അടിമകളുടേയും അര്‍ജന്റീനക്ക് പടയോട്ടക്കാരുടേയും പൈതൃകമാണുള്ളതെന്നു പറയാറുണ്ട്. നൂറ്റാണ്ടു നീണ്ട അവരുടെ ഫുട്ബോള്‍ വൈരത്തിലും അതിന്റെ നിഴല്‍പ്പാടുകള്‍ വീണു കിടപ്പുണ്ട്. പോര്‍ച്ചുഗീസ്-സ്്പാനിഷ് ശത്രുതയുടെ വറ്റാത്ത ചോരച്ചാലുകള്‍ നൂറ്റാണ്ടുകള്‍ക്കു ശേഷവും അവരുടെ ഞരമ്പുകളില്‍ പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു.
പരസ്പരം അസഹിഷ്ണുക്കളായ, കറുത്തവരും വെളുത്തവരുമായ ഈ രണ്ടു ജനതക്ക്് ഒറ്റ കാര്യത്തിലേ യോജിപ്പുണ്ടായിരുന്നുള്ളൂ. ഫുട്ബോളിനോടുള്ള പ്രേമത്തില്‍. ഫുട്ബോള്‍ അവരുടെ മതവും ഭാഷയും ആയുധവുമായിരുന്നു. രണ്ടിടത്തും ഫുട്ബോള്‍ കൊണ്ടുവന്നത് യൂറോപ്പുകാരാണെങ്കിലും കളിയുടെ വളര്‍ച്ച രണ്ടു തരത്തിലാണ് സംഭവിച്ചത്്. ബ്രസീല്‍ അതിനെ ആത്മാവില്‍ സ്വാംശീകരിച്ചു. അര്‍ജന്റീന ഹൃദയത്തിലും. ഒന്നു ജീവിതമായിരുന്നു, മറ്റേതു യുദ്ധവും. ബ്രസീലില്‍ ഫുട്ബോള്‍ പാവപ്പെട്ടവന്റെ ആത്മപ്രകാശനമായി മാറി. അര്‍ജന്റീനയില്‍ ഉപരിവര്‍ഗം അതിന്മേലുള്ള പിടി തുടര്‍ന്നു. ഒരു കളി ജയിക്കുന്നത് ബ്രസീലുകാരന്്്് സ്വാതന്ത്ര്യത്തിലേക്കുള്ള വാതില്‍ തുറക്കലായിരുന്നു. അര്‍ജന്റീനയില്‍ കളി ഒരു വിനോദമായി തന്നെ നിലനിന്നു. യജമാനന്മാര് തമ്മിലുള്ള കുടിപ്പകകള്‍ കളിക്കളങ്ങളിലെ പ്രകടനത്തിലൂടെ തീര്‍ത്തുകൊടുക്കുന്ന ബ്രസീലിയന്‍ ഫുട്ബോള്‍ താരത്തിന് അടിമപ്പണിയില്‍ നിന്നു മോചനവും സമ്മാനങ്ങളും ലഭിക്കുമായിരുന്നു. 'ദൈവം ബ്രസീലുകാരനാ'ണെന്ന ശൈലി അതിനുള്ള നന്ദിപ്രകാശനമായിട്ടാണ് അവിടെ രൂപപ്പെട്ടു വന്നത്. എന്നാല്‍ ഓരോ ജയവും തങ്ങള്‍ അര്‍ഹിക്കുന്നതാണെന്ന, ആത്മവിശ്വാസം നിറഞ്ഞ, യൂറോപ്യന്‍ കാഴ്ചപ്പാടായിരുന്നു അര്‍ജന്റീനക്കാര്‍ക്ക്. 'ദൈവത്തിന്റെ കൈ' അതില്‍ ഉണ്ടാവാമെന്നു മാത്രം.
സ്വാതന്ത്ര്യം അന്വേഷിച്ചു പോകുന്നവന്റേയും കീഴടക്കാന്‍ ഭൂഖണ്ഡങ്ങള്‍ തേടിപ്പോകുന്നവന്റേയും ഏറ്റുമുട്ടലിന്റെ കഥയായി തുടങ്ങിയ ആ പോരാട്ടം ഇന്നും തുടരുന്നു. കാലത്തിന്റെ യാത്രയില്‍ അതിനു മാറ്റങ്ങള്‍ വന്നു. ഗോത്രവൈരത്തിന്റെ പഴയ ചില കൊടിയടയാളങ്ങള്‍ ബാക്കിയാക്കിക്കൊണ്ട് അതു നിലനില്‍ക്കുന്നുണ്ടെങ്കിലും അതിരുകള്‍ മാഞ്ഞ് ഒരു ആഗോളഗ്രാമമായി ചുരുങ്ങിയ സമകാലലോകത്ത് ഇന്ന് പഴയ തീവ്രതയൊന്നും അതിനില്ല. നൂറ്റാണ്ടു നീണ്ട ഒരു കുടിപ്പകയുടെ അടിവേരുകള്‍ അന്വേഷിച്ചു പോകുമ്പോള്‍ പക്ഷെ, ഈ വൈരുദ്ധ്യത്തിന്റെ മുറിവുകള്‍ ഉടനീളം നമുക്കു കാണാം.
എന്നെന്നും എതിരാളികള്‍
ലോകഫുട്ബോളിലെ ഒന്നാം സ്ഥാനത്തിന് മല്‍സരിക്കുന്നവരില്‍ ഒരു ടീം എക്കാലവും ബ്രസീലായിരുന്നു. മറുവശത്ത് എതിരാളികള്‍ മാറി മാറി വന്നു. 1950കള്‍ വരെ ഉറുഗ്വായ്്, 1970കളില്‍ ജര്‍മ്മനിയും ഹോളണ്ടും, 1980കളില്‍ ഇറ്റലി, പിന്നീടൊരല്പ്പകാലം ഫ്രാന്‍സ്്.. അങ്ങിനെ പലരും. അവരിലാര്‍ക്കും ബ്രസീലിന് ദീര്‍ഘകാലം വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ വൈരുധ്യമെന്നു തോന്നാം, സ്വന്തം ഭൂഖണ്ഡമായ തെക്കെ അമേരിക്കയില്‍ ഈ മേധാവിത്തം അവര്‍ക്കുണ്ടായിട്ടില്ല. നൂറ്റാണ്ടു നീണ്ട അവരുടെ ജൈത്രയാത്രയില്‍ അര്‍ജന്റീനയായിരുന്നു അവിടെ എതിരാളി. അനൗദ്യോഗികവും ഔദ്യോഗികവുമായ എല്ലാ മല്‍സരങ്ങളും ചേര്‍ത്തുവെച്ചാല്‍ ഇവരുടെ റെക്കോഡ് ഇപ്പോഴും ഏറെക്കുറെ സമാസമം നില്ക്കുന്നതു കാണാം. മറ്റൊരു ടീമിനും ബ്രസീലിനെതിരെ ഇത്ര ഭേദപ്പെട്ട റെക്കോഡ് ഇല്ല.
ബ്രസീലിന്റെ ആദ്യ അന്താരാഷ്ട്രമത്സരം തന്നെ അര്‍ജന്റീനയോടായിരുന്നു. അതും തോല്‍വിയോടെ. 1914 സെപ്തംബര്‍ 20ന്്. അതിനും 13 വര്‍ഷം മുമ്പ്്, 1901 മെയ് 16ന് അര്‍ജന്റീന അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറിക്കഴിഞ്ഞിരുന്നു. അങ്ങിനെ ഞങ്ങളാണ് ഈ കളി ആദ്യം കളിച്ചു തുടങ്ങിയതെന്ന വീരവാദവും അര്‍ജന്റീനക്കുണ്ട്. (ബ്രസീലിനെ നേരിടും മുമ്പ് 44 അന്താരാഷ്ട്ര മത്സരങ്ങള്‍ ഉറുഗ്വായുമായി മാത്രം അവര്‍ കളിച്ചു കഴിഞ്ഞു). ഇതുവരെ നേരിട്ട ഏറ്റവും വലിയ തോല്‍വി(6-1) കളിലൊന്ന് അര്‍ജന്റീനയില്‍ നിന്നാണെന്നതും തീര്‍ക്കാനുള്ള കണക്കായി ബ്രസീലിന്റെ റെക്കോഡുപുസ്തകത്തില് ബാക്കി നില്ക്കുന്നു. ഇവര്‍ തമ്മിലുള്ള ഓരോ മാച്ചിലും ചെയ്തു തീര്‍ക്കാനാവാത്ത യുദ്ധങ്ങളുടെ തീയും പുകയും നിറഞ്ഞു നിന്നിരുന്നത് ഇതൊക്കെ കൊണ്ടാവണം.
തുടക്കം സൗഹൃദ പൂര്‍ണ്ണം
ഈ ശത്രുതയുടെ തുടക്കം തീവ്രമായ സൗഹൃദത്തോടെയായിരുന്നു എന്നതാണ് കൗതുകം. തെക്കേ അമേരിക്കന്‍ ഫുട്ബോളിന്റെ കുലപതിയായിരുന്ന ലഫ്റ്റനന്റ് ജൂലിയോ റോക്ക തുടങ്ങിവെച്ച റോക്ക കപ്പില്‍ കളിക്കാനാണ് ബ്രസീല്‍ ആദ്യമായി അര്‍ജന്റീനയില്‍ എത്തുന്നത്. സ്നേഹാദരങ്ങളോടെ, പൂക്കള്‍ സമ്മാനിച്ചാണ് അവരെ എതിരാളികള്‍ വരവേറ്റത്. 1914 സപ്തംബര്‍ 20നു നടന്ന ആ മത്സരത്തില്‍ പക്ഷെ ബ്രസീല്‍ തോറ്റു. 3-1. അതൊരു സൗഹൃദമത്സരം മാത്രമായിരുന്നു. 27ാം തീയതി റോക്ക കപ്പില്‍ വീണ്ടും അവര്‍ ഏറ്റുമുട്ടി. ലാ പ്ലാറ്റയിലെ ജിംനേഷ്യം ഗ്രൗണ്ടിലായിരുന്നു കളി. 30 മീറ്റര്‍ ദൂരെ നിന്നു റൂബന്‍ സാലാസ് തൊടുത്ത ഷോട്ടില്‍ ബ്രസീലാണ് ലീഡെടുത്തത്. രണ്ടാം പകുതിയില്‍ അര്‍ജന്റൈന്‍ താരം ലിയോനാര്‍ഡി ഗോള്‍ മടക്കി. ബ്രസീലിയന്‍ റഫറി ഡോ. ആല്‍ബര്‍ട്ടോ ബോഗ്രേത് ഗോള്‍ എന്നു വിധിക്കുകയും ചെയ്തു. പക്ഷെ, പന്തു വര കടക്കും മുമ്പ് ലിയോനാര്ഡിയുടെ കൈയില്‍ കൊണ്ടിരുന്നുവെന്നും, അതുകൊണ്ട് ഞങ്ങള്‍ക്കീ ഗോള്‍ വേണ്ടെന്നും അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ഗാലപ് ലാനൂസ് റഫറിയോടു പറഞ്ഞു. കളി തീര്‍ന്നപ്പോള്‍ ആയിരക്കണക്കിനു കാണികള്‍ ഗ്രൗണ്ടിലേക്കിരച്ചു കയറി ഇരു ടീമുകളെയും അഭിനന്ദനങ്ങള്‍ കൊണ്ടു മൂടി. ഇത്ര മികച്ച സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് കാഴ്ച വെച്ചതിനായിരുന്നു അഭിനന്ദനം.
ചോര മണക്കുന്നു
1937 ജനുവരി 31. ക്രുസെയ്റോ റേഡിയോവില്‍ ബ്രസീല്‍ ക്യാപ്റ്റന്‍ റോബര്‍ട്ടോവിന്റെ ശബ്ദം മുഴങ്ങി. അവസാന തുള്ളി രക്തം വരെയും ഞങ്ങള്‍ പൊരുതും. ദേശീയ പതാകയുടെ ചുവട്ടില്‍ നിന്ന് കോച്ച് അഡമീര്‍ പിമെന്റോ കുട്ടികളോടു പറഞ്ഞു, ഇത് രാജ്യത്തിന്റെ അഭിമാനപ്രശ്നമാണ്. നമുക്കു ജയിച്ചേ തീരൂ.
സൗഹാര്‍ദ്ദത്തിന്റേയും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്റേയും ഉദാത്ത മാതൃകയായി തുടങ്ങിയ അവരുടെ കളി ഇരുപതു കൊല്ലം കഴിയുമ്പോഴേക്കും യുദ്ധമായിക്കഴിഞ്ഞതിന്റെ ശബ്ദമാണ് ഈ കേട്ടത്. മാറ്റം ഇരു രാജ്യങ്ങളിലും വന്നിരുന്നു. അര്‍ജന്റീന ധനികരാജ്യമായിക്കഴിഞ്ഞിരുന്നു. രണ്ടിടത്തും പട്ടാളഭരണകൂടങ്ങള്‍ ദേശീയത വലിയൊരായുധമായി ഉയര്‍ത്തിക്കൊണ്ടു വന്നു. പരസ്പരം വെറുപ്പും ശത്രുതയും രഹസ്യമായി പ്രചരിപ്പിക്കപ്പെട്ടു. അതു വളര്‍ന്നു വളര്‍ന്നു വന്നു. രണ്ടു പതിറ്റാണ്ടു കൊണ്ട് എല്ലാം മാറിപ്പോയി. അര്‍ജന്റീനയില്‍ വന്നിറങ്ങിയ ബ്രസീലുകാരെ ഇക്കുറി വരവേറ്റത് സൗഹൃദത്തിന്റെ റോസാപ്പൂക്കളായിരുന്നില്ല. കുരങ്ങന്മാര് എന്ന വിളികളായിരുന്നു. തെരുവിലും ഗ്യാലറിയിലും അവരെ പുറകെ നടന്നു കൂവി ജനം. റിയോ ഡി ജനീറോവില്‍ വൈദ്യുതി വന്നുവോ ടെലിഫോണ്‍ കിട്ടുമോ എെന്നാക്കെയായിരുന്നു ചോദ്യങ്ങള്‍. ബ്യൂണസ് ഐറിസ് അന്നേക്കു തന്നെ എല്ലാം തികഞ്ഞ ഒരു യൂറോപ്യന്‍ നഗരമായി തീര്‍ന്നിരുന്നു. ജനങ്ങള്‍ ആധുനികരും. റിയോ അപ്പോഴും പട്ടിണിയുടെയും ചേരികളുടെയും അപരിഷ്കൃതരുടെയും നഗരമായി തുടര്‍ന്നു.
ഇതിനകം പതിനെട്ടു വട്ടം കളിക്കളത്തില്‍ ഇവര്‍ ഏറ്റുമുട്ടിക്കഴിഞ്ഞിരുന്നു. അതില്‍ പതിനൊന്നും ജയിച്ചത് അര്‍ജന്റീന. ജയം ഇരു രാജ്യങ്ങള്‍ക്കും അഭിമാനപ്രശ്നമായിത്തുടങ്ങി. വീരവാദങ്ങള്‍ മുഴക്കിയാണ് ഇരു ടീമുകളും കളിക്കാന്‍ ഇറങ്ങിയത്. കളി തീര്‍ന്നപ്പോള്‍ ബ്രസീല്‍ പിന്നെയും തോറ്റു. ഒന്നാം പകുതി ശരിക്കും യുദ്ധമായിരുന്നു. ബാര്ട്ടോവിനു പരിക്കേറ്റു. ജോവിന്റെ ചുമല് തകര്‍ന്നു. ഇടവേളക്കു ശേഷം അര്‍ജന്റീന തുടരെ തുടരെ രണ്ടു ഗോളടിച്ചപ്പോള്‍ കളി കൂടുതല്‍ സംഘര്‍ഷഭരിതമായി. അതിലൊരു ഗോള്‍ ബ്രസീല്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. സെന്റ് ലൊറന്‍സോ സ്റ്റേഡിയത്തിലെ സുരക്ഷാസ്ഥിതിയും വഷളായപ്പോള്‍ ബ്രസീല്‍ കളിക്കാര്‍ മൈതാനം വിട്ടു. ക്യാമ്പില്‍ നിന്നു ഓടിപ്പോകാനും കളിക്കാര്‍ ശ്രമിച്ചു. എന്നാല്‍ ഡ്രസ്സിങ് റൂം പൂട്ടി സംഘാടകര്‍ പകരം വീട്ടി. വര്‍ഷങ്ങളോളം നാണക്കേടിന്റെ കളി എന്നാണ് ഈ മത്സരത്തെ ബ്രസീല്‍ മീഡിയ വിശേഷിപ്പിച്ചിരുന്നത്. ബ്രസീല്‍-അര്‍ജന്റീന ഫുട്ബോള്‍ ബന്ധങ്ങളില്‍ കഠിനമായ ഉലച്ചില്‍ സംഭവിക്കുന്നത്് ഈ മല്‍സരത്തോടെയാണ്.
ഗോള്‍കീപ്പറില്ലാത്ത പെനാല്‍ട്ടി
ബ്രസീലില്‍ ആ തോല്‍വിയുടെ മുറിവുണങ്ങിയില്ല. പ്രതികാരദാഹവുമായി അവര്‍ കാത്തിരുന്നു. അടുത്ത ഊഴത്തിനായി..
1939 ജനുവരി 15. റോക്കാ കപ്പില്‍ അവരുടെ അടുത്ത മല്‍സരം കുറിക്കപ്പെട്ടു. 1938 ലോകകപ്പിലെ മൂന്നാം സ്ഥാനവുമായി വന്ന ബ്രസീല്‍ അപാരമായ ആത്മവിശ്വാസത്തിലായിരുന്നു. അതവരുടെ ചരിത്രത്തിലെ മികച്ച ടീമുകളിലൊന്നായിരുന്നു. ലിയോണിദാസ്, ടിം, ഹെര്‍ക്കുലീസ്, ലൂസീന്യോ, ഡൊമിംഗോസ്്, റോമിയോ, മച്ചാഡോ, ബ്രന്‍ഡാവോ, തുടങ്ങിയവര്‍ ഉള്‍പ്പെട്ട ആ നിരയില്‍ ബ്രസീലിനു വലിയ വിശ്വാസമായിരുന്നു. അങ്ങിനെയാണ് വീണ്ടും അങ്കം കുറിച്ചത്.
ഒടുവില്‍ മത്സരദിവസം വന്നു. ബ്രസീലില്‍ വെച്ചായിരുന്നു കളി. സ്വന്തം ഗ്രൗണ്ടില്‍ അര്‍ജന്റീനയെ തകര്‍ക്കുന്നതു കാണാന്‍ സാവോ ജനീറോവില്‍ ഒരു ലക്ഷത്തിലധികം പേരാണ് തടിച്ചു കൂടിയത്. കളി കഴിഞ്ഞപ്പോള്‍ ബ്രസീല്‍ 5-1നു തോറ്റു. അവരുടെ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട തോല്‍വികളിലൊന്ന്.
ആറു ദിവസത്തിനകം ഒരു മാച്ചു കൂടി വെച്ചു. റിട്ടേണ്‍ മാച്ചിന്റെ വേദി വാസ്കോ ഡ ഗാമയായിരുന്നു. രണ്ടു ടീമുകളും പൂര്‍വാധികം വാശിയോടെ ഗ്രൗണ്ടിലിറങ്ങി. ആദ്യം ഗോളടിച്ചതു ബ്രസീലായിരുന്നു. അര്‍ജന്റീന അതു 2-1 ആക്കി. വീണ്ടും ബ്രസീല്‍ സമനില പിടിച്ചു. കളി തീരാന്‍ മിനുട്ടുകള്‍ ശേഷിക്കെ, റഫറി കാര്‍ലോസ് ഹണ്ടര്‍ ബ്രസീലിന് അനുകൂലമായി ഒരു പെനാല്‍ട്ടി വിധിച്ചു. അതു പെനാല്ട്ടിയല്ലെന്നായി അര്‍ജന്റീന. കളി സ്്തംഭിച്ചു. വിവാദം മൂത്തു. അതിനിടെ അര്‍ജന്റൈന്‍ താരം അര്കാഡിയോ ലോപ്പസ് റഫറിയെ ആക്രമിച്ചു. റഫറി പോലീസിനെ വിളിച്ചു. കളി കാര്യമായതോടെ അര്‍ജന്റീന ഗ്രൗണ്ട് വിട്ടു.
ഗോള്‍കീപ്പറില്ലാത്ത പോസ്റ്റില്‍ ഗോളടിപ്പിച്ച്് റഫറി കളി ബ്രസീലിന് അനുകൂലമായി വിധിച്ചു. ഈ മല്‍സരത്തിന്റെ ഫലം അര്‍ജന്റീന ഇന്നും അംഗീകരിച്ചിട്ടില്ല.
ചവുട്ടിയൊടിച്ച കാലുകള്‍
ഒരു കൊല്ലത്തിനകം ബ്രസീല്‍ രണ്ടു വട്ടം കൂടി തോറ്റു. രണ്ടും അവരുടെ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികള്‍. 6-1നും 5-1നും. റോക്ക കപ്പിലായിരുന്നു രണ്ടു തോല്‍വികളും. പകരം വീട്ടാനാവാതെ ബ്രസീലിലെ കളിക്കാരും കാണികളും അസ്വസ്ഥരായി. ഓരോ തവണ വെല്ലുവിളിക്കുമ്പോഴും തോല്‍വിയുടെ കനം കൂടുകയല്ലാതെ കുറയുന്നില്ല.
ആറു വര്‍ഷം കടന്നുപോയി. 1945 ഡിസംബറില്‍ റോക്ക കപ്പ് വീണ്ടും റിയോ ഡി ജനീറോവില്‍ മടങ്ങിയെത്തി. പോരാട്ടത്തിനു നാളും തീയതിയും കുറിക്കപ്പെട്ടു. ആദ്യ മാച്ച് ഡിസംബര്‍ 20നും റിട്ടേണ്‍ മാച്ച് 26നുമായിരുന്നു. ഇത്തവണ ബ്രസീല്‍ പകരം വീട്ടി. അര്‍ജന്റീനക്കെതിരായ ഏറ്റവും ആധികാരിക ജയങ്ങള്‍ അവര്‍ കണ്ടെത്തി. 6-2, 3-1. പക്ഷെ വിവാദവും വിദ്വേഷവും കൊണ്ട് കലുഷിതമായിരുന്നു ഈ മാച്ചുകളും.
6-2ന് ബ്രസീല്‍ ജയിച്ച മാച്ചിലായിരുന്നു ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുടെ തുടക്കം. രണ്ടു ഗോളടിച്ച ബ്രസീലിന്റെ അഡമീര്‍ മെനസിസ് അര്‍ജന്റൈന്‍ താരം ബൊട്ടഗ്ലീറോയുടെ കാല് ചവുട്ടി ഒടിച്ചു. റഫറി അതവഗണിച്ചു. സത്യത്തില്‍ അഡമീറായിരുന്നില്ല പ്രതി. സിസ്സെ, ചീക്കോ എന്നീ രണ്ടു മിഡ്ഫീല്‍ഡര്‍മാരായിരുന്നു. എതിരാളികളെ ചവുട്ടിയൊതുക്കാന് പ്രത്യേകം ചട്ടം കെട്ടിയാണ് അവരെ കോച്ച് ഫ്ളാവിയോ കോസ്റ്റ ഗ്രൗണ്ടിലേക്കയച്ചിരുന്നത്. ബ്രസീല്‍-അര്‍ജന്റീന ഫുട്ബോള്‍ ചരിത്രത്തിലെ ബോഡിലൈന്‍ സീരീസായിട്ടാണ് അതറിയപ്പെടുന്നത്. അര്‍ജന്റീനക്ക് അന്ന് അവരുടെ കളി പുറത്തെടുക്കാന്‍ പോലും കഴിഞ്ഞില്ല. മിക്കവരും പരിക്കേറ്റു മുടന്തിയാണ് കളി പൂര്‍ത്തിയാക്കിയത്. റിട്ടേണ്‍ മാച്ചിലും സിസ്സെ-ചീക്കോ ജോടി അര്‍ജന്റീനയെ ചവുട്ടിയരച്ചു. 3-1ന്് കളി ബ്രസീല്‍ ജയിക്കുകയും ചെയ്തു.
പ്രതികാരത്തിന്റെ തിരക്കഥ
അതൊരു പ്രതികാര പരമ്പരയുടെ തുടക്കമായിരുന്നു. അര്‍ജന്റീനയില്‍ അതു വലിയ കോലാഹലം സൃഷ്ടിച്ചു. അവര്‍ അവസരം പാര്‍ത്തിരുന്നു. രണ്ടു മാസം കഴിഞ്ഞപ്പോള്‍ അമേരിക്കന്‍ കപ്പിന് (ഇന്നത്തെ കോപ്പ അമേരിക്ക) ബ്രസീല്‍ ബ്യൂണസ് ഐറിസിലെത്തി. പ്രതീക്ഷിച്ചപോലെ ഫൈനലില്‍ ബ്രസീലിനെത്തന്നെ അവര്‍ക്ക് എതിരാളികളായി കിട്ടുകയും ചെയ്തു.
അര്‍ജന്റീന ഇളകി മറിഞ്ഞു. പ്രതികാരത്തിനു സമയമായി എന്ന മട്ടിലുള്ള വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കിയത്. പത്രങ്ങളായ പത്രങ്ങളൊക്കെ കാലൊടിഞ്ഞു കിടക്കുന്ന ബൊട്ടഗ്ലീറോയുടെ ചിത്രവും കഥകളും. തെരുവിലെങ്ങും ബ്രസീലിനെതിരെ ജാഥകള്‍. ഒരു അര്‍ജന്റൈന്‍ ആരാധകന് ചീക്കോവിനോടു പറഞ്ഞു, ഇന്നു കളിച്ചാല്‍ നീ പിന്നെ ജീവിക്കില്ല. ഉറുഗ്വായില്‍ ജനിച്ചു വളര്‍ന്ന അര്‍ജന്റൈന്‍ വംശജനായ ചീക്കോ പറഞ്ഞ മറുപടി എങ്കില്‍ ഇന്നു കൂടി എനിക്കു ജീവിച്ചാല്‍ മതി എന്നാണ്. പെലോറ്റാ ദ ട്രാപ്പോ എന്ന സിനിമയുടെ തിരക്കഥക്കു സമാനമായ അന്തരീക്ഷം, കളി വെറും കളി മാത്രമല്ലാതാവുന്ന, രാജ്യത്തിനു വേണ്ടിയുള്ള ജീവത്യാഗമായി മാറുന്ന അവസ്ഥ, അപ്പോഴേക്കും ഈ രണ്ടു രാജ്യത്തേയും ഫുട്ബോളില്‍ ഉണ്ടായിക്കഴിഞ്ഞിരുന്നു.
വാടിക്കരിഞ്ഞ പൂക്കള്‍
സംഘര്‍ഷം ഭയന്ന് ഒരവസാനനയതന്ത്രശ്രമമെന്ന നിലയില്‍ ബ്രസീലിയന്‍ കോച്ച് ഫ്ളാവിയോ, അഡമീറിനെയും കൊണ്ട് ആശുപത്രിയില്‍ പോയി ബൊട്ടഗ്ലീറോയെ സന്ദര്‍ശിച്ചു. ബൊട്ടഗ്ലീറോ അഡമീറിന് ഒരു പൂവ് സമ്മാനിച്ചു. അത് പത്രങ്ങള്‍ ആഘോഷപൂര്‍വം കൊണ്ടാടുകയും ചെയ്തു. അതോടെ തല്ക്കാലം പ്രശ്നങ്ങളൊക്കെ അവസാനിച്ചുവെന്ന് സംഘാടകരും ബ്രസീല്‍ കളിക്കാരും കരുതി. എന്നാല്‍ ഒന്നും അവസാനിച്ചിരുന്നില്ല. കളിക്കു തൊട്ടു മുമ്പാണ് ബ്രസീലിനു ചതി മനസ്സിലായത്. ബൊട്ടഗ്ലീറോവിനെ ചിലര്‍ കൂടി താങ്ങിയെടുത്തു സ്റ്റേഡിയത്തില്‍ കൊണ്ടു വന്ന് മൈതാനത്തിനു ചുറ്റും കൊണ്ടു നടന്നു. അതോടെ കാണികള്‍ വീണ്ടും ചീക്കോവിന്റോയും സിസ്സെയുടേയും രക്തത്തിനായി മുറവിളി തുടങ്ങി.
കളി തുടങ്ങും മുമ്പ് അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ സോളമന് ബ്രസീല്‍ ക്യാപ്റ്റന്‍ ഡോമിംഗോസിന് ഒരിക്കല്‍ കൂടി ഒരു പൂവു സമ്മാനിച്ചു. എന്നാല്‍ ഈ സൗഹൃദപ്രകടനങ്ങളെല്ലാം കളി തുടങ്ങിയതോടെ അവസാനിച്ചു. കാതടപ്പിക്കുന്ന ആരവങ്ങള്‍ക്കും ആക്രോശങ്ങള്‍ക്കും നടുവില്‍ സംഘര്‍ഷം തളം കെട്ടി നിന്നു. 28ാം മിനുട്ട്. അര്‍ജന്റീനയുടെ ഒരു മുന്നേറ്റം. പന്തുമായി കുതിച്ചെത്തിയ സോളമനെ തടയാന്‍ ബ്രസീലിന്റെ ജെയര്‍ ശ്രമിച്ചത് തികച്ചും ബോഡിലൈനില്‍ തന്നെയായിരുന്നു. സോളമന്റെ കാല് നുറുങ്ങിയൊടിഞ്ഞു. എഴുനേല്‍ക്കാനാവാതെ എതിരാളി വീണു പോയതു കണ്ടപ്പോഴാണ് ജെയര്‍ കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. ഗ്യാലറി ഇളകി മറിഞ്ഞു. കല്ലും പടക്കങ്ങളും പ്രവഹിക്കാന്‍ തുടങ്ങി. ജീവനും കൊണ്ട് ജെയര്‍ ഓടി. ഡ്രസ്സിങ് റുമിലേക്കാണ് അയാള്‍ പാഞ്ഞത്. അര്‍ജന്റീനയുടെ ഫോണ്ദ പുറകെ പാഞ്ഞു. ഫോണ്ദ അവനെ പിടിക്കുമെന്നായപ്പോള്‍ ചീക്കോ ഇടപെട്ടു. ഫോണ്ദയെ അയാള്‍ വട്ടം പിടിച്ചു. അതോടെ എല്ലാ നിയന്ത്രണങ്ങളും വിട്ടു. ചീക്കോയെ കൊല്ലുക എന്നായി ഗ്യാലറി.
വിയന്നയുടെ ധീരത
ചീക്കോ തിരിഞ്ഞു നോക്കുമ്പോള്‍ അര്‍ജന്റീനയുടെ മുഴുവന്‍ കളിക്കാരും ഗ്രൗണ്ടിനരികെയും ഗ്യാലറിയിലുമുള്ള എല്ലാ പോലീസുകാരും കുതിരപ്പട്ടാളവും അയാള്‍ക്കു നേരെ പാഞ്ഞു വരുന്നു! മരണം ഉറപ്പിച്ച് ഗ്രൗണ്ടില്‍ കമിഴ്ന്നു കിടന്ന അയാളെ മാരിയോ വിയന്ന എന്ന ധീരനും കരുത്തനും സാഹസികനുമായ ഒരു പോലീസ് ഉദ്യോഗസ്ഥന് വാരിയെടുത്ത്് ഓടി ഡ്രസ്സിങ് റൂമില്‍ കയറി വാതിലടച്ചു. അര്‍ജന്റീനയുടേയും ബ്രസീലിന്റെയും ഫുട്ബോള്‍ ചരിത്രത്തിലെ വിശദീകരണമില്ലാത്ത ഒരു ധീരകൃത്യമായി അത് അവശേഷിക്കുന്നു. എങ്ങിനെ ആ സമയത്ത് അതു ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞു എന്ന് ഇന്നും ആര്‍ക്കുമറിയില്ല. മാത്രമല്ല, പുറകെ വന്ന ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ഗ്യാസ് ബോംബു വരെ പ്രയോഗിക്കാനും വിയന്ന പോലീസിനോടാവശ്യപ്പെട്ടു. കലാപം ഒതുക്കാന്‍ അന്ന് പോലീസിന് ഏറെ പണിപ്പെടേണ്ടി വന്നു.
നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് ബ്രസീല്‍ ടീം വീണ്ടും കളിക്കാന്‍ സമ്മതിച്ചത്. സുരക്ഷിതത്വം വാഗ്ദാനം ചെയ്യാന്‍ പക്ഷെ, പോലീസ് വിസമ്മതിച്ചു. അവരുടെ ഭയം ശരിയായിരുന്നു. കളി തുടങ്ങിയതും അഡമീറിന് കഴുത്തില്‍ ഇടിയേറ്റു. (അന്നു വീണു പോയ അയാള്‍ പിന്നീടൊരിക്കലും ബ്രസീലിന്റെ ജേഴ്സി അണിഞ്ഞിട്ടില്ല.) അതോടെ ബ്രസീല്‍ ഒന്നു കൂടി പേടിച്ചു. തോല്ക്കാന് അവര്‍ തീരുമാനിച്ചു. രണ്ടു ഗോളിന് അവര്‍ തോല്‍ക്കുകയും ചെയ്തു. അതിലെ രണ്ടാം ഗോള്‍ ബ്രസീല്‍ സ്വയം അടിച്ചതായിരുന്നു എന്നും പറയുന്നുണ്ട്. ഒരു വിധം കളി അവസാനിപ്പിച്ച് അവര്‍ രക്ഷപ്പെടുകയായിരുന്നു. പട്ടാളക്കാരുടെ അകമ്പടിയോടെ പിന്നീട് ചീക്കോവിനെ ബ്രസീലിന്റെ അതിര്‍ത്തിയിലെത്തിച്ചു. അതിര്‍ത്തിയില്‍ യുദ്ധം ജയിച്ചു വരുന്ന ഒരു നായകനെപ്പോലെയാണ് ചീക്കോയെ ബ്രസീല്‍ ആരാധകര്‍ സ്വീകരിച്ചത്.
ഈ ഒരു മത്സരത്തോടെ ബ്രസീല്‍-അര്‍ജന്റീന ബന്ധങ്ങള്‍ കൂടുതല്‍ വഷളായി. അടുത്ത പത്തു വര്‍ഷത്തേക്ക് പിന്നീട് അവര്‍ പരസ്പരം കളിച്ചതേയില്ല. ബ്രസീലില്‍ നടന്ന 1949ലെ റോക്ക കപ്പിനും 1950ലെ ലോകകപ്പിനും അര്‍ജന്റീന വന്നില്ല. ബ്രസീലും 1956 വരെ അര്‍ജന്റീന സന്ദര്‍ശിച്ചില്ല. ബന്ധങ്ങള്‍ പുനസ്ഥാപിക്കപ്പെട്ട ശേഷം 56ല്‍ നാലു കളികള്‍ നടന്നു. രണ്ടു സമനില, രണ്ടു തോല്‍വി- അതായിരുന്നു അപ്പോഴും ബ്രസീലിനു കിട്ടിയ റിസല്‍ട്ട്. അതിലെ ഒരു തോല്‍വി മാരക്കാനയില്‍ വെച്ചു തന്നെയായിരുന്നു. ബ്രസീലിന് അര്‍ജന്റീന ഒരു ബാലികേറാമലയായി തുടര്‍ന്നു.
പെലെ വരുന്നു
1957ലാണ് പെലെ ബ്രസീല്‍ ടീമിലെത്തുന്നത്. അരങ്ങേറ്റം തന്നെ അര്‍ജന്റീനക്കെതിരായിരുന്നു. ജൂലായ് ഏഴിന് മാരക്കാനയില്‍ നടന്ന കളിയില്‍ രണ്ടാം പകുതിയില്‍ ഡെല്വെച്ചിയോയെ മാറ്റി കോച്ച് പിര്ലിയോ 16കാരനായ പെലെയെ ഗ്രൗണ്ടിലേക്കയച്ചു. പെലെ ഗോളടിക്കുകയും ചെയ്തു. ആ കളി ബ്രസീല്‍ തോറ്റെങ്കിലും (2-1) അത്്് അവരുടെ തിരിച്ചുവരവിന്റെ തുടക്കമായിരുന്നു. പെലെയുടെ കാലത്താണ് പിന്നീട് ബ്രസീല്‍ അര്‍ജന്റീനക്കു മേല്‍ ആധിപത്യം തിരിച്ചു പിടിക്കാന്‍ തുടങ്ങിയത്. 1957നും 70നും ഇടക്ക് അവര്‍ തമ്മില്‍ നടന്ന 17 കളികളില്‍ എട്ടെണ്ണം അര്‍ജന്റീനയും ഏഴെണ്ണം ബ്രസീലും ജയിച്ചു. ഈ ഏഴില്‍ നാലും (സ്കോര്‍ 5-1, 5-2, 4-1, 4-1) ബ്രസീലിന്റെ ചരിത്രത്തിലെ മികച്ച ജയങ്ങളായിരുന്നു. പെലെയുടെ സ്വാധീനമായിരുന്നു അതിലെ നിര്‍ണ്ണായക ഘടകം. 1970 മാര്‍ച്ച് എട്ടിന് മാരക്കാനയില്‍ വെച്ച് പെലെ അര്‍ജന്റീനക്കെതിരെ നേടിയ ഒരു ഗോളാണ് ബ്രസീല്‍ യുഗത്തിനു തുടക്കമിട്ടതെന്നു പറയാം. കളി 1-1നു പിരിഞ്ഞെങ്കിലും സേയാസിനെ മറികടന്ന് വട്ടം തിരിഞ്ഞടിച്ച് പെലെ നേടിയ ആഗോള് ബ്രസീലിന്റെ ആത്മവിശ്വാസം വീണ്ടെടുത്തു. പിന്നെ അവര്‍ തിരിഞ്ഞു നോക്കിയിട്ടില്ല.
ലാറ്റിനമേരിക്കന്‍ ത്രിമൂര്‍ത്തികള്‍
ബ്രസീല്‍, അര്‍ജന്റീന, ഉറുഗ്വായ്- ലാറ്റിനമേരിക്കന്‍ ഫുടബോളിലെ ത്രിമൂര്‍ത്തികളായിരുന്നു ഇവര്‍. 1970നു ശേഷം ഉറുഗ്വായ്് ഫുട്ബോള്‍ ഭൂപടത്തില്‍ നിന്നു മാഞ്ഞു തുടങ്ങി. ബ്രസീല്‍ കുതിച്ചുയരുകയും ചെയ്തു. സത്യത്തില്‍ മികച്ച ടീം ആദ്യകാലത്ത് ഉറുഗ്വായ് ആയിരുന്നു. ലാറ്റിനമേരിക്കന്‍ മേധാവിത്തത്തിനു വേണ്ടി അര്‍ജന്റീനയും ഉറുഗ്വായും തമ്മിലായിരുന്നു യഥാര്‍ഥമത്സരം. ബ്രസീലിനെ തുടക്കത്തില്‍ അര്‍ജന്റീന ഗൗരവമായി എടുത്തിരുന്നില്ല. 1930 വരെ ബ്രസീലുമായി അവര്‍ കളിച്ചത് 16 തവണ മാത്രം. ഉറുഗ്വായുമായി അപ്പോഴേക്കും അവര്‍ 96 കളികള്‍ കളിച്ചുകഴിഞ്ഞിരുന്നു. 91 കൊല്ലം കൊണ്ട് 91 കളികളാണ് ബ്രസീലിനോട് അര്‍ജന്റീന ആകെ കളിച്ചത്. അതേ സമയം, ഉറുഗ്വായോട് 195 കളികള്‍ കളിച്ചു. ബ്രസീലും ഉറുഗ്വായും തമ്മിലാകട്ടെ, 65 മാച്ചുകളേ കളിച്ചിട്ടുള്ളൂ.
ഉറുഗ്വായ് തളര്‍ന്ന ശേഷം ബ്രസീലും അര്‍ജന്റീനയുമായുള്ള ഫുട്ബോള്‍ വൈരത്തിന് തീക്ഷ്ണത കൂടി. ലാറ്റിനമേരിക്കയിലെ ഫുട്ബോള്‍ അധീശത്വത്തിന്റെ പ്രശ്നമായി ഇവര്‍ തമ്മിലുള്ള ഓരോ കളിയും. വൈരത്തിന്റെ ഈ നാള്‍വഴിയില്‍ 1970 വരെ അര്ജന്റീനക്കും 70നു ശേഷം ബ്രസീലിനും മേല്‍ക്കൈ ഉള്ളതായി കാണാം. കണക്കുകള്‍ ഇതു വ്യക്തമാക്കും. 1914 മുതല്‍ 70 വരെയുള്ള കാലത്ത് 52 തവണഏറ്റുമുട്ടിയപ്പോള് അര്‍ജന്റീനക്ക് 27ഉം ബ്രസീലിന് 17ഉം ജയമാണ് ലഭിച്ചത്. 1970 മുതല്‍ 2005 ജൂണ്‍ വരെക്കുള്ള മൂന്നര പതിറ്റാണ്ടു കാലത്താകട്ടെ ആകെ നടന്ന 39 കളികളില്‍ ഒമ്പതെണ്ണമേ അര്‍ജന്റീന ജയിച്ചിട്ടുള്ളൂ. പത്തൊമ്പതെണ്ണം ബ്രസീലിന്റെ ജയത്തില്‍ കലാശിച്ചു.
ലോകകപ്പിലെ പോരാട്ടങ്ങള്‍
സുദീര്‍ഘമായ ഈ ഫുട്ബോള്‍ വൈരത്തിനിടെ ലോകകപ്പില്‍ വളരെ കുറച്ചു തവണ മാത്രമേ ഇവര്‍ ഏറ്റുമുട്ടിയിട്ടുള്ളൂ. അതില്‍ ബ്രസീലിനായിരുന്നു മേല്‍ക്കൈ. ആദ്യമത്സരം 1974 ലോകകപ്പിലായിരുന്നു. ഹാനോവറില്‍ നടന്ന കളിയില്‍ ബ്രസീല്‍ 2-1നു ജയിച്ചു. റിവലിനോയും ജെര്‍സീന്യോയും ബോക്സിനു പുറത്തു നിന്നു നേടിയ ഗോളുകളാണ് അന്ന് അര്‍ജന്റീനയുടെ വിധിയെഴുതിയത്.
1982ലെ ഇവരുടെ ഏറ്റുമുട്ടലായിരുന്നു ഏറ്റവും ശ്രദ്ധേയം. ഒരു വശത്ത് സീക്കോ, സോക്രട്ടീസ്, ഫല്‍ക്കാവോ, സെര്ഗീന്യോ, ജൂനിയര്‍ തുടങ്ങിയവരുള്‍പ്പെട്ട ബ്രസീല്‍ പട. മറു വശത്ത് മാറഡോണയും റമോണ്‍ ഡയസും അണി നിരന്ന അര്‍ജന്റീന. ബാര്‍സലോണയിലെ സറിയ സ്റ്റേഡിയത്തിലായിരുന്നു കളി. നിലവിലെ ചാമ്പ്യന്മാരായിരുന്നു അര്‍ജന്റീന. അതുല്യപ്രഭാവനായ അവരുടെ കോച്ച് സെസാര്‍ ലൂയി മെനോട്ടിയുടെ അവസാന മത്സരവും കൂടിയായിരുന്നു അത്. എന്നാല്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം ബ്രസീല്‍ അര്‍ജന്റീനയെ മുക്കിക്കളഞ്ഞു. സ്കോര്‍ 3-1. മാത്രമല്ല, തോല്‍വിക്കു മേല്‍ അപമാനത്തിന്റെ ഉപ്പു കൂടി പുരട്ടിക്കൊണ്ട് മാറഡോണ ചുവപ്പുകാര്‍ഡു വാങ്ങി പുറത്തു പോവുകയും ചെയ്തു. എതിരാളിയെ ചവുട്ടിയതിനായിരുന്നു ഡീഗോയ്ക്ക് മാര്‍ച്ചിങ് ഓര്ഡര്്. 
1990ല്‍ അവര്‍ വീണ്ടും മുഖാമുഖം വന്നപ്പോള്‍ ഈ തോല്‍വിക്ക് മാറഡോണ തന്നെ പകരം വീട്ടി. ഇറ്റലിയിലെ ടൂറിനില്‍ നടന്ന മാച്ചില്‍ മാറഡോണ നല്കിയ അദ്ഭുതപാസില് നിന്നാണ് സ്ട്രൈക്കര്‍ കനീജിയ വിജയഗോള്‍ കണ്ടെത്തിയത്. 1-0നു അര്‍ജന്റീന ജയിച്ച ആ കളി ലോകകപ്പിലെ അവരുടെ ബ്രസീലിനെതിരായ ഏകജയമാണ്.
പോരാട്ടം തുടരുന്നു
21ാം നൂറ്റാണ്ടിലും ഈ പോരാട്ടത്തിന്റെ കഥ തുടരുകയാണ്. 2000നു ശേഷം ഇതിനകം (2005 ജൂണ്‍ വരെ) ആറു തവണ അവര്‍ ഏറ്റുമുട്ടിക്കഴിഞ്ഞു. നാലു ജയം ബ്രസീലിനും രണ്ടെണ്ണം അര്ജന്റീനക്കും. ടിവി വ്യാപകമായതോടെ, അതു ലോകം മുഴുവന്‍ തല്‍സമയം എത്താന്‍ തുടങ്ങി. ലോകഫുട്ബോളിലെ ഏറ്റവും മികച്ച രണ്ടു ടീമുകള്‍ എന്ന നിലയില്‍ ഇവരുടെ മല്‍സരം ഉണര്‍ത്തുന്ന താല്പര്യം വിവരണാതീതമാണ്. സ്പോണ്‍സര്‍മാരും ടിവി ചാനലുകളും വാതുകെട്ടുസംഘങ്ങളും അതു പെരുപ്പിക്കാന്‍ മത്സരിക്കുകയും ചെയ്യുന്നു. മുമ്പ് രണ്ടിടത്തേയും പട്ടാളഭരണകൂടങ്ങള്‍ ചെയ്തിരുന്ന പണി ഇപ്പോള്‍ ഇവര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതിന്റെ ഫലമാണ് തായ്ലന്‍ഡിലും ഇന്ത്യയിലുമൊക്കെ അവരുടെ മാച്ചുള്ള ദിവസം ബെറ്റിങ് മാര്‍ക്കറ്റില്‍ പണം വന്നു കുമിയുന്നത്. ആ രണ്ടു രാജ്യങ്ങളുടെ അതിര്‍ത്തികള്‍ കടന്ന് അതിന്റെ ആരാധകര്‍ തമ്മിലുള്ള ശത്രുത ലോകമെങ്ങും വളര്‍ത്താനുള്ള ശ്രമമാണ് ഇന്നു നടക്കുന്നത്. അതിനിരയാവുന്നതോ, കൊല്‍ക്കത്തയിലും ബെയ്ജിങിലും സിംഗപ്പൂരിലും നമ്മുടെ മലപ്പുറത്തുമൊക്കെയുള്ള നിഷ്കളങ്കരായ ഫുട്ബോള്‍ ആരാധകരും.
അതേ സമയം, ബ്രസീലീലും അര്‍ജന്റീനയിലും ഇന്ന് ആ ശത്രുതയുടെ രൂപഭാവങ്ങള്ക്കൊക്കെ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ദേശീയതയുടെ അമിതമായപ്രകടനങ്ങള്ക്കും വിദ്വേഷത്തിനും രണ്ടിടത്തും ഇന്ന് വലിയ കുറവു വന്നിട്ടുണ്ട്. യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളിന്റെ സ്വാധീനം അവിടെ കളിക്കാരുടെയും സംഘാടകരുടേയും കാഴ്ചപ്പാടുകളെ മാറ്റിയിരിക്കുന്നു. രാജ്യത്തിനു വേണ്ടി കളിക്കാന്‍ തന്നെ ഇന്നു രണ്ടിടത്തും പല കളിക്കാര്‍ക്കും താല്പര്യമില്ല. ഇതു കളി മാത്രമാണെന്നും ശത്രുതക്കര്ഥമില്ലെന്നും അവര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
ടെവസിന്റെ കാലം
ഈ സൗഹൃദത്തിന്റെ പ്രതിരൂപമാണ് കാര്‍ലോസ് ടെവസ് എന്ന അര്ജന്റീനക്കാരന്. മാറഡോണയുടെ പിന്‍ഗാമി എന്നു വിശേഷിക്കപ്പെടുന്ന ടെവസ്് ബ്രസീലിയന്‍ ലീഗില്‍ കളിക്കാന്‍ തീരുമാനിച്ചതോടെ അവരുടെ സൗഹൃദത്തില്‍ പുതിയൊരു യുഗം തന്നെ പിറന്നു. കൊറിന്ത്യന്‍സിന്റെ ജേഴ്സിയില്‍ ടെവസ് ബ്രസീലിയന്‍ ഹൃദയങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്നു എന്നാണ് ഒടുവില്‍ റിയോവില്‍ നിന്നുള്ള വിവരങ്ങള്‍.
അതിന്റെ തുടര്‍ച്ചയാണോ ചാനല്‍ 13ല്‍ മാറഡോണയും പെലെയും ഒന്നിച്ചു വന്നപ്പോള്‍ ലോകം കേട്ട വാക്കുകള്‍? ലോകം മുഴുവന്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ് പെലെയോ മാറഡോണയോ കേമനെന്നത്. ലോകം മുഴുവന്‍ കേള്‍ക്കെ മാറഡോണ അതു പെലെ തന്നെ എന്നു പറഞ്ഞു. സൗഹൃദത്തിന്റെ പുതിയൊരു കാലഘട്ടം ലോകഫുട്ബോളില് പിറക്കുന്നുവെന്നാണോ മാറഡോണ പറയാതെ പറഞ്ഞത്? അടിമകളുടെയും പടയോട്ടക്കാരുടേയും ഗോത്രവൈരങ്ങളുടേയും കാലം എന്നേ കടന്നു പോയി എന്നാണോ?
അറിയില്ല. കാലത്തിന്റെ യാത്രയില്‍ മാറ്റങ്ങള്‍ വരാത്തതായി അല്ലെങ്കില്‍ എന്തുണ്ട്്? ഫുട്ബോള്‍ ഈ ലോകത്തെ സുന്ദരമായ ഒരു കൊച്ചു ഗ്രാമമാക്കി മാററിയിരിക്കുന്നു. അതിരുകളില്ലാത്ത ആ ലോകത്ത് റൊബീന്യോമാരും നകാതമാരും ടെവസുമാരും അലിദേയിമാരും വിശ്വപൗരന്മാരായി വളര്‍ന്നിരിക്കുന്നു. രാജ്യാതിര്‍ത്തികള്‍ തേഞ്ഞു മാഞ്ഞു പോയിരിക്കുന്നു. അവിടെ പഴയ ഗോത്രവൈരത്തിന്റെ കൊടിയടയാളങ്ങള്‍ക്ക് ഇനിയെന്തു പ്രസക്തി?
എങ്കിലും കാറ്റു നിറച്ച ആ കൊച്ചു പന്ത് ഉരുളാന്‍ തുടങ്ങുമ്പോള്‍ നാം എല്ലാം മറക്കും. അവിടെ നമുക്ക് ഉദാത്തമായ കളി എന്നുയര്ത്തിക്കാട്ടാന് ബ്രസീല്‍-അര്‍ജന്റീന മല്‍സരമല്ലാതെ മറ്റെന്തുണ്ട്? ലോകകപ്പിന് ഒരു ഫൈനല്‍ വേണമെങ്കില്‍ അതു ബ്രസീല്‍-അര്‍ജന്റീന മാച്ചല്ലാതെ മറ്റേതാവണം? അല്‍പ്പം ദേശീയതയുടെയും ശത്രുതയുടേയും കാറ്റ് അതില്‍ ഒഴിയാതെ ഇരിക്കട്ടെ എന്ന് അതിനാല്‍ നമുക്ക് സ്വകാര്യമായി പ്രാര്‍ഥിക്കാം.
See previous post: ഒന്നാമനാവാന്‍ ഒരു നൂറ്റാണ്ടു യുദ്ധം (ഭാഗം ഒന്ന്)
Read more...
Wednesday, June 06, 2007
ഒന്നാമനാവാന്‍ ഒരു നൂറ്റാണ്ടുയുദ്ധം -1

ബ്രസീല്‍-അര്‍ജന്റീന വൈരത്തിനു പിന്നിലെന്ത്? ഫുട്ബോളിലെ നൂറ്റാണ്ടു പിന്നിടുന്ന കുടിപ്പകയുടെ വേരുകള്‍ തേടി ഒരു യാത്ര.
രാജ്യത്തിനു വേണ്ടി മരിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ കാണും. എനിക്കതു ഫുട്ബോളാണ്.
താണു താണു വരുന്ന തന്റെ ഹൃദയ മിടിപ്പു പോലെ അനുനിമിഷം താഴ്ന്നു കൊണ്ടിരുന്ന ദേശീയ പതാകയിലേക്കു നോക്കിയാണ് കൊമ്യൂനാസ് ഇതു പറയുന്നത്. അപ്പോള്‍ കളി തീരാന്‍ എക്സ്ട്രാ ടൈമിന്റെ ഒരു പകുതിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. ബ്രസീലിന്റെ ക്യാമ്പില്‍ ആഹ്ലാദം തുടങ്ങിക്കഴിഞ്ഞു. പുറകോട്ടു മറിയുന്ന കണ്ണുകളില്‍ മഞ്ഞ, മഞ്ഞ മാത്രം. മരണോന്മാദത്തിന്റെ മഞ്ഞരാശി സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയും കടന്ന് ആര്‍ത്തിരമ്പി ആകാശത്തേക്കു പടരുന്നു...
പിന്നീടുള്ള ദൃശ്യങ്ങള്‍ മരണത്തിനും ഫുട്ബോളിനും നടുക്ക് അനശ്വരതയുടെ പുല്‍മൈതാനത്താണ് അരങ്ങേറുന്നത്്. ദേശീയതയുടെ പെരുപ്പിക്കപ്പെട്ട പെരുമ്പറമുഴക്കങ്ങളുടെ പശ്ചാത്തലത്തില്‍. എഡ്വാഡോ ഫാരിയ കൊമ്യൂനാസ് എന്ന വീരനായകന് മരണത്തിന്റെ നൂല്‍പ്പാലത്തിലൂടെ നടന്ന് ബ്രസീലിന്റെ ക്യാമ്പില്‍ നാശം വിതക്കുന്നു. അവന്റെ തലക്കു മുകളില്‍ അനുഗ്രഹവര്‍ഷമായി നീലയും വെള്ളയും കലര്‍ന്ന മഴനാരുകള്‍ പെയ്തു നിറയുന്നു. അടഞ്ഞടഞ്ഞു പോകുന്ന കണ്ണുകളില്‍ കുത്തനെ നില്ക്കുന്ന ഒരു കൊടിമരവും അതില്‍ വീണ്ടെടുത്ത വീര്യവുമായി പാറുന്ന മേഘവര്ണ്ണപതാകയും ലയിച്ചു ചേരുന്നു. അര്‍ജന്റീന.. അര്‍ജന്റീന.. അലറി വിളിക്കുന്ന കൊടുങ്കാറ്റുകള്‍ സ്റ്റേഡിയത്തെ വന്നു മൂടുന്നു..
പെലാറ്റ ദ ട്രാപ്പോ
അര നൂറ്റാണ്ടു പുറകില്‍ നിന്നാണ് നാം തുടങ്ങുന്നത്. 1948ല്‍ പുറത്തിറങ്ങിയ `പെലാറ്റ ദ ട്രാപ്പോ` (തുണിപ്പന്ത്) എന്ന അര്‍ജന്റൈന്‍ സിനിമ യില്‍ നിന്ന്. യുദ്ധമേഘങ്ങള്‍ വിട്ടൊഴിയാത്ത യൂറോപ്പിന്റെ വറുതികളെ മറന്ന് ലാറ്റിനമേരിക്ക ഫുട്ബോള്‍ കളിച്ചു തിമിര്‍ക്കുന്ന കാലം. കളിക്കാരനാവാന്‍ മോഹിച്ചു നടന്ന കൊമ്യുനാസ് എന്നഅനാഥനായ അര്‍ജന്റൈന്‍ ബാലന്. 1930കളില്‍ അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസമായിരുന്ന മോണ്ടിയുടെ നിഴല്‍പ്പാടു വീണ കഥാപാത്രം. ജീവിതത്തിലെ എല്ലാ ഉയരങ്ങളും കളിയിലൂടെ കീഴടക്കിയ കൊമ്യുനാസ് കഥാന്ത്യത്തില്‍ രാജ്യത്തിന്റെ വീരനായകനാകുന്നത് ക്ഷോഭാകുലമായ ഒരു ബ്രസീല്‍ - അര്‍ജന്റീന മല്‍സരത്തില്‍, രാജ്യത്തിന്റെ അഭിമാനം രക്ഷിക്കാന്‍ ചാവേറാവുന്നതിലൂടെയാണ്. കൊമ്യുനാസ് ഹൃദ്രോഗിയാണെന്ന് നാം അപ്പോഴാണ് അറിയുന്നത്. മിടിപ്പു താഴ്ന്നു നിലക്കാറായ ഹൃദയവുമായി, സുഹൃത്തായ ഡോക്ടറുടെ ഉപദേശം വകവെക്കാതെ എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ഗ്രൗണ്ടിലേക്കോടുമ്പോള് കൊമ്യുനാസ് പറയുന്നത് കളി അവനു രാജ്യത്തിനു വേണ്ടി മരിക്കാനുള്ള കാരണമാണെന്നാണ്. ഹൃദയങ്ങളെ തമ്മിലടുപ്പിച്ച ഫുട്ബോള്‍ ലാറ്റിനമേരിക്കയില്‍ എങ്ങിനെ ദേശീയതയുടെ ചാവേര്‍ നിലങ്ങളായി എന്ന് പെലാറ്റോ ദ ട്രാപ്പോ നമ്മോടു പറയുന്നു. ബ്രസീലിനും അര്ജന്റീനക്കും ഫുട്ബോള്‍ ഒരു കളി മാത്രമല്ലാതായിക്കഴിഞ്ഞ കാലത്തിന്റെ ചരിത്രം.
ഫുട്ബോള്‍ അങ്ങിനെയായിരുന്നില്ല. ഹൃദയങ്ങള്‍ കീഴടക്കിയ ഒരു കൊച്ചുപന്ത്. അതിന്റെ ചലനം നിലക്കുമ്പോള്‍ ലോകം നിശ്ചലമാകുന്നു. അതു ചലിച്ചു തുടങ്ങുമ്പോള്‍ ലോകം അതിനു ചുറ്റും ചലിക്കുന്നു. ലോകത്തേറ്റവും ഉദാത്തമായ മതമെന്ന് ആല്‍ബേര്‍ കമ്യു വിശേഷിപ്പിച്ച ഫുട്ബോള്‍. അനാഥരും ദരിദ്രരും നിറമുള്ളവനും നീഗ്രോയും രാജാവും അടിമയും അതിന്റെ മക്കള്‍. കളി അവരുടെ ലോകത്തെ കോര്‍ത്തുകെട്ടിയ ഏകവികാരം. ഭാഷകള്‍ക്കും രാജ്യാതിര്‍ത്തികള്‍ക്കും മതങ്ങള്‍ക്കുമപ്പുറം മനസ്സുകളെ അത് ഒന്നിപ്പിച്ചു. യൂറോപ്പിനത് തലച്ചോറിന്റെയും ശരീരത്തിന്റേയും ചതുരംഗമായിരുന്നു. ആഫ്രിക്കക്ക് കറുപ്പും വെളുപ്പും ഒന്നാണെന്ന, വിശ്വസിക്കാന്‍ അവര്‍ മടിച്ചു നിന്ന, സന്ദേശം. ലാറ്റിനമേരിക്കക്ക് അത്് മോചനത്തിലേക്കുള്ള വാതിലായിരുന്നു. ദാരിദ്ര്യത്തില്‍ നിന്നും അവജ്ഞയില്‍ നിന്നുമുള്ള മോചനം. അതവരുടെ ജീവിതം തന്നെയായിരുന്നു. അവരാ പന്തിനെ പ്രണയിച്ചതു പോലെ സ്വന്തം ജീവിതത്തെപ്പോലും സ്നേഹിച്ചില്ല. എന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കിലെപ്പോഴോ എങ്ങിനെയോ അതു കളി മാത്രമല്ലാതായി. കൊമ്യുനാസ് പറയുന്നതു പോലെ അതു ജീവിക്കാനും മരിക്കാനുമുള്ള കാരണം കുടിയായി...
കളി ജീവിതം, മരണം..
ഫുട്ബോള്‍ ജീവിതവും മരണവും ഇഴ ചേര്‍ന്നതാണെന്നു പറയുന്നവരോട് ബില്‍ ഷാങ്ലി, പഴയ ലിവര്‍പൂള്‍ മാനേജര്‍, പറയുമായിരുന്നു. അല്ല സുഹൃത്തേ, അതു തീര്‍ച്ചയായും അതിനേക്കാള്‍ എത്രയോ വലുതാണ്. യുദ്ധം, പ്രേമം, ത്യാഗം, സഹനം, സമരം, ധീരത, സ്വാതന്ത്ര്യവാഞ്ഛ, മഹത്വകാംക്ഷ, വിജയതൃഷ്ണ, അനശ്വരത തുടങ്ങി എത്രയോ വികാരങ്ങള്‍ കാറ്റിനൊപ്പം അതില്‍ നിറക്കപ്പെട്ടിരിക്കുന്നു. ഓരോ കളിയിലും ഒഴിയുകയും നിറയുകയും ചെയ്യുന്ന വികാരങ്ങള്‍. അതാണു ഫുട്ബോള്‍.
1981ല്‍, മരണത്തിനു തൊട്ടു മുന്‍പാണ് ഷാങ്ലി ഇതു പറഞ്ഞത്. അദ്ദേഹത്തിന്റെ മനസ്സില്‍ അപ്പോള്‍ കൊമ്യുനാസിന്റെ കഥയല്ല, കളി തോറ്റതിന് ഹിറ്റ്ലറുടെ പട്ടാളം കൊന്നൊടുക്കിയ ഡൈനാമോ കീവിന്റെ കഥയാണ് നിറഞ്ഞുനിന്നിരുന്നത്. ആറു വര്‍ഷം കൂടി പുറകോട്ട്....
ഉക്രൈനിലെ `മരണക്കുന്നി`ന്റെ താഴ് വരയിലായിരുന്നു ഡൈനാമോ കീവിന്റെ കളി. കോണ്സെന്ട്രേഷന് ക്യാമ്പില്‍ നാസ്സിപ്പട്ടാളം നീട്ടിപ്പിടിച്ച തോക്കിനും റഫറിയുടെ വിസിലിനും ഒരേ രൂപമായിരുന്നു. മൈതാനത്തിലേക്കു കടക്കുന്ന വഴിയില്‍ ഓര്‍മ്മപ്പെടുത്തലിന്റെ ഭാഷയില്‍ നെറ്റി തുളഞ്ഞ ഒരു ശവം തൂക്കിയിട്ടിരുന്നു. ഭക്ഷണം കഴിക്കാതെ, ബൂട്ടിടാതെ, ജീവിതത്തെക്കുറിച്ച് ഒരു പ്രതീക്ഷയും അവശേഷിക്കാതെ അവര്‍ ഗ്രൗണ്ടില്‍ നിരന്നു. ഷാങ്ലി മഹത്വവല്‍ക്കരിച്ച പന്തല്ല, ജര്‍മ്മന്‍ പട്ടാളക്കാരുടെ വെടിയുണ്ടകള്‍ തുളഞ്ഞു കയറിയ സ്വന്തം ജീവിതമാണ്് അവര്‍ക്കു തട്ടിക്കളിക്കാന്‍ കിട്ടിയത്. തോല്‍ക്കണം, തോറ്റാല്‍ ജീവിതം തിരിച്ചു കിട്ടും, ജയിച്ചാല്‍ മരണം ഉറപ്പ്. അവിടെ മറ്റൊരു തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല. കീവിന്റെ മക്കള്‍ എന്നിട്ടും വിജയം തിരഞ്ഞെടുത്തു, മരണവും.
അവര്‍ തോറ്റോ ജയിച്ചോ? യഥാര്‍ഥ ജേതാവാര്: കളിയോ കാലമോ? ജീവിതമോ മരണമോ?
പിന് കഴുത്തില്‍ തോക്കമര്‍ത്തി, കൈകാലുകള്‍ കൂട്ടിക്കെട്ടി, മരണത്തിന്റെ കുന്നുകളിലേക്ക് ആട്ടിത്തെളിക്കപ്പെടുമ്പോള്‍, പശ്ചാത്തലത്തില്‍ `പെലാറ്റോ ദ ട്രാപ്പോ`യിലെ അലറി വിളിക്കുന്ന കൊടുങ്കാറ്റുകളോ ആര്‍ത്തിരമ്പുന്ന ഗ്യാലറികളോ ഉണ്ടായിരുന്നില്ല. പട്ടിണി കിടന്നു മരിക്കാറായ പതിനായിരങ്ങളുടെ ദൈന്യത മുറ്റിയ മുഖങ്ങള്‍ മാത്രം. രാജ്യത്തെ കൊലക്കു കൊടുത്തല്ലോ എന്ന ശാപവാക്കുകള്‍ മാത്രം...
ഊതി വീര്‍പ്പിച്ച പന്തുകള്‍
തോക്കിനു മുന്പില് കിക്കോഫ് വിസില്‍ കാത്തു നില്ക്കുമ്പോള്, ഷാങ്ലിയും സോവിയറ്റ് ഭരണ കൂടവും പിന്നീട് മഹത്വവല്‍ക്കരിച്ച വികാരങ്ങളൊക്കെ ഡൈനാമോ കീവിന്റെ ആ ശപിക്കപ്പെട്ട കളിക്കാരില്‍ ഉണ്ടായിരുന്നുവോ? ആര്‍ക്കറിയാം. ഓരോ ഗോളുകള്‍ അടിക്കുമ്പോഴും അവര്‍ വാവിട്ടു കരഞ്ഞിരുന്നുവത്രെ. ഗോളടിക്കാതിരിക്കാന്‍ പക്ഷെ അവര്‍ക്കു കഴിയാഞ്ഞതെന്ത്? ഫുട്ബോളിന്റെ അജ്ഞാത രഹസ്യമായിരിക്കാം അത്.
1942 ലാണ് കീവ് ദുരന്തം. 1948ല്‍ നാം അര്‍ജന്റീനയില്‍ `പെലാറ്റോ ദ ട്രാപ്പോ`യുടെ പ്രദര്ശനഹാളിലേക്കെത്തുമ്പോള്, പക്ഷെ ഷാങ്ലി പറഞ്ഞ എല്ലാ ചേരുവകളും തികഞ്ഞ ഒരു ഫുട്ബോള്‍ മാച്ചാണ് അവിടെ നടക്കുന്നത്. ജര്‍മ്മന്‍ പട്ടാളത്തിന്റെ സ്ഥാനത്ത് ബ്രസീല്‍ ഫുട്ബോള്‍ ടീം. നീട്ടിപ്പിടിച്ച തോക്കിനു പകരം നായകനെ വേട്ടയാടുന്നത് സ്പന്ദനം നിലച്ചു കൊണ്ടിരിക്കുന്ന സ്വന്തം ഹൃദയം. ഗ്യാലറികളില്‍ തലതല്ലിക്കരയുന്ന തടവുകാര്‍ക്കു പകരം ഉന്മാദം മൂത്ത, ഒരു സങ്കല്പശത്രുവിനെതിരെ ഉറഞ്ഞുതുള്ളുന്ന കാണികള്‍. കീവിലില്ലാത്ത ഒന്ന് ഇവിടെ പശ്ചാത്തലത്തിലുണ്ട്: തലക്കു മേലെ ഒരു ദേശീയ പതാക. ഹൃദ്രോഗം മൂര്‍ഛിച്ചിട്ടും കളി തുടരുന്ന കൊമ്യുനാസ് എന്ന നായകനെ സംബന്ധിച്ചിടത്തോളം ഒരു സമവാക്യത്തില്‍ മാത്രം മാറ്റമില്ല. വിജയത്തിന്റെ വില = മരണം. തനിക്കു പ്രശസ്തിയും ജീവിതവും തന്ന ഫുട്ബോള്‍, രാജ്യത്തിനു വേണ്ടി മരിക്കാനുള്ള കാരണം കൂടിയാണെന്ന് അയാള്‍ തിരിച്ചറിയുന്നിടത്ത് സിനിമ അവസാനിക്കുന്നു.
കൊമ്യുനാസിന്റെ കഥ ദുര്‍ബലമായ ഒരു സങ്കല്പമാണ്. ഡൈനാമോ കീവിന്റേത് തീക്ഷ്ണമായ ഒരു യാഥാര്‍ഥ്യവും. (ചരിത്രം ആവര്‍ത്തിക്കും, ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും എന്ന് ആരാണ് പറഞ്ഞത്? ) യാഥാര്‍ഥ്യം പരാജയപ്പെട്ടു. അതിന്റെ ദൈന്യത വിസ്മരിക്കപ്പെട്ടു പോയി. സങ്കല്പം പക്ഷെ മല പോലെ വളര്‍ന്നു. യുദ്ധാനന്തരകാലത്തെ ആറു വര്‍ഷം കൊണ്ട് ലോകത്തെമ്പാടുമുള്ള തുണിപ്പന്തുകളില് ഷാങ്ലി പറഞ്ഞ എല്ലാ വികാരങ്ങളും പതിന്മടങ്ങ് ശക്തിയോടെ കുത്തിനിറക്കപ്പെട്ടു. ഷാങ്ലി പറയാത്ത `ദേശീയത` എന്ന വിഷക്കാറ്റും. പിന്നീടൊരിക്കലും പന്തുകളി വെറും കളി മാത്രമായിരുന്നില്ല. ബേണിലും ഫാക്ലാന്ഡിലും ഹോണ്ടുറാസിലും ഇറാഖിലും ഗ്രൗണ്ടില്‍ ചോരയൊഴുകുമ്പോള്‍ ഗ്യാലറികള്ക്കുമേല് ദേശീയപതാകകള്‍ നിഴല്‍ വിരിച്ചു നിന്നു. ഊതി വീര്‍പ്പിച്ച പന്തുകളായിക്കഴിഞ്ഞിരുന്നു ഓരോ രാജ്യവും.
ഒരു ലാറ്റിനമേരിക്കന്‍ ഓപ്പെറ
വെയിലും നിഴലും ഇരുളും നിലാവും ഇഴപിണഞ്ഞു കിടക്കുന്ന ലാറ്റിനമേരിക്കന്‍ ജീവിതങ്ങളില്‍ ഗോത്രവൈരത്തിന്റെ കൊടിയടയാളങ്ങള്‍ എന്നുമുണ്ടായിരുന്നു. ഫുട്ബോളിലൂടെ അതിനു പുതിയൊരു ശരീരഭാഷ കിട്ടി. കൊല്ലും കൊലയും കിളിര്‍ക്കുന്ന ചേരികളില്‍ തോല്‍വിയും ജയവും നിര്‍ണ്ണയിക്കുന്നത് കളിക്കളങ്ങളായി. അതിന്റെ വിശ്വ രൂപങ്ങള്‍ രാജ്യാതിര്ത്തികളിലേക്കും നീണ്ടു. ലാറ്റിനമേരിക്കന്‍ കളിക്കളങ്ങളില്‍ ഫുട്ബോള്‍ സൗഹൃദത്തിന്റെ ഹസ്തദാനത്തിനു പകരം പിന്നിലൊളിപ്പിച്ചു പിടിച്ച കത്തിമുനകളായി തിളങ്ങി. `പെലാറ്റോ ദ ട്രാപ്പോ`യുടെ തിരക്കഥ തെരുവുകള്‍ തോറും ഗ്രൗണ്ടുകള്‍ തോറും അരങ്ങേറി. ലാപാസിലും ബ്യുണസ് ഐറിസിലും റിയോവിലും മെഡലിനിലും ഗ്വാദലജാറയിലും കളി, കലാപത്തിന്റെ നിറച്ചാര്‍ത്തുള്ള ഓപ്പെറകളായി. കൊമ്യുനാസിനെപ്പോലെ, ആയിരങ്ങള്‍ക്കു `മരിക്കാനുള്ള` കാരണമായി. എല്‍സാല്‍വദോറും ഹോണ്ടുറാസും മാസങ്ങള്‍ നീണ്ട യുദ്ധത്തില്‍ നിഷ്കളങ്കരായ സ്വന്തം പൗരന്മാരെ ഈ കളിയുടെ പേരില്‍ കൂട്ടക്കൊല ചെയ്തു. `ബ്യൂട്ടിഫുള്‍ ഗെയിം` ചരിത്രത്തിലെ ഏറ്റവും വിരൂപമായ കാഴ്ചകള്‍ക്കു നിമിത്തമായി. അപ്പോഴും അതിന്റെ അജ്ഞാതവും നിഗൂഢവുമായ സൗന്ദര്യം കൂടുതല്‍ കൂടുതല്‍ ദേശീയതകളെ അതിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരുന്നു. മരിക്കുമെന്നറിഞ്ഞിട്ടും ഗോളടിക്കാതിരിക്കാന്‍ കഴിയാഞ്ഞ കീവ് കളിക്കാരുടെ വിശദീകരണമില്ലാത്ത ദുര്‍വിധിപോലെ...
പെലാറ്റോ ദ ട്രാപ്പോ എന്ന സിനിമ, ദേശീയതകള്‍ തമ്മിലുള്ള അനാവശ്യവും അടിസ്ഥാനമില്ലാത്തതുമായ സങ്കല്പവൈരങ്ങളെ ന്യായീകരിക്കുകയായിരുന്നു. അതിലെ അവസാനവാക്കായി അര്‍ജന്റീന - ബ്രസീല്‍ ഫുട്ബോള്‍ മാച്ചുകളെ അത് പ്രതിഷ്ഠിക്കുകയും ചെയ്തു. അതിനു മുമ്പ്് ഇത്തരം വൈരങ്ങള്‍ ഇല്ലായിരുന്നു എന്നോ അതിന് പ്രാധാന്യമില്ലായിരുന്നു എന്നോ അല്ല. ഓരോ കളിയും നടക്കാതെ പോകുന്ന ഓരോ യുദ്ധമാണെന്നും അതില്‍ രക്തസാക്ഷിത്വം എന്ന ഒരംശം കൂടി ഉണ്ടെന്നും ആ സിനിമ പ്രഖ്യാപിച്ചു. കളി ആഹ്ലാദിക്കാന്‍ മാത്രമുള്ളതല്ല അത് ഒരു രാജ്യത്തിന്റെ അഭിമാന പ്രഖ്യാപനമാണെന്ന സന്ദേശമായിരുന്നു പെലാറ്റോ ദ ട്രാപ്പോ പകര്‍ന്നത്. ഒരു കൊച്ചു പന്തില്‍ ഷാങ്ലി നിറച്ച മറ്റ് ഉദാത്ത വികാരങ്ങളെല്ലാം ഒഴിഞ്ഞുപോകുകയും ദേശീയതയുടെ അമിതമായ വിഷവായു മാത്രം അതില്‍ ഒഴിയാതെ നിറഞ്ഞുനില്ക്കുകയും ചെയ്തു.
എന്തുകൊണ്ട് ബ്രസീല്‍ - അര്‍ജന്റീന?
പ്രത്യക്ഷശത്രുതകളൊന്നുമില്ലാത്ത, നയതന്ത്രബന്ധങ്ങളും കൊടുക്കല്‍ വാങ്ങലുകളും സജീവമായ രണ്ടു സമൂഹങ്ങളായിട്ടും എന്തുകൊണ്ട് ബ്രസീലും അര്‍ജന്റീനയും തമ്മില്‍ ഫുട്ബോളില്‍ മാത്രം ഇങ്ങിനെ ഒരു വൈരം വളര്‍ന്നു? ഫാക് ലാന്‍ഡ് യുദ്ധത്തിലൊക്കെ അവര്‍ ഒന്നിച്ചു നിന്ന ചരിത്രവുമുണ്ട്. എന്തുകൊണ്ട് കളിക്കളത്തില്‍ മാത്രം? ഉത്തരം പറയാന്‍ എളുപ്പമല്ല. അടിസ്ഥാനപരമായി പരസ്പരം ഇഷ്ടപ്പെടാത്ത, ഭയപ്പെട്ടിരുന്ന രണ്ട് അയല്‍രാജ്യങ്ങളായിരുന്നു അവ. പ്രതിഭയുടെ ധാരാളിത്തം, മികവിന്റെ പൂര്‍ണ്ണത, വിജയദാഹത്തിന്റെ തീക്ഷ്ണത, ദേശീയബോധത്തിന്റെ ശക്തി, കേളീനിലവാരത്തിന്റെ ഔന്നത്യം തുടങ്ങിയ നിരവധി ഘടകങ്ങള്‍ ആരു മീതെ എന്ന ചോദ്യത്തിനു തീവ്രത പകര്‍ന്നിരിക്കാം. കൊമ്യുനിസിനെപ്പോലെ, ദാരിദ്ര്യത്തിലും അനാഥത്വത്തിലും വളരുന്ന ഒരു കുട്ടി ഫുട്ബോളിലൂടെ നേടുന്ന അമരത്വത്തിന്റേയും ജീവിത വിജയത്തിന്റേയും പശ്ചാത്തലം രണ്ടു രാജ്യത്തേയും ഓരോ കളിക്കാരനുമുണ്ടായിരുന്നു എന്നതും ഒരു കാരണമാകാം. ഒന്നുറപ്പ്: ഷാങ്ലി പറഞ്ഞ എല്ലാ വികാരങ്ങളും ഇത്ര തീക്ഷ്ണമായ അളവില്‍ കുത്തിനിറച്ച പന്തുകള്‍ ലോകത്ത് മറ്റൊരിടത്തും കളിക്കാന്‍ എടുത്തിരുന്നില്ല. അതു കൊണ്ടു തന്നെയാവണം, അവര്‍ കളിക്കുമ്പോഴുണ്ടാകുന്ന അണുപ്രസരത്തിന്റെ തീവ്രത, അവരെ മാത്രമല്ല മുഴുവന്‍ ഭൂഖണ്ഡങ്ങളേയും ചുട്ടുപൊള്ളിക്കുന്നത്.
വിദ്വേഷത്തിന്റെ വേരുകള്‍
ഫുട്ബോളിലെ താരതമ്യമില്ലാത്ത ശക്തിയാണ് ബ്രസീല്‍ എന്ന ഒറ്റ ചിന്തയാണ് അര്‍ജന്റീനയെ ഭ്രാന്തു പിടിപ്പിക്കുന്നത്. പരസ്പരമുള്ള ബലാബലത്തില്‍ വിജയങ്ങളുടെ എണ്ണത്തിലെങ്കിലും അര്‍ജന്റീന തങ്ങളോട് തുല്യത പാലിക്കുന്നു എന്ന അറിവാണ് ബ്രസീലിന്റെ വെറുപ്പിന്റെ കാതല്‍. കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ റെക്കോഡ് ബ്രസീലിന് എന്നും ഉണങ്ങാത്ത മുറിവാണ്. 14 ജയം എതിരാളിക്ക്. തങ്ങള്‍ക്ക് ഏഴു കിരീടം മാത്രം. ആദ്യ അന്താരാഷ്ട്ര മല്‍സരത്തില്‍ തന്നെ അര്‍ജന്റീനയോടു തോറ്റു എന്നതും ഇന്നു വരെയുള്ള ഏറ്റവും വലിയ തോല്‍വി (6-1) അവരില്‍ നിന്നാണെന്നതും അവരെ പൊള്ളിക്കുന്ന ഓര്‍മ്മയാണ്. അര്ജന്റീനക്കാവട്ടെ, ബ്രസീല്‍ നേടിയ അഞ്ചു ലോകകപ്പുകള്‍ തങ്ങളുടെ രണ്ടു വിജയങ്ങളുമായി താരതമ്യം ചെയ്യുന്നതേ ഇഷ്ടമല്ല. ഫിഫാ റാങ്കിലെ അവരുടെ സ്ഥിരമായ ഒന്നാം സ്ഥാനവും അസൂയയുടെ കനലാടി കിടക്കുന്നു. പെലെയോ മാറഡോണയോ കേമനെന്ന ചോദ്യമൊക്കെ പരസ്പരമുള്ള അസഹ്യമായ ഈ അസഹിഷ്ണുതയുടെ ഊതിപ്പെരുപ്പിച്ച ചര്ച്ചാരൂപങ്ങളാണ്. ഫുട്ബോള്‍ ലോകം ഇരുപക്ഷത്തുമായി നിരന്ന് വീറോടെ അതേറ്റെടുത്ത് വാദിക്കുന്നതു കാണുമ്പോള്‍ ഈ പന്തിലെ `കാറ്റിന്റെ ശക്തി` നാമൊരിക്കല്‍ കൂടി തിരിച്ചറിയുന്നു.
ചരിത്രപരമായി ഈ വിദ്വേഷത്തിന് വേറെയും വേരുകള്‍ ഉണ്ട്. അര്‍ജന്റീനക്കാര്‍ വെളുത്തവരും ബ്രസീലുകാര്‍ കറുത്തവരുമാണെന്നതാണ് ഇതിന്റെ ഒരു തലം. കമ്മ്യൂണിസവും ക്യാപ്പിറ്റലിസവും മറ്റൊരു തലം. തെക്കെ അമേരിക്കയില്‍ ഭൂവിസ്തൃതി കൊണ്ടും വിഭവശേഷി കൊണ്ടും തുല്യം നില്ക്കുന്നവര് ഇവര്‍ മാത്രമേയുള്ളൂ എന്നതും കിടമല്സരത്തിനു വീറേറ്റുന്നു.
വിഷം പുരണ്ട തമാശകള്‍
അര്‍ജന്റീന യൂറോപ്യന്‍ കുടിയേറ്റക്കാരുടെ നാടാണ്. കറുത്ത ബ്രസീലുകാരോട് അവര്‍ എന്നും അഹന്ത നിറഞ്ഞ അവജ്ഞയും അവഗണനയുമാണ് വെച്ചു പുലര്‍ത്തുന്നത്. അര്‍ജന്റീനയിലെ ഒരു ചൊല്ല് ഇങ്ങിനെ: പാരഗ്വായ്ക്കാര് ഗുഹകളില്‍ നിന്നു വന്നു. (റെഡ് ഇന്ത്യന്‍സ്്). ബ്രസീലുകാര്‍ മരങ്ങളില്‍ നിന്നിറങ്ങി വന്നു. (കുരങ്ങന്മാര് എന്നു ധ്വനി). അര്‍ജന്റീനക്കാര്‍ ബോട്ടുകളില്‍ വന്നു! ബ്രസീലിലെ മറുപടി ഇങ്ങിനെ: ` ചിന്തകള്‍ ഇംഗ്ളീഷില്‍, ജനനം ഇറ്റലിയില്‍, ജീവിതം അര്‍ജന്റീനയില്‍, ബുദ്ധി പാതാളത്തില്‍; അര്‍ജന്റീനക്കാരനെ എവിടെ കണ്ടെത്തും?`
അര്‍ജന്റീനക്കാരെ ലാറ്റിനമേരിക്കയിലെ `കോമാളി സായ്പു`മാരായിട്ടാണ് ബ്രസീല്‍ കാണുന്നത്. ഇക്കാര്യത്തില്‍ ബ്രസീല്‍ ഒറ്റക്കല്ല. ലാറ്റിനമേരിക്കയില്‍ എല്ലായിടത്തും പരിഹാസപാത്രങ്ങളാണ് അവര്‍. നമ്മുടെ സര്‍ദാര്‍ജി ഫലിതങ്ങള്‍ പോലെ ലാറ്റിനമേരിക്കയില്‍ `അര്‍ജന്റീന ജോക്സ്` വ്യാപകമാണ്. ഇതിനെക്കുറിച്ച് അര്‍ജന്റീനയിലെ തന്നെ 'ക്ളാരിന്' ദിനപത്രത്തില്‍ 2002 ആഗസ്തില്‍ വന്ന ഒരു ലേഖനം ഇങ്ങിനെയായിരുന്നു:അര്‍ജന്റീനാ ഫലിതങ്ങള്‍:നമ്മെപ്പറ്റി വിദേശികള്‍ ഇത്ര ദുഷിച്ചു സംസാരിക്കുന്നതെന്ത്? ലേഖനം തുടങ്ങുന്നത് നമ്മളെങ്ങിനെ ലോകത്തിനു മുന്നില്‍ ഇങ്ങിനെ കോമാളികളായി എന്നു ചോദിച്ചുകൊണ്ടാണ്. `...ഇന്റര്‍നെറ്റില്‍ ആയിരക്കണക്കിനു സൈറ്റുകള്‍ നമ്മുടെ മണ്ടത്തരങ്ങളെപ്പറ്റി ഉണ്ട്. വെറുതെ ഗൂഗ്ളില്‍ അര്‍ജന്റൈന്‍ തമാശകള്‍ എന്ന് സര്‍ച്ച് ചെയ്തു നോക്കൂ. സ്പാനിഷില്‍ മാത്രം 18,000ത്തിലധികം സൈറ്റുകള്‍ കിട്ടും... പതിനായിരക്കണക്കിന് കാര്ട്ടൂണുകള് നമ്മെക്കുറിച്ച് പ്രചാരത്തിലുണ്ട്.... ലാററിനമേരിക്കയില് മാത്രമല്ല, യൂറോപ്പിലും നമ്മള് ഇന്നു പരിഹാസപാത്രങ്ങളായിരിക്കുന്നു. ഇതാരുടെ സൃഷ്ടിയാണ്? ബ്രസീല്്? വെനിസ്വേല? അല്ല, നമ്മുടെ കുഴപ്പം തന്നെയാണെന്നാണ് പ്രശസ്ത ഹ്യൂമറിസ്റ്റ് ഫൊണ്ടനാറോസ റോബര്‍ട്ടിന്റെ അഭിപ്രായം. നമ്മുടെ 'സ്യൂഡോ സുപ്പീരിയോറിറ്റി' യല്ലേ എല്ലാററിനും കാരണം?...` ഇങ്ങിനെ പോകുന്നു ലേഖനം. ബ്രസീലില്‍ മാത്രമല്ല സ്പാനിഷ്-പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന മേഖലകളിലെല്ലാം അര്‍ജന്റീനക്കാര്‍ അവരുടെ അഹന്തയുടേയും അല്പ്പത്തത്തിന്റേയും പേരില്‍ പരിഹസിക്കപ്പെടുന്നുണ്ട് എന്നത് ഒരു സത്യമാണ്.
ഫുട്ബോള്‍ ശത്രുത തീവ്രമായതുകൊണ്ടാവണം, ഈ തമാശകള്‍ക്ക് ബ്രസീലില്‍ മുള്ളും മുനയും കൂടും. ഓരോ ബ്രസീല്‍ - അര്‍ജന്റീന മല്‍സരം വരുമ്പോഴും പത്രങ്ങളും ചാനലുകളും ഇത്തരം തമാശകള്‍ കൊണ്ട് നിറയും. അതു പലപ്പോഴും വികാരങ്ങള്‍ ആളിക്കത്തിക്കുന്ന വിധത്തിലുള്ള പ്രതികരണങ്ങള്‍ അര്‍ജന്റീനയില്‍ ഉണ്ടാക്കുകയും ചെയ്യും. കളി നടക്കുന്ന ദിവസത്തിനു മുമ്പും പിമ്പും ആഴ്ചകളോളം അതിന്റെ അലയൊലികള്‍ രണ്ടു രാജ്യത്തേയും കലുഷിതമാക്കും. അതു പൊലിപ്പിക്കുന്നതില്‍ രണ്ടു രാജ്യത്തേയും മാധ്യമങ്ങള്‍ മല്‍സരിക്കുകയും ചെയ്യും. ഫുട്ബോളില്‍ മാത്രമേ ഇത് ഇത്ര തീവ്രമായി നിലവിലുള്ളു. ലോകകപ്പില്‍ അര്‍ജന്റീന ജയിക്കണം, അതിലും സന്തോഷം ബ്രസീല്‍ തോല്‍ക്കുന്നതാണ് എന്നാണ് അര്‍ജന്റീനയിലുള്ള വികാരം. തങ്ങളാണ് ഭേദമെന്നു സ്ഥാപിക്കാന്‍ ബ്രസീലുകാരന് പറയുന്നത് ഇതാണ്: അര്‍ജന്റീന തോറ്റാല്‍ ഞങ്ങള്‍ ചിരിക്കും. ഞങ്ങള്‍ തോറ്റാല്‍ അവര്‍ തെരുവിലിറങ്ങി നൃത്തം ചെയ്യും!
വിഷം പുരട്ടുന്നതാര്?
ലോകമഹായുദ്ധത്തിനു ശേഷം, രണ്ടു രാജ്യത്തും ദേശീയത ആയുധമാക്കിയാണ് ഭരണകൂടങ്ങള്‍ തങ്ങളുടെ അടിത്തറ ഉറപ്പിച്ചു നിറുത്തിയത്. അര്‍ജന്റീനയിലെ ഇടതു പക്ഷ പെറോണ്‍ സര്‍ക്കാര്‍ നാസി നയങ്ങളുടെ രഹസ്യാരാധകരായിരുന്നു. രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിക്കുക എന്ന ആശയം അവിടെ ശക്തമായി പ്രചരിപ്പിച്ചിരുന്നു. സാധാരണക്കാരിലേക്ക് ഈ ആശയം എത്തിക്കാന്‍ ഏറ്റവും ശക്തമായ മാധ്യമം ഫുട്ബോളാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. കൊമ്യുനാസിന്റെ കഥ അര്‍ജന്റീനയുടെ ഈ യുദ്ധാനന്തരജീവിതത്തിന്റെ കാഴ്ചപ്പാടില്‍ നിന്നുണ്ടായ കഥയാണ്. ബ്രസീല്‍ എന്ന ഒരു സങ്കല്പ ശത്രുവിനെ പ്രതിഷ്ഠിച്ചാണ് അവര്‍ തങ്ങളുടെ പന്തില്‍ കാറ്റു നിറച്ചിരുന്നത്.
ബ്രസീലാവട്ടെ പട്ടാള ഭരണത്തിന് കീഴിലായിരുന്നു. വര്‍ഗാസ് ഗവണ്മെന്റും ഫുട്ബോളിന്റെ ശക്തി ശരിക്കു തിരിച്ചറിഞ്ഞിരുന്നു. 1950ലെ ലോകകപ്പ് ബ്രസീലില്‍ നടന്നതോടെയാണ് ഫുട്ബോള്‍ അവിടെ ദേശീയമതം എന്ന നിലയിലേക്കുയര്‍ന്നത്. അവര്‍ക്കും വേണമായിരുന്നു ഒരു സങ്കല്പശത്രു. കോപ്പ അമേരിക്കയില്‍ എക്കാലവും തങ്ങളെക്കാള്‍ മുന്നില്‍ നിന്ന ഉറുഗ്വായും അര്‍ജന്റീനയും അവര്‍ക്ക് ഒരു പോലെ ശത്രുക്കളായി. 1970കള്‍ക്കു ശേഷം ഉറുഗ്വായ് തളരുന്നതുവരെ അവരായിരുന്നു ഒന്നാം നമ്പര്‍ ശത്രു. 1978ല്‍ ലോകകപ്പ് അര്‍ജന്റീനയില്‍ നടക്കുകയും അവര്‍ ചാമ്പ്യന്മാരാവുകയും ചെയ്തതോടെ അത് അര്ജന്റീനമാത്രമായി.
പോരാട്ടത്തിന്റെ നാള്‍വഴികള്‍
1914ലാണ് ബ്രസീലും അര്‍ജന്റീനയും ആദ്യമായി ഫുട്ബോള്‍ ഗ്രൗണ്ടില്‍ ഏറ്റുമുട്ടുന്നത്. ദേശീയതകള്‍ തമ്മിലുള്ള യുദ്ധമായി വളര്‍ത്തിയെടുക്കപ്പെട്ട ആ സംഘര്‍ഷത്തിന് ഒരു നൂറ്റാണ്ടു തികയാന്‍ 7 വര്‍ഷം മാത്രം. 1970കള്‍ വരെ അര്‍ജന്റീനയും പിന്നീട് ബ്രസീലും മുന്നിട്ടു നിന്ന 'നൂറ്റാണ്ടുയുദ്ധ' ഇപ്പോഴും തുടരുകയാണ്.
സംഘര്‍ഷഭരിതമായിരുന്നു ആ പോരാട്ടങ്ങള്‍. എന്നും. അതൊരിക്കലും വെറും കളിയായിരുന്നില്ല.
(രണ്ടാം ഭാഗം: കുടിപ്പകയുടെ നാള്‍വഴികള്‍)
************
Previous Post:
ഒരേ നിറമുള്ള പൂക്കള്‍
Read more...